We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

സഭയിൽ കന്യാസ്ത്രികളുടെ പ്രസക്തിയെന്ത്?

ദൈവത്തിന്റെ കരുണയുടെ സ്‌ത്രൈണഭാവങ്ങളാണ് സന്യാസിനികളെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. യുക്തികൊണ്ട് മനസിലാക്കാൻ സാധിക്കാ ത്ത ഒരു ജീവിതരീതിയാണ് സന്യസ്തജീവിതം. എല്ലാവരും അവരവർക്കുവേണ്ടി മാത്രം ജീവിക്കുന്ന ഈ കാലത്ത് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന കുറെ ജീ വിതങ്ങൾ. സൗന്ദര്യവും കഴിവുകളും ഏറ്റവും വിലയേറിയതാണെന്ന് ചിന്തിക്കുന്ന ഈ ലോ കത്തിൽ സ്വന്തമായുള്ളതെല്ലാം വേണ്ടെന്നുവച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന ഈ പുണ്യജീവിതങ്ങളെ ഹൃദയപൂർവമൊന്ന് ധ്യാനിക്കണം.

തിളയ്ക്കുന്ന പ്രായമെന്നൊക്കെ നമ്മൾ പേരി ട്ട് വിളിക്കുന്ന ഒരു പ്രായത്തിൽ, മനുഷ്യസഹജമായ സ്വപ്നങ്ങ ൾ ചിറകു വിരിക്കുന്ന ഒരു ജീവിതഘട്ടത്തിൽ ജീവിതവും പ്രതീക്ഷകളും തമ്പുരാന് കൊടുത്ത് കുരിശും മുൾക്കിരീടവും മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന ഈ ധീരത എത്രയേറെ വാഴ്ത്തപ്പെടേണ്ടിയിരിക്കുന്നു.

ചെറിയൊരു പരിവർത്തന ഘ ട്ടത്തിനിടയിൽ, അവൾ ചെയ്യു ന്ന സമർപ്പണം അത്ര നിസാരമൊന്നുമല്ല. ഒരുപിടി ഓർമകളും പ്രിയപ്പെട്ടവരും മാത്രമല്ല, സ്വന്തം പേരുപോലും എന്തിന് സ്വന്തം ശരീരംപോലും അവൾ ക്കിനി സ്വന്തമല്ല. സ്വന്തമെന്നു പറയാൻ ആകെയുള്ളത് നസ്രായൻ നൽകുന്ന ആശ്വാസം മാ ത്രം, മുൾമുടിയേറ്റവന്റെ ചുംബനങ്ങൾ മാത്രം.

കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ കുറെ യുവസുഹൃത്തുക്കളുമായി ഒരു സംവാദം നടത്തുകയായിരുന്നു. സഭയിൽ കന്യാസ്ത്രീകളുടെ പ്രസക്തി എന്താണെന്നായിരുന്നു ചർച്ചാവിഷയം. ചൂടേറിയ ചർച്ചകൾക്കിടയിലും ഒരാൾ പോലും സഭയിൽ കന്യാസ്ത്രീകൾ വേ ണ്ട എന്നു പറഞ്ഞില്ല. എല്ലാവർക്കും പറയാനുണ്ടായിരുന്നത് സമൂഹത്തിൽ നന്മ വിതയ്ക്കുന്നതിൽ ക്രിസ്തുവിന്റെ മണവാട്ടിമാർക്ക് വലിയൊരു സ്ഥാനം ഉണ്ടെന്നുതന്നെയായിരുന്നു.

ചില സാധ്യതകളുടെയും സാഹചര്യങ്ങളുടെയും നിരാസമല്ല സന്യാസം. നിറമനസോടെ വേണ്ടെന്നു വയ്ക്കുന്ന ഭൗതിക സന്തോഷങ്ങളൊക്കെ ഉപരിനന്മയ്ക്കായി പരിണമിപ്പിക്കാൻ കഴിയുമ്പോൾ മാത്രമാണ് സന്യാസജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. അതിന് സന്യാസിനി അൾത്താരയുടെ തണലിൽ വസിക്കണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ സന്യാസജീവിതമെന്നത് നിരന്തര പ്രാർത്ഥനയുടെ ജീവിതമാണ്. പ്രാർത്ഥിക്കാൻ കഴിയണമെങ്കിൽ സ്‌നേഹിക്കാൻ കഴിയണം. ഇങ്ങനെ സ്‌നേഹിച്ചും പ്രാർത്ഥിച്ചും ആരുമറിയാതെ കടന്നുപോയ അനേകം ധന്യജീവിതങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം വളരെ അവിചാരിതമായി മധ്യകേരളത്തിലുള്ള ഒരു പഴയ കന്യാലയം സന്ദർശിക്കാനിടയായി. അത്ഭുതകരമായ ഒരു ദൈവികചൈതന്യം അതിനുള്ളിൽ നിറഞ്ഞുനിൽക്കുന്നതായി തോന്നി. കാരണം അവിടുത്തെ വായുവിനുപോലും ഒരു അഭിഷേകമുണ്ടായിരുന്നു. എരിയുന്ന മെഴുകുതിരിപോലെ അനേകം പുണ്യജീവിതങ്ങൾ ഈ വിശുദ്ധ കൂടാരത്തിനുള്ളിൽ ജ്വലിച്ചു തീർന്നതാണെന്ന ഓർമ പവിത്രമായ ഒരാനന്ദം ഉള്ളിൽ നിറച്ചു.

പ്രാർത്ഥനയുടെയും രൂപാന്തരീകരണത്തിന്റെയും താബോറിൽ മാത്രം ഒതുങ്ങിക്കഴിയാനുള്ളതല്ല സന്യാസജീവിതം. അങ്ങനെയായിരുന്നുവെങ്കിൽ സന്യാസജീവിതം എത്രയോ സുഖകരമാകുമായിരുന്നു. താ ബോറിന്റെ ആത്മീയതയും നെഞ്ചിലേറ്റി ജീവിതയാഥാർത്ഥ്യങ്ങളുടെ താഴ്‌വരകളിൽ അമ്മയായും സഹോദരിയായുമൊക്കെ അവൾ മാറുമ്പോൾ മാത്രമാണ് വിളിക്കുള്ളിലെ വിളിയിലേക്കവൾ കടന്നു ചെല്ലുന്നത്. അ തിലേക്കുള്ള പാതകളായി വ്രതങ്ങൾ മാറണം. അതി നു കഴിയുന്നില്ലെങ്കിൽ വ്രതങ്ങൾ വിഗ്രഹങ്ങളായി മാറിയേക്കാം. ദാരിദ്ര്യം, കന്യാത്വം, അനുസരണം എന്നീ മൂന്നു വ്രതങ്ങൾ ജീവിതത്തെ പിടിച്ചുകെട്ടുന്ന ചങ്ങലകളല്ല, മറിച്ച് സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോലുകളാണ്.

”പതിനെണ്ണായിരം രൂപ ശമ്പളം വാങ്ങിക്കുന്ന ഞാൻ, അത് മദർ സുപ്പീരിയറിനെ ഏൽപിച്ചിട്ട് മാസ അലവ ൻസായി കിട്ടുന്ന എൺപത്തിയഞ്ചു രൂപകൊണ്ട് സ ന്തോഷമായി ജീവിക്കുന്നു” എന്ന് അഭിമാനത്തോടെ സന്യാസിനിയായ ഒരു ഡോക്ടർ പറഞ്ഞപ്പോൾ ഞ ങ്ങൾക്കൊപ്പമുണ്ടായിരുന്ന യുവസുഹൃത്തുക്കൾ ആദരവോടെ അവരെ നോക്കുന്നത് ഞാൻ കണ്ടു. ദാരിദ്ര്യമെന്നാൽ ഒന്നുമില്ലാതെ ജീവിക്കുകയെന്നല്ല മറിച്ച്, സ്വന്തമാക്കാമായിരുന്ന പലതും സന്തോഷത്തോടുകൂടി വേണ്ടന്നുവയ്ക്കാനുള്ള ആത്മബലമാണ്.

അതുപോലെതന്നെ കേവലം ശരീരസുഖങ്ങളുടെ നിരാസമായി കന്യാത്വ-ബ്രഹ്മചര്യ വ്രതത്തെ കാണരുത്. ഇത് സ്‌നേഹിക്കാനുള്ള വിളിയാണ്. എല്ലാവരെയും സ്‌നേഹിച്ചുകൊണ്ട് എല്ലാവർക്കും എല്ലാമായിത്തീരാനുള്ള വിളിയാണ്. ബ്രഹ്മചര്യത്തിന് നിർവികാരത എന്നൊരു അർത്ഥമില്ല. ആസക്തികളുടെയും ലോലവികാരങ്ങളുടെയും അകമ്പടിയില്ലാതെ ആത്മാർ ത്ഥമായി സ്‌നേഹിക്കാനുള്ള കരുത്താർജിക്കുമ്പോൾ മാത്രമേ കന്യാത്വ-ബ്രഹ്മചര്യവ്രതങ്ങൾ അതിന്റെ ല ക്ഷ്യം പ്രാപിക്കുന്നുള്ളൂ. മനുഷ്യരിൽനിന്ന് ഓടിയകന്നുകൊണ്ടല്ല, മനുഷ്യരുടെ കൂടെ ആയിരുന്നുകൊണ്ടാ ണ് ഒരാൾ തന്നെ സമർപ്പണം പൂർത്തീകരിക്കേണ്ടത്.

സ്‌നേഹത്തിൽ നിന്നുത്ഭവിക്കുന്ന വിധേയത്വമാണ് അ നുസരണം. ഒപ്പം ഒരു ആന്തരിക ഭാവം കൂടിയാണിത്. പുറമെ അനുസരണത്തിന്റെ ഭാവങ്ങൾ കാണിച്ചാലും, ഉള്ളിൽ സ്‌നേഹത്തിന്റെ കനലുകൾ ഇല്ലെങ്കിൽ ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ ഇതൊരു പുണ്യമായല്ല കാപട്യമെന്ന പാപമായായിരിക്കും രേഖപ്പെടുത്തപ്പെടുക. അനുസരണം എന്നാൽ അടിമത്തമല്ലെന്ന തിരിച്ചറിവും ഉണ്ടാകണം. ഈഗോയിൽനിന്നും ഈശോയിലേക്ക് വളരുമ്പോൾ അനുസരണം ഒരു ഭാരമായി തോന്നില്ല.

പ്രയാസം നിറഞ്ഞ ഈ ജീവിതപാതയിലേക്ക് വന്ന ചിലരെങ്കിലും വഴിയരുകിൽ തളർന്നു വീഴുന്നു എന്നത് സത്യമാണ്. വിരലിലെണ്ണാവുന്ന ഇത്തരം ചില സംഭവങ്ങളെ ഉയർത്തിക്കാണിച്ച് സന്യസ്തജീവിതം മുഴുവൻ മലീമസമാണെന്ന് വരുത്തിത്തീർക്കാൻ ചില തല്പരകക്ഷികൾ ശ്രമിക്കുന്നുണ്ട്. സ്വന്തം സമർപ്പണത്തിന്റെ അഭാവംകൊണ്ട് സന്യാസജീവിതം ഉപേക്ഷിക്കേണ്ടി വന്നവരും വിശുദ്ധ വസ്ത്രത്തിനുള്ളിൽ അഹങ്കാരത്തിന്റെ കുട്ടിപ്പിശാചുക്കൾക്ക് അഭയം നൽകിയവരുമൊക്കെ ഇത്തരം ഗൂഢശക്തികൾക്കൊപ്പം ചേരുകയും ചെയ്യുന്നു. അതിന്റെ ഫലമായി സന്യാസിനികളെ ദൈവത്തിന്റെ മാലാഖമാരായി കണ്ട സമൂഹം, ആസക്തികളുടെ സംശയം നിറഞ്ഞ കണ്ണുകളുമായി അവരെ നോക്കുന്നു.

വിശുദ്ധ കൂടാരങ്ങളിൽനിന്ന് അ ശുദ്ധിയുടെ പുക ഉയരുന്നു എന്ന് സമൂഹത്തെ വിശ്വസിപ്പിച്ച് ചിലർ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നു.ദീർഘകാല പ്രണയത്തിനുശേഷം വിവാഹിതരായ പലരും വിവാഹമോചനത്തിനായി കുടുംബക്കോടതിക്കു മുമ്പിൽ ക്യൂ നിൽക്കുന്ന ഇക്കാലത്ത് ഇടുങ്ങിയ വഴിയിൽക്കൂടി യാത്രയാരംഭിച്ച ചിലർ ഇടറിവീഴുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു.? ജീവിതവഴികളിൽ ഒന്നിടറി വീണു എന്നത് ശിഷ്യത്വത്തിന്റെ അവസാനമൊന്നുമല്ല. വളരെ നിർണായകമായ ഒരു നിമിഷത്തിൽ ഇടറിപ്പോയ പത്രോസിനെയാണ് ക്രിസ്തു സ്വർഗത്തിന്റെ താക്കോലുകൾ ഏൽപിച്ചത് എന്നത് ഇവിടെ ചേർത്തുവായിക്കാവുന്നതാണ്. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും അളവുകോൽ കൊണ്ടല്ല സന്യസ്തർ അളക്കപ്പെടേണ്ടത്. മറിച്ച് ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.

അസത്യങ്ങളുടെ പുകച്ചുരുൾ സൃഷ്ടിച്ച് വിശുദ്ധ കൂടാരങ്ങൾക്കെതിരെ പടവാളുയർത്തുന്നവർ തീർച്ചയായും നിരാശപ്പെടേണ്ടിവരും. സന്യാസഭവനങ്ങളിൽ നിന്നുയരുന്ന പ്രാർത്ഥനാമന്ത്രങ്ങളെയും പ്രവൃത്തികളിൽ വിരിയുന്ന കാരുണ്യപ്രഭയെയും നിഷ്പ്രഭമാക്കാ ൻ ഇത്തരം അപവാദപ്രചരണങ്ങൾക്കാകില്ല. ക്രൈ സ്തവ സന്യാസത്തെ ഇത്രയേറെ കരിതേച്ചു കാണിക്കാൻ പലരും ശ്രമിച്ചിട്ടും അനേകം പുതുനാമ്പുകൾ നമ്മുടെ വിവിധ സന്യാസശിഖിരങ്ങളിൽ ചേക്കേറുന്നു എന്നത് അഭിമാനത്തോടെ നോക്കിക്കാണേണ്ട ഒരു വസ്തുതയാണ്.

ഇനി സന്യാസത്തിന്റെ ഉത്ഭവചരിത്രം കൂടിയൊന്നു പരിശോധിക്കാം. മതപീഡനങ്ങളുടെ കാലം അവസാനിച്ചപ്പോൾ രക്തസാക്ഷിത്വത്തിനുള്ള സാധ്യതകൾ പരിമിതമായി. ഇതിനൊരു പരിഹാരമെന്നോണമാണ് വിവിധ പാരമ്പര്യങ്ങളിൽ സന്യാസം ആരംഭിച്ചത്. ഒരിടത്തും സുരക്ഷിതമായ വഴികളിൽ കൂടിയായിരുന്നില്ല സന്യാസത്തിന്റെ വളർച്ചയും വികാസവും. ഒരിക്കൽ, സ്വയം പീഡനങ്ങളിലൂടെ സഹനത്തെ നെഞ്ചോടു ചേർക്കുന്ന രീതികൾ പോലും നമ്മുടെ സന്യാസപാരമ്പര്യങ്ങളിലുണ്ടായിരുന്നു. ഇന്ന് സഹനത്തിന്റെ വഴികൾ വിപുലമായി എന്നുമാത്രം. ക്രിസ്തുവിന്റെ പീഡകളെ സ്വപ്നംകണ്ട് കർമ്മവേദികളിൽ മറ്റുള്ളവർക്കുവേണ്ടി മുറിക്കപ്പെട്ട് ദൈവത്തിനുള്ള സമ്മാനമായി ഉരുകിത്തീരുന്ന ജീവിതമാണ് ഓരോ സന്യാസിനിയുടെയും ജീവിതം.

നമ്മുടെ സന്യാസിനികൾ ഏറെ വിലപ്പെട്ട ജീവിത വും അതിന്റെ നിറക്കൂട്ടുകളും വേണ്ടെന്നുവച്ച് കുരിശിന്റെ വഴിയെ ഇറങ്ങിയത് ഏതെങ്കിലുമൊരു നിമിഷത്തെ ഉപരിപ്ലവമായ ആവേശംകൊണ്ടല്ല. ആത്മാവിനുള്ളിൽ ജ്വലിക്കുന്ന അഗ്നി ഉള്ളതുകൊണ്ടാണെ ന്ന് അവരുടെ പ്രവൃത്തികൾ സാക്ഷ്യപ്പെടുത്തുന്നു.

സന്യാസമെന്നത് ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നു ള്ള ഒളിച്ചോട്ടമല്ല. മറിച്ച് ക്രൂശിതന്റെ പിന്നാലെ നീങ്ങാനുള്ള ധൈര്യത്തിൽനിന്നും ആവിർഭവിക്കുന്ന ജീവിതക്രമമാണിത്. ദൈവത്തോടും മനുഷ്യനോടുമുള്ള ശരിയായ അനുപാതത്തിലുള്ള സ്‌നേഹമാണ് സന്യാസത്തെ മുൻപോട്ടു നയിക്കുന്ന ഇന്ധനം. ഉള്ളിലെ സ്‌നേഹം തീർന്നുപോയാൽ ക്രൈസ്തവ സന്യാസജീവിതം ജീവിക്കാൻ ആർക്കുമാകില്ല. സ്‌നേഹത്തിൽ നിന്ന് ഉത്ഭവിക്കാത്തതെല്ലാം യാന്ത്രികതയും കാപട്യവുമാണ്. അവിടെ ക്രിസ്തുവിന് സ്ഥാനമില്ല.

സമൂഹമുയർത്തുന്ന സംശയങ്ങൾക്കും കിംവദന്തികൾക്കുമിടയിലും പരാതിയും പരിഭവവുമില്ലാതെ നന്മയുടെ സങ്കേതങ്ങളായി ക്രൈസ്തവ സന്യാസഭവനങ്ങൾ എന്നുമിവിടെയുണ്ടാകും. നാമുറങ്ങുമ്പോൾ പ്പോലും വിരിക്കപ്പെട്ട കരങ്ങളുമായി ഈ ഭൂമിക്കവർ കാവൽനിൽക്കും; ക്രിസ്തുവിന്റെ കരുണയുടെ ആൾ രൂപങ്ങളായി. ആതുരാലയങ്ങളിലും അധ്യാപനത്തിലും എല്ലാം അവരുണ്ടാകും… നന്മയുടെ ശേഷിപ്പുകളായി, വിശുദ്ധിയെന്നത് കാലഹരണപ്പെട്ട പദമല്ലെന്ന് നമ്മെ ഓർമിപ്പിച്ചുകൊണ്ട് പീഠത്തിലുയർത്തിയ ദീപംപോലെ ഈ പുണ്യജീവിതങ്ങൾ ഇവിടെയുണ്ടാകും… ധന്യമായ ഈ ജീവിതങ്ങൾക്ക് മുൻപിൽ ആയിരം പ്രണാമം.
To avoid SPAM comments, all comments will be moderated before being displayed.

Post a Comment