ബ്ലോഗിന്റെ ചരിത്രം

ബ്ലോഗിംഗ്‌ - മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവ വഴിയിലൂടെ


ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാകുന്ന വെബ്‌പേജിലൂടെ നിങ്ങള്‍ക്ക്‌ ഏറെ താത്‌പര്യമുള്ള വിഷയത്തില്‍ മൗലികവും സ്വതന്ത്രവുമായ ആശയ പ്രകടനങ്ങള്‍ നടത്തുന്ന മാധ്യമരീതിയാണ്‌ ബ്ലോഗിംഗ്‌. ബ്ലോഗിന്‌ ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കുവയ്‌ക്കാം. പുതിയ പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ പ്രകടനത്തെക്കുറിച്ച്‌ നിങ്ങളുടെ കമന്റാകാം, വായിച്ച കൃതിയുടെ സാഹിത്യാസ്വാദനമാകാം, ഇനി ഭാഷാപഠനത്തിനുള്ള, ശൈലിയെ മനസ്സിലാക്കാനുള്ള ബ്ലോഗാകാം, ഫാഷന്‍ ട്രെന്‍ഡുകളെപറ്റിയാകാം, സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആശയസമ്പുഷ്‌ടതകൊണ്ടും ബ്ലോഗുകള്‍ വ്യവസ്ഥാപിത മാധ്യമ ഘടനയില്‍നിന്നും മാറിനിന്നുകൊണ്ട്‌ ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. ഒപ്പം വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ തന്നെ ലഭിക്കുകയും ചെയ്യും. വെബ്‌ ബ്ലോഗുകള്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ സാധ്യതയുടെ വരവോടെ ശരാശരി വ്യക്തിക്കുപോലും ലോകത്തിന്റെ തന്നെ ചിന്തയെ സ്വാധീനിക്കുന്ന രീതിയില്‍ ഒട്ടും പണചിലവില്ലാതെ മാധ്യമ പ്രവര്‍ത്തനം നടത്താമെന്നത്‌ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യ പകര്‍ന്നു തരുന്ന അനവധി സാധ്യതകളില്‍ ഒന്നുമാത്രമാണ്‌.

രാഷ്‌ട്രീയ-സാമൂഹിക സംഭവങ്ങളെ ഒരു വ്യക്തി എങ്ങനെ നോക്കി കാണുന്നു എന്നത്‌ തന്നെയാണ്‌ ബ്ലോഗിന്റെ ശൈലി. സാധാരണയായി നിങ്ങള്‍ എഴുതുന്ന ലേഖനം അല്ലെങ്കില്‍ കുറിപ്പ്‌ ദിനപത്രത്തിലോ, ആനുകാലികങ്ങളിലോ അച്ചടിമഷി പുരണ്ട്‌ വായനക്കാരനിലേക്കെത്തണമെങ്കില്‍ ഒട്ടേറെ കടമ്പനകളുണ്ട്‌. ലോകത്തിന്റെ ഏത്‌ കോണില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിനും അതിന്റേതായ എഡിറ്റോറിയല്‍ നയമുണ്ടാകും, തത്‌ഫലമായി എഡിറ്ററുടെ അന്തിമ തീരുമാനത്തിന്‌ വിധേയമായി ആകും പ്രസ്‌തുത ലേഖനം വെളിച്ചം കാണുക. പ്രിന്റ്‌/ടെലിവിഷന്‍ മാധ്യമത്തിന്‌ കാണാനാകുന്ന ഒരു സാമൂഹിക രാഷ്‌ട്രീയ സാഹചര്യത്തിനുള്ളില്‍ നിന്നാണ്‌ എഡിറ്റര്‍ രചനകളുടെ തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. ഇത്‌ പ്രത്യക്ഷത്തില്‍ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിലും പരോക്ഷമായി വായനക്കാരുടെ അറിയാനുള്ള സ്വാതന്ത്ര്യത്തിലുമുള്ള അദൃശ്യമായ കടന്നുകയറ്റമാണ്‌. എന്നാല്‍ ആര്‍ക്കും, ആരോടും ചോദിക്കാതെ ഒരു എഡിറ്ററുടെയും ഇടപെടലുകളില്ലാതെ ജനാധിപത്യം നല്‍കുന്ന പൂര്‍ണ സ്വാതന്ത്ര്യം ഉപയോഗിച്ചുതന്നെ, താരതമ്യേന ചിലവുകുറഞ്ഞ രീതിയില്‍ എഴുതി ആശയപ്രകാശനത്തന്റെ പുത്തന്‍വഴി തേടാമെന്നത്‌ ബ്ലോഗിന്റെ മേന്മയാകുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ രൂപീകരണവും തനത്‌ ശൈലികള്‍ വിട്ട്‌ പുതിയ പാതകളിലൂടെ നേടി ബ്ലോഗുകള്‍ പരമ്പരാഗത മാധ്യമത്തിന്‌ വെല്ലുവിളിയാകുന്നു. ബ്ലോഗിന്റെ ശക്തി മനസ്സിലാക്കിയിട്ടാകണം ദി ഗാര്‍ഡിയന്‍, ന്യയോര്‍ക്ക്‌ ടൈംസ്‌ പോലുള്ള മാധ്യമങ്ങള്‍ ബ്ലോഗില്‍ നിന്നുള്ള ശ്രദ്ധേയമായ രചനകള്‍ക്ക്‌ ഇന്ന്‌ വര്‍ധിച്ചതോതില്‍ ഇടം നല്‍കുന്നത്‌. ദിനപത്രത്തിലും ആനുകാലികങ്ങളിലും വായനക്കാരുടെ കത്തുകള്‍ ഇന്ന്‌ മുഖ്യമായ ഇടങ്ങളിലൊന്നാണ്‌.

ബ്ലോഗില്‍ വായനക്കാരുടെ കത്തിനെ കമന്റ്‌സ്‌ എന്നാണ്‌ വിശേഷിപ്പിക്കാറുള്ളത്‌. ഓരോ ലേഖനം/കുറിപ്പിനെയും ബ്ലോഗ്‌ പോസ്റ്റ്‌ എന്നും വിശേഷിപ്പിക്കുന്നു. ബ്ലോഗില്‍ വായനക്കാര്‍ക്ക്‌ കുറിപ്പുകളുടെ തൊട്ടുതാഴെതന്നെ കമന്റ്‌സ്‌ രേഖപ്പെടുത്താം. മലയാളത്തിലെ മിക്ക സജീവമായ ബ്ലോഗുകളിലും ഒരു പോസ്റ്റ്‌ എഴുതായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറിലേറെ കമന്റ്‌സുകള്‍ പോസ്റ്റിന്‌ തൊട്ടുതാഴെ പ്രത്യക്ഷപ്പെടും. ചില അവസരങ്ങളില്‍ പോസ്റ്റിനെക്കാളും വിവരസമ്പുഷ്‌ടവും വിപുലമായ ആശയങ്ങള്‍ കമന്റായി പ്രത്യക്ഷപ്പെടാറുണ്ട്‌. പിന്നീടുള്ള കമന്റുകളും ലേഖനത്തിന്റെ ഗതിയും ഈ കമന്റിനെ ചുറ്റിപറ്റി രൂപപ്പെടുന്നതും അപൂര്‍വ്വമല്ല.

