എല്‍.ഡി.ക്ലര്‍ക്ക് വിജ്ഞാപനം ഉടനെ; ഒരുങ്ങാന്‍ സമയമായി

Unknown
പി.എസ്.സി.യുടെ എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷയ്‌ക്കൊരുങ്ങാന്‍ സമയമായി. പുതിയ വിജ്ഞാപനം ജൂണില്‍ പ്രസിദ്ധീകരിക്കും. അതിനുള്ളില്‍ പ്ലസ്ടു യോഗ്യതാ ഭേദഗതി നടപ്പാകാനിടയില്ല. ഈ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി.ക്കാര്‍ക്കും അപേക്ഷിക്കാനാകും. എല്‍.ഡി.ക്ലര്‍ക്കിന് പത്താം ക്ലാസിനു പകരം ഹയര്‍ സെക്കന്‍ഡറി യോഗ്യതയാക്കി 2011 ജൂലായിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതനുസരിച്ച് സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതുവരെ നടപ്പായില്ല. അതിനിടെ എല്‍.ഡി. ക്ലര്‍ക്കിന് ഡി.സി.എ. കൂടി യോഗ്യതയാക്കാന്‍ ഭരണപരിഷ്‌കരണ സമിതി ശുപാര്‍ശ ചെയ്യുകയുമുണ്ടായി. അതിലും തീരുമാനമായില്ല. നിലവിലുള്ള സ്‌പെഷ്യല്‍റൂള്‍ വ്യവസ്ഥകളനുസരിച്ചേ പി.എസ്.സി.ക്ക് വിജ്ഞാപനമിറക്കാനാകൂ. പരീക്ഷാതീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് പുതിയ രീതിയിലായിരിക്കും എല്‍.ഡി.സി. വിജ്ഞാപനമിറങ്ങുക. നിലവിലുള്ള റാങ്ക്പട്ടികയുടെ കാലാവധി തീരുന്ന 2015 മാര്‍ച്ച് 31-ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലുമായി 15 ലക്ഷത്തോളം അപേക്ഷകരുണ്ടാകും. അതിനാല്‍ മത്സരം കടുത്തതാകുമെന്നുറപ്പ്. വ്യക്തമായ ആസൂത്രണത്തോടെയുള്ള തയ്യാറെടുപ്പാണ് വേണ്ടത്. അതിനിനി വൈകരുത്. അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. പി.എസ്.സി.യില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്യുകയെന്നതാണത്. രജിസ്‌ട്രേഷന്‍ നടത്തി അതില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകളുടെ പരിശോധനയും പൂര്‍ത്തിയാക്കിയവരെ മാത്രമേ പുതിയ എല്‍.ഡി.സി. റാങ്ക്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്. രേഖാപരിശോധനയ്ക്ക് അപേക്ഷകര്‍ക്കെല്ലാം പ്രത്യേകം സമയം അനുവദിക്കും. അതിനുമുമ്പ് രജിസ്‌ട്രേഷന്‍ നടത്താന്‍ എല്ലാവരും തയ്യാറാകണം. അവസാന നിമിഷം അപേക്ഷകരെല്ലാം ഒരുമിച്ച് രജിസ്‌ട്രേഷന് ശ്രമിക്കുന്നത് സാങ്കേതിക പ്രയാസങ്ങള്‍ക്കിടയാക്കിയേക്കും. www.keralapsc.gov.in എന്ന വെബ്‌സൈറ്റിന്റെ ഹോംപേജില്‍ One Time Registrationഎന്ന് നീല നിറത്തില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് രജിസ്‌ട്രേഷന്‍ തുടങ്ങേണ്ടത്. പൂര്‍ണമായും ശരിയായ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ടൈപ്പു ചെയ്ത് ചേര്‍ക്കണം. ഈ വിവരങ്ങളാണ് രേഖാപരിശോധനയില്‍ പി.എസ്.സി. വിലയിരുത്തുന്നത്. ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോഴും നിശ്ചിത അളവിലും വ്യാപ്തിയിലുമുള്ളതാണെന്ന് ഉറപ്പാക്കണം.

إرسال تعليق