ഇവർ വിൽക്കുന്നത് മക്കൾക്ക് നൽകാറില്ല, ഈ രക്ഷിതാക്കൾ നൽകുന്നു എല്ലാവർക്കും ഒരു മുന്നറിയിപ്പ്!


സ്മാര്‍ട്ട്‌ഫോണുകള്‍ കൗമാരക്കാരുടെ ചിന്തകളേയും പ്രവര്‍ത്തിയേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നുെവന്നതില്‍ നിരവധി പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിരന്തരം സോഷ്യല്‍മീഡിയ വെബ് സൈറ്റുകളില്‍ സമയം ചിലവിടുന്ന കൗമാര പ്രായക്കാരില്‍ വിഷാദരോഗത്തിനുള്ള സാധ്യത 27 ശതമാനം കൂടുതലാണ്. ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സ്വന്തം മക്കളെ സാങ്കേതികവിദ്യയുടെ കുരുക്കില്‍ നിന്നും മാറ്റി നിര്‍ത്തിയ രണ്ടുപേരാണ് സ്റ്റീവ് ജോബ്‌സും ബില്‍ഗേറ്റ്‌സും.

ടെക് ലോകത്തെ നിയന്ത്രിക്കുന്ന കമ്പനികളായ മൈക്രോസോഫ്റ്റിന്റേയും ആപ്പിളിന്റേയും എക്കാലത്തേയും ഉന്നതസ്ഥാനീയരായ രണ്ടു പേരും മക്കളെ സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയത് ഒരു മുന്നറിയിപ്പായാണ് പലരും കരുതുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് ചെറുപ്രായത്തില്‍ മനുഷ്യരില്‍ ചെലുത്താന്‍ സാധിക്കുന്ന വന്‍ സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു ഈ നടപടിയെന്നു വേണം മനസിലാക്കാന്‍.

സാങ്കേതികവിദ്യ എങ്ങനെ നമ്മുടെ കുട്ടികളെ വിഡ്ഢികളാക്കുന്നുവെന്ന് വ്യക്തമാക്കുന്ന പുസ്തകം എഴുതിയിരിക്കുകയാണ് രണ്ട് പ്രഗല്‍ഭ അധ്യാപകർ ജോ ക്ലെമന്റും മാറ്റ് മൈല്‍സും. ഇവരുടെ പുസ്തകത്തിലും സ്റ്റീവ് ജോബ്‌സും ബില്‍ഗേറ്റ്‌സും സ്വന്തം വീട്ടില്‍ വരുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇവര്‍ തന്നെ മുന്‍കൈയ്യെടുത്ത് നിര്‍മിക്കപ്പെട്ട വസ്തുക്കളെയാണ് സ്വന്തം മക്കളിൽ നിന്നും അകറ്റി നിര്‍ത്തിയത്. ഇതുതന്നെ ഇത്തരം ഡിജിറ്റല്‍ ഉപകരണങ്ങള്‍ മനുഷ്യരില്‍ എത്രത്തോളം ദൂഷ്യഫലമുണ്ടാക്കുമെന്നതിന്റെ തെളിവായാണ് പുസ്തകം പറയുന്നത്.

സ്വന്തം മകള്‍ വിഡിയോ ഗെയിമുകള്‍ക്ക് അടിമയാകുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് ബില്‍ഗേറ്റ്സ് മകള്‍ക്ക് കംപ്യൂട്ടര്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പത്തു വര്‍ഷം മുൻപ് 2007ലായിരുന്നുവിത്. മകള്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ബില്‍ഗേറ്റ്‌സ് നല്‍കിയത് 14 വയസ് പൂര്‍ത്തിയായതിന് ശേഷമായിരുന്നു. ഇന്ന് കുട്ടികള്‍ക്ക് ആദ്യത്തെ ഫോണ്‍ ലഭിക്കുന്ന ശരാശരി പ്രായം പത്താണെന്നും ഓര്‍ക്കണം.

2012ലാണ് സ്റ്റീവ് ജോബ്‌സ് തന്റെ മക്കള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സമ്മതിക്കുന്നത്. അപ്പോള്‍ പുറത്തിറങ്ങിയ ഐപോഡിന്റെ പ്രചരണത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. മക്കള്‍ക്ക് പുതിയ ഐപോഡിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് താന്‍ മക്കള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ നല്‍കാറില്ലെന്ന് സ്റ്റീവ് ജോബ്‌സ് തുറന്നുപറഞ്ഞത്.


നമ്മുടെ നാട്ടില്‍ വിദ്യാലയങ്ങള്‍ ഡിജിറ്റലാകാന്‍ മത്സരിക്കുമ്പോള്‍ സിലിക്കണ്‍ വാലിയില്‍ പലസ്‌കൂളുകളുടേയും പ്രത്യേകത ഡിജിറ്റലല്ലെന്നതാണ്. ഇവിടെയാണ് ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റും ഫെയ്സ്ബുക്കും അടക്കമുള്ള ടെക് ഭീമന്‍ കമ്പനികളിലെ പല പ്രമുഖരുടേയും മക്കള്‍ പഠിക്കുന്നതും.

സാങ്കേതികവിദ്യകളും ഉപകരണങ്ങളും പരമാവധി കുറവ് ഉപയോഗിക്കുന്നതിന്റെ പേരില്‍ പേരെടുത്ത സിലിക്കണ്‍ വാലിയിലെ ഒരു സ്‌കൂളാണ് വാള്‍ഡ്രോഫ് സ്‌കൂള്‍. ചോക്കും ബോര്‍ഡും പെന്‍സിലും ഉപയോഗിച്ചാണ് എഴുത്ത്. മണ്ണിലെ കളികളും മരംകയറ്റവുമൊക്കെ പാഠ്യഭാഗങ്ങളാകുന്നു. പരസ്പര സഹകരണവും ഒന്നിച്ചുള്ള കളികളും ബഹുമാനിക്കാന്‍ പഠിക്കലുമൊക്കെയാണ് വലിയ പാഠങ്ങളെന്ന്് ഇവര്‍ പഠിപ്പിക്കുന്നു. വാള്‍ഡ്രോഫിലെ പല ക്ലാസുകളും മരങ്ങള്‍ക്ക് മുകളിലാണ്.

ബില്‍ഗേറ്റ്‌സിനേയും സ്റ്റീവ് ജോബ്‌സിനേയും പോലുള്ളവര്‍ തങ്ങളുടെ മക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണിന്റേയും കംപ്യൂട്ടറിന്റേയും ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്ന് തുറന്ന് പറയാനെങ്കിലും മനസ് കാണിച്ചവരാണ്. മക്കള്‍ സ്മാര്‍ട്ട്‌ഫോണില്‍ കളിക്കുന്നത് കണ്ട് അദ്ഭുതപ്പെടേണ്ടത് അവരുടെ കഴിവിലല്ലെന്നും അത് ലളിതമായി നിര്‍മിച്ചവരുടെ കഴിവിലാണെന്നും സ്റ്റീവ് ജോബ്‌സ് ഓര്‍മിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ കാലത്ത് സ്മാര്‍ട്ട്‌ഫോണും കംപ്യൂട്ടറും പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ജീവിതം അസാധ്യമാണ്. എങ്കിലും നമ്മുടെ കുട്ടികള്‍ ഇവയ്ക്ക് അടിമകളാകാതെ നോക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്. 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق