തൊഴില്‍മേളയില്‍ പ്രതിഷേധച്ചൂട്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ആരംഭിക്കുംമുമ്പേ സംഘാടനത്തില്‍ താളപ്പിഴ. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലകളില്‍നിന്ന് വന്ന 2600ഓളം കുട്ടികളെയാണ് കരിയര്‍ ഫെസ്റ്റ് എന്നപേരില്‍ നട്ടംതിരിച്ചത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പാണ് വി.എച്ച്.എസ്.ഇ. കോഴ്‌സ് വിജയിച്ചവര്‍ക്കായി  ശാസ്ത്രമേളയ്‌ക്കൊപ്പം തൊഴില്‍മേള നടത്തിയത്.
എന്നാല്‍  വിരലിലെണ്ണാവുന്ന കമ്പനികള്‍മാത്രമാണ് കരിയര്‍ ഫെസ്റ്റില്‍ സ്റ്റാളൊരുക്കി പങ്കാളികളായത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ കമ്പനികള്‍ പൂര്‍ണമായും മേളയെ അവഗണിച്ചു. സ്റ്റാളുകള്‍ ഇല്ലാതെ വരികയും ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡേറ്റ കൗണ്ടറില്‍ ഏല്പിച്ച് തിരിച്ചുപോകാന്‍ അറിയിപ്പ് വന്നു. തെക്കന്‍ ജില്ലകളില്‍ നിന്നും മറ്റും ഒരുദിവസം മുമ്പേ കോഴിക്കോട്ടെത്തിയവര്‍ പ്രതീക്ഷിച്ച സ്ഥാപനങ്ങള്‍ മേളയിലില്ലെന്നറിഞ്ഞ് ക്ഷുഭിതരായി. രജിസ്‌ട്രേഷനുള്ള സൗകര്യം പോലും സംഘാടകര്‍ ഒരുക്കിയിരുന്നില്ല. ഉദ്യോഗാര്‍ഥികള്‍ ബഹളം വെച്ചതോടെ രജിസ്‌ട്രേഷന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടി.
കൊല്ലം കൊട്ടാരക്കരയില്‍നിന്നാണ് ഒന്നരവയസ്സുള്ള കുട്ടിയുമായി ആതിര എത്തിയത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ കാത്തുനില്‍പ്പിന് ഉച്ചയ്ക്ക് ഒരു മണി ആയിട്ടും തീരുമാനമായില്ല. ആതിര പഠിച്ച ലൈഫ് സ്റ്റോക്ക് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഒരു സ്റ്റാള്‍ പോലും ഉണ്ടായിരുന്നില്ല. 'വരുന്നവരെയൊക്കെ എല്‍.ഐ.സി. ഏജന്റാവാനാണ് പറഞ്ഞയക്കുന്നത്' ആതിര രോഷംകൊണ്ടു. വിളിച്ചുവരുത്തി സംഘാടകര്‍ പരിഹസിക്കുകയാണോയെന്നായിരുന്നു ഏഴുമാസം പ്രായമായ കൈക്കുഞ്ഞുമായെത്തിയ വയനാട്ടുകാരി ഉണ്ണിമായയും തിരുവനന്തപുരത്തുനിന്നെത്തിയ അനന്തുവുമെല്ലാം ചോദിച്ചത്.
2016 മാര്‍ച്ചിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കുവേണ്ടി കോഴിക്കോട് മോഡല്‍ സ്‌കൂളില്‍ ഒരുക്കിയ മേളയില്‍ 75 കമ്പനികള്‍ എത്തുമെന്നാണറിയിച്ചിരുന്നത്. എന്നാല്‍ എല്‍.ഐ.സി.യും മറ്റു പത്തോളം ചെറുകിട കമ്പനികളും മാത്രമാണ് പങ്കെടുത്തത്. അവരാവട്ടെ, ആവശ്യമായ ഉദ്യോഗാര്‍ഥികള്‍ തികഞ്ഞപ്പോള്‍ അഭിമുഖം നിര്‍ത്തി. ഇതോടെ  ഉദ്യോഗാര്‍ഥികളില്‍  വലിയൊരുഭാഗവും രജിസ്‌ട്രേഷന്‍ പോലും നടത്താതെ മടങ്ങി.

 news and photo : www.mathrubhumi.com

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment