സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റുകളുമായി തൃശ്ശൂർ ജില്ല ജേതാക്കൾ. പാലക്കാടിനെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് തൃശ്ശൂർ സ്വർണ്ണകപ്പ് നേടിയത്. 26 വർഷങ്ങൾക്ക് ശേഷമാണ് തൃശ്ശൂർ കപ്പ് നേടുന്നത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 1003 പോയിന്റുകളുമായി കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1000 പോയിന്റോടെ കോഴിക്കോട് നാലാം സ്ഥാനം നേടി. കലോത്സവത്തിന്റെ സമാപന സമ്മേളനം വൈകിട്ട് 5ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സിനിമ താരങ്ങളായ ടോവിനോ, ആസിഫ് ആലി അടക്കമുള്ളവർ പങ്കെടുത്തു.
തൃശൂരിന്റെ നാലാം കിരീടനേട്ടമാണിത്. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ മുൻപു ജേതാക്കളായത്. അവസാന ദിവസത്തേക്കും ആവേശം നീണ്ട മൽസരത്തിൽ നേരിയ വ്യത്യാസത്തിൽ പോയിന്റ് നില മാറിമറിഞ്ഞുകൊണ്ടിരുന്നതിനാൽ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. മറ്റ് ജില്ലകളുടെ പോയിന്റ് നില – കോഴിക്കോട് – 1000, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817. സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
തൃശൂര്‍ ജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 482 പോയിന്റും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 526 പോയിന്റും നേടി. അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 91 പോയിന്റും സംസ്‌കൃതോത്സവത്തില്‍ 91 പോയിന്റുമാണ് നേടിയത്. പാലക്കാട് എച്ച്എസ് - 481, എച്ച്എസ്എസ്-525, അറബിക്-88, സംസ്‌കൃതം -95 എന്നിങ്ങനെയാണ് പോയിന്റ് നില. കണ്ണൂര്‍ എച്ച്എസ്-479, എച്ച്എസ്എസ്-524, അറബിക് -95, സംസ്‌കൃതം-95 പോയിന്റുകളും നേടി. തൃശൂർ ജില്ല രൂപപ്പെടും മുൻപ് നടന്ന കലോത്സവങ്ങളിൽ 1969, 70 വര്‍ഷങ്ങളില്‍ ഇരിങ്ങാലക്കുട ജേതാക്കളായിരുന്നു.