പണിയെടുക്കാൻ കഴിവുണ്ടോ? എങ്കിൽ യോഗ്യത വേണ്ട, 78 ലക്ഷം രൂപ സമ്മാനവും നേടാം!



നൈപുണ്യം നേടിയാൽ ഇനി തൊഴിൽ തേടി അലയേണ്ടി വരില്ല. സ്വന്തം കഴിവുകൾ വികസിപ്പിച്ചു മുന്നേറി ലോകശ്രദ്ധ നേടിയ മലയാളികളുടെ പാതയിൽ മുന്നേറാൻ ഇപ്പോൾ ഇന്ത്യയിലെ യുവജനങ്ങൾക്കും അവസരം. പാശ്ചാത്യരാജ്യങ്ങളിലും ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ പൂർവേഷ്യൻ രാജ്യങ്ങളിലും ഏറെ മുന്നോട്ടുപോയ നൈപുണ്യവികസനത്തിന് ഒപ്പം മുന്നേറാനുള്ള അവസരമാണ് ഇന്ത്യ-സ്കിൽസ് 2020 എന്ന മത്സരം. ലേബർ ആൻഡ് സ്കിൽസ് വകുപ്പിന് കീഴിലുള്ള വ്യവസായ പരിശീലന വകുപ്പും സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും (കെയ്സ്) സംയുക്തമായി നടത്തുന്ന മേളയാണിത്.
കേശാലങ്കാരം, പാചകം, ആഭരണ നിർമാണം, വോൾ ആൻഡ് ഫ്ളോർ ടൈലിങ്, ഐടി നെറ്റ്‌വർക്ക് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ, ക്ലൗഡ് കംപ്യൂട്ടിങ് ഉൾപ്പെടെ 42 ഇനങ്ങളിൽ കഴിവു തെളിയിക്കാനാണ് അവസരം.
42 വിവിധ ട്രേഡുകളിലായി  നടക്കുന്ന മത്സരത്തിൽ 78 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു നൽകുക. ജില്ലാതല മത്സരങ്ങൾ ജനുവരി 15 മുതൽ 20 വരെയും മേഖലാതല മത്സരങ്ങൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 27 മുതൽ 31 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങൾ ഫെബ്രുവരി 22 മുതൽ 24 വരെ കോഴിക്കോട് സ്വപ്നനഗരിയിലാണ്. സംസ്ഥാനതല ജേതാക്കൾക്ക് 'ഇന്ത്യ സ്കിൽസ് 2020'ൽ പങ്കെടുക്കുന്നതിനും ദേശീയതല ജേതാക്കൾക്ക് ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന 'വേൾഡ് സ്കിൽസ് 2021' ൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.
നൈപുണ്യശേഷിക്ക് ഊന്നൽ നൽകുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു വിദ്യാഭ്യാസ യോഗ്യതയല്ല, വയസാണു മാനദണ്ഡം. 1996 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവർക്ക് ഇൻഫർമേഷൻ നെറ്റ്‌വർക്ക് കേബിളിങ്, വാട്ടർ ടെക്നോളജി, ക്ലൗഡ് കംപ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി എന്നിവയിലേക്ക് അപേക്ഷിക്കാം. 1999 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവർക്ക് മറ്റ് ഇനങ്ങൾ തിരഞ്ഞെടുക്കാം.  എല്ലാ മത്സരത്തിലും ആവശ്യമായ ഉപകരണങ്ങളും സാധന സാമഗ്രികളും വേദിയിൽ ലഭ്യമാക്കും.  വിവരങ്ങൾക്ക്: www.indiaskillskerala.com
മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്കില്ലുകളും അവയെക്കുറിച്ചുള്ള വിവരങ്ങളും:
∙ ഇലക്ട്രോണിക്സ് 
കംപ്യൂട്ടർ അധിഷ്ഠിത ഇലക്ട്രോണിക്സ് സർക്യൂട്ട് ഡയഗ്രം, എംബഡഡ് സിസ്റ്റം പ്രോഗ്രാമിങ് എന്നിവയിലുള്ള പ്രാവീണ്യം തെളിയിക്കുന്ന ഇലക്ട്രോണിക്സ് മത്സര വിഭാഗത്തിൽ സർക്യൂട്ട് തയാറാക്കി ഘടകങ്ങൾ സംയോജിപ്പിച്ച് പ്രോജക്ട് പൂർത്തിയാക്കണം.
∙ റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്
മൃദുചെമ്പുകുഴലുകളുടെ ജോയിന്റ് ചോർച്ച പരിശോധനയും സിസ്റ്റത്തിന്റെ ഡിസ്മാൻഡിലിങ്, അസംബ്ലിങ് ഇവാക്കുവേഷൻ, ഗ്യാസ് ചാർജിങ്,  പ്രവർത്തനക്ഷമത പരിശോധിക്കൽ, ഇൻസ്റ്റലേഷൻ, അറ്റകുറ്റപ്പണികൾ ചെയ്യൽ എന്നീ കഴിവുകളാണു റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് വിഭാഗത്തിൽ പരിശോധിക്കുന്നത്.
∙ ഹെയർ ഡ്രസ്സിങ്
ചോദ്യത്തിൽ നൽകിയിട്ടുള്ള നിബന്ധനകൾക്കനുസരിച്ചു ഹെയർ കട്ടിങ്, സ്ട്രെയിറ്റ്നിങ്, സ്റ്റൈലിങ്, കളറിങ്, ഡ്രൈയിങ് തുടങ്ങിയവയാണു കേശാലങ്കാരത്തിൽ (ഹെയർ ഡ്രസ്സിങ്).
∙ ബ്യൂട്ടി തെറപ്പി 
ഫേഷ്യൽ, ബ്രൈഡൽ മേക്കപ്പ്, മാനിക്യൂർ, നെയിൽ ആർട് തുടങ്ങിയവ കേന്ദ്രീകരിച്ച മത്സര ഇനമാണ് ബ്യൂട്ടി തെറപ്പി.
∙ ഫാഷൻ ടെക്നോളജി
ചിത്രത്തിനനുസരിച്ച് സ്കെച്ച് തയാറാക്കി ഉടുപ്പ്, പാവാട, കോട്ട് തുടങ്ങിയവയാണ് ഫാഷൻ ടെക്നോളജിയിൽ രൂപപ്പെടുത്തേണ്ടത്.
∙ ഫ്ളോറിസ്ട്രി
പ്രമേയത്തിനനുസൃതമായി ഫ്ളോറൽ ജ്വല്ലറീസ്, ഹാൻറ് ടൈഡ് ബൊക്കെ, ടേബിൾ ടോപ് അറേഞ്ച്മെൻറ്സ്, ബ്രൈഡൽ അറേഞ്ച്മെൻറ്സ് തുടങ്ങിയ ഇനങ്ങളിലാണ് ഫ്ളോറിസ്ട്രി (പുഷ്പാലങ്കാരം) മത്സരം.
∙ ബ്രിക്ക് ലേയിങ്
പ്ലാൻ പ്രകാരം വളരെ കൃത്യമായി സെറ്റ്ഔട്ട് ചെയ്ത് അളവുകൾ കൃത്യമാക്കി ഇഷ്ടികകൾ അടുക്കി ജോയിൻറുകൾ സാങ്കേതിക മികവോടെ ക്രമപ്പെടുത്തുന്ന മത്സരമാണു ബ്രിക്ക് ലേയിങ്.
∙ പെയിന്റിങ് ആൻഡ് ഡെക്കറേറ്റിങ്
ചിത്രത്തിന്റെ കൃത്യമായ അളവിലും രൂപത്തിലും മാറ്റം വരുത്താതെ  ശരിയായ പ്രവർത്തനക്രമത്തിൽ കൃത്യസമയത്തു പൂർത്തീകരിക്കുന്ന മത്സരമാണ് പെയിന്റിങ് ആൻഡ് ഡെക്കറേറ്റിങ്. കളർ മിക്സിങ്, കളർ ഷെയ്ഡുകൾ, ഷെയ്പ്പുകൾ, അളവുകൾ എന്നിവയുടെ കൃത്യതയാണു പരീക്ഷിക്കപ്പെടുന്നത്.
∙ സിഎൻസി ടേണിങ്
സിഎൻസി പ്രോഗ്രാം സിസ്റ്റത്തിൽ എൻറർ  ചെയ്തു ഗ്രാഫിക്കലായി  മെഷീനിങ് ചെയ്ത് (സിമുലേഷൻ) ടേണിങ് മെഷീനിൽ സ്റ്റോർ ചെയ്തു ഓട്ടോമോഡിൽ  ജോബ് നിർമിക്കേണ്ട മത്സരമാണ് സിഎൻസി ടേണിങ്.
∙ സിഎൻസി മില്ലിങ് സ്കിൽസ്
സിഎൻസി പ്രോഗ്രാം സിഎൻസി  സിസ്റ്റത്തിൽ എൻറർ ചെയ്തു ഗ്രാഫിക്കലായി മെഷീനിങ് ചെയ്ത് (സിമുലേഷൻ) സിഎൻസി  മില്ലിങ് മെഷീനിൽ  സ്റ്റോർ ചെയ്ത് ഓട്ടോമോഡിൽ ജോബ് നിർമിക്കുന്ന മത്സരമാണു സിഎൻസി മില്ലിങ് സ്കിൽസ്.
∙ മെക്കാനിക്കൽ എൻജിനീയറിങ് കാഡ്
മെക്കാനിക്കൽ എൻജിനീയറിങ് കാഡ് മത്സരത്തിൽ, നൽകിയിട്ടുള്ള മെഷീൻ പൊളിച്ച് ഓരോ ഭാഗത്തിന്റെയും അളവുകൾ രേഖപ്പെടുത്തി ഓട്ടോഡെസ്ക് ഇൻവെന്ററിൽ ത്രീഡി  മോഡൽ തയാറാക്കണം.
∙ കാർ പെയിന്റിങ്  
ചിത്രത്തിനനുസരിച്ചു വാഹനത്തിന്റെ ബോഡിയിലുള്ള ഡന്റുകൾ നിശ്ചിത സമയത്തിനുള്ളിൽ കൃത്യതയോടെ റിപ്പയർ ചെയ്ത് രണ്ടു ലെയറുകളിലായി (ക്ലിയർ കോട്ടും ടോപ്കോട്ടും) സ്പ്രേ പെയിന്റ് ചെയ്യേണ്ട മത്സരമാണ് കാർ പെയിന്റിങ്.
∙ പ്ലാസ്റ്ററിങ് ആൻഡ് ഡ്രൈ വാൾ സിസ്റ്റം 
പ്ലാസ്റ്ററിങ് ആൻഡ് ഡ്രൈ വാൾ സിസ്റ്റം മത്സര വിഭാഗത്തിൽ പ്ലാൻ വിശകലനം ചെയ്ത് അളവുകൾ ക്രമീകരിച്ച്, ശരിയായ പ്രവർത്തനക്രമത്തിൽ ആവശ്യമായ അലങ്കാരപണികൾ പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ മോഡൽ നിർമിച്ച് ഉപരിതലം സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത് ഫിനിഷ് ചെയ്യണം.
∙ ഓട്ടോ ബോഡി റിപ്പയർ
വാഹന ഉപരിതലത്തിൽ സംഭവിക്കുന്ന തകരാറുകളും മറ്റ് അടയാളങ്ങളും കൃത്യതയോടെ അറ്റകുറ്റപ്പണി ചെയ്ത് പൂർവസ്ഥിതിയിലാക്കേണ്ട പ്രവർത്തനമാണ് ഓട്ടോ ബോഡി റിപ്പയർ.
∙ പ്ലാസ്റ്റിക് ഡൈ എൻജിനീയറിങ്
പ്ലാസ്റ്റിക് ഇൻജെക്‌ഷൻ മോൾഡിങ് മെഷിനിൽ പ്ലാസ്റ്റിക് ഉൽപന്നത്തിന് ആവശ്യമായ മോൾഡുകൾ നിർമിക്കുന്ന പ്ലാസ്റ്റിക് ഡൈ എൻജിനീയറിങ് മത്സരത്തിൽ മെഷീനിങ്, പോളിഷിങ്, അസംബ്ലിങ്, ടെസ്റ്റിങ് എന്നിവയ്ക്കു പുറമേ ഗണിതത്തിലുമുള്ള നൈപുണ്യമാണു പരിശോധിക്കുന്നത്.
∙ ഹോട്ടൽ റിസപ്ഷൻ
ഹോട്ടലിലെ റിസപ്ഷൻ സംബന്ധമായ കർത്തവ്യങ്ങൾ നിറവേറ്റുന്നതിലുള്ള കഴിവ് പരിശോധിക്കുന്ന മത്സര ഇനമായ ഹോട്ടൽ റിസപ്ഷനിൽ മത്സരാർഥിയുടെ വേഷവിധാനം, മേക്കപ്പ്, ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം, ആതിഥ്യമര്യാദ എന്നിവ പരിഗണിക്കും.
∙ റസ്റ്ററന്റൽ സർവീസ് 
വിവിധ ഭക്ഷണ ശാലകളിൽ അവലംബിക്കേണ്ട തീൻമേശ മര്യാദകൾ, വിശേഷാൽ വിഭവങ്ങളുടെ തയാറാക്കൽ, അലങ്കരിക്കൽ, അവയ്ക്കായി ഉപയോഗിക്കേണ്ട നൂതന സാങ്കേതിക ഉപകരണങ്ങളുടെ പ്രയോഗം, കാര്യപ്രാപ്തി, മികച്ച ആശയവിനിമയ പാടവം, ഉപഭോക്തൃശ്രദ്ധാ വൈദഗ്ധ്യം എന്നിവയാണു റസ്റ്ററന്റൽ സർവീസ് മത്സരത്തിൽ പരിശോധിക്കുക.
∙ കുക്കിങ്
പാചകം ചെയ്യുന്നതിനുള്ള പ്രാവീണ്യം, പാചകം ചെയ്ത ആഹാര സാധനങ്ങൾ ക്രിയാത്മകമായി അവതരിപ്പിക്കുക. സാങ്കേതിക വൈദഗ്ധ്യം, നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണസാധനങ്ങൾ  തയ്യാറാക്കുന്നതിനുള്ള കഴിവ് എന്നിവയുടെ മൂല്യനിർണയമാണ് പാചക മത്സരം (കുക്കിങ്).
∙ ബേക്കറി 
വ്യത്യസ്തമായ ശ്രേണികളിലുളള രുചികരമായ ബ്രെഡ്, പേസ്ട്രീ എന്നിവ ഉണ്ടാക്കുക, ചേരുവകളുടെ ശരിയായ മിശ്രണം, അവയെ വിവിധ പ്രക്രിയകൾക്ക് വിധേയമാക്കൽ, സമയബന്ധിതമായ ഉൽപാദനം, നൂതന കൂട്ടുകൾ ഉപയോഗിച്ച് വ്യത്യസ്ത ഉൽപന്നങ്ങൾ നിർമിക്കൽ എന്നിവയിലുളള വൈദഗ്ധ്യം ആണ് ബേക്കറി വിഭാഗത്തിലുള്ള ഈ മത്സരത്തിൽ പരിശോധിക്കുക.
∙ പേസ്ട്രീസ് ആൻഡ് കൺഫെക്‌ഷനറി
ബേക്കിങ്ങിനു ശേഷം ഉൽപന്നങ്ങളിൽ പഞ്ചസാര, ചോക്ലേറ്റ്, ഐസിങ് തുടങ്ങിയവ നടത്തി അലങ്കരിച്ച് ആകർഷണീയവുമായ രീതിയിൽ വിഭവങ്ങൾ തയാറാക്കുന്ന മത്സരമാണ് പേസ്ട്രീസ് ആൻഡ് കൺഫെക്‌ഷനറി. ഈ മത്സരത്തിനാവശ്യമായ ഡ്രസ് കോഡ് മത്സരാർഥി കരുതണം.

∙ വോൾ ആൻഡ് ഫ്ളോർ ടൈലിങ്
നൽകുന്ന ചിത്രത്തിലുള്ള മാതൃകയിൽ ഭിത്തിയിലും തറയിലും ടൈലുകൾ കൃത്യതയോടെ മുറിച്ച് ശരിയായ പ്രവർത്തന ക്രമത്തിൽ ക്രമീകരിച്ച് പാകുന്നതിലുള്ള പ്രാവീണ്യമാണ് വോൾ ആൻഡ് ഫ്ളോർ ടൈലിങ് പരിശോധിക്കുന്നത്.
∙ കാർപ്പെന്ററി 
യോജിപ്പിക്കലുകൾ, നേർരേഖയിലും വക്രമായും ഉള്ള മുറിക്കലുകൾ, ഷെയ്പ്പിങ് എന്നിവയിലൂടെ നൽകുന്ന ചിത്രത്തിന് അനുസൃതമായി  തടി ഉരുപ്പടി ചിട്ടപ്പെടുത്തുന്നതാണു കാർപ്പെന്ററി മത്സരം.
∙ ജോയിനറി
മര ഉരുപ്പടിയിൽ പല തരത്തിലുള്ള ജോയിൻറുകളുടെ സഹായത്താൽ ഡ്രോയിങ്ങിന് അനുസരിച്ചുള്ള രൂപങ്ങൾ നിർമിക്കുന്ന മത്സരമാണ് ജോയിനറി.
∙ കാബിനറ്റ് മേക്കിങ്
ഡ്രോയിങ്ങിന് അനുസൃതമായി മര ഉരുപ്പടികളും, ലോഹ തകിടുകളും ഉപയോഗിച്ചു സർഗ്ഗാത്മകതയും പുതുമയും ഇഴചേർന്ന് കൃത്യതയോടും സൂക്ഷ്മതയോടും കൂടി സ്വാഭാവിക ഭംഗി ഏറ്റവും നല്ല രീതിയിൽ പ്രദർശിപ്പിക്കുന്ന തരത്തിൽ ചട്ടക്കൂട് നിർമിച്ച് ക്യാബിനറ്റുകൾ നിർമ്മിക്കാനുള്ള കഴിവാണ് കാബിനറ്റ് മേക്കിങ്ങിൽ പരിശോധിക്കുന്നത്.
∙ ലാൻസ്കേപ്പ്  ഗാർഡനിങ്.
അനുവദിച്ചിട്ടുള്ള സ്ഥലം അളവുകൾക്കനുസരിച്ച് കൃത്യമായും ഭൂപ്രകൃതിക്കും ആവാസ വ്യവസ്ഥയ്ക്കും വിധേയമായി തയാറാക്കുകയും പുൽത്തകിടി, പൂച്ചെടികൾ, മറ്റ് അലങ്കാരച്ചെടികൾ എന്നിവ ഉപയോഗിച്ച് ഭംഗിയായി ഒരുക്കുന്ന മത്സരമാണു  ലാൻസ്കേപ്പ്  ഗാർഡനിങ്.
∙പ്ലംബിങ് ആൻഡ് ഹീറ്റിങ്
വിവിധതരം പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ, പൈപ്പ് ഇടൽ, വാട്ടർ കണക്‌ഷനുകൾ, പൈപ്പുകളുടെ യോജിപ്പിക്കൽ വാഷ്ബേസിൻ, ക്ലോസറ്റ്, ഷവർ മുതലായവ സ്ഥാപിക്കൽ എന്നീ കഴിവുകളാണ് പ്ലംബിങ് ആൻഡ് ഹീറ്റിങ് മത്സരത്തിൽ പരിശോധിക്കുക.
∙ വെൽഡിങ്
മാനുവൽ മെറ്റൽ ആർക്ക് വെൽഡിങ്, മെറ്റൽ ആർക്ക് ഗ്യാസ് ഷീൽഡഡ് വെൽഡിങ്, ടങ്സ്റ്റൺ, ആർക്ക് ഗ്യാസ് ഷീൽഡഡ് വെൽഡിങ്, ഗ്യാസ് വെൽഡിങ് ആൻഡ് കട്ടിങ് എന്നിവ വിവിധ തരം വെൽഡിങ് പ്രക്രിയകളിലൂടെ ഡ്രോയിങ്ങിൽ കാണിച്ചിരിക്കുന്ന രീതിയിൽ ചെയ്യാനുള്ള കഴിവാണ് വെൽഡിങ് മത്സരത്തിൽ പ്രദർശിപ്പിക്കേണ്ടത്.
∙ ജ്വല്ലറി 
ആവശ്യപ്പെടുന്ന ആഭരണങ്ങൾ തയാറാക്കുകയും തന്നിട്ടുള്ള ആഭരണങ്ങൾ നന്നാക്കുകയുമാണ് ജ്വല്ലറി മത്സരത്തിൽ ചെയ്യേണ്ടത്.
∙ ഹെൽത്ത്  ആൻഡ് സോഷ്യൽ കെയർ 
നഴ്സിങ്, പാലിയേറ്റീവ്, റീഹാബിലിറ്റേഷൻ തുടങ്ങിയ മേഖലയിലെ അറിവും ആശയവിനിമയവും പരിശോധിക്കുന്ന ഹെൽത്ത്  ആൻഡ് സോഷ്യൽ കെയർ  മത്സരത്തിൽ ഹോസ്പിറ്റൽ, കമ്യൂണിറ്റി ഡേ കെയർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നതിനുള്ള കഴിവാണ് വിലയിരുത്തുന്നത്.
∙ ഐടി സോഫ്റ്റ് വെയർ സൊലൂഷൻ ഫോർ ബിസിനസ്
ഐടി സോഫ്റ്റ് വെയർ സൊലൂഷൻ ഫോർ ബിസിനസ് എന്ന മത്സരത്തിലൂടെ ആനുകാലിക ബിസിനസ് ലോകത്തിൽ ഉണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കാൻ വേണ്ടിയുള്ള സോഫ്റ്റ്‌വെയറിന്റെ രൂപകൽപനയാണു ലക്ഷ്യമിടുന്നത്.
∙ ഐടി നെറ്റ്‌വർക്ക് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ
ഡിസൈൻ, ട്രബിൾ ഷൂട്ടിങ്, ഇൻസ്റ്റാൾ ചെയ്തിട്ടുള്ള നെറ്റ്‌വർക്ക് തിരിച്ചറിയൽ, ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്ഡേറ്റിങ്, കോൺഫിഗറിങ് എന്നിവയാണ് ഐടി നെറ്റ്‌വർക്ക് സിസ്റ്റംസ് അഡ്മിനിസ്ട്രേഷനിലൂടെ പരിശോധിക്കുന്നത്.
∙ മൊബൈൽ റോബോട്ടിക്സ്
ചോദ്യത്തിലുള്ള ആശയം അനുസരിച്ച് ഇഷ്ടമുള്ള പ്ലാറ്റ്ഫോമിൽ റോബോട്ട് നിർമിക്കുന്നതിന്റെയും അവ ഉപയോഗിച്ച് ആവശ്യപ്പെടുന്ന ടാസ്കുകൾ ചെയ്യാനുമുള്ള കഴിവാണ് മൊബൈൽ റോബോട്ടിക്സിലൂടെ പരിശോധിക്കുക.
∙ വെബ് ടെക്നോളജീസ് ആൻഡ് ഡവലപ്മെന്റ്
വെബ് ടെക്നോളജീസ് ആൻഡ് ഡവലപ്മെന്റിലൂടെ വെബ്സൈറ്റിന്റെ രൂപകൽപനയ്ശേഷം ഉപഭോക്തൃ താൽപര്യങ്ങൾക്ക് ടൂളുകളും പ്ലാറ്റ്ഫോമുകളും വിവിധ കംപ്യൂട്ടർ പ്രോഗ്രാമുകളിലൂടെ സമന്വയിപ്പിച്ച് അവയുടെ പരീക്ഷണവും വിവിധ ഉപകരണങ്ങൾ മുഖേനയുളള ന്യൂനത പരിഹാരവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള കഴിവുകളാണ് ലക്ഷ്യമാക്കുന്നത്.
∙ ഗ്രാഫിക് ഡിസൈൻ ടെക്നോളജി.
ചോദ്യത്തിലുള്ള ആശയത്തിനനുസരിച്ചു ഗ്രാഫിക് ഡിസൈനിലൂടെ ബ്രോഷറുകൾ, നോട്ടീസുകൾ, ലഘു ലേഖകൾ, പോസ്റ്ററുകൾ എന്നിവ രൂപകൽപന ചെയ്യേണ്ട മത്സരമാണു ഗ്രാഫിക് ഡിസൈൻ ടെക്നോളജി.
∙ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ
വിവിതരം ഇലക്ട്രിക്കൽ സംവിധാനങ്ങളെ ആസൂത്രണം ചെയ്ത് ഗുണമേന്മയുളള സാധനസാമഗ്രികൾ ഉപയോഗിച്ച് അവയെ അതതു സ്ഥാനത്ത് ഘടിപ്പിച്ചു പ്രവർത്തിപ്പിക്കേണ്ട മത്സരമാണ് ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ.
∙ ഓട്ടമൊബീൽ ടെക്നോളജി
എംപിഎഫ്ഐ, സിആർഡിഐ തുടങ്ങിയ വാഹനങ്ങളുടെ എൻജിനുകളുടെ സംയോജനം,  വിഘടനം,  ട്രബിൾ ഷൂട്ടിങ്, ഫൈൻ ട്യൂണിങ്, ഇലക്ട്രിക് സർക്യൂട്ട്  ട്രബിൾ ഷൂട്ടിങ് എന്നിവയ്ക്കു പ്രാമുഖ്യം നൽകുന്ന മത്സരയിനമാണ് ഓട്ടമൊബീൽ ടെക്നോളജി.
∙ ത്രീഡി ഡിജിറ്റൽ ഗെയിം ആർട്ട്
ചിത്രകലാ വൈദഗ്ധ്യം, ക്രിയാത്മകത, ആശയ രൂപീകരണം എന്നീ ഗുണങ്ങൾ സംയോജിപ്പിച്ച് വ്യത്യസ്ത വിഭാഗങ്ങളിലെ ഉപഭോക്താക്കളെ ഭാവനാസമ്പന്നമായ നവീന അനുഭവതലങ്ങളിൽ എത്തിക്കുന്നതിന് ത്രീഡി ഗെയിമുകൾ നിർമിക്കുന്നതിനുള്ള നൈപുണ്യ മത്സരമാണ് ത്രീഡി ഡിജിറ്റൽ ഗെയിം ആർട്ട്.
∙ ഇൻഫർമേഷൻ നെറ്റ്‌വർക്ക് കേബിളിങ്
വൈഡ് ഏരിയ നെറ്റ്‌വർക്ക് , ലോക്കൽ ഏരിയ നെറ്റ്‌വർക്ക് , കേബിൾ ടിവി എന്നിവയുടെ ഇൻസ്റ്റലേഷൻ, രൂപകൽപന എന്നിവയ്ക്ക് ഊന്നൽ നൽകുന്ന മത്സരമാണ് ഇൻഫർമേഷൻ നെറ്റ്‌വർക്ക് കേബിളിങ്.
∙ ക്ലൗഡ് കംപ്യൂട്ടിങ് 
സാങ്കേതികവിദ്യയുടെ അടിസ്ഥാനപ്രമാണങ്ങൾ രൂപകൽപന നടത്തി പ്രാവർത്തികമാക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് മത്സരത്തിൽ ഡിസൈൻ ലഭ്യമാക്കൽ, ഉപഭോക്താക്കളുടെ സേവനം, പദ്ധതിയുടെ അവലോകനം മെച്ചപ്പെടുത്തുന്നതിനുളള നിർദ്ദേശങ്ങളും നിരീക്ഷണങ്ങളുമാണ് പരിശോധിക്കുക.
∙ പ്രിന്റ് മീഡിയ ടെക്നോളജി.
വിവിധയിനം മഷികളുടെ സങ്കലനം, കടലാസുകളുടെ തിരഞ്ഞെടുപ്പ് സങ്കീർണമായ  പ്രിന്റിങ് മെഷീനുകളുടെ പ്രവർത്തനം എന്നിവയെ കേന്ദ്രീകരിക്കുന്ന മത്സര ഇനമാണ് പ്രിന്റ് മീഡിയ ടെക്നോളജി.
∙ സൈബർ സെക്യൂരിറ്റി 
ഫയർ വാൾ, എൻക്രിപ്ഷൻ, സോഫ്റ്റ്‌വെയർ സൊലൂഷൻ ഫോർ ബിസിനസ് എന്ന മത്സരത്തിലൂടെ ആനുകാലിക സങ്കേതങ്ങളുടെ ഉപയോഗം, നെറ്റ്‌വർക്കിലെ സുരക്ഷാ നിയന്ത്രണം, നെറ്റ്‌വർക്ക് പ്രോട്ടോകോൾ നിയമ ലംഘനങ്ങളുടെ നിരീക്ഷണം, ഡിസാസ്റ്റർ റിക്കവറി പ്ലാൻ തുടങ്ങിയ പ്രവർത്തനങ്ങൾ അടങ്ങുന്ന സൈബർ സെക്യൂരിറ്റി മേഖലയെ അടിസ്ഥാനമാക്കിയ മത്സരയിനമാണിത്. ‌
∙ വാട്ടർ ടെക്നോളജി
വിവിധ ജലസ്രോതസുകളിൽ നിന്നു ലഭിക്കുന്ന വെളളം വിവിധ ഫിൽട്ടർ സംവിധാനങ്ങളിലൂടെ ശുദ്ധീകരിച്ച്, സംഭരിച്ച് വിതരണം നടത്തുക, ജല സാമ്പിൾ പരിശോധിക്കുക, ഫിൽറ്റർ സമ്പ്രദായങ്ങൾ നിരീക്ഷിക്കുക, പൈപ്പിന്റെയും ചെറിയ വൈദ്യുത ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾ ചെയ്യുക എന്നീ കഴിവുകളാണു വാട്ടർ ടെക്നോളജി മത്സരയിനത്തിൽ പരിശോധിക്കുക.


by manorama

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment