We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

കരുതലോടെ സ്കൂളിലേക്ക്

സ്കൂളിലെത്തുന്ന വിദ്യാർഥികളെ അധ്യാപകർ ഇടയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങൾ ഓർമിപ്പിക്കണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. വിദ്യാർഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക – മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ ദിശയുടെ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാം.

ബയോ ബബിൾ അടിസ്ഥാനത്തിൽ മാത്രം ക്ലാസുകൾ നടത്തുക. ഓരോ ബബിളിലുമുള്ളവർ അവർക്കനുവദിച്ച ദിവസം മാത്രം സ്കൂളിലെത്തുക.

 • പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരും കോവിഡ് സമ്പർക്കപ്പട്ടികയിലുള്ളവരും സ്കൂളിലെത്തരുത്.
 • മാസ്ക് ധരിച്ചു മാത്രം വീട്ടിൽ നിന്നിറങ്ങുക. ഡബിൾ മാസ്ക് അല്ലെങ്കിൽ എൻ 95 മാസ്ക് ഉപയോഗിക്കുക.
 • കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവയിൽ തൊടരുത്.
 • ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം.
 • വായും മൂക്കും മൂടുംവിധം മാസ്ക് ധരിക്കുക. മാസ്ക് താഴ്ത്തി സംസാരിക്കരുത്. ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം.
 • ആഹാരം കഴിക്കുമ്പോൾ ഒന്നിച്ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. 2 മീറ്റർ അകലം പാലിക്കണം. കൈ കഴുകുന്ന സ്ഥലത്തും കൂട്ടം കൂടരുത്.
 • ശുചിമുറികളിൽ പോയതിനു ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കുക.
 • ഇടവേളകൾ പല സമയത്താക്കി കൂട്ടംചേരലുകൾ ഒഴിവാക്കണം.
 • പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ പങ്കുവയ്ക്കരുത്.
 • ഓരോ സ്കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം. അടിയന്തര സാഹചര്യത്തിൽ വൈദ്യസഹായത്തിനു ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പറുകൾ ഓഫിസിൽ പ്രദർശിപ്പിക്കണം.
 • കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നതു നിരുത്സാഹപ്പെടുത്തണം.
 • വീട്ടിലെത്തിയ ഉടൻ കുളിച്ച ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക. മാസ്ക്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കണം.

പ്രാക്ടിക്കൽ ക്ലാസുകൾ 

 • ചെറിയ ഗ്രൂപ്പുകളായി നടത്തണം. 
 • ഒന്നിലേറെപ്പേർ ഉപയോഗിക്കാൻ സാധ്യതയുള്ള ഉപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിനു ശേഷവും അണുമുക്തമാക്കണം

രോഗലക്ഷണ പരിശോധനാ റജിസ്റ്റർ 

സ്കൂളിൽ സൂക്ഷിക്കണം. രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ റജിസ്റ്ററിൽ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.

ഒന്നര വർഷത്തിനുശേഷം സ്‌കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 1-7, 10, 12 ക്ലാസുകളാണ് നവംബർ ഒന്നിനു ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളും നവംബർ 15ന് ആരംഭിക്കും. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 

വലിയ മുന്നൊരുക്കങ്ങളാണ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊതുസമൂഹവുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തിയിട്ടുള്ളത്. സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, പി.ടി.എ /എസ്.എം.സി, തദ്ദേശഭരണസ്ഥാപനങ്ങൾ, യുവജന സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങിയവയരുടെയെല്ലാം സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നുള്ള മാർഗ്ഗരേഖയും മോട്ടോർവാഹന വകുപ്പ് മാർഗരേഖയും പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകി. 

വിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, സമഗ്ര ശിക്ഷ കേരള പ്രതിനിധികൾ, വിദ്യാകിരണം മിഷൻ കോ-ഓർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും വിവിധ ടീമുകൾക്ക് രൂപം നൽകി എല്ലാ സ്‌കൂളുകളും പരിശോധിച്ചു. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകിയതായും മന്ത്രി പറഞ്ഞു. 

സ്‌കൂൾ തുറക്കലിന്റെ ഭാഗമായി എല്ലാ അധ്യാപകരും നിർബന്ധമായും കോവിഡ് വാക്‌സിൻ എടുക്കണം. 2282 അധ്യാപകർ ഇനിയും വാക്‌സിൻ എടുത്തിട്ടില്ല. 327 അനധ്യാപകരും വാക്‌സിനെടുക്കാത്തവരായുണ്ട്. അവരും ഉടൻ വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ മുതലായവ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്. 

24,300 തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. 2021 - 22 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഫണ്ട് എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകൾക്ക് നൽകിയത്. 

നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഹോണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്. സ്‌കൂൾ ഗ്രാൻഡ് ഇനത്തിൽ എസ്.എസ്.കെ. 11 കോടി രൂപ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അനുവദിച്ചിട്ടുണ്ട്. നവംബർ മാസത്തിനുള്ളിൽ ബാക്കി 11 കോടി രൂപ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

സാധാരണഗതിയിൽ അക്കാദമിക് ആവശ്യങ്ങൾക്കും ടോയ്‌ലറ്റ് മെയിന്റനൻസ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്കും ആണ് പ്രസ്തുത തുക അനുവദിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാം. സ്‌കൂൾ മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ എല്ലാ ഉപഡയറക്ടർമാർക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ തുക ഉടൻ നൽകുന്നതാണ്. ഇനിയും പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്തി സജ്ജമാക്കാനുള്ള 204 സ്‌കൂളുകളുണ്ട്. കേരളത്തിൽ ആകെ സ്‌കൂളുകൾ 15,452 ആണ്.ജില്ലകളിൽനിന്ന് സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് ലഭിക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 446 ആണ്. സംസ്ഥാനത്ത് 1,474 സ്‌കൂളുകളിൽ സ്‌കൂൾ ബസുകൾ ഇനിയും പ്രവർത്തനക്ഷമമാക്കാൻ ഉണ്ടെന്നും മന്ത്രി പറഞ്ഞു.


PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment