വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും 3ദിവസം ദേശീയപതാക ഉയർത്തണം: മുഖ്യമന്ത്രി

 സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്താൻ നിർദേശം. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താൻ മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിൽ തീരുമാനമായി. പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തും. ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണം. ആഗസ്ത് 13ന് പതാക ഉയർത്തി 15 വരെ നിലനിർത്താവുന്നതാണ്. ഇക്കാലയളവിൽ രാത്രികാലങ്ങളിൽ പതാക താഴ്ത്തേണ്ടതില്ലെന്ന് ഫ്ളാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യുക. സ്കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കണം. പതാകകളുടെ ഉത്പാദനം കുടുംബശ്രീ ആരംഭിച്ചു. 

ആഗസ്റ്റ് 12 നുള്ളിൽ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കുടുംബശ്രീ മുഖേന ദേശീയപതാക നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയർത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യണം.

15ന് സ്കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഘോഷയാത്ര ആലോചിക്കണം.

സ്കൂളുകളിലും സ്ഥാപനങ്ങളിലും ആഗസ്റ്റ് 10നുള്ളിൽ ബാനറുകൾ കെട്ടണം. പ്രധാന സ്വാതന്ത്ര്യസമര കേന്ദ്രങ്ങളിൽ 13 മുതൽ ഔദ്യോഗിക പരിപാടികൾ നടത്തണം. കുട്ടികളെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ സന്ദർശിപ്പിക്കണം. സ്വാതന്ത്ര്യത്തിലെ തിളക്കമാർന്ന മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി ബുക്ക് ലറ്റ് വിതരണം ചെയ്യണം.

യോഗത്തിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment