കോവിഡ് നിയന്ത്രണം: എ, ബി കാറ്റഗറിയിലെ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി, പ്രദേശങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിവയിൽ 50 ശതമാനം വരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളിൽ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളിച്ചാവും ഓഫീസ് പ്രവർത്തനമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എ, ബി പ്രദേശങ്ങളിലെ ബാക്കിയുള്ള 50 ശതമാനം പേരും സി യിൽ ബാക്കിയുള്ള 75 ശതമാനവും എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. അതിനുള്ള ചുമതല നൽകാൻ ജില്ലാ കലക്ടർമാർ മുൻകൈയെടുക്കും. 

ഡി വിഭാഗത്തിൽ അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുക എന്നതിനാൽ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ  ക്ലസ്റ്ററുകൾ ആയി കണക്കാക്കും. അതോടൊപ്പം മൈക്രോ കണ്ടയിൻമെന്റ്  സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ച്  സാമൂഹ്യ പ്രതിരോധ ശേഷി  അവശ്യമായ തോതിൽ കൈവരിക്കാൻ കഴിഞ്ഞാൽ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്‌സിൻ വിതരണത്തിലെ വീഴ്ചകളിലൂടെയുമാണ് മൂന്നാം തരംഗം ഉണ്ടാവുക. ഈ ഘട്ടത്തിൽ അതിവേഗം വാക്‌സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.  ഡെൽറ്റ വൈറസ് സാന്നിധ്യമുള്ളത് കൊണ്ട് അതിവേഗ വ്യാപന സാധ്യതയുള്ള ചെറുതും വലുതുമായ ആൾകൂട്ട സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ജാഗ്രതകാട്ടണം.

മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിശ്വാസത്തിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. ഇതിനകം കേവലം നാലു ശതമാനം കുട്ടികളെ മാത്രമാണ് രോഗം ബാധിച്ചത്. കുട്ടികളിലെ  മരണ നിരക്കും വളരെ കുറവാണ്. എങ്കിലും  മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം എന്ന ഗുരുതരമായ കോവിഡാനന്തര രോഗസാധ്യത കുട്ടികളിൽ കാണുന്ന സാഹചര്യം പരിഗണിച്ച് കുട്ടികളുടെ ചികിത്സക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കും.

ഇതുവരെയുള്ള കണക്കനുസരിച്ച്  1,77,09,529 പേർക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. ഇതിൽ 1,24,64,589 പേർക്ക് ഒരു ഡോസ് വാക്‌സിനും 52,44,940 പേർക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. വാക്‌സിൻ എടുത്തവരും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ മാതൃകവചം  എന്ന പേരിൽ ആരോഗ്യ വകുപ്പ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിച്ചാണ് വാക്‌സിൻ നൽകുന്നത്. സംസ്ഥാനത്ത് ഇതുവരെ നാല്പതിനായിരത്തോളം ഗർഭിണികളാണ് വാക്‌സിൻ എടുത്തത്. എന്നാൽ ചിലർ വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഗർഭിണികൾ സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്‌സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റു രോഗാവസ്ഥയുള്ളവർക്കിടയിലാണ് കോവിഡ് ഗുരുതരമാകുന്നത്. അതുകൊണ്ട്  പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ, അർബുദം പോലുള്ള  രോഗാവസ്ഥകൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം. കോവിഡേതര രോഗങ്ങൾ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ പുനരാരംഭിച്ചിട്ടുണ്ട്. മറ്റു രോഗങ്ങളുള്ളവർ കോവിഡ് ബാധിതരായാൽ വീടുകളിൽ കഴിയാതെ കോവിഡ് ആശുപത്രികളിൽ ചികിത്‌സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق