അഷ്ടമിയെ മടിയിലിരുത്തി ഭാഗ്യം തേടുന്നു, കാഴ്ചയില്ലാത്ത അച്ഛന്‍


കണ്ണില്ലാത്ത അച്ഛന്‍ ഉണ്ണികൃഷ്ണന്റെ മടിയില്‍ അഷ്ടമി എങ്ങോട്ടോ നോക്കി കിടക്കും. ഭാഗ്യക്കുറികള്‍കൊണ്ട് നിര്‍ഭാഗ്യം തുടച്ചുനീക്കാനുള്ള അച്ഛന്റെ ശ്രമം പത്തുവയസ്സുള്ള അവള്‍ അറിയുന്നില്ല. തൃശ്ശൂര്‍ നഗരത്തിരക്കില്‍ ഇത് വര്‍ഷങ്ങളായുള്ള കാഴ്ച. ഉണ്ണികൃഷ്ണന്റെ ഭാര്യ ദമയന്തിയാണ് ഭര്‍ത്താവിന്റെയും സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടെയും 'കണ്ണ്'.

നഗരത്തില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ എടത്തിരുത്തിയില്‍നിന്ന് ബസില്‍ മകളെയും എടുത്ത് ഭര്‍ത്താവിനെയും പിടിച്ച് ദമയന്തി എത്തും. ശക്തന്‍ നഗറിലെ നടപ്പാതയാണ് ഈ അശക്തരുടെ അഭയകേന്ദ്രം. സ്വന്തമെന്നു പറയാനുള്ള കസേരയില്‍ ഭര്‍ത്താവിനെ ഇരുത്തിയശേഷം മടിയിലേക്ക് അഷ്ടമിയെ കൈമാറും. ലോട്ടറി ഏജന്‍സിയില്‍ പോയി 120 ടിക്കറ്റ് എടുക്കും. അത് ഉണ്ണികൃഷ്ണന്റെ കൈയില്‍ കൊടുക്കും. എല്ലാം വിറ്റാല്‍ 500 രൂപ കിട്ടും. അങ്ങനെയുള്ള ദിവസങ്ങള്‍ കുറവാണ്.

വിശക്കുമ്പോള്‍ അഷ്ടമി കൈകൊണ്ട് മുഖത്തടിച്ചു കാണിക്കും. ആകെ പറയുന്നത് 'വെള്ള' എന്ന വാക്കു മാത്രം. വെള്ളം വേണമെന്നാണതിനര്‍ഥം. ഉറക്കം വരുമ്പോള്‍ കണ്ണീരൊലിപ്പിച്ച് അവള്‍ കരയും.

ഭിക്ഷയെന്ന രീതിയില്‍ ഒരാള്‍ കുറെനാള്‍ മുമ്പ് കൊടുത്ത നാണയം അഷ്ടമി വായിലിട്ടത് ഈ ദമ്പതിമാരെ കുറച്ചുസമയം പ്രയാസപ്പെടുത്തിയിരുന്നു. അതിനുശേഷം ഭിക്ഷ ഇവര്‍ സ്വീകരിക്കാറില്ല.

ഉച്ചകഴിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡിനടുത്തുള്ള ഒരു ഹോട്ടലില്‍ പോയി ഭക്ഷണം. പിന്നെയും തിരിച്ചുവന്ന് ആറര വരെ ഭാഗ്യാന്വേഷികളെ കാത്തിരിക്കും. ഇരുള്‍ വീഴുമ്പോഴേക്കും ബസില്‍ കയറി വീട്ടിലേക്ക്.

ഇരട്ടക്കുട്ടികളില്‍ ഒന്നാണ് അഷ്ടമി. ഒപ്പമുണ്ടായ അവിനാശ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. പ്ലസ്ടുവിനു പഠിക്കുന്ന ആദര്‍ശാണ് മൂത്തയാള്‍. അച്ഛനും അമ്മയും അഷ്ടമിയെയുംകൊണ്ട് തൃശ്ശൂരിനു പോകുന്നതിനാല്‍ ആദര്‍ശും അവിനാശും വീട്ടുകാര്യങ്ങളും നോക്കും. രണ്ടുപേരും ഇപ്പോള്‍ ശബരിമലവ്രതത്തിലാണ്. അനിയത്തിക്കുവേണ്ടി മൂന്നു കൊല്ലം മലചവിട്ടിച്ചേക്കാം എന്നു നേര്‍ച്ചയുള്ളതായി ദമയന്തി പറഞ്ഞു.

കാട്ടൂര്‍ എടത്തിരുത്തി പുനത്തില്‍ വീട്ടിലാണ് അഞ്ചംഗ കുടുംബം താമസിക്കുന്നത്. പഞ്ചായത്താണ് വീടു വച്ചുകൊടുത്തത്.

കച്ചവടം കിട്ടുന്ന സ്ഥലത്ത് ഒരു പെട്ടിക്കട കിട്ടണമെന്നതാണ് ഇവരുടെ ആഗ്രഹം. അഷ്ടമിക്ക് പൊരിവെയിലില്‍ ഇരിക്കേണ്ടിവരില്ലല്ലോ എന്ന ആശ്വാസം മാത്രമാണ് ആ ആഗ്രഹത്തിനു പിന്നില്‍.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق