ദൃശ്യം തരംഗമാകുന്നു: കളക്ഷന്‍ ഏഴ് കോടി കവിഞ്ഞു

മലയാള സിനിമയില്‍ എങ്ങും ദൃശ്യം തരംഗം. സിനിമാചര്‍ച്ചകള്‍ മുഴുവന്‍ ദൃശ്യത്തെക്കുറിച്ച്. ഈവര്‍ഷത്തെ ഏറ്റവും മികച്ച സിനിമ ഏതെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒരൊറ്റ ഉത്തരം ദൃശ്യം തന്നെ. മലയാള സിനിമയില്‍ ഇറങ്ങിയിട്ടുള്ള ത്രില്ലറുകളില്‍ മികച്ച മൂന്ന് സിനിമകളില്‍ ഒന്നായി പോലും ദൃശ്യത്തെ വാഴ്ത്തുന്നവരുണ്ട്.

പ്രായഭേദമെന്യേ ഒരേമനസ്സോടെ ജനം ഏറ്റെടുത്ത ഒരു സിനിമ ദൃശ്യം പോലെ സമീപകാലത്തെങ്ങും മറ്റൊന്നില്ല. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ തന്നെയാണ് ദൃശ്യത്തെ ആദ്യം ഏറ്റെടുത്തത്. ആദ്യ ദിവസം മുതല്‍ കണ്ടവര്‍ കണ്ടര്‍ മികച്ച അഭിപ്രായവുമായി രംഗത്തുവന്നതോടെ ഫേസ്ബുക്കില്‍ എങ്ങും ദൃശ്യത്തെ വാഴ്ത്തുന്ന പോസ്റ്റുകള്‍ മാത്രമായി. ഡിസംബര്‍ 19ന് ദൃശ്യം റിലീസ് ചെയ്യുമ്പോള്‍ ലാല്‍ ഫാന്‍സ് പോലും ഈ വിജയം സ്വപ്‌നംകണ്ടിട്ടുണ്ടാവില്ല. ലോക്പാല്‍ മുതല്‍ ഇങ്ങോട്ട് ഗീതാഞ്ജലി വരെ പരാജയത്തിന്റെ തുടര്‍ക്കഥയായിരുന്നു അതുവരെ ലാലിന്.

സിനിമപോലെ തന്നെ താരതമ്യേന ബഹളങ്ങളില്ലാതെ തുടങ്ങി അമ്പരപ്പിക്കുന്ന വിജയമാണ് ദൃശ്യം നേടുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ ഇപ്പോഴും തൂങ്ങുന്നു. കൃ നിന്നിട്ടും ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങിയവര്‍ ഒട്ടേറെ. എട്ട് ദിവസം കൊണ്ട് 6.70 കോടി രൂപയാണ് ചിത്രം നേടിയ ഗ്രോസ്‌കളക്ഷന്‍. ഈനിലയ്ക്ക് പോയാല്‍ മലയാളത്തില്‍ പുതിയൊരു കളക്ഷന്‍ റെക്കോഡിലേക്കാണ് ദൃശ്യത്തിന്റെ പോക്കെന്നാണ് സിനിമവൃത്തങ്ങള്‍ പറയുന്നത്.

ദൃശ്യം ആദ്യം ഷോ ഹൗസ്ഫുള്‍ ആയതും ചുരുക്കം ചില തിയേറ്ററുകളില്‍ മാത്രം. മാറ്റിനി കഴിഞ്ഞതോടെ ദൃശ്യത്തിന്റെ ജാതകം മാറി. തിയേറ്ററില്‍ പോയി സിനിമകാണുന്ന ശീലം ഇടയ്ക്ക് വെച്ച് നിര്‍ത്തിയവര്‍ പോലും ദൃശ്യം കാണാന്‍ ക്യൂ നിന്നു. കണ്ടവര്‍ വീണ്ടും കാണാന്‍ തിരക്കുകൂട്ടുന്നു. കുടുംബപ്രേക്ഷകര്‍ക്കായി ലാല്‍ ആരാധകര്‍ മാറിക്കൊടുക്കണമെന്ന് വരെ തിയേറ്റര്‍ ഉടമയ്ക്ക് പരസ്യമായി പറയേണ്ടിവന്നു.

പതിഞ്ഞതാളത്തില്‍ തുടങ്ങി പിരിമുറുക്കത്തിന്റെയും ഉദ്വേഗത്തിനുമൊടുവില്‍ ഇരട്ട സസ്‌പെന്‍സില്‍ ദൃശ്യം പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷണജാടകളില്ലാതെ ഒരു സിനിമ കണ്ട സന്തോഷത്തില്‍ പ്രേക്ഷകരും. മെമ്മറീസിന് പിന്നാലെ ദൃശ്യത്തിന്റെ വന്‍വിജയം കൂടിയാകുമ്പോള്‍ ജിത്തു ജോസഫ് എന്ന സംവിധായകനും തിളങ്ങുകയാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق