We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

വിതക്കാരാ... ജാഗ്രതയോടെ വിതയ്ക്കുക

Written by  ടോമി ഫിലിപ്പ്, തൃപ്പൂണിത്തുറവിതക്കാരന്റെ ഉപമയിൽ നല്ല നിലത്തു വീണ വിത്തുകൾ അറുപതു മേനിയും നൂറു മേനിയും ഫലം പുറപ്പെടുവിച്ചുവെന്ന് കേൾക്കുമ്പോൾ എന്റെ മനസിൽ ചെറുപ്പം മുതൽ ഒരു ചോദ്യം ഉയരാറുണ്ടായിരുന്നു. വഴിയരികിലും പാറയിലും വീണ ആ പാവപ്പെട്ട വിത്തുകൾ എന്ത് തെറ്റാണ് ചെയ്തത്? നല്ലൊരു വിതക്കാരന്റെ ആത്മാർത്ഥമായ ആഗ്രഹം വിത്തുകളെല്ലാം ഒരുക്കിയ നിലത്തുതന്നെ വീഴണമെന്നും നൂറുമേനി ഫലം ലഭിക്കണമെന്നുമാണ്. കഠിനാധ്വാനം ചെയ്ത് നിലം ഒരുക്കിയ കൃഷിക്കാരൻ വിതയ്ക്കുന്നതിനിടയിൽ എപ്പോഴോ അലസനാകുന്നു. അതുകൊണ്ടല്ലേ ഒരുക്കിയ നിലത്ത് വീഴേണ്ട വിത്തുകളിൽ ചിലത് വഴിയരികിലും പാറപ്പുറത്തും മുൾച്ചെടികൾക്കിടയിലും വീണത്? നൂറുമേനി ഫലം പുറപ്പെടുവിച്ച് തലയെടുപ്പോടെ ഭാഗ്യപ്പെട്ട വിത്തുകൾ നെഞ്ചുവിരിച്ച് നില്ക്കുമ്പോൾ, വഴിയരികിൽ വീണ് ചവിട്ടി അരയ്ക്കപ്പെടാനും പക്ഷികൾ കൊത്തി തിന്നാനും പാറപ്പുറത്ത് വീണ് വെയിലേറ്റ് വാടിക്കരിയാനും മുൾച്ചെടികൾക്കിടയിൽ ഞെരിഞ്ഞമരാനും മറ്റു വിത്തുക ൾ വിധിക്കപ്പെടുന്നു. ആ വിത്തുകൾക്കും ഫലം പുറപ്പെടുവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഫലം പുറപ്പെടുവിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലേക്ക് അവയെ വലിച്ചെറിഞ്ഞ വിതക്കാരനല്ലേ വാസ്തവത്തിൽ കുറ്റക്കാരൻ? ആ വിത്തുകൾ ഒന്നും ബലമായി വിതക്കാരന്റെ കൈയിൽ നിന്നും ചാടിപ്പോയി, തങ്ങളുടെ ഇഷ്ടംപോലെ വഴിയരികിലും പാറപ്പുറത്തും മുള്ളുകൾക്കിടയിലും വീണതല്ല. ഒരുക്കിയ നിലത്ത് വീണ് മുപ്പതും അറുപതും നൂറുമേനിയും ഫലം പുറപ്പെടുവിച്ച് ആഹ്ലാദിക്കുമ്പോൾ ഫലം നല്കാതെ നശിച്ചുപോയ വി ത്തുകളുടെ കണ്ണുനീർ ദൈവതിരുമുൻപിൽ നിലവിളിക്കുന്നുണ്ടെന്നും, നീ കാരണം ഫ ലം തരാതെപോയ വിത്തുകളുടെ കണക്ക് ദൈവത്തിന്റെ കൈകളിലുണ്ടെന്നും വിതക്കാരാ നീ മറക്കരുത്. നീതിമാനായ ദൈവം വിളവിന്റെ കണക്കെടുക്കാൻ വരുമ്പോൾ വഴിയരികിലും പാറപ്പുറത്തും മുള്ളുകൾക്കിടയിലും നഷ്ടപ്പെടുത്തിയ വിത്തുകളുടെ കാര്യത്തിൽ എന്തുത്തരം പറയും? ജീവിതത്തിൽ പലപ്പോഴും ഈ വിതക്കാരനെപ്പോലെ വേ ണ്ടത്ര കരുതൽ ഇല്ലാതെയും അശ്രദ്ധമായും വിതച്ചതിനാൽ പല വിത്തുകളും ഇതുപോലെ വഴിയരികിലും പാറപ്പുറത്തും മുള്ളുകൾക്കിടയിലും വീഴാൻ ഇടയായിട്ടില്ലേ? വിതയ്ക്കാനാ യി നിന്റെ കൈയിൽ ദൈവം വിശ്വസിച്ചേല്പ്പിച്ച വിത്തുകളിലേക്ക് പ്രാർത്ഥനാപൂർവം നോക്കുക. ജീവിതപങ്കാളി, മക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, സഹശുശ്രൂഷകർ, പ്രാർത്ഥനാഗ്രൂപ്പ് അംഗങ്ങൾ, ഇടവകസമൂഹം, വിദ്യാർത്ഥികൾ... അങ്ങനെ പലരും നിന്റെ കൈകളിൽ ദൈവം ഏല്പിച്ച വിത്തുകളാണ്. അവ ഫലംചൂടിയോ? അതോ വേണ്ടത്ര ഫലം നല്കാതെ നശിച്ചുപോയോ? അപ്രിയ സത്യങ്ങൾ ചൂണ്ടിക്കാണിച്ചതിനാൽ പലരെയും വഴിയരികിൽ ചവിട്ടി അരയ്ക്കാനായി നീ വലിച്ചെറിഞ്ഞില്ലേ? അനിഷ്ടങ്ങളായ ചോദ്യങ്ങൾ ചോദിച്ചവരെയൊക്കെ പാറപ്പുറത്ത് വെയിലേറ്റ് വാടിക്കരിയാൻ വിട്ടുകളഞ്ഞില്ലേ? പലരും വളർന്നു വന്നാൽ നിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുമെന്ന് ഭയപ്പെട്ട് അവരെയൊക്കെ മുള്ളുകൾക്കിടയിൽ ഞെരിഞ്ഞമരാൻ ഉപേക്ഷിച്ചു കളഞ്ഞില്ലേ? പ്രാർത്ഥനാഗ്രൂപ്പിലെ സാധാരണ അംഗത്തിന്റെ പ്രാർത്ഥനയും ശുശ്രൂഷകളും നേതൃത്വവാസനയുമൊക്കെ ലീഡറായ നിന്നെക്കാൾ മെച്ചപ്പെട്ടതാണെന്നു കണ്ട് അവനെ മനഃപൂർവം ഒതുക്കുമ്പോൾ, ദൈവകൃപയാൽ വളർന്നുവരുന്ന ഒരുവന് വേണ്ടത്ര അവസരം കൊടുക്കാതിരിക്കുമ്പോൾ, സഹപ്രവർത്തകന് അവന്റെ കഴിവ് തെളിയിക്കാനുള്ള സാഹചര്യങ്ങൾ ബോധപൂർവം തടസപ്പെടുത്തുമ്പോൾ, മുള്ളുകൾക്കിടയിൽ വിത്തുകൾ നിക്ഷേപിക്കുകയാണ്. നിന്നെക്കാൾ കഴിവും കൃപകളും ഉള്ളവരെ മാറ്റിനിർത്തുമ്പോൾ, ഇഷ്ടമില്ലാത്തവരെ കണ്ടില്ലെന്ന് നടിക്കുമ്പോൾ, മക്കളോട് തിരിച്ചുവ്യത്യാസം കാണിക്കുമ്പോൾ, ജീവിതപങ്കാളിയെ വേണ്ടത്ര പരിഗണിക്കാതിരിക്കുമ്പോൾ, നിന്റെ വിദ്യാർത്ഥികളിൽ ചിലരോട് പക്ഷഭേദം കാട്ടുമ്പോൾ, ഓർക്കുക... നിന്റെ കൈക്കുമ്പിളിലെ പല വിത്തുകളും വഴിയരികിലും പാറപ്പുറത്തും മുള്ളുകൾക്കിടയിലും വീഴാൻ ഇടവരുത്തുകയാണ്. വഴിപോക്കർ ചവിട്ടിയരയ്ക്കുകയും പക്ഷികൾ അതിനെ കൊത്തിത്തിന്നുകയും പൊരിവെയിലത്ത് അത് വാടിക്കരിയുകയും മുള്ളുകൾ അതിനെ ഞെരുക്കുകയും ചെയ്യുമ്പോൾ, നിനക്കെങ്ങനെ സ്വസ്ഥനാകാൻ പറ്റും? ലഭിച്ച വിളവിൽ നിനക്കെങ്ങനെ അഭിമാനിക്കാൻ കഴിയും? ഒരുക്കിയ നിലത്ത് വീണ് തഴച്ചുവളരുന്ന് നിറയെ ഫലം ചൂടി ഈ ലോകത്തിന് അനുഗ്രഹമായി മാറേണ്ടിയിരുന്ന വിത്തുകൾ, അനേകർക്ക് നന്മയായിത്തീരേണ്ടിയിരുന്ന വിത്തുകൾ, തങ്ങളുടെ ഫലങ്ങളാൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടിയിരുന്ന വിത്തുകൾ... ആ വിത്തുകളൊക്കെ മുളയിലേ മുരടിച്ചുപോയതിൽ വിതക്കാരാ നിനക്ക് ഖേദമില്ലേ? വിതയ്ക്കാനായി നിന്റെ കൈകളിലുള്ള എല്ലാ വിത്തുകളും മുപ്പതും അറുപതും നൂറും മേനിയും ഫലം തരാൻ കഴിവുള്ളവയാണെന്ന് തിരിച്ചറിയണം. ഒരു വിത്തുപോലും ഒരുക്കപ്പെടാത്ത നിലത്ത് വീഴാൻ ഇടയാകരുത്. നിന്റെ കൈക്കുമ്പിളിലെ എല്ലാ വിത്തുകളും മുപ്പതും അറുപതും നൂറും മേനി വിളവു തരട്ടെ... പ്രാർത്ഥന ദൈവമേ, എന്റെ കൈവശമുള്ള വിത്തുകൾ അവിടുന്ന് എന്നെ ഏല്പിച്ചതാണല്ലോ. അവയിൽ ഒന്നുപോലും നഷ്ടപ്പെട്ടുപോകാൻ ഇടയാക്കരുതേ. എന്റെ അശ്രദ്ധമൂലം നഷ്ടപ്പെട്ടുപോയ അനേകം വിത്തുകളെയോർത്ത് മാപ്പ് അപേക്ഷിക്കുന്നു. കരുതലുള്ള വിതക്കാരനായി എന്നെ രൂപാന്തരപ്പെടുത്തിയാലും. ഓരോ വിത്തും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നുള്ള അവബോധത്തിലേക്ക് എന്നെ വളർത്തണമേ, ആമ്മേൻ.
PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment