അധ്യാപകര്‍ക്ക് സെന്‍സസ് ഡ്യൂട്ടി; പരീക്ഷാക്കാലത്തിനുമുന്പേ സ്കൂളുകള്‍ അടച്ചിടേണ്ടിവരും

Unknown
അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിച്ചതോടെ വാര്‍ഷികപരീക്ഷയ്ക്കു തയാറെടുക്കുന്നതിനു തൊട്ടുമുന്പേ സംസ്ഥാനത്തെ സ്കൂളുകള്‍ അടച്ചിടേണ്ട ഗതികേടാവും. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് അഞ്ചുവരെയുള്ള കാലയളവില്‍ സെന്‍സസെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഇതിനായി അധ്യാപകര്‍ക്കു 13 ദിവസത്തോളം അവധി നല്കും. എല്ലാ സ്കൂളുകളിലെയും പ്രധാന അധ്യാപകര്‍ ഒഴികെ മിക്ക അധ്യാപകര്‍ക്കും സെന്‍സസ് ഡ്യൂട്ടി നല്‍കിയിട്ടുള്ളതിനാല്‍ സ്കൂളുകള്‍ അടച്ചിടാതെ മറ്റു മാര്‍ഗമില്ലാത്ത സ്ഥിതിയാണ്.

സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവര്‍ നിശ്ചിതസമയത്തിനുള്ളില്‍ വിവരങ്ങള്‍ (ഡേറ്റ) ശേഖരിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും നിര്‍ദേശമുണ്ട്.

മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയെപ്പാലും ബാധിക്കുന്നതാണ് ഈ തീരുമാനം.

കൂടാതെ വാര്‍ഷികപരീക്ഷയ്ക്ക് ഒരുങ്ങുന്ന സമയമായതിനാല്‍ അധ്യാപകരില്ലാതെ വരുന്നതു വിദ്യാര്‍ഥികളെയും ബാധിക്കും.

സിലബസ് തീര്‍ക്കാനും എടുത്ത വിഷയങ്ങള്‍ റിവിഷന്‍ നടത്താനുമുള്ള വിലപ്പെട്ട സമയമാണ് അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിച്ചതിലൂടെ നഷ്ടപ്പെടുക. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും ഇതു തിരിച്ചടിയാകും.

സാധാരണ ഇത്തരം സര്‍വേ ഡ്യൂട്ടികള്‍ അധ്യയനത്തെ ബാധിക്കാത്ത രീതിയില്‍ അവധിക്കാലത്താണ് നല്കാറുള്ളത്. ഇത്തവണ ഒന്നും നോക്കാതെ അധ്യയനംതന്നെ നഷ്ടപ്പെടുന്ന രീതിയില്‍ അധ്യാപകരെ വിട്ടുകൊടുക്കാന്‍ വിദ്യാഭ്യാസമന്ത്രിയടക്കമുള്ള അധികാരികള്‍ തയാറായതില്‍ പ്രതിഷേധം ഉയരുകയാണ്.

സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട അധ്യാപകരോട് ഈ മാസം അവസാനം മൂന്നുദിവസങ്ങളിലായി നടക്കുന്ന പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്നു നിര്‍ദേശിച്ച് കഴിഞ്ഞദിവസം ഉത്തരവ് നല്കിക്കഴിഞ്ഞു. അധ്യാപകര്‍ പരിശീലനക്ലാസില്‍ പങ്കെടുക്കുന്ന ദിവസങ്ങളിലും സ്കൂളുകളില്‍ അധ്യയനം മുടങ്ങും.

കഴിഞ്ഞ അവധിക്കാലത്താണ് സെന്‍സസിന്‍റെ ആദ്യഘട്ടം നടന്നത്. ഇതില്‍ പങ്കെടുത്ത അധ്യാപകരെ കൂടാതെ, കൂടുതല്‍ അധ്യാപകരെയും ഇത്തവണത്തെ സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്.

പരീക്ഷയ്ക്കു തൊട്ടുമുന്പേ അധ്യയനം തടസപ്പെടുന്ന രീതിയില്‍ അധ്യാപകരെ സെന്‍സസിനു വിട്ടുകൊടുക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് അധ്യാപകസംഘടനകള്‍ ആലോചിക്കുന്നത്.

إرسال تعليق