ഭക്തസംഘടനകൾ.

യേശുവിന്റെ സ്വരവും  അവന്റെ സാന്നിധ്യവും പ്രോജ്വലമാക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ നിരകളാണ് ഭക്തസംഘടനകൾ.

ഓരോ ഇടങ്ങളിലും ഇടവകകളിലും ക്രൈസ്തവ ആഭിമുഖ്യത്തിന്റെ  നിറകുടങ്ങളാകാൻ വിളിക്കപ്പെട്ടവരായിരുന്നു സിഎൽസിക്കാരായ  നമ്മൾ. നമ്മുടേത് അല്ലാതെ യേശുവിനു  മറ്റു കരങ്ങൾ ഇല്ല,  ഹൃദയമില്ല, പാദങ്ങളില്ല..  എന്നൊക്കെ ആയിരക്കണക്കിന് പ്രാവശ്യം നിന്റെ തിരുസ്വരൂപത്തിനു മുൻപാകെ ആണയിട്ടു പ്രാത്ഥിച്ചവരാണ് മാതാവേ ഞങ്ങൾ.

അഹങ്കാരവും അഹന്തയും കാപട്യവും ഉൾപോരിന്റെ ഉന്മാദവും ഇല്ലാത്ത നിന്റെ മകന്റെ അനുയായികളായിരുന്നു ഞങ്ങൾ. അന്നും ഇന്നും സംഘടനകൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു. എന്നിലൂടെ എന്റെ പ്രസ്ഥാനവും വളരട്ടെ എന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.

മാതാവേ നിന്റെ മകന്റെ രാജ്യത്തിന്റെ സംസ്ഥാപനത്തിനായി സംഘടനകളെല്ലാം വളരട്ടെ എന്ന് ഞങ്ങൾ ഇന്ന് നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു.

മാതാവേ, സംഘടനകൾ പള്ളിമുറ്റത്ത് മാത്രമല്ലെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ. ഞങ്ങളുടെ ഭവനങ്ങളിലും പരിസരപ്രദേശങ്ങളിലും ഞങ്ങൾ ആയിരിക്കുന്ന സ്ഥാപനങ്ങളിലും ചിലപ്പോൾ ഞങ്ങൾ  വിരാജിക്കുന്ന പല പല സന്ദർഭങ്ങളിലും സംഘടനാമികവ് പുലർത്തേണ്ടതുണ്ടെന്നു ഞങ്ങളെ ഓർമിപ്പിക്കേണമേ. നേതാവായും മറ്റു ചിലപ്പോൾ അനുയായികളായും ദാസന്മാരായും ഞങ്ങൾ  മാറേണ്ടതുണ്ടെന്നു മാതാവേ ഞങ്ങളെ പഠിപ്പിക്കേണമേ ...

സംഘ മികവ് ആർജ്ജിക്കാനും വിജയിക്കാനും ഒറ്റയ്ക്ക് കഴിയുകയില്ലെന്നു ഞങളെ ബോധ്യപ്പെടുത്തണമേ.  മത്സരത്തിൽ ഒപ്പമുണ്ടായിരുന്നർ തോറ്റപ്പോഴാണ് ഞങ്ങൾ ജയിച്ചതെന്നും പഠിപ്പിക്കണമേ. തോൽക്കാൻ ആളില്ലാത്ത മത്സരങ്ങളിൽ വിജയികൾ ഇല്ലെന്നും ഏറ്റവും ചെറിയവൻ ചേരുമ്പോഴുള്ള വിജയങ്ങളുടെ മാധുര്യവും ഞങ്ങളെ പഠിപ്പിക്കണമേ.

അമ്മെ, ചിലപ്പോഴെല്ലാം ഞങ്ങൾ വലിയൊരു പ്രസ്ഥാനമാണെന്നു തോന്നിപ്പോകാറുണ്ട്. അമ്മേ അത്തരം സമയങ്ങളിൽ നിന്റെ ദാസ്യം ഞങ്ങളെ ഓർമ്മിപ്പിക്കേണമേ.  ജീവിതാവസാനംവരെ സംഘടനമികവ് പുലർത്തുവാൻ ഞങളെ അനുഗ്രഹിക്കണം  എന്ന നിയോഗം വെച്ച്  ഈ ജപമാല ഞങൾ സമർപ്പിക്കുന്നു 

ആമ്മേൻ 



إرسال تعليق