സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും ഉള്‍പ്പെടുത്തുന്നു. ഇതിന്റെ സിലബസ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) തയ്യാറാക്കി. ഇതിലേക്കാവശ്യമുള്ള അധ്യാപകരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമായി. 1600 അധ്യാപകര്‍ക്ക് പുതിയതായി അവസരം കിട്ടുമെന്നാണ് വിവരം.

 വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായിട്ടാണ് കലാപഠനം പാഠ്യപദ്ധതിയില്‍ സ്ഥാനംപിടിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന/ശില്പകല, നാടകം/സിനിമ എന്നീ ഇനങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രൈമറി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യക്രമമാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സിലബസ്സും തയ്യാറായി വരുന്നു. എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധര്‍ ചേര്‍ന്നാണ് സിലബസ് തയ്യാറാക്കിയത്.

ഇതിലേക്ക് നിയമിക്കുന്ന താത്കാലിക അധ്യാപകര്‍ക്ക് 14,000 രൂപ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ദേശീയ അധ്യാപക നയത്തിന്റെ ഭാഗമായതിനാല്‍ ഇതിനാവശ്യമായ തുക സര്‍വശിക്ഷാ അഭിയാന്‍ വഴി നല്‍കും. സംസ്ഥാന സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാവില്ലെന്നതാണ് സവിശേഷത.

കലാപഠനത്തിന് പാഠ്യപദ്ധതി ഉണ്ടാവുന്നത് ഇതാദ്യമാണ്. മുഴുവന്‍ കുട്ടികളെയും ലക്ഷ്യംവച്ചുള്ള പാഠ്യപദ്ധതിയാണ് വേണ്ടതെന്ന് കലാ വിദ്യാഭ്യാസം സംബന്ധിച്ച സമീപനരേഖ വ്യക്തമാക്കുന്നു. കലാപ്രകടനത്തേക്കാള്‍ പ്രാധാന്യം കലാസ്വാദനത്തിനും അവബോധത്തിനും നല്‍കുക, കുട്ടികള്‍ക്ക് കലാപഠനത്തില്‍ ലഭിക്കുന്ന ഗ്രേഡ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുക, ക്ലാസ് കയറ്റത്തിന് അതുംകൂടി പരിഗണിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമീപനരേഖയിലുണ്ട്.

ബി.എഡ്., ഡി.എഡ്. കോഴ്‌സുകളുടെ കരിക്കുലത്തില്‍ കല പാഠ്യവിഷയമാക്കണമെന്നും നിര്‍ദേശിക്കുന്നു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق