ദുഃഖിതരില്‍ ദൈവത്തെ കാണണം-ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്‌

വേദനകള്‍ക്കു നേരെ കണ്ണടയ്ക്കുന്ന മനുഷ്യന്‍ ദൈവത്തെ മറക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രിസ്തുവിന്റെ പീഡാനുഭവ വാരത്തോടനുബന്ധിച്ച് തൃശ്ശൂര്‍ അതിരൂപതയുടെ സാമൂഹിക ശുശ്രൂഷാ കേന്ദ്രമായ സാന്ത്വനം സംഘടിപ്പിച്ച രോഗികളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വികലാംഗരുടെ കാല്‍ കഴുകുന്നത് നിരാലംബരായ സഹോദരങ്ങളോട് സഭയുടെ കരുതലിന്റെ പ്രകാശനമാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അപകടങ്ങളില്‍ നട്ടെല്ല് തകര്‍ന്ന് വേദനിക്കുന്ന നാലപ്പതോളം രോഗികളാണ് ലൂര്‍ദ്ദ് കത്തീഡ്രലില്‍ ഒത്തുകൂടിയത്. വൈദിക വിശുദ്ധീകരണ ദിനത്തിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം ആര്‍ച്ച് ബിഷപ്പ് രോഗികളെ ആശീര്‍വദിച്ചു. രോഗികള്‍ക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ചു. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധവാര ചിന്തകള്‍ പങ്കുവെച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പ് മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍ , മോണ്‍. ജോര്‍ജ്ജ് എടക്കളത്തൂര്‍, മോണ്‍. ജോര്‍ജ്ജ് കോമ്പാറ, ഫാ. റോബര്‍ട്ട് തോമസ് പുതുശ്ശേരി എന്നിവര്‍ സഹകാര്‍മികരായി. സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ ആച്ചാണ്ടി വചനസന്ദേശം നല്‍കി. അതിരൂപതയിലെ വൈദികരെ സംബന്ധിച്ച ഡയറക്ടറി ആര്‍ച്ച് ബിഷപ്പ് താഴത്ത് പ്രകാശനം ചെയ്തു. ഫാ. റാഫേല്‍ ആക്കാമറ്റത്തില്‍, ഫാ. ലൂയിസ് എടക്കളത്തൂര്‍, ഫാ. വര്‍ഗ്ഗീസ് കുത്തൂര്‍, ഫാ. തോമസ് പൂപ്പാടി , ഫാ. ജിയോ കടവി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق