വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നു




വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യമായി തസ്തിക നിർണയത്തിനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കന്ററി സ്‌കൂളുകളിൽ തസ്തിക നിർണയം നടത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് വിവരശേഖരണം തുടങ്ങി. 

ഹയർ സെക്കന്ററി വിഭാഗമുള്ള ഗവ-എയ്‌ഡഡ് സ്‌കൂളുകളിലാണ് ഇതിനുള്ള നടപടി ആരംഭിച്ചത്. നിലവിൽ അധികമുള്ള അധ്യാപകരെ പുനർവിന്യസിക്കുന്നതിനൊപ്പം പിഎസ്‌സി വഴിയുള്ള പുതിയ നിയമനങ്ങൾ പരമാവധി കുറയ്ക്കുകയുമാണ് ലക്ഷ്യം. 25 വിദ്യാർഥികളിൽ താഴെയുള്ള ബാച്ചുകളിൽ തസ്ത‌ികകൾ ഒഴിവാക്കുമെന്നാണ് സൂചന. സീനിയർ അധ്യാപക സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റവും തസ്തിക നിർണ്ണയത്തിന്റെ അടിസ്ഥാനത്തിലാകും. 

നിലവിൽ 10-ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മാത്രമാണു തസ്‌തിക നിർണയം നടത്തുന്നത്. ഹയർ സെക്കൻഡറിയിൽ എയ്‌ഡഡ് സ്‌കൂളുകളിൽ പുതിയ തസ്‌തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു കണക്കെടുപ്പ്. ഇനി തസ്‌തികകൾ നിലനിർത്തുന്നതിനും ഇതാവും അടിസ്ഥാനം. 

സർക്കാർ സ്കൂ‌ളുകളിലെല്ലാം ബാച്ചുകൾ അനുവദിക്കുന്നതിനൊപ്പവും വിരമിക്കലിനും സ്ഥാനക്കയറ്റത്തിനും അനുസരിച്ചുമാണ് തസ്‌തികകൾ അനുവദിക്കുന്നത്. തസ്‌തിക നിർണയം നടത്തുന്നതോടെ ഇതു മാറി കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും അധ്യാപകരുടെ നിയമനവും പുനർവിന്യാസവും.

ഹയർ സെക്കന്ററി തസ്തിക നിർണ്ണയം അനിവാര്യമെന്ന് മന്ത്രി

ഹയർസെക്കന്ററി തസ്തിക നിർണയം അനിവാര്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. തസ്തിക അനുവദിക്കുന്നതിന് മിനിമം ഏഴ് പിരീഡുകൾ വേണം എന്ന സർക്കാർ ഉത്തരവ് 2017-ൽ നിലവിൽ വന്നിരുന്നു.
എന്നാൽ ഗവൺമെന്റ് സ്‌കൂളുകളിൽ അതിനു മുമ്പ് സൃഷ്ടിച്ച തസ്തികകളെ ഏഴ് പിരീഡ് മിനിമം എന്ന കണക്ക് വെച്ച് പുനർനിർണ്ണയിച്ചിരുന്നില്ല. ആയതിനാൽ പഴയ തസ്തികകൾ ഒഴിവു വന്നപ്പോൾ പി.എസ്.സി. മുഖേന നിയമനം നടന്നിരുന്നു. അങ്ങനെയാണ് ഹയർ സെക്കണ്ടറി ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ ഏഴ് പിരീഡ് ഇല്ലാതെ അധിക നിയമനം നടന്നു എന്ന കണക്ക് ഉണ്ടാകുന്നതും അവരെ സൂപ്പർ ന്യൂമററി ആയി നിലനിർത്താൻ മന്ത്രിസഭ തീരുമാനിച്ചതും. അതിനാൽ മറ്റു വിഷയങ്ങളിലും തസ്തിക പുനർ നിർണ്ണയിക്കാതെ വേക്കൻസികൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി.

1991-ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം ഹയർ സെക്കണ്ടറിയിൽ ഒരു ബാച്ച് നിലനിൽക്കുന്നതിന് ചുരുങ്ങിയത് ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾ വേണം. എന്നാൽ തസ്തിക സൃഷ്ടിച്ച് സ്ഥിര അധ്യാപകർ സർവ്വീസിൽ തുടരുന്ന നിരവധി ബാച്ചുകളിൽ ഇപ്പോൾ വിദ്യാർത്ഥികൾ ഇരുപത്തിയഞ്ചിൽ താഴെയാണ് ഉള്ളത്.

ഇത്തരത്തിലുള്ള ബാച്ചുകൾ 2022-ൽ 105 ആയിരുന്നെങ്കിൽ 2023-ൽ 129 ആണ്. അതിനാൽ അത്തരം ബാച്ചുകളിൽ തസ്തികകൾ പുനർനിർണ്ണയിച്ച് അധ്യാപകരെ പുനർവിന്യസിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

പല വർഷങ്ങളിലായി 38 ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ബാച്ചുകൾ എടുത്തു മാറ്റിയ സ്‌കൂളുകളിൽ തസ്തികകൾ ഇല്ലാതെ ആയിട്ടുമില്ല. അത്തരം സ്‌കൂളുകളിൽ തസ്തികകൾ പുനർനിർണ്ണയിച്ച് ഉത്തരവാകേണ്ടതുണ്ട്.

ഈ മൂന്ന് കാരണങ്ങൾ കൊണ്ടും ഒഴിവുള്ള തസ്തികകളിൽ പരമാവധി പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെനിയമനം ഉറപ്പാക്കാനുമാണ് ഹയർ സെക്കണ്ടറിയിൽ അടിയന്തിരമായി തസ്തിക നിർണ്ണയം നടത്തേണ്ട സാഹചര്യമുണ്ടായിട്ടുള്ളത്. പല ഹയർ സെക്കണ്ടറി അധ്യാപക റാങ്ക് ലിസ്റ്റുകളും അടുത്ത് കാലാവധി അവസാനിക്കുന്നുണ്ട് എന്ന കാര്യവും കണക്കിലെടുത്തിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment