പരീക്ഷാഹാളില്‍ ചെല്ലുമ്പോള്‍.........

വളരെ പ്രധാനപ്പെട്ടതും ഓര്‍മയില്‍ നില്‍ക്കാത്തതുമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ ലഘുകുറിപ്പായി എഴുതിവെക്കുക. പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റിയ പാകത്തില്‍ മനസ്സിനെ ശാന്തമാക്കുക


പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതുബജറ്റിനെ തന്റെ പരീക്ഷയായി പ്രധാനമന്ത്രി വിശേഷിപ്പിച്ചത് വായിച്ചില്ലേ. ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ പരീക്ഷകള്‍ കൂട്ടുകാര്‍ക്ക് അഭിമുഖീകരിക്കേണ്ടതുണ്ട് എന്നര്‍ഥം. നാളെ പരീക്ഷാഹാളില്‍ ശ്രദ്ധയോടെ എഴുതാന്‍ ഇന്ന് നന്നായി ഉറങ്ങുകയും വിശ്രമിക്കുകയും വേണം.

കടുത്ത വേനല്‍ച്ചൂട് ആയതിനാല്‍ നന്നായി വെള്ളം കുടിക്കുകയെന്നതും പ്രധാനം. ആവശ്യത്തിനു വെള്ളം കരുതണം. യാതൊരു ലേബലുമില്ലാത്ത കുപ്പിയില്‍ കുടിവെള്ളം പരീക്ഷാഹാളില്‍ കൊണ്ടുപോകാന്‍ കുട്ടികളെ അനുവദിച്ചിട്ടുണ്ട്. പേന, പെന്‍സില്‍, റബ്ബര്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങി പഠനസാമഗ്രികളും സ്വന്തമായി വേണം. ഹാള്‍ടിക്കറ്റും മറക്കരുത്.
വളരെ പ്രധാനപ്പെട്ടതും ഓര്‍മയില്‍ നില്‍ക്കാത്തതുമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ ലഘുകുറിപ്പായി എഴുതിവെക്കുക. പരീക്ഷ്‌ക്കുമുമ്പുള്ള മണിക്കൂറില്‍ സ്വന്തമായി തയ്യാറാക്കിയ ഇത്തരം പഠനനോട്ടുകളാണ് വായിക്കേണ്ടത്. പരീക്ഷാഹാളിലെത്തിയാല്‍ പിന്നെ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കരുത്.
പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റിയ പാകത്തില്‍ മനസ്സിനെ ശാന്തമാക്കുക. 'ഞാനും തയ്യാറെടുത്തിട്ടുണ്ട്. ഞാന്‍ നന്നായിത്തന്നെ പരീക്ഷ എഴുതി വിജയിക്കും' എന്ന് സ്വയം മനസ്സില്‍ പറഞ്ഞ് ആത്മവിശ്വാസത്തോടെ ഇരിക്കണം. മനസ്സ് ശാന്തമാകുമ്പോള്‍ ഓര്‍മയില്‍ കാര്യങ്ങള്‍ എളുപ്പം തെളിയും.


പരീക്ഷാഹാളില്‍
  • പരീക്ഷാഹാളില്‍ അധ്യാപകന്റെ നിര്‍ദേശമനുസരിച്ച് ഉത്തരക്കടലാസിലെ വിവരങ്ങള്‍ കൃത്യമായി പൂരിപ്പിക്കുക. ചോദ്യക്കടലാസ് കിട്ടിയശേഷമുള്ള കൂള്‍ ഓഫ് ടൈം വളരെ പ്രധാനമാണ്.
  • ചോദ്യക്കടലാസ് കിട്ടിയാല്‍ അതില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതി ഒപ്പിടാന്‍ മറക്കരുത്. ചോദ്യക്കടലാസിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക. ആകെ ചോദ്യങ്ങള്‍, തിരഞ്ഞെടുത്ത് ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍ എന്നിവ മനസ്സിലാക്കുക. 
  • ഓരോ ചോദ്യവും ആവശ്യപ്പെടുന്ന ഉത്തരത്തെക്കുറിച്ചാവണം ചിന്ത. പാഠഭാഗമോ പാഠസന്ദര്‍ഭമോ അല്ല ചോദ്യം ആവശ്യപ്പെടുന്ന ഉത്തരമാണ് എഴുതേണ്ടത്. ഉദാഹരണമായി താരതമ്യം ചെയ്യുക എന്ന ചോദ്യത്തിന് ഏതെല്ലാം ആശയങ്ങളെ/ പാഠസന്ദര്‍ഭങ്ങളെയാണ് താരതമ്യപ്പെടുത്തേണ്ടത്? ഏതു ഘടകമാണ് താരതമ്യം ചെയ്യേണ്ടത്? താരതമ്യം ചെയ്യുമ്പോഴുള്ള നിലപാടുകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ചിന്തിക്കണം. 
  • സ്വന്തമായ നിരീക്ഷണം/പ്രതികരണം തുടങ്ങിയവ എഴുതാനുണ്ടെങ്കില്‍ നല്ലപോലെ ചിന്തിച്ച് ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണങ്ങളോ നിര്‍ദേശങ്ങളോ ഉത്തരത്തില്‍ എഴുതണം. 
  • ഇംഗ്ലീഷില്‍ പാഠഭാഗത്തുനിന്നും ഖണ്ഡികകള്‍ തന്ന് ഉത്തരമെഴുതാനുള്ള ചോദ്യമുണ്ട്. ഒപ്പം പരിചിതമല്ലാത്ത ഖണ്ഡികകളും ഉണ്ടാവും. ഇത്തരം ചോദ്യങ്ങള്‍ ഒന്നിലധികം തവണ വായിക്കണം. ചിത്രം, പട്ടിക, മാപ്പ്, ആസ്വാദനക്കുറിപ്പിനുള്ള കഥ/കവിത തുടങ്ങിയ ചോദ്യങ്ങള്‍ക്കും കൂള്‍ ഓഫ് ടൈമില്‍ കൂടുതല്‍ ശ്രദ്ധ നല്കണം. ഏറ്റവും നന്നായി എഴുതാന്‍ കഴിയുന്നവ കണ്ടെത്തി ഉത്തരമെഴുത്തിന്റെ ക്രമം നിശ്ചയിക്കണം. 
  • എഴുതിയ ഉത്തരങ്ങള്‍ വീണ്ടും വീണ്ടും വെട്ടിത്തിരുത്തരുത്. അത് അശ്രദ്ധയുടെയും ആത്മവിശ്വാസക്കുറവിന്റെയും ലക്ഷണങ്ങളാണ്. ആദ്യ ഉത്തരങ്ങള്‍ നന്നായി എഴുതിയാല്‍ ആത്മവിശ്വാസം വര്‍ധിക്കുമെന്നു മാത്രമല്ല ഉത്തരങ്ങള്‍ പരിശോധിക്കുന്ന അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കുകയും ചെയ്യും. 
  • നിശ്ചിത സമയത്തിനുള്ളില്‍തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. ഏതെങ്കിലും സൂത്രവാക്യങ്ങളോ വ്യക്തികളോ വര്‍ഷങ്ങളോ ഓര്‍മയിലെത്തുന്നില്ലെങ്കില്‍ അധികനേരം ആലോചിച്ച് സമയം നഷ്ടപ്പെടുത്തരുത്. മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാം.

ഉത്തരമെഴുതുമ്പോള്‍
  • മാര്‍ജിനില്‍ ചോദ്യനമ്പര്‍ എഴുതണം. മ, യ എന്നിങ്ങനെ ഉപചോദ്യങ്ങളുണ്ടെങ്കില്‍ അവയും എഴുതാന്‍ മറക്കരുത്. 
  • ചോദ്യം ആവശ്യപ്പെടുന്നതെല്ലാം ഉത്തരത്തില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. 
  • യോജിക്കുന്നു, വിയോജിക്കുന്നു തുടങ്ങിയ പ്രതികരണങ്ങള്‍ ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ക്ക് അത്തരം ഉത്തരങ്ങള്‍ നിര്‍ബന്ധമാണ്.
  • സമകാലിക സംഭവങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ആശയങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തുക. വാരിവലിച്ചെഴുതുമ്പോള്‍ സമയനഷ്ടത്തോടൊപ്പം ഉത്തരത്തിന്റെ പൂര്‍ണതയും നഷ്ടമാവും. 
  • കര്‍ണം/കണ്ണ് തുടങ്ങിയ വാക്കുകളിലെ സമാനത മുന്‍വര്‍ഷങ്ങളിലെ ചില കുട്ടികളെ വലച്ചിട്ടുണ്ട്. കര്‍ണത്തിന്റെ ചിത്രത്തിനു പകരം കണ്ണിന്റെ ചിത്രം വരച്ചവരുണ്ട്. രണ്ടിലൊന്നിന് ഉത്തരമെഴുതേണ്ടി വരുമ്പോള്‍ ചോദ്യം നന്നായി വായിക്കണം. 
  • ഏറ്റവും നന്നായി എഴുതാന്‍ കഴിയുന്ന ചോദ്യമാണ് തിരഞ്ഞെടുക്കേണ്ടത്. തുടക്കംപോലെ ഉത്തരം അവസാനിപ്പിക്കുന്നതും പ്രധാനമാണ്.

കൈയക്ഷരമല്ല പ്രശ്‌നം
  • ഓരോ കുട്ടിയുടെയും കൈയക്ഷരം വ്യത്യസ്തമായിരിക്കും. അതിനാല്‍ കൈയക്ഷരത്തിന്റെ ഭംഗി കുറഞ്ഞവര്‍ ഒട്ടും നിരാശപ്പെടേണ്ടതില്ല. കൈയക്ഷരം മാത്രമല്ല ഉത്തരക്കടലാസിനെ ആകര്‍ഷകമാക്കുന്നത്. 
  • വളരെ ചെറുതാക്കി എഴുതരുത്. സാധാരണ വലുപ്പമുള്ള അക്ഷരങ്ങളില്‍ തന്നെ എഴുതണം.
  • വാക്കുകള്‍ തമ്മിലുള്ള അകലം, വാക്യത്തിനുശേഷമുള്ള പൂര്‍ണവിരാമചിഹ്നം, വരികള്‍ തമ്മിലുള്ള അകലം, ഖണ്ഡിക തിരിക്കല്‍, ഓരോ ഉത്തരവും തമ്മിലുള്ള ഒരു വരി അകലം തുടങ്ങിയവ പാലിച്ചാല്‍ ഉത്തരക്കടലാസ് ഭംഗിയുള്ളതാവും. 
  • ഗണിതത്തിലെ നിര്‍മിതി, ടൈംലൈന്‍, പട്ടികയിലാക്കല്‍, പട്ടിക ക്രമീകരിക്കല്‍, മാപ്പ് അടയാളപ്പെടുത്തല്‍ തുടങ്ങിയവയുടെ മാതൃകകള്‍ നേരത്തെ പരിചയപ്പെടണം. 
  • ആകര്‍ഷകമായ രീതിയിലുള്ള രേഖപ്പെടുത്തലുകള്‍ക്ക് ധാരാളം രീതികള്‍ ഉണ്ട്. അവയില്‍ എളുപ്പമുള്ളത് തിരഞ്ഞെടുക്കുക. അധികമായി വാങ്ങുന്ന ഉത്തരക്കടലാസുകളില്‍ പേജ് നമ്പറും രജിസ്റ്റര്‍ നമ്പറും എഴുതണം.

ഉത്തരക്കടലാസ് കൈമാറുംമുമ്പ്
  • എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി എന്ന് ഉറപ്പാക്കുക.
  • നമ്പര്‍ക്രമം അനുസരിച്ച് ഉത്തരക്കടലാസുകള്‍ ക്രമപ്പെടുത്തി ശ്രദ്ധയോടെ കെട്ടുക.
  • ഗ്രാഫ്, മാപ്പ് തുടങ്ങിയവയില്‍ രജിസ്റ്റര്‍ നമ്പറും ചോദ്യനമ്പറും എഴുതിയെന്ന് ഉറപ്പാക്കുക.

# എം. രഘുനാഥ്......
mathrubhumi.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