Posts

ഷവർമ ഉണ്ടാക്കാൻ തീവണ്ടിയിലെത്തിച്ച 600 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി.




https://www.mathrubhumi.com/kozhikode/news/the-train-caught-600-kg-of-inedible-chicken-1.4431338


കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഹോട്ടൽ ആവശ്യത്തിനായി കൊണ്ടുവന്ന 600 കിലോ പഴകിയ കോഴിയിറച്ചി കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി. മംഗള-നിസാമുദ്ദീൻ എക്പ്രസ് തീവണ്ടിയിൽ 60 കിലോവീതം വരുന്ന 10 തെർമോക്കോൾ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറച്ചി പിടികൂടിയത്.
ഷവർമയുണ്ടാക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത ഇറച്ചിയാണ് കണ്ടെത്തിയത്. പ്രാഥമികപരിശോധനയിൽത്തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. കൃത്യമായ ഫ്രീസർ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തെർമോക്കോൾ പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെത്തിയത്.
ഡൽഹിയിൽനിന്നാണ് ഇവ അയച്ചതെന്ന് രേഖകളിൽനിന്ന് അധികൃതർക്ക് വ്യക്തമായിട്ടുണ്ട്. മംഗള-നിസാമുദ്ദീൻ എക്സ്പ്രസ് ഡൽഹിയിൽനിന്ന് യാത്രപുറപ്പെട്ടാൽ രണ്ടുദിവസം കഴിഞ്ഞാണ് കോഴിക്കോട്ടെത്തുക. ഇതിനുമുമ്പുതന്നെ ഇറച്ചി എടുത്തുെവച്ചതാവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ശിവൻ, ജെ.എച്ച്.ഐ. മാരായ കെ. ഷമീർ, കെ. ബൈജു, ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. വി.എസ്. നീലിമ, റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ആർക്കുവേണ്ടിയാണ് മാംസം എത്തിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ മാംസം അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്തവർക്കെതിരേ കർശനനടപടിയുണ്ടാകുമെന്നും കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ആർ.എസ്. ഗോപകുമാർ അറിയിച്ചു.

Post a Comment