പരിഹസിച്ചവരേക്കാൾ മുകളിൽ എത്തണമെന്ന് അവൾ ആശിച്ചു; ഇന്ന് ലക്ഷക്കണക്കിന് പേർ അവളെ കേൾക്കുന്നു


ലിസി വലെസ്കസ് മറ്റാരെയും ഓർമിപ്പിക്കുന്നില്ല; സ്വന്തം നിഴലിനെയല്ലാതെ. ഭാരം കുറഞ്ഞ ശിശുവായി ജനനം. ഒപ്പം അപൂർവമായ മാരക രോഗവും. ശരീര ഭാരം കുടുകയില്ല. വളർച്ചയും കുറവ്. എന്നാൽ മറ്റുള്ളവരേക്കാൾ വേഗത്തിൽ പ്രായമാകുകയും ചെയ്യും. പിന്നെയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ അസുഖങ്ങൾ. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു.

പ്രായമായപ്പോഴും വ്യത്യാസമൊന്നുമില്ല. പുറത്തിറങ്ങിയാൽ മറ്റുള്ളവർ ഒഴിവാക്കുന്നു. അവരെ ഭയപ്പെടുത്തി ലിസിയുടെ രൂപം. ഭീകരം എന്ന ചില കുട്ടികൾ ലിസിയുടെ മുഖത്തുനോക്കി പറയുന്നതുവരെയെത്തി കാര്യങ്ങൾ.മറ്റുള്ളവരെപ്പോലെയാണ് ഞാനുമെന്നായിരുന്നു എന്റെ വിചാരം. അങ്ങനെയല്ലെന്നു മനസ്സിലായപ്പോൾ തകർന്നു– ലിസി പിന്നീടു പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം ഉണ്ടായത് 16–ാം വയസ്സിൽ. യൂട്യൂബിൽ ആരോ ലിസിയെക്കുറിച്ച് ഒരു വീഡിയോ നിർമിച്ചു– ലോകത്തിലെ ഏറ്റവും വികൃതരൂപിയായ സ്ത്രീ എന്ന പേരിൽ. വീഡിയോയും അതുകണ്ടവരുടെ പ്രതികരണങ്ങളും വായിച്ചപ്പോൾ ലിസിക്കു ജീവിതത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടപ്പെട്ടു.

അതുപക്ഷേ താൽക്കാലികം മാത്രം. തന്നെ പരിഹസിച്ചവരേക്കാൾ മുകളിൽ എത്തണമെന്നു തീരുമാനിച്ചു ലിസി. തന്നെക്കുറിച്ചു മോശമായി പറയുന്നവർ നാളെ അസൂയയോടെ നോക്കണം. അതിനുവേണ്ടിയായി പിന്നത്തെ പരിശ്രമങ്ങൾ.

ശ്രമിച്ചാൽ നേടാനാവത്തതൊന്നുമില്ല എന്നത് ഒരു പഴഞ്ചൊല്ലു മാത്രമല്ല എന്നു തെളിയിച്ചു ലിസി. വിജയകരമായ ഒരു വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണിന്ന് ലിസി. തന്നെക്കുറിച്ചും തന്റെ അസുഖത്തെക്കുറിച്ചും ലോകമാകെ സഞ്ചരിച്ച് ലിസി സംസാരിക്കുന്നു. അതുകേൾക്കാൻ ഏറെപ്പേർ എത്തുന്നു. ഏറ്റവും വികൃതമായ മുഖത്തിന്റെ ഉടമയ്ക്കാണിന്ന് ഏറ്റവും കൂടുതൽ ആത്മവിശ്വാസം. യൂ ട്യൂബിൽ ഇന്നു ലക്ഷക്കണക്കിനുപേർ ലിസിയെ പിന്തുടരുന്നു. ഭീഷണിപ്പെടുത്തുന്നവർക്കെതിരെയും അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെയും ലിസി പോരാട്ടം തുടരുന്നു.

ഇതാണെന്റെ ജീവിതലക്ഷ്യം. ഇതാണു ഞാൻ ചെയ്യേണ്ടിയിരുന്നത്. ഞാൻ പറയുന്നത് എന്റെ കഥ മാത്രമല്ല. എന്നെപ്പോലെ മറ്റു പലരുടെയും. ശബ്ദമില്ലാത്തവർക്കുവേണ്ടി ഞാൻ സംസാരിക്കുന്നു. പുറത്തിറങ്ങാൻ മടിക്കുന്നവർക്കുവേണ്ടി ഞാൻ പൊതുവേദികളിൽ പ്രത്യക്ഷയാകുന്നു. കേൾക്കൂ എന്റെ വാക്കുകൾ: ലിസി പറയുന്നു. ജീവിതത്തോടുള്ള സ്നേഹത്തെക്കുറിച്ചു ലിസിക്കു പറയാനുണ്ട്. തൊഴിലിനോടുള്ള പ്രതിബദ്ധതയെക്കുറിച്ചും.

ഭീഷണിയും അപമാനവും ഒരാളെ തകർക്കാൻ പര്യാപ്തമാണ്. ജീവിതം നശിപ്പിക്കാം. പക്ഷേ ലിസി അവയെ അതിജീവിച്ചു; ഇച്ഛാശക്തിയാലും ആത്മവിശ്വാസത്താലും. സന്തോഷത്തിനുവേണ്ടി ലിസി നടത്തിയ പോരാട്ടത്തിൽനിന്നു പഠിക്കാനേറെയുണ്ട്; നമുക്കെല്ലാവർക്കും. ആഗ്രഹിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്ന് കേൾക്കുമ്പോൾ ഇനിയെങ്കിലും അവിശ്വസിക്കാതിരിക്കുക. അല്ലെങ്കിൽ ലിസിയുടെ ജീവിതം മനസ്സിലാക്കുക.

To avoid SPAM comments, all comments will be moderated before being displayed.

Post a Comment