റിയാലിറ്റി ഷോയിലെ കന്യാസ്ത്രീ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്‌

ഒരു കത്തോലിക്കാ കന്യാസ്ത്രീക്ക് റിയാലിറ്റി ഷോയില്‍ എന്തുകാര്യമെന്ന് തോന്നിയേക്കാം. എന്നാല്‍ , 'ദി വോയ്‌സ് ഓഫ് ഇറ്റലി' എന്ന റിയാലിറ്റി ഷോയില്‍ 25-കാരിയായ സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കച്ചിയയുടെ പ്രകടനം കണ്ടവര്‍ ഈ ചോദ്യം ആവര്‍ത്തിക്കില്ല.



 അമേരിക്കന്‍ ഗായിക അലീസിയ കീസിന്റെ 'നോ വണ്‍ ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച സിസ്റ്റര്‍ ക്രിസ്റ്റിന, റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളെ മാത്രമല്ല, ലോകമെങ്ങുമുള്ള യുട്യൂബ് പ്രേക്ഷകരെയും അമ്പരപ്പിക്കുകയാണ്.

 മാര്‍ച്ച് 19 ന് പോസ്റ്റ് ചെയ്ത കന്യാസ്ത്രീയുടെ റിയാലിറ്റി ഷോ പ്രകടനത്തിന്റെ വീഡിയോ, ഒരാഴ്ച തികയുംമുമ്പ് യൂട്യൂബില്‍ 30,677,270 തവണ വ്യൂ ചെയ്തു കഴിഞ്ഞു. യുട്യൂബില്‍ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സിസ്റ്റര്‍ ക്രിസ്റ്റിനയുടെ പ്രകടനം.


 ആലാപനം കഴിഞ്ഞ് ആഹ്ലാദപൂര്‍വം വിധികര്‍ത്താക്കളെ അഭിമുഖീകരിച്ച സിസ്റ്റര്‍ ക്രിസ്റ്റീനയോട്, ഷോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിന്റെ കാരണം ചേദിച്ചപ്പോള്‍ അവര്‍ പറഞ്ഞു : 'എനിക്കൊരു കഴിവുണ്ട്, ഞാനത് നിങ്ങള്‍ക്ക് പകര്‍ന്നുതരികയാണ്'. 'ദി വോയ്‌സ് ഓഫ് ഇറ്റലി'യില്‍ പങ്കെടുത്തതിനെ വത്തിക്കാന്‍ എങ്ങനെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ , 'ഫ്രാന്‍സിസ് പാപ്പ എന്നെ ഫോണ്‍ ചെയ്യുന്നതിന് കാക്കുകയാണെ'ന്ന് അവര്‍ കൂസലില്ലാതെ പറഞ്ഞു.

 'ഉര്‍സുലിന്‍ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി' വിഭാഗത്തില്‍പെട്ട സിസ്റ്റര്‍ ക്രിസ്റ്റിന, ഇറ്റലിയിലെ സിസിലി സ്വദേശിയാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق