We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

ഇടയേലഖനം

ഈശോയില് ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരേ, പ്രിയ സഹോദരീ സഹോദരന്മാരേ, വത്സലമക്കളേ
നമ്മുടെ ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉത്ഥാനമാണ്. പീഡാനുഭവവും കുരിശുമരണവും വഴി അവിടുന്ന് നമുക്കു നല്കിയ രക്ഷ അനുഭവിക്കുന്നതിനു നോന്പുകാലത്തിലൂടെ നമ്മള് ഒരുങ്ങുകയാണല്ലോ. ഈശോയാണ് നോന്പനുഷ്ഠാനത്തില് നമുക്കുള്ള മാതൃകയും പ്രേരകശക്തിയും. മരുഭൂമിയിലെ നാല്പതു ദിവസം നീണ്ട പ്രാര്ത്ഥനയാലും ഉപവാസത്താലും, പരിശുദ്ധാത്മാവിനാല് നിറഞ്ഞ് ഈശോ സാത്താന്റെ പ്രലോഭനങ്ങളെ പരാജയപ്പെടുത്തി ദൈവേഷ്ടത്തിന് പൂര്ണ്ണമായി സമര്പ്പിച്ചു. ദൈവത്തോടുള്ള ബന്ധത്തില് നിന്ന് ഈശോയെ അകറ്റുന്നവയായിരുന്നു ഈശോ നേരിട്ട പ്രലോഭനങ്ങള്. ‘നിന്റെ ദൈവമായ കര്ത്താവിനെ മാത്രമേ ആരാധിക്കാവൂ. അവിടുത്തെ മാത്രമേ പൂജിക്കാവൂ’(മത്താ 4 : 10) എന്ന് പ്രഖ്യാപിച്ചുകൊണ്ട് ദൈവത്തിനെതിരായ പ്രലോഭനങ്ങളേയും വെല്ലുവിളികളേയും ചെറുത്തു തോല്പിക്കാന് ഈശോ നമ്മോടും ആഹ്വാനം ചെയ്യുന്നു.
1887ല് സ്ഥാപിതമായ നമ്മുടെ അതിരൂപത 125ാം വര്ഷത്തിലേയ്ക്ക് അടുക്കുകയാണ്. ജൂബിലിക്കൊരുക്കമായി 2009 വിശ്വാസവര്ഷമായി ആചരിക്കുമെന്നും അതിരൂപത അസംബ്ലി നടത്തുമെന്നും 2008 ഡിസംബര് 14ലെ വിശ്വാസപ്രഖ്യാപനറാലിയില് ഞാന് പ്രഖ്യാപിക്കുകയുണ്ടായി. രണ്ടായിരം കൊല്ലത്തെ വിശ്വാസപൈതൃകം തലമുറകള്ക്ക് കൈമാറാനുള്ള അവസരവും ദൗത്യവുമാണ് ജൂബിലി നമുക്ക് നല്കുന്നത്. വിശ്വാസവര്ഷം, വിശുദ്ധീകരണവര്ഷം (കുദാശ വര്ഷം), കൂട്ടായ്മ വര്ഷം, ജൂബിലി വര്ഷം എന്നിങ്ങനെയുള്ള വര്ഷങ്ങള് ആചരിച്ചുകൊണ്ട് നമ്മുടെ അതിരൂപതയിലെ ദൈവജനത്തിന് വിശ്വാസത്തില് ആഴപ്പെടാനും പരിശുദ്ധാത്മാവില് നവീകരിക്കപ്പെടാനും സാധിക്കണം. പ്രാരംഭമായ വിശ്വാസവര്ഷം വരുന്ന ജൂലൈ 3ന് ദുക്റാന തിരുനാള് ദിനമാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
യേശുനാഥനോടൊപ്പം ജീവിച്ച അപ്പസ്തോലന്മാര്ക്ക് ഒരു കാര്യം ബോധ്യമായി. വിശ്വാസത്തിലുള്ള സമര്പ്പണവും പ്രാര്ത്ഥനയിലുള്ള സംസര്ഗവുമാണ് പിതാവായ ദൈവവുമായി യേശുപുലര്ത്തിയ ബന്ധത്തിന്റെ നെടുതൂണുകള്. അതുകൊണ്ട് അവര് ഗുരുനാഥനോട് അര്ത്ഥിക്കുന്ന പ്രധാനപ്പെട്ട രണ്ടുകാര്യങ്ങള്. ‘ഞങ്ങളുടെ വിശ്വാസം വര്ദ്ധിപ്പിക്കണമേ’ (ലൂക്കാ 17 : 5) എന്നും ‘ഞങ്ങളേയും പ്രാര്ത്ഥിക്കുവാന് പഠിപ്പിക്കുക’ (ലൂക്കാ 11 : 1)എന്നുമാണ്. വിശ്വാസത്തിലുളള തങ്ങളുടെ പോരായ്മ അവര് തിരിച്ചറിഞ്ഞു.
ദൈവവിശ്വാസത്തില് നിന്ന് അകലുന്നതിലൂടെ ഉണ്ടാകുന്ന തിന്മയുടെ വ്യാപനത്തിനെതിരേ ദൈവവിശ്വാസി ജാഗരൂകത പുലര്ത്തണം. ദൈവനിഷേധം, ക്രിസ്തുനിഷേധം, മതനിഷേധം, സഭാനിഷേധം, കുടുംബനിഷേധം എന്നിവയെ ഇന്നിന്റെ ഫാഷനെന്നപോലെ നമ്മുടെ സമൂഹത്തില് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവ കത്തോലിക്കാവിശ്വാസികളെ വ്യക്തിപരമായും സഭയെ പൊതുവിലും വേട്ടയാടുന്നുണ്ട്. കത്തോലിക്ക സഭയ്ക്കെതിരെയുള്ള നിഷേധാത്മാകമായ പ്രചരണങ്ങള് നമ്മുടെ വിശ്വാസജീവിതത്തിനെതിരെയുള്ള വെല്ലുവിളിതന്നെയാണ്. കത്തോലിക്കാവിശ്വാസത്തിന്റെ അന്തസത്ത ഉള്ക്കൊള്ളാതെയും സഭാജീവിതം നയിക്കാതെയും സഭയെ വിമര്ശിക്കുന്നവര് സഭയെ വെറുമൊരു ലൗകികസംഘടനയായി കരുതി മറ്റു ലൗകികപ്രസ്ഥാനങ്ങളോടു താരതമ്യം ചെയ്യുന്നു. മനുഷ്യന്റെ ഭൗതികമായ ഉത്കര്ഷത്തിനുവേണ്ടി സഭ പ്രവര്ത്തിക്കുന്നുണ്ടെങ്കിലും സഭയുടെ പരമലക്ഷ്യം ഭൗതികമല്ല. അതിനാല് സഭയെ ഭൗതികമായി മാത്രം വിലയിരുത്തുന്ന കാഴ്ച്ചപ്പാടുകള് വികലമാകുന്നു. ഈ ലോകത്തില് ജീവിക്കന്ന മനുഷ്യര്ത്തന്നെയാണ് സഭയുടെ അംഗങ്ങള്. അതിനാല് മനുഷ്യസഹജമായ പോരായ്മകള് സഭാംഗങ്ങളിലും കണ്ടെന്നിരിക്കും. സഭയ്ക്ക് ഈ ബോധ്യം നന്നായി ഉണ്ട്. അതുകൊണ്ടാണ് പാപികളെ വിളിക്കാന് വന്ന യേശു (മത്താ 9:13), തന്റെ പാപമോചനാധികാരം സഭയ്ക്കുനല്കിയത്. ആരോപണങ്ങളോ കുറ്റവിചാരണയോ നടത്തുകയല്ല സഭയുടെ ദൗത്യം; പാപമോചനവും വിശുദ്ധീകരണവുമാണ്. യേശു സഭയെ ഭരമേല്പ്പിച്ചിട്ടുള്ള ദൈവവചനത്താലും കൂദാശകളാലും ആത്മവിശുദ്ധീകരണം നേടി പരിശുദ്ധാത്മാവിനാല് നയിക്കപ്പെടുന്നതിനും ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും (മത്താ. 6:33) സാക്ഷാത്കരിക്കുന്നതിനുമാണ് സഭാംഗങ്ങള് വിളിക്കപ്പെട്ടിരിക്കുന്നത്. സഭയുടെ ഘടനയും പ്രവര്ത്തനരീതികളും ഈ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. കാലഘട്ടത്തിനനുസരിച്ച് മനുഷ്യന് നിര്വ്വചിക്കുന്ന മാനവികതയല്ല യേശു വിളിപ്പെടുത്തുന്ന ദൈവരാജ്യത്തിനുചേര്ന്ന മാനവികതയാണ് സഭ പിന്തുടരുന്നത്. അതിനാല് ഭൗതിക പ്രസ്ഥാനങ്ങളുടെ ഘടനയും പ്രവര്ത്തനരീതികളും അവലംബിക്കുന്നത് സഭയുടെ ദൗത്യത്തിനു ചേര്ന്നതല്ല. ഭൗതികകാഴ്ചപ്പാടുകളും സഭയുടെ നിലപാടുകളും തമ്മില് ഇതുമൂലം സംഘര്ഷം വര്ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ സഭ വിലയിരുത്തുന്നുണ്ടെങ്കിലും അവയുമായി സഭയ്ക്ക് സന്ധിചെയ്യാനാകില്ല.
കേരള നിയമപരിഷ്കരണകമ്മീഷന് പുതിയ നിയമനിര്മ്മാണത്തിനായി സമര്പ്പിച്ചിട്ടുള്ള ശിപാര്ശകളില് ചിലത് മേല്പ്പറഞ്ഞ വിധത്തിലുള്ള സമീപനത്തിന്റെ ഫലമാണ്. ഇവയൊന്നും നിയമമാക്കാനല്ല. ചര്ച്ചയ്ക്കുവേണ്ടിയാണ് എന്ന് ഇവ തയ്യാറാക്കിയവര് പറഞ്ഞിട്ടുള്ളതായി അറിയുന്നു. നിയമ നിര്മ്മാണത്തിന്റെ അടിസ്ഥാനമായ പൊതുനന്മ ലക്ഷ്യമാക്കിയാണ് ഈ നിയമശിപാര്ശകള് കൊണ്ടുവന്നിട്ടുള്ളതെന്ന് കരുതാനാകില്ല.സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില് സഭയില് നിന്ന് അവശ്യപ്പെട്ടിട്ടോ സഭയോട് ചര്ച്ച ചെയ്തിട്ടോ അല്ല ഈ ശിപാര്ശകള് കൊണ്ടു വന്നിട്ടുള്ളത്. സഭയുടെ നിയമങ്ങളോ ദൈവശാസ്ത്രമോ പാരന്പര്യമോ മാനിക്കാതെ വിവാദങ്ങളും സംഘര്ഷങ്ങളും സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അവ യഥാര്ത്ഥ്യത്തില് കത്തോലിക്കാ സഭയെ ദുര്ബലപ്പെടുത്തുന്നതിന് ലക്ഷ്യം വെയ്ക്കുന്നതാണ്.
ഇവ ഭരണഘടനാപരമായി നിലനില്ക്കുന്നതല്ല എന്ന് നിയമ വിദഗ്ദര് ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ മതവിശ്വാസങ്ങളേയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ സെക്യുലറിസം അഥവാ മതേതരത്വം. ഈ രാജ്യത്ത് വസിക്കുന്നവര്ക്ക് അവരവരുടെ മതവിശ്വാസം പ്രഖ്യാപിക്കാനും അതനുസരിച്ച് ജീവിക്കാനും മറ്റുള്ളവര്ക്ക് പകര്ന്നു കൊടുക്കാനും ഇന്ത്യന്ഭരണഘടന ഉറപ്പു നല്കുന്നു. കത്തോലിക്കരുടെ മതജീവിതത്തിന്റെ അടിസ്ഥാനനിയമങ്ങളാണ് സഭയുടെ കാനന് നിയമങ്ങള്. അവ ലോകമെന്പാടും സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇന്ത്യന് സുപ്രീംകോടതിയും കാനന്നിയമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. എങ്കിലും അവയെയൊക്കെ അസാധുവാക്കുന്ന വിധമാണ് ഈ ശിപാര്ശകള് കൊണ്ടുവന്നിട്ടുള്ളത്. വിവിധ സഭകളുടെ വിശ്വാസ, ദൈവശാസ്ത്രപരമായ പ്രബോധനങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും തീരുമാനമെടുക്കുന്നതിനോ അഭിപ്രായം രൂപീകരിക്കുന്നതിനോ ഇടപെടുന്നതിനോ ( കേരളക്രൈസ്തവസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്പ്പെടുന്ന ട്രസ്റ്റ് ബില്) ഉദ്ദേശിക്കുന്നില്ല എന്ന് അവകാശപ്പെടുന്ന സമിതി നിയമങ്ങളാക്കാന് സമര്പ്പിച്ചിരിക്കുന്ന ശിപാര്ശകള് യഥാര്ത്ഥത്തില് സഭാവിശ്വാസത്തെയും പാരന്പര്യത്തേയും മാറ്റിമറിക്കാന് ഉദ്ദേശിച്ചിട്ടുള്ളത് തന്നെയാണ്. ക്രിസ്ത്യാനി എന്ന പേരിനുതന്നെ അവസരത്തിനനുസരിച്ച നിര്വചനമാണ് ഇവയില്. മാമ്മോദീസ എന്ന കൂദാശയെ തള്ളിപ്പറയുന്ന സമീപനമാണിത്. വിവാഹത്തിന്റെ കൗദാശികസ്വഭാവം ഇല്ലാതാക്കുന്നതാണ് പുതിയ നിയമശിപാര്ശ. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം വിവാഹം വെറും ഒരു കരാറല്ല. ദൈവവുമായുള്ള ഒരു ഉടന്പടിയാണ്. അതിനാലാണ് ഏഴു കൂദാശകളില് ഒന്നായി കത്തോലിക്കാസഭ വിവാഹത്തെ നിര്വ്വചിക്കുന്നത്. ചുരുക്കത്തില്, ഇത് ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്യ്രത്തോടും മനസ്സാക്ഷിയുടെ സ്വാതന്ത്യ്രത്തോടുള്ള കടന്നുകയറ്റമായേ കണാനാകൂ.
സഭാശുശ്രൂഷയ്ക്കായി ജീവിതം സമര്പ്പിച്ച് അഭിഷിക്തരായവരെ ആത്മീയശുശ്രൂഷയില്നിന്നും സഭാഭരണത്തില് നിന്നും സമൂഹത്തിന്റെ നേതൃത്വത്തില്നിന്നും അകറ്റി നിറുത്താനുള്ള തന്ത്രമാണ് ഈ നിര്ദ്ദേശങ്ങളില് ഒളിച്ചുവെച്ചിരിക്കുന്ന മറ്റൊന്ന്. നിരീശ്വരവാദികളുടേയും വര്ഗ്ഗീയവാദികളുടേയും മറ്റുചില കത്തോലിക്കാവിരുദ്ധപ്രസ്ഥാനങ്ങളുടേയും നിശിതമായ എതിര്പ്പ് സഭയിലെ പൗരോഹിത്യത്തോടും സന്യാസത്തോടുമാണ്. കത്തോലിക്കാസഭയുടെ സാമൂഹ്യമായ കെട്ടുറപ്പിനും പുരോഗതിക്കും വലിയൊരളവുവരെ പങ്കുവഹിക്കുന്നത് സഭയിലെ പുരോഹിതരും സന്യസ്തരും ആണെന്നതിനാല് ഈ സമര്പ്പിത സമൂഹത്തെ ഇല്ലാതാക്കിയാല് കത്തോലിക്കാസഭയെ തകര്ക്കാനാകും എന്നാണ് സഭാശത്രുക്കളുടെ കണക്കുകൂട്ടല്. ഈ സമീപനം നിയമപരിഷ്കരണസമിതിയുടെ ശിപാര്ശകളിലും ഒളിഞ്ഞിരിപ്പുണ്ട്. സഭയില് എല്ലാ കൂദാശകളും പരികര്മ്മം ചെയ്യുന്നത് അതിനായി പ്രത്യേകം അഭിഷിക്തരായ പുരോഹിതരാണ്. ഇത് വിശ്വാസത്തിന്റെ ഭാഗമാണ്. പുതിയ ശിപാര്ശയനുസരിച്ചു ക്രിസ്ത്യാനിയാകാന് മാമ്മോദീസ വേണമെന്നു പറയുന്നില്ല. ദൈവാലയമോ പുരോഹിതരോ ആരാധനക്രമമോ ഇല്ലാതെ വിവാഹം നടത്താം. സഭാഭരണത്തില് പുരോഹിതര്ക്കോ മെത്രാനുപോലുമോ പങ്കുണ്ടാകില്ല. ഇപ്രകാരം വൈദികരേയും സമര്പ്പിതരേയും സഭാശുശ്രൂഷയില് നിന്ന് നീക്കുന്നതിന് ബൈബിള് പണ്ഡിതന്മാരും സഭാനിയമജ്ഞരും ആയി സ്വയം ചമയുന്ന സഭാവിരോധികളായ ചിലര് നടത്തുന്ന ശ്രമങ്ങളാണ് ഈ നിര്ദ്ദേശങ്ങളുടെ പിന്നിലുള്ളത് എന്ന് കരുതേണ്ടിയിരിക്കുന്നു. സഭയെ എതിര്ക്കുന്നവരുടെ ആവശ്യങ്ങളാണ് പുതിയ ശിപാര്ശകളുടെ ആധാരം എന്ന് മനസ്സിലാകുന്നു. സഭാവിരോധികളുടെ താല്പര്യങ്ങള്ക്കുവേണ്ടി സര്ക്കാര് ഖജനാവിലെ പണം മുടക്കി നടത്തുന്ന വെല്ലുവിളികളുടെ ഉറവിടം മനസ്സിലാക്കണം.
സഭയിലെ ശുശ്രൂഷയ്ക്കായി ദൈവം നല്കിയിട്ടുള്ള വലിയ വരദാനമാണ് പൗരോഹിത്യം. ഇതിന്റെ സത്ഫലങ്ങള് സഭയില് ദൃശ്യവുമാണ്. ദൈവത്തിനും ദൈവജനത്തിനും സേവനം ചെയ്യാനും നേതൃത്വം കൊടുക്കാനും ദൈവം അഭിഷേചിച്ച് നിയോഗിക്കുന്നവരാണ് സഭയിലെ പുരോഹിതരെന്നത് സഭാവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്.
സഭയുടെ സ്വത്തുക്കളുടെ ഉടമ വിദേശിയായ മാര്പ്പാപ്പയാണ് എന്ന നുണ പ്രചരണം നടത്തി ഈ സ്വത്തുക്കളുടെ ഭരണം സര്ക്കാര് നിയന്ത്രണത്തില് കൊണ്ടുവരുന്നതിനുള്ള ശ്രമവും അപലപനീയമാണ്. സഭയുടെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം നിയമാനുസൃതമായി അവ സന്പാദിച്ചിട്ടുള്ള ഇടവക, സ്ഥാപനം എന്നിങ്ങനെയുള്ള നൈയ്യാമിക വ്യക്തികളുടേതാണ് എന്ന് കാനന് നിയമം വ്യക്തമാക്കുന്നു. അങ്ങനെയുള്ള സ്വത്തുക്കളുടെ ഭരണചുമതല നിയമം അനുശാസിക്കുന്ന വിധം വിവിധ തലങ്ങളിലുള്ള ഭരണാധികാരികള്ക്കാണ്. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം സഭാഭരണത്തിലെ പരമാധികാരി (ടൗുൃലാല അറാശിശൈൃമേീൃ) മാര്പാപ്പയാണെന്നത് സഭാവിശ്വാസത്തിന്റെ അടിസ്ഥാനഘടകമാണ് (ഇഇഋഛ. 1008; അതിരൂപതാനിയമാവലി 314) സഭാനിയമപ്രകാരം മാര്പ്പാപ്പ സഭാസ്വത്തുക്കളുടെ ഉടമസ്ഥനല്ല; നിയമപ്രകാരമുള്ള ഭരണാധികാരി (അറാശിശൈൃമേീൃ) മാത്രമാണ്.
ദയാവധം അനുവദിക്കാനും ആത്മഹത്യ കുറ്റകരമല്ലാതാക്കാനും ഉള്ള ശുപാര്ശകള് ജീവനുനേരെയുള്ള കയ്യേറ്റമാണ്. സന്താനനിയന്ത്രണം നിയമപരമായി അടിച്ചേല്പിക്കുന്നതും രണ്ടില് കൂടുതല് മക്കളുള്ള മാതാപിതാക്കന്മാരെ കുറ്റക്കാരായി കാണുന്നതും അടിസ്ഥാനപരമായ മനുഷ്യ സ്വാതന്ത്യത്തിനെതിരാണ്. സമൂഹജീവിതത്തിന്റേയും മതജീവിതത്തിന്റേയും അടിസ്ഥാനഘടകമായ കുടുംബസംവിധാനത്തെ തകര്ക്കുകയാണ് ഈ നിയമത്തിലൂടെ കടന്നു വരുന്ന മറ്റൊരു ദുരന്തം.
ഇത്തരം വെല്ലുവിളികളില് സഭാംഗങ്ങള് നഷ്ടധൈര്യരാകരുത്. വിശ്വാസത്തില് കരുത്തുറ്റവരായി തീരുന്നതിന് ഇവ നമ്മെ സഹായിക്കണം. പൗലോസ് അപ്പസ്തോലന് റോമയിലെ വിശ്വാസികളെ ഉപദേശിക്കുന്നത് ശ്രദ്ധിക്കുക. ‘തീക്ഷ്ണതയില് മാന്ദ്യംകൂടാതെ ആത്മാവില് ജ്വലിക്കുന്നവരായി കര്ത്താവിനെ ശുശ്രൂഷിക്കുവിന്. പ്രത്യാശയില് സന്തോഷിക്കുവിന്; ക്ലേശങ്ങളില് സഹനശീലരായിരിക്കുവിന്; ’പ്രാര്ത്ഥനയില് സ്ഥിരതയുള്ളവരായിരിക്കുവിന് ’(റോമ 12: 1112). തിന്മയ്ക്കെതിരെയുള്ള സമരമാണ് ക്രൈസ്തവ ജീവിതം.
നമ്മള് പാലയൂര് മഹാതീര്ത്ഥാടനത്തിന് ഒരുങ്ങുകയാണല്ലോ. വിശ്വാസജീവിതത്തിന് വളരെയേറെ വെല്ലുവിളികള് ഉയരുന്ന ഇക്കാലത്ത് ഏലിയായെപ്പോലെ വിശ്വാസജീവിതത്തിലേയ്ക്കും സാക്ഷ്യത്തിലേയ്ക്കും ശക്തിയോടെ തിരിച്ചുവരാന് പാലയൂര് തീര്ത്ഥാടനം നമ്മെ സഹായിക്കും. മാര് തോമാശ്ലീഹാ പകര്ന്നുതന്ന വിശ്വാസത്തില് വളരാന് തോമാശ്ലീഹായുടെ സ്പര്ശനങ്ങളും നിശ്വസനങ്ങളും അലയടിക്കുന്ന പാലയൂരിലേയ്ക്കുള്ള തീര്ത്ഥാടനം നമ്മെയെല്ലാവരേയും പ്രാപ്തരാക്കട്ടെ. പരമാവധി ആളുകള് ഈ തീര്ത്ഥാടനത്തില് പങ്കെടുക്കണമെന്ന് ഞാനാഹ്വാനം ചെയ്യുന്നു. ഇത് നമുക്കെല്ലാവര്ക്കും വിശ്വാസത്തിന്റെ നവോന്മേഷം നല്കും. പ്രാര്ത്ഥനയും ഉപവാസവും അനുഷ്ഠിക്കുന്നതോടൊപ്പം തീര്ത്ഥാനടവും നമ്മുടെ നോന്പാനുഷ്ഠാനത്തിന്റെ ഭാഗമാക്കാം. പാലയൂര് തീര്ത്ഥാനടത്തില് സര്വ്വാത്മനാ പങ്കെടുത്തും സഹകരിച്ചും ഈ നോന്പുകാലം നമുക്ക് ധന്യമാക്കാം.
സ്നേഹപൂര്വ്വം
നിങ്ങളുടെ വത്സല പിതാവ്
മാര് ആന്ഡ്രൂസ് താഴത്ത്
തൃശൂര് അതിരൂപത മെത്രാപ്പോലീത്ത
To avoid SPAM comments, all comments will be moderated before being displayed.

Post a Comment