പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് കോടതി

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. 

സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. 

കേരളത്തിലെ ടി.പി.ആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. ഒക്ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുകളുണ്ട്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തം കാരണം കുഴപ്പത്തിലാകുന്നത് വിദ്യാര്‍ത്ഥികളാണന്നും വാക്സിനെടുക്കാത്ത കുട്ടികളെ എഴുത്തുപരീക്ഷയ്ക്ക് നിര്‍ബന്ധിക്കുന്നത് അന്യായമായ നടപടിയാണെന്നും ഹർജിയില്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ടിപിആര്‍ നിരക്ക് 15 ശതമാനത്തില്‍ അധികമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മൊത്തം കോവിഡ് കേസ്സുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തിലാണ്. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയത്. രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ല. രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ്ലൈന്‍ പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ കോവിഡ് വ്യാപനം കൂടുകയാണെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തിയാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കും എന്ന കോടതിയുടെ മുന്‍ ഉത്തരവും അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.  സിബിഎസ്ഇ മാതൃകയില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق