We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

സോഫ്റ്റ് സ്കിൽസ് പരിശീലനം അവധിക്കാല നിക്ഷേപമാണ്‘‘എനിക്ക് സർട്ടിഫിക്കറ്റ് ഒന്നും കാേണണ്ട... മാർക്കും അറിേയണ്ട... പണിയെടുക്കാൻ മനസ്സും മാന്യമായ പെരുമാറ്റവുമാണോ, ജോലി തരാം...’’ -ഒരു സ്വകാര്യ ഇലക്‌ട്രോണിക്സ് കമ്പനിയിൽ ജോലിക്കാരെ ആവശ്യമുണ്ടെന്നറിഞ്ഞ് യോഗ്യത എന്താണ് എന്നന്വേഷിച്ചപ്പോൾ കമ്പനിയുടമസ്ഥനും മാനേജിങ് ഡയറക്ടറുമായ വ്യക്തി എന്നോട് പറഞ്ഞ ഈ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നു.
 ‘ഇലക്‌ട്രോണിക്സിൽ ബി.ടെക്കുകാരും ഡിപ്ലോമക്കാരുമായ നിരവധി അപേക്ഷകരിൽ ആരെയാണ് കൂടുതൽ താത്‌പര്യമുള്ളത്...’ എന്നതായിരുന്ന എനിക്ക് അറിയേണ്ടിയിരുന്നത്.


തൊഴിൽ തേടുന്നതിലും തൊഴിലിൽ നിലനിൽക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ മാറികൊണ്ടിരിക്കുകയാണ്.
ഒരുവൻ വിദ്യാഭ്യാസം നേടുന്നത് അടിസ്ഥാനപരമായി തൊഴിൽ സമ്പാദനത്തിനാണെന്നതിൽ തർക്കമില്ല. എന്നാൽ, ഇന്ന് തൊഴിൽ സ്വന്തമാക്കുന്നതിനുള്ള യോഗ്യത എന്നത് കേവലം മാർക്കുകൾക്കപ്പുറം മറ്റ് പല സ്കിൽസ് അഥവാ നിപുണതകളും കൂടി ചേർന്നാണ് നിശ്ചയിക്കപ്പെടുന്നത്.

തൊഴിൽയോഗ്യതയെ പ്രധാനമായും രണ്ടായി തരം തിരിക്കാം: ഒന്ന്, ഹാർഡ് സ്കിൽസ്, മറ്റേത്, സോഫ്റ്റ് സ്കിൽസ്. ആദ്യത്തേത് അറിവിന്റേയും സാങ്കേതിക രംഗത്തെ മികവിന്റെയും തലമാണ്. രണ്ടാമത്തേത് മൃദുവായതും അളന്ന് തിട്ടപ്പെടുത്താനാവാത്തതും എന്നാൽ, വ്യക്തമായി കാണപ്പെടുന്നതുമായ ചില നിപുണതകളാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ ‘മാനുഷിക മൂലധന’ത്തെ എപ്പോഴും ‘അടിസ്ഥാന മൂലധനം’ ആയിത്തന്നെയായാണ് എപ്പോഴും പരിഗണിക്കുന്നത്. കാരണം, രാഷ്ട്രങ്ങൾ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് ഭൂമിപോലുള്ള ‘ഭൗതിക മൂലധന’ത്തെക്കാളുമപ്പുറം മാനുഷിക മൂലധനത്തിന്റെ പ്രാധാന്യം ഏറെയാണ്.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സൈമൺ കുസ്‌നെറ്റ്‌സിന്റെ അഭിപ്രായത്തിൽ ‘രാഷ്ട്രങ്ങളുടെ സമ്പത്തിന്റെ പ്രധാന അടിസ്ഥാനം മനുഷ്യ വിഭവശേഷിയുടെ വളർച്ച’ ആണ്. ഈ വളർച്ചയെ ത്വരിതപ്പെടുത്തുന്നത് ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം എന്നിവയിലുള്ള നിക്ഷേപം വഴിയാണ്. ഇതിനെയാണ് ‘മാനുഷിക മൂലധന നിക്ഷേപം’ എന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ  വിളിക്കുന്നത്‌.

പഠനത്തിനും തൊഴിൽ മേഖലയിലുള്ള മികവിനും സോഫ്റ്റ് സ്കിൽസിന്റെ പ്രാധാന്യം മനസ്സിലാക്കി യു.ജി.സി. പോലുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങൾ ഇതിനുവേണ്ടി മാത്രമായി പ്രത്യേക ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് കലാലയങ്ങൾ, സർവകലാശാലകൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മൃദുനൈപുണ്യ സിദ്ധികളുടെ പരിശീലനം നിർബന്ധമായും നൽകേണ്ടതിൽ ശ്രദ്ധ ചെലുത്തണമെന്ന് നിഷ്‌കർഷിക്കുന്നു.

മദ്ധ്യവേനൽ അവധികാലം ആരംഭിച്ചിരിക്കുന്ന ഈ സമയം ഇപ്രകാരമുള്ള നൈപുണ്യ പരിശീലനത്തിന് അനുയോജ്യമായ സമയമാണ്.
കേവലം അക്കാദമിക മികവിന്റെ ബലത്തിൽ മാത്രം സേവന മേഖലയിൽ മികവ് പുലർത്താനാവുകയില്ല. അതിന് ‘സോഫ്റ്റ്് സ്കിൽസ്’ എന്ന് വിശേഷിപ്പിക്കാവുന്ന ചില ഗുണവിശേഷങ്ങളും സവിശേഷതകളും ആവശ്യമാണ്.

എന്തൊക്കെയാണ് പ്രധാനപ്പെട്ട സോഫ്റ്റ് സ്കിൽസ് എന്ന് പരിശോധിക്കാം: 
വ്യക്തിത്വ വികസനം: സോഫ്റ്റ് സ്കിൽസിൽ ഏറ്റവും പ്രഥമസ്ഥാനത്ത് നിൽക്കുന്നത് വ്യക്തിത്വ വികസനമാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വം അവന്റെ ചിന്താരീതി മുതൽ ആശയാവതരണം വരെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അത് വ്യക്തിത്വത്തിന്റെ ശാരിരിക, ബൗദ്ധിക, വൈകാരിക, ആത്മീയ, സാമൂഹിക മേഖലകളുടെ സമന്വയിക്കപ്പെട്ട തരത്തിലുള്ള വളർച്ചയാണ്.

ആശയവിനിമയ വൈദഗ്ദ്ധ്യം:  തൊഴിൽ പ്രാവീണ്യത്തിന് ഏറ്റവും ശക്തിമത്തായതും ഊർജസ്വലമാക്കുന്നതുമായ ഘടകം ആശയവിനിമയം ചെയ്യാനുള്ള കഴിവാണ്. തൊഴിൽ രംഗത്ത് വിവിധ ശ്രേണിയിലുള്ളവർ തമ്മിൽ നടക്കുന്ന കൃത്യമായ ആശയവിനിമയം വഴി ഉത്‌പാദനം ത്വരിതപ്പെടുകയും കൂടുതൽ വളർച്ച സാധ്യമാവുകയും ചെയ്യുന്നു.

ആത്മവിശ്വാസം: ‘തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലി ഉത്തരവാദിത്വത്തോടെയും മാന്യമായും ചെയ്തുതീർക്കാനാവും എന്ന ശുഭാപ്തിവിശ്വാസം’ ആത്മവിശ്വാസത്തിന്റെ ബഹിർസ്ഫുരണമാണ്. അപ്രകാരമുള്ള ജീവനക്കാർ എന്നും ഒരു സ്ഥാപനത്തിന്റെ വിജയത്തിന് മുതൽക്കൂട്ടായിരിക്കും.

കൂട്ടായ പ്രവർത്തനം:  മനുഷ്യൻ ഒറ്റപ്പെട്ട തുരുത്തല്ലെന്നും പാരസ്പരികതയിലാണ് അന്തിമവിജയം നിലനിൽക്കുന്നതെന്നുമുള്ള തിരിച്ചറിവ് കൂട്ടായ പ്രവർത്തനത്തിലേക്ക് ഒരുവനെ നയിക്കുന്നു. ടീം വർക്കും ടീം സ്പിരിറ്റും ആധുനിക ഉത്‌പാദന രീതിയുടെ  പ്രത്യേകതകളാണ്.
സമയപരിപാലനം: സമയം, പണം പോലെതന്നെ മൂല്യവും ദുർലഭവുമാണെന്ന് കരുതി രണ്ടിനെയും വിവേകപൂർവം മാനേജ് ചെയ്യാനുള്ള കഴിവ് വളർത്താൻ സാധിച്ചാൽ വിജയിക്കാനാവും. കൂടെയുള്ളവരോട് ഒപ്പം ചേർന്നുനിന്ന് സമയബന്ധിതമായി പ്രവർത്തിക്കാനുള്ള കഴിവ് ശ്ലാഘനീയമാണ്.

നേതൃത്വവാസന: പ്രശസ്ത നേതൃത്വ പരിശീലകനായ ശിവ ഖേരയുടെ അഭിപ്രായത്തിൽ  ‘വിജയിക്കാനാഗ്രഹിക്കുന്നവർ ജനത്തെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവരാവണം’. മറ്റുള്ളവരെ സ്വാധീനിക്കാനും ആവശ്യസമയത്ത് ആർജവത്തോടെ ഇടപെട്ട് നയിക്കാനുമുള്ള കഴിവാണ് നേതൃത്വമെന്നതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്.

പ്രശ്നപരിഹാര കഴിവ്: ‘സമാധാനം എന്നത് പ്രശ്നങ്ങളുെടയോ സംഘർഷങ്ങളുടേയോ അഭാവമല്ല, മറിച്ച്, അതിനെ നേരിടാനുള്ള കഴിവാണ്’. പ്രതികൂല സാഹചര്യങ്ങളിൽപ്പോലും സമ്മർദങ്ങളെ അതിജീവിക്കാനും പക്വമായ തീരുമാനമെടുക്കുവാനും ഉള്ള കഴിവ് തൊഴിൽമേഖലകളിൽ അനിവാര്യമാണ്.
 ചുരുക്കത്തിൽ, ഗുണാത്മകമായ അനേകം വ്യക്തിസവിശേഷതകളുടെ സമാഹാരമാണ് സോഫ്റ്റ് സ്കിൽസ്. ജോലി നേടാൻ ആവശ്യമായ അഭിരുചി പരീക്ഷ, ഇന്റർവ്യൂ, ഗ്രൂപ്പ് ചർച്ചകൾ എന്നിവയ്ക്കും സോഫ്റ്റ് സ്കിൽസ് ആവശ്യമാണ്.
  അതുകൊണ്ട്, ഈ അവധിക്കാലത്ത് വിവിധ സ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പരിശീലനങ്ങളിൽ ഉചിതമായത് തിരഞ്ഞെടുത്ത് നേടുന്നതും അവ നടത്തുന്നതും നിക്ഷേപമായിത്തന്നെ കരുതണം.

ചാൾസ് ഡാർവിൻ അഭിപ്രായപ്പെടുന്നതുപോലെ  ‘വിജയിക്കുവാൻ ബുദ്ധിയും ശക്തിയും മാത്രം പോരാ, മാറ്റങ്ങളെ ഉൾക്കൊള്ളുവാനും അതനുസരിച്ച് തൊഴിൽമേഖലയെ ക്രമപ്പെടുത്തുവാനുമുള്ള കഴിവാണ് ആവശ്യമായിരിക്കുന്നത്...’
 ഓർക്കുക, തൊഴിൽ മേഖല നിരന്തരം പരിണാമ വിധേയമാവുമ്പോഴും ഈ നിപുണതകളുടെ പ്രാധാന്യം മാറ്റമില്ലാതെ നിൽക്കുന്നു.ഡോ.കൊച്ചുറാണി ജോസഫ്&
To avoid SPAM comments, all comments will be moderated before being displayed.

Post a Comment