വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താസമ്മേളനം (03.08.2022)

പ്ലസ് വണ്‍ പ്രവേശനം

ഹയര്‍ സെക്കന്‍ററി ഒന്നാം വര്‍ഷ പ്രവേശനത്തിന്‍റെ മുഖ്യഘട്ട ആദ്യ അലോട്ട്മെന്‍റും സ്പോര്‍ട്സ്  ക്വാട്ട പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റും 2022 ആഗസ്റ്റ് 5 ന് രാവിലെ 11 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.  

ഒന്നാം അലോട്ട്മെന്‍റിന്‍റെ പ്രവേശനം 2022 ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കുന്നതാണ്.  

മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ്  2022 ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് പ്രവേശനം ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കുന്നതാണ്.  

മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ്  2022 ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കുന്നതാണ്.  

പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്നതാണ്.

ഉച്ചഭക്ഷണം

2022-23 വര്‍ഷത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനുള്ള കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍, പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.   

ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് സ്കൂളുകള്‍ക്കുള്ള കുക്കിംഗ് കോസ്റ്റ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ഇനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. 

വിതരണത്തിനായി തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ എസ്.എന്‍.എ. അക്കൗണ്ടിലേയ്ക്ക് 2022 ആഗസ്റ്റ് 2 ന് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. 

പി.എഫ്.എം.എസ് മുഖാന്തിരം 2022 ആഗസ്റ്റ് 3 മുതല്‍ സ്കൂളുകള്‍ക്കും, പാചക തൊഴിലാളികള്‍ക്കും തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.

കേന്ദ്ര വിഹിതമായി 2021-22 വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 142 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന് നിവേദനം സമര്‍പ്പിച്ചു. 

സംസ്ഥാനത്തിന്‍റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. 

 
അക്ഷരമാല പാഠപുസ്തകത്തില്‍

2022-23 അദ്ധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാള പാഠപുസ്തകങ്ങളില്‍ അക്ഷരമാല നല്‍കും.  ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് ഉള്‍പ്പെടുത്തുന്നത്. ഈ വര്‍ഷം സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളോടുകൂടി അക്ഷരമാല ഉള്‍പ്പെടുത്തിയ പുസ്തങ്ങള്‍ വിതരണം ചെയ്യും. 

യുവജനോത്സവം

2022-23 വര്‍ഷത്തെ അദ്ധ്യാപക ദിനാഘോഷം, സ്കൂള്‍ കലോത്സവം, സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം,  അത്ലറ്റിക് മീറ്റ് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ 

1. സംസ്ഥാന അധ്യാപക ദിനാഘോഷം റ്റി.റ്റി.ഐ ആന്‍റ് പി.പി.റ്റി.റ്റി.ഐ കലോത്സവം 2022 സെപ്തംബര്‍ മാസം 3,4,5 തീയതികളില്‍ കണ്ണൂരില്‍. 

2. സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളില്‍ കോഴിക്കോട്.

3. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 2022 ഒക്ടോബറില്‍ കോട്ടയത്ത് 

4. സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം 2022 നവംബറില്‍  എറണാകുളത്ത് 

5. സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് 2022 നവംബറില്‍ തിരുവനന്തപുരത്ത്.


മിക്സഡ് സ്കൂള്‍

നിലവില്‍ സംസ്ഥാനത്ത്   138 ഗവണ്‍മെന്‍റ് സ്കൂളുകളും 243 എയ്ഡഡ്  സ്കൂളുകളും ഉള്‍പ്പെടെ ആകെ 381 സ്കൂളുകളാണ് ഗേൾസ് /ബോയ്സ് സ്കൂളുകളായി ഉള്ളത്. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 21 സ്കൂളുകള്‍ മിക്സഡാക്കിയിട്ടുണ്ട്. 

മതിയായ അടിസ്ഥാന സൗകര്യമുള്ളതും, സ്കൂള്‍ പി.ടി.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ തിരുമാനം, എന്നിവ സഹിതം സ്കൂള്‍ മിക്സഡാക്കാന്‍ അപേക്ഷിക്കുന്ന സ്കൂളുകളെല്ലാം തന്നെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തി മിക്സഡാക്കും.

 

ജന്‍ഡര്‍ യൂണിഫോം

സംസ്ഥാനത്ത് ജെന്‍റര്‍ ന്യൂട്രാലിറ്റി എന്ന ആശയം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.  

പാഠപുസ്തകങ്ങളുടെ ജെന്‍റര്‍ ഓഡിറ്റിങ്ങ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 

ജെന്‍റര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്കൂളുകളില്‍ സ്കൂള്‍ അധികാരികള്‍ തന്നെ സ്വമേധയാ നടപ്പിലാക്കുകയും പൊതുസമൂഹവും മാധ്യമങ്ങളും അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുമുണ്ട്.  

അത്തരം തീരുമാനം നടപ്പാക്കിയ സ്കൂളുകളില്‍ കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ മറ്റു പരാതികള്‍ ഒന്നും തന്നെ ഇല്ല എന്നാണ് മനസ്സിലാകുന്നത്. 

എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകമായ നിര്‍ബന്ധബുദ്ധി ഇല്ല.  

ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.

പൊതുവെ സ്വീകാര്യമായതും കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം ധരിക്കാവുന്നതുമായ യൂണിഫോം എന്നത് പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്.  


 കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം

സ്കൂള്‍ ക്യാമ്പസിലും ക്ലാസ്സ് റൂമിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്കൂളിലേയ്ക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുത് എന്നും വളരെ നേരത്തെ തന്നെ സര്‍ക്കുലര്‍ നിലവിലുണ്ട്. 

എന്നാല്‍ കോവിഡ് മഹാമാരി കാലഘട്ടത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, അധ്യാപകര്‍ നേരിട്ടു നല്‍കുന്ന വെര്‍ച്വല്‍ ക്ലാസ്സുകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികള്‍ക്ക് അധ്യയനം നടത്തേണ്ടി വന്നു. 

ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം ക്ലാസ്സുകളുടെ വിനിമയത്തിനും അധ്യാപകരുമായുള്ള ആശയവിനിമയത്തിനും ഒഴിവാക്കാനാകാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. 

അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഇത്തരത്തില്‍  പഠന വിനിമയ പ്രക്രിയയുടെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. 

ഒഴിവാക്കാനാകാത്ത ഒരു സാഹചര്യം നിലവിലുണ്ടായിരുന്നു ആയതിനാലാണ് മൊബൈല്‍ ഫോണുകള്‍ ഇത്തരത്തില്‍ കുട്ടികൾ വ്യാപകമായി ഉപയോഗിക്കേണ്ടി വന്നത്.

 പഠന വിനിമയ പ്രക്രിയകള്‍ക്ക് അപ്പുറം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു മൂലം കുട്ടികള്‍ക്ക് അനവധി ആരോഗ്യ പ്രശ്നങ്ങള്‍ വന്നുചേരുന്നതായി സര്‍ക്കാരിന് ബോധ്യമുണ്ട്.  

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല കുട്ടികളില്‍ പെരുമാറ്റ വൈകല്യങ്ങളും സാമൂഹ്യജീവിതത്തില്‍ അനാരോഗ്യകരമായ പ്രവണതകളും വളര്‍ത്തുന്നതില്‍ വളരെയധികം പങ്കു വഹിക്കുന്നുണ്ട്.  

2022-23 അധ്യയനവര്‍ഷം സ്കൂളുകള്‍ ആരംഭിച്ച് കുട്ടികള്‍ നേരിട്ട് സ്കൂളില്‍ വന്ന് പഠനം നടത്തുന്ന സാഹചര്യം നിലവില്‍ വന്നതിനാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പഠനം നടത്തേണ്ടതിന്‍റെ ആവശ്യകത ഒഴിവായതിനാലും സ്കൂള്‍ ക്യാമ്പസിനകത്തും ക്ലാസ്സ് റൂമിനകത്തും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കുകയാണ്.  

അധ്യാപകരും രക്ഷിതാക്കളും ഈ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടതും അനാവശ്യവും അമിതവുമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യ മാനസിക പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് ഇടവരുത്തും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.


സ്കൂള്‍ കുട്ടികളെ ക്ലാസ്സ് സമയത്തു മറ്റു പരിപാടികള്‍ക്ക്  കൊണ്ടുപോകുന്നത്

വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ലോവര്‍ പ്രൈമറി സ്കൂളുകളില്‍ 200 ദിവസവും അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ 220 ദിവസവും അധ്യയനം നടക്കേണ്ടതാണ്.  

ഹൈസ്കൂളുകളിലും 220 ദിവസം അധ്യയനം നടക്കേണ്ടതുണ്ട്. 

എന്നാല്‍ സ്കൂളുകളില്‍ കുട്ടികളുടെ സാധാരണ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികളോ, പൊതു ചടങ്ങുകളോ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്.  

കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍.ജി.ഒ-കള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്. 

സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മേലില്‍ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ല.  

അധ്യാപകരും, പി.റ്റി.എ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. 

പഠനത്തോടൊപ്പം തന്നെ കാലാ-കായിക പ്രവര്‍ത്തി പരിചയ പരിപാടികളിലും പഠനാനുബന്ധ പ്രവര്‍ത്തനമെന്ന നിലയില്‍ കുട്ടികള്‍ പങ്കെടുക്കേണ്ടതാണ്. 

വായനയും അനുബന്ധ പ്രവര്‍ത്തനങ്ങളും കൂടുതലായി സംഘടിപ്പിച്ച് കുട്ടികളെ പഠനത്തിന്‍റെ മാര്‍ഗ്ഗത്തില്‍ നിരന്തരം നിലനിര്‍ത്തുന്നതിന് അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.


ഖാദര്‍ കമ്മിറ്റി

19.11.2017 ലാണ് വിദഗ്ധസമിതിയുടെ ആദ്യയോഗം നടന്നത്.   അന്നുമുതല്‍ തന്നെ പ്രസ്തുത സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചു.  മികവിനായുള്ള സ്കൂള്‍ വിദ്യാഭ്യാസം എന്ന വിദഗ്ധസമിതിയുടെ ഭാഗം ഒന്നില്‍ ചുവടെ ചേര്‍ക്കുന്ന കാര്യങ്ങളിലാണ് ശുപാര്‍ശകള്‍ ഉണ്ടായിട്ടുള്ളത്. 

1. പ്രീ-സ്കൂള്‍

2. സ്കൂള്‍ പ്രവേശന പ്രായം

3. സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഘട്ടങ്ങള്‍

4. ഘടനയും ഭരണ നിര്‍വ്വഹണവും

5. കേരള എഡ്യൂക്കേഷണല്‍ സര്‍വ്വീസ്

6. കായിക വിദ്യാഭ്യാസം 

7. കലാ വിദ്യാഭ്യാസം

8. തൊഴില്‍ വിദ്യാഭ്യാസം

9. റിസോര്‍സ് അധ്യാപകര്‍

10. ലൈബ്രേറിയന്‍

11. നിയന്ത്രണവും മോണിറ്ററിംഗും

12. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സികള്‍

13. അധ്യാപക യോഗ്യത

14. അധ്യാപക പരിശീലനം

ഈ റിപ്പോര്‍ട്ട് 2019 ഫെബ്രുവരി 28 ലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.  

ഇതിന്‍റെ തുടര്‍ച്ചയായി  ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ ഏകോപിപ്പിച്ച് 

ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ (ഡി.ജി.ഇ) എന്ന തസ്തിക 2019 മെയ് 31 ലെ ഉത്തരവ് പ്രകാരം സൃഷ്ടിച്ചു. മേല്‍ പറഞ്ഞ മൂന്ന് ഡയറക്ടറേറ്റുകളും ഡി.ജി.ഇ യുടെ നിയന്ത്രണ പരിധിയില്‍ കൊണ്ടുവരികയും ചെയ്തു. 

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളുടെ സ്ഥാപന മേധാവിയായി ഹയര്‍  സെക്കണ്ടറി പ്രിന്‍സിപ്പാളിനെ നിയോഗിച്ചു.  പ്രസ്തുത സ്കൂളിലെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പാളായി നാമകരണം ചെയ്തു.  ഇതനുസരിച്ച് കെ.ഇ.ആര്‍ -ല്‍ നിയമ/ചട്ട ഭേദഗതിയും വരുത്തിയിട്ടുണ്ട്. ഏകോപിത സെക്കണ്ടറി  സ്കൂളിലെ സ്ഥാപനമേധാവിയായി മാറിയ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളിന്‍റെ തൊഴില്‍ഭാരം ലഘൂകരിക്കുന്നതിനായി അവരുടെ അധ്യയനം 8 പിരീഡ് ആയി നിജപ്പെടുത്തുകയും അധികം പിരീഡുകള്‍ കൈകാര്യം ചെയ്യുന്നതിന് ദിവസ വേതനത്തില്‍ അധ്യാപകരെ നിയോഗിക്കുന്നതിന് ഭരണ അനുമതി നല്‍കുകയും ചെയ്തു.  

ഏകോപനം പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനുള്ള സ്പെഷ്യല്‍ റൂള്‍ അടക്കം വികസിപ്പിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഏകീകരണത്തിനായി ഒരു കോര്‍ കമ്മിറ്റിയെ സി-മാറ്റ് കേരളയുമായി അറ്റാച്ച് ചെയ്ത് രൂപീകരിച്ചു.  വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ രണ്ടാം ഭാഗം സമര്‍പ്പിക്കപ്പെട്ടാല്‍ ഉടനെ ആയതിേല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.


അദ്ധ്യാപക മീറ്റിംഗ് റിവ്യൂ

പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ അദ്ധ്യാപക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തി. 

പ്രസ്തുത യോഗത്തില്‍ പ്രൈമറി, സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി മേഖലകളിലെ വിവിധ തലങ്ങളിലെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. 

വകുപ്പിലെ നിരവധിയായ പ്രശ്നങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്.

എയ്ഡഡ് മേഖലയില്‍ നിയമനം നടക്കാത്തതും, കെ-ടെറ്റ് വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനും, 2022-23 വര്‍ഷ തസ്തിക നിര്‍ണ്ണയം പൂര്‍ത്തീകരിച്ച് പുനര്‍വിന്യാസം നടത്തുന്നത് സംബന്ധിച്ചും, ഒന്നാം പാദവാര്‍ഷീക പരീക്ഷ നടപടികളെകുറിച്ചും, സ്കൂള്‍ മേളകള്‍, സ്കൂള്‍ പി.ടി.എ/എസ്.എം.സി പുന:സംഘടന, ഉച്ചഭക്ഷണ പദ്ധതിയിലെ ഫണ്ടിന്‍റെ പോരായ്മ എന്നിവയെകുറിച്ചും, സ്കൂളുകള്‍ മിക്സഡാക്കുന്നത് സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.

സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതാണ്. 

ഓഫീസുകളിലെ ഫയലുകളുടെ നീക്കം കാര്യക്ഷമമാക്കുന്നതിന് ഫയല്‍ അദാലത്ത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് യോഗത്തില്‍ അറിയിച്ചു. 

തുടര്‍ന്നുള്ള എല്ലാ കാര്യങ്ങളിലും സംഘടനകളുടെ സജീവമായ സഹകരണം ഉണ്ടാകണമെന്നും ഒറ്റകെട്ടായി കുട്ടികളുടെ ഭാവിക്കും, ക്ഷേമത്തിനും, വേണ്ടി പ്രവര്‍ത്തിക്കണമെന്നും അതുവഴി വകുപ്പിന്‍റെ യശ്ശസ്സ്  ഉയര്‍ത്താന്‍ സഹകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment