ശമ്പളപരിഷ്‌കരണം ഗുണകരമായില്ലെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍

Unknown

ശമ്പളം പരിഷ്‌കരിച്ചപ്പോള്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും ആനുപാതിക വര്‍ധനയുണ്ടായില്ലെന്ന് ആക്ഷേപം. മുമ്പ് സമാന സ്‌കെയിലിലുണ്ടായിരുന്നവരേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ശമ്പളം പുതുക്കിയതെന്നാണ് മുഖ്യപരാതി. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്ലസ്ടുവിലേയും വിഎച്ച്എസ്ഇ നോണ്‍ വൊക്കേഷണല്‍ വിഭാഗത്തിലേയും സീനിയര്‍ അധ്യാപകര്‍ക്കും മുമ്പ് ഒരേ നിരക്കിലായിരുന്നു ശമ്പളം. 11,070-18,450 സ്‌കെയിലില്‍ ശമ്പളം പുതുക്കിയപ്പോള്‍ സീനിയര്‍ അധ്യാപകര്‍ക്ക് 19,240-32,110 ഉം, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 20,740-33,680 ഉം ആയി. മാത്രമല്ല, കൂടുതല്‍ വര്‍ഷം സര്‍വീസുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ കുറയുന്ന സ്ഥിതിയുമുണ്ട്. 20 വര്‍ഷം സര്‍വീസുള്ളയാള്‍ക്ക് 37,036 രൂപയാണ് പുതിയ സ്‌കെയില്‍ പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍, പുതിയ സ്‌കെയിലിലെ ഉയര്‍ന്ന പരിധി 32,110 രൂപയാണ്. ശമ്പള സ്‌കെയിലിലെ പരിധി ഉയര്‍ത്താതെ ഈ അപാകം പരിഹരിക്കാനാവില്ല.

കോളേജ് അധ്യാപകരും പ്ലസ്ടു അധ്യാപകരും തമ്മിലുള്ള അന്തരം ഭീമമായി വര്‍ധിക്കുന്ന സ്ഥിതിയുണ്ട്. പി.ജി.യും നെറ്റുമാണ് കോളേജ് അധ്യാപക യോഗ്യത. പി.ജി.യും ബി.എഡും സെറ്റുമാണ് പ്ലസ്ടു അധ്യാപക യോഗ്യത. ഈ സാഹചര്യത്തില്‍ നിലവില്‍ ഇരുവിഭാഗവും തമ്മില്‍ പതിനായിരം രൂപയോളം അന്തരം വരുന്നത് ന്യായീകരിക്കാനാവില്ലെന്ന് കേരള പ്രൈവറ്റ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രനിരക്കിലെ സമാന തസ്തികയ്ക്ക് 7,000 രൂപയുടെ കുറവാണ് ഹയര്‍ സെക്കന്‍ഡറി-വിഎച്ച്എസ്ഇ. അധ്യാപകര്‍ക്കുള്ളത്. പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് കോളേജിലേതിന് സമാനമായി മൂന്ന് അധിക ഇന്‍ക്രിമെന്റ് നല്‍കണമെന്ന ആവശ്യവും ശമ്പളപരിഷ്‌കരണ കമ്മീഷന്‍ പരിഗണിച്ചില്ല. പി.എച്ച്.ഡി. ഉള്ളവര്‍ക്ക് 500 രൂപ അലവന്‍സ് നല്‍കാനാണ് ശുപാര്‍ശ.

അപാകങ്ങള്‍ പരിഹരിക്കാത്തപക്ഷം ഹയര്‍ സെക്കന്‍ഡറി-വിഎച്ച്എസ്ഇ അധ്യാപക സംഘടനകള്‍ സംയുക്തമായി സമരരംഗത്തിറങ്ങുമെന്ന് കെപിഎച്ച്എസ്ടിഎ പ്രസിഡന്റ് എന്‍.എ. സേവ്യറും വൈസ്​പ്രസിഡന്റ് വി. സനല്‍കുമാറും അറിയിച്ചു.

إرسال تعليق