Total Pageviews

CS

ഡോക്ടര്‍, എന്‍ജിനീയര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നിവപോലെ തന്നെ ഒരു പ്രൊഫഷണല്‍ കോഴ്‌സ് ആണ് കമ്പനി സെക്രട്ടറിഷിപ്പും.
  കമ്പനിയുടെ നിയമപരമായ കാര്യങ്ങള്‍ നോക്കുക എന്നതും കമ്പനികള്‍ നിയമപ്രകാരം നടപ്പാക്കേണ്ടവ യഥാസമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയുമാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ കോര്‍പ്പറേറ്റ് നിയമങ്ങള്‍, വിദേശ വിനിമയ ചട്ടങ്ങള്‍, കോര്‍പ്പറേറ്റ് നികുതി കാര്യങ്ങള്‍, ഓഹരി വിതരണം എന്നിവയില്‍ കമ്പനിക്ക് വിദഗ്‌ദ്ധോപദേശം നല്‍കേണ്ടത് കമ്പനി സെക്രട്ടറിയാണ്. കമ്പനിയുടെ ഭരണസമിതിയുടെയും ഓഹരി ഉടമകളുടേയും യോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന ചുമതല വഹിക്കുന്നതോടൊപ്പം അത്തരം യോഗങ്ങളില്‍ കമ്പനി ഭരണസമിതിയുടെ (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്) ഉപദേഷ്ടവായും പ്രവര്‍ത്തിക്കേണ്ടതുണ്ട്.

എന്താണ് കമ്പനി സെക്രട്ടറിയുടെ പദവി?

ഒരു കമ്പനിയുടെ നിയമപരമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് ഈ കോഴ്‌സിന്റെ സിലബസ് രൂപകല്‍പന. അതുകൊണ്ട് തന്നെ കമ്പനിയുടെ അകത്തും പുറത്തും ഉന്നതമായ പദവി ഈ കോഴ്‌സ് ഉറപ്പുവരുത്തുന്നു. ഇന്ത്യന്‍ കമ്പനി നിയമം അനുസരിച് 10 കോടിയില്‍ കൂടുതല്‍ മൂലധനമുള്ള കമ്പനികളില്‍ കമ്പനി സെക്രട്ടറിയെ നിര്‍ബന്ധമായും നിയമിച്ചേ പറ്റു. അങ്ങനെയുള്ള കമ്പനികളില്‍ ഇവര്‍ കീ മാനേജീരിയല്‍ പേഴ്‌സണ്‍ ആയിരിക്കും. എന്നുവച്ചാല്‍ ആ കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആയിരിക്കും എന്ന്.

പുതുക്കിയ റഗുലേഷന്‍ പ്രകാരം ഒരു കോര്‍പറേറ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ ഓഫീസറായ കമ്പനി സെക്രട്ടറിയാവാനുള്ള ആദ്യ ഘട്ടമായ പ്രഥമ കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ട്രന്‍സ്‌ ടെസ്റ്റ്‌ ആണ്.
തുടർന്ന് എക്സ്ക്യൂട്ടീവ്, പ്രൊഫഷനൽ എന്നീ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ കമ്പനി സെക്രട്ടറി ആയി.

പ്ലസ് ടു പാസായവര്‍ക്കും അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും (വ്യവസ്ഥകള്‍ക്ക് വിധേയമായി) കമ്പനി സെക്രട്ടറി എക്സിക്കുട്ടീവ് എന്‍ട്രന്‍സ്‌ പരീക്ഷയ്ക്ക് അപേക്ഷിക്കാം. കമ്പനി സെക്രട്ടറിയാകുവാന്‍ ആഗ്രഹിക്കുന്ന ബിരുദ – ബിരുദാനന്തര ബിരുദധാരികളും നിര്‍ബന്ധമായും സി എസ് എക്സിക്കുട്ടീവ് എന്‍ട്രന്‍സ്‌ പരീക്ഷ എഴുതണം. സി എസ് എക്സിക്കുട്ടീവ് എന്‍ട്രന്‍സ്‌ പരീക്ഷയില്‍ വിജയികളായവര്‍ക്ക് മാത്രമേ സി എസ് എക്സിക്യൂട്ടീവ് പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയൂ.

CSE എൻട്രൻസ് പരീക്ഷയുടെ ഘടന

സി എസ് എക്സിക്യൂട്ടീവ് എന്‍ട്രന്‍സ്‌ പരീക്ഷയ്ക്ക് (ആകെ ഇരുനൂറ് മാര്‍ക്ക്) രണ്ട് ഭാഗങ്ങളുണ്ട് – കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും വൈവ-വോസിയും.
നൂറ്റി ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ പൂര്‍ണ്ണമായും ഒബ്ജക്ടീവ് / മള്‍ട്ടിപ്പിള്‍ മാതൃകയിലായിരിക്കും. നെഗറ്റീവ് മാര്‍ക്കില്ല. ആകെ നൂറ്റി ഇരുപത് ചോദ്യങ്ങള്‍; നൂറ്റി എഴുപത് മാര്‍ക്ക്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ നാല് പേപ്പറുകള്‍ ഉള്‍പ്പെടുന്നു – ബിസിനസ് കമ്മ്യൂണിക്കേഷന്‍ (35 ചോദ്യങ്ങള്‍, 50 മാര്‍ക്ക്), ലീഗല്‍ അഭിരുചിയും ലോജിക്കല്‍ റീസണിംഗും (35 ചോദ്യങ്ങള്‍, 50 മാര്‍ക്ക്), എക്കണോമിക് ആന്‍ഡ് ബിസിനസ് എന്‍വയന്‍മെന്‍റ് ((35 ചോദ്യങ്ങള്‍, 50 മാര്‍ക്ക്), കറന്റ് അഫയേഴ്സ് (15 ചോദ്യങ്ങള്‍, 20 മാര്‍ക്ക്) എന്നിവയാണ് സി എസ് എക്സിക്യൂട്ടീവ് എന്‍ട്രന്‍സ്‌ പരീക്ഷയുടെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലെ നാല് പേപ്പറുകള്‍.

വൈവ-വോസിയില്‍ പ്രസന്‍റെഷന്‍, കമ്മ്യൂണിക്കേഷന്‍ കഴിവുകളാണ് അളക്കപ്പെടുക. പതിനഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള വൈവ-വോസിക്ക് മുപ്പത് മാര്‍ക്കാണ്. റെക്കോര്‍ഡഡ് വീഡിയോ / ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഓണ്‍ലൈനായാണ് പരീക്ഷ നടത്തുക.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലെ ഓരോ പേപ്പറിനും പ്രത്യേകം 40% മാര്‍ക്കും മൊത്തം മാര്‍ക്കിന്റെ (കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും വൈവ-വോസിയുടെയും) 50% മാര്‍ക്കും നേടിയവരാണ് സി എസ് എക്സിക്യൂട്ടീവ് എന്‍ട്രന്‍സ്‌ പരീക്ഷയില്‍ വിജയിക്കുക.

സാധാരണ ജനുവരി, മേയ്, ജൂലൈ, നവംബര്‍ മാസങ്ങളിലാണ് പരീക്ഷ നടക്കുക.  ആയിരം രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്‌. അര്‍ഹരായവര്‍ക്ക് രജിസ്ട്രേഷന്‍ ഫീസില്‍ ഇളവ് ഉണ്ടായിരിക്കും.

സി. എസ്. എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ്‌ പരീക്ഷ സംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://www.icsi.edu/media/webmodules/CSEET_PROSPECTUS.pdf

*കമ്പനി സെക്രട്ടറി പരീക്ഷക്കുള്ള ഘട്ടങ്ങൾ*

സി. എസ്. പരീക്ഷയ്ക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ. സി. എസ്. ഐ.) ആണു കോഴ്‌സും പരീക്ഷയും നടത്തുന്നത്. 1980ലെ കമ്പനി സെക്രട്ടറി നിയമപ്രകാരം രൂപവത്കരിക്കപ്പെട്ടതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്.
സി. എസ്. എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ്‌ ടെസ്റ്റ്‌, എക്‌സിക്യൂട്ടീവ് പ്രോഗ്രാം,  പ്രഫഷണല്‍ പ്രോഗ്രാം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നു.

*പ്രവേശനം*

ഓണ്‍ലൈന്‍/തപാല്‍ കോച്ചിംഗിനോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാപ്റ്ററുകളില്‍ നടത്തുന്ന ഓറല്‍ കോച്ചിംഗിനോ ചേരാം. 2020ല്‍ നിലവില്‍ വന്ന റഗുലേഷൻ പ്രകാരമുള്ള പുതിയ സിലബസനുസരിച്ചാണ് ഇപ്പോള്‍ പ്രവേശനം.

*എക്‌സിക്യൂട്ടീവ് പ്രോഗ്രാം*

സി. എസ്. എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ്‌ ടെസ്റ്റ്‌ വിജയിച്ചവര്‍ക്ക് എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് ചേരാം. എട്ടു പേപ്പറുകളാണ് ഈ വിഭാഗത്തില്‍ പഠിക്കാനുള്ളത്.

*പ്രഫഷണല്‍ പ്രോഗ്രാം*

എക്‌സിക്യൂട്ടീവ് പ്രോഗ്രാം പാസായവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒന്‍പത് പേപ്പറുകളുള്ള പ്രഫഷണല്‍ പ്രോഗ്രാം പാസാകുന്നവര്‍ക്കു നിശ്ചിത കാലയളവിലെ പ്രായോഗിക പരിശീലന പദ്ധതികൂടി പൂര്‍ത്തിയാക്കിയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അംഗത്വം ലഭിക്കും.

കമ്പനി സെക്രട്ടറി ജോലിസാധ്യത

സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവികളില്‍ ജോലിക്ക് അവസരം. വിദേശത്തും അവസരങ്ങളുണ്ട്. അല്ലെങ്കില്‍ സ്വന്തമായി പ്രാക്ടീസു ചെയ്യുകയുമാവാം. പത്ത് കോടി രൂപയോ അതില്‍ കൂടുതലോ അടച്ചുതീര്‍ത്ത മൂലധനമുള്ള എല്ലാ കമ്പനികളിലും ഒരു കമ്പനി സെക്രട്ടറിയെ നിയമിക്കണമെന്നു നിബന്ധനയുണ്ട്. അടച്ചുതീര്‍ത്ത മൂലധനം പത്ത് കോടിക്ക് താഴെയുള്ള കമ്പനികള്‍ പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറിമാരെ സമീപിച്ച് അതാത് സമയങ്ങളില്‍ കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നേടണമെന്നും വ്യവസ്ഥയുണ്ട്. സ്റ്റോക്ക് എക്‌സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ കമ്പനി സെക്രട്ടറിയെ നിയമിക്കണം.

നിയമപരവും ബിസിനസ് സംബന്ധവുമായ കാര്യങ്ങളില്‍ മാനേജ്‌മെന്റിന് ഉപദേശം നല്‍കുകയും കമ്പനിയുടെ ഫിനാന്‍സ്, അക്കൗണ്ട്‌സ്, നിയമം, ഭരണം തുടങ്ങിയ കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുകയും ചെയ്യേണ്ട ചുമതലയാണു കമ്പനി സെക്രട്ടറിക്കുള്ളത്.

കമ്പനികള്‍ കൂട്ടിച്ചേര്‍ക്കുക, ഓഹരികളുടെ പബ്ലിക് ഇഷ്യൂവിനു മേല്‍നോട്ടം വഹിക്കുക, നിക്ഷേപം, വായ്പ എന്നിവ നിയന്ത്രിക്കുക, ഉന്നത മാനേജ്‌മെന്റ് കേഡറിലെ നിയമനം, ശമ്പള നിര്‍ണയം, ഡയറക്ടര്‍ ബോര്‍ഡിന്റെയും തൊഴിലാളികളുടെയും യോഗം വിളിക്കുക തുടങ്ങിയവയൊക്കെ കമ്പനി സെക്രട്ടറിയുടെ ചുമതലകളാണ്. ഈ ഉയര്‍ന്ന പദവിക്ക് പ്രാപ്തരാക്കുന്ന കോഴ്‌സാണ് കമ്പനി സെക്രട്ടറിഷിപ്പ്
Share it:

Course Next

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: