സ്‌കൂള്‍ തുറക്കല്‍: ഒരു ഷിഫ്റ്റില്‍ പരമാവധി 30 കുട്ടികള്‍, ആദ്യഘട്ടത്തില്‍ 'ഹാപ്പിനസ് കരിക്കുലം'

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യ മാസത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായി നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. 
 
ഒരു ഷിഫ്റ്റില്‍ 25 ശതമാനം വിദ്യാര്‍ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരിക്കണം ക്ലാസുകള്‍. ഒരു ക്ലാസില്‍ 20-30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തണമെന്നാണ് അധ്യാപക സംഘടനകള്‍ മുന്നോട്ടുവെച്ച നിര്‍ദേശം. ഇക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെ വരുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക. ഇപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരിക്കും ക്ലാസ് ഉണ്ടാകുക.
 
ആദ്യഘട്ടത്തില്‍ നേരിട്ട് പഠനക്ലാസുകളിലേക്ക് കടക്കില്ല. പകരം, ഹാപ്പിനസ് കരിക്കുലം ആയിരിക്കണമെന്നും അധ്യാപക സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവെച്ചു. സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല എന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹാജരും നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
 
സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ധനസഹായം നല്‍കണമെന്ന് അധ്യപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങള്‍ പിടിഎകളുടെ പങ്കാളിത്തത്തോടെ നിറവേറ്റണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
 
ഒക്ടോബര്‍ അഞ്ചിനായിരിക്കും മാര്‍ഗരേഖ പുറത്തിറക്കുക. അതിനു മുന്‍പായി അധ്യാപകരുടെ നിലപാട് കേള്‍ക്കും. കൂടാതെ യുവജന സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച ശേഷമായിരിക്കും മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കുക.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق