പാവറട്ടി തിരുനാളിന് പ്രൗഢസമാപ്തി

Unknown
തീര്‍ഥാടകര്‍ക്ക് ആത്മീയചൈതന്യം പകര്‍ന്ന പാവറട്ടി സെന്‍റ് ജോസ്ഫസ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 133-ാം മാധ്യസ്ഥ തിരുനാളിന് പ്രൗഢഗംഭീരമായ പരിസമാപ്തി.

മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ വെള്ളിവര്‍ണ തോരണങ്ങള്‍ മേലാപ്പു ചാര്‍ത്തിയ പ്രദക്ഷിണവീഥിയിലൂടെ വിശുദ്ധന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നടത്തിയ തിരുനാള്‍പ്രദക്ഷിണത്തില്‍ പ്രാര്‍ഥനാവിശുദ്ധിയോടെ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു.

തിരുനാള്‍ പ്രദക്ഷിണം സമാരംഭിക്കുന്പോള്‍ പാവറട്ടിയിലെ സിമന്‍റ്, പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ദേവാലയ സന്നിധിയില്‍ വെടിക്കെട്ട് നടന്നു. ഭക്തിസാന്ദ്രവും ആകര്‍ഷകവുമായ തിരുനാള്‍പ്രദക്ഷിണം പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയിലെത്തി തിരിച്ച് തീര്‍ഥകേന്ദ്രത്തില്‍ സമാപിച്ചതോടെ തിരുനാളിനു സമാപനമായി.പ്രദക്ഷിണവീഥിക്ക് ഇരുവശവും വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥനാമന്ത്രവുമായി ആയിരങ്ങളാണ് ഒത്തുകൂടിയത്.

ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. വില്‍സണ്‍ പിടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോയി കടന്പാട്ട് തിരുനാള്‍സന്ദേശം നല്‍കി. ശനിയാഴ്ച രാവിലെ തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍ നൈവേദ്യപൂജ നടത്തി നേര്‍ച്ചഭക്ഷണം ആശീര്‍വദിച്ചതോടെ ആരംഭിച്ച ഊട്ടുസദ്യ ഞായറാഴ്ച ഉച്ചവരെയും തുടര്‍ന്നു. ഒരുലക്ഷത്തോളം വിശ്വാസികള്‍ വിശുദ്ധന്‍റെ നേര്‍ച്ചസദ്യയില്‍ പങ്കുചേര്‍ന്നു.കമനീയമായി അലങ്കരിച്ച തീര്‍ഥകേന്ദ്രം മുഖമണ്ഡപത്തില്‍ പ്രതിഷ്ഠിച്ച വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ ദര്‍ശിക്കുന്നതിനും അനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും നന്ദി പറയുന്നതിനുമായി ഭക്തജനങ്ങളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. എട്ടാമിടതിരുനാള്‍ പത്തിന് ആഘോഷിക്കും. അന്നു രാവിലെ പത്തിനുള്ള ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്‍ അയ്യങ്കാന വചനസന്ദേശം നല്‍കും.

Post a Comment