ചുരുക്കത്തില്‍ മുഖ്യ/ആദ്യ പോസ്റ്റിനെയും എഴുത്തുകാരനെയും അപ്രസക്തമാക്കി വായനക്കാരനിലേക്ക്‌ ചര്‍ച്ചയുടെ താക്കോല്‍ നല്‍കുന്നുവെന്ന്‌ പറയാം. എഴുത്തുകാരനും വായനക്കാരനും ഇടയില്‍ ആരുമില്ല, പത്രാധിപര്‍ പുറത്ത്‌. വായനക്കാരന്‌ എഴുത്തുകാരോട്‌ വായനയ്‌ക്ക്‌ ശേഷം നിമിഷങ്ങള്‍ക്കകം ബന്ധപ്പെടാമെന്നത്‌ ഇലക്‌ട്രോണിക്‌ യുഗം നല്‍കിയ വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ അവശ്വസനീയ വേഗത തന്നെയാണ്‌. ബ്ലോഗെഴുത്തുകാര്‍ അനുവദിക്കുന്ന കമന്റുകള്‍ മാത്രമേ അനുവദിക്കപ്പെടുവെങ്കിലും, ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാത്ത കമന്റുകള്‍ സ്വന്തം ബ്ലോഗിലിടാനുള്ള സ്വാതന്ത്യം വായനക്കാര്‍ക്കുണ്ടല്ലോ. ഇത്തരത്തില്‍ പെട്ടെന്നുള്ള പ്രതികരണവുമായി സ്വന്തം ബ്ലോഗ്‌ തുടങ്ങുന്നവര്‍ സജീവമായ ബ്ലോഗെഴുത്തുകാരാകുന്ന സംഭവങ്ങള്‍ ഒട്ടനവധിയാണ്‌. കഥയും കവിതയും ചിത്രങ്ങളും ബ്ലോഗില്‍ പബ്ലിഷ്‌ ചെയ്യുന്ന ചിലര്‍ക്കെങ്കിലും, വായനക്കാരന്റെ ആത്മാര്‍ത്ഥതയുള്ള കമന്റുകള്‍ പിന്നീട്‌ എഴുതാനുള്ള പ്രേരണയും ഊര്‍ജവുമാകുന്നുണ്ട്‌.

ബ്ലോഗിംഗ്‌ സവിശേഷരീതിയില്‍ മാറ്റിയത്‌ ഇലക്‌ട്രോണിക്‌ മാധ്യമരംഗത്തെയാണ്‌. മുഖ്യധാരയിലുള്ള മാധ്യമങ്ങള്‍ 'നിര്‍മിച്ചു' പുറത്തിറക്കുന്ന വാര്‍ത്തകളുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്നുവെന്നതാണ്‌ ബ്ലോഗിംഗിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്‌. ഒരു ചെറു ന്യൂനപക്ഷം രാഷ്‌ട്രീയക്കാര്‍ക്കെങ്കിലും അഴിമതിയുടെയും അവിഹിത ഇടപാടുകളുടെയും ഒരു മറുവശം കൂടി ഉണ്ടെന്ന്‌ വസ്‌തുതകളുടെയും അനുഭവത്തിന്റെയും പിന്‍ബലത്തോടെ അറിയാവുന്ന ഒട്ടേറെ പേരുണ്ടാകാം. ഇങ്ങനെ യഥാര്‍ത്ഥവസ്‌തുതകളറിയാവുന്നവരില്‍ സാമ്പ്രദായിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടാകാം, ഉദ്യോഗസ്ഥരുണ്ടാകാം, പൊതുജനമുണ്ടാകാം. ജനാധിപത്യം നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു എന്ന്‌ പറയുമ്പോഴും ഇത്തരത്തില്‍ പല കഥകളും പുറത്തുവരാറില്ല. ഒളിക്യാമറകള്‍ ദൃശ്യമാധ്യമത്തിന്റെയും അവിഹിത രാഷ്‌ട്രീയ സാമൂഹിക ഇടപാടുകളുടെയും നേര്‍ക്കുയര്‍ത്തിയ വെല്ലുവിളിയെക്കാളും ഉറക്കെയാണ്‌ പതുക്കെ പതുക്കെ ബ്ലോഗുകള്‍ നീങ്ങുന്നത്‌. ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്നാണ്‌ മതതീവ്രവാദികള്‍പോലും കലാപങ്ങളുയര്‍ത്തുന്നതെന്നോര്‍ക്കണം. ഇവിടെ ഇതേ ജനാധിപത്യം കല്‌പിച്ചുനല്‍കിയ മാധ്യമ സ്വാതന്ത്ര്യത്തിന്റെ നാലതിരുകളും വിട്ട്‌ ആശയപ്രകാശനവും വെളിപ്പെടുത്തലുകളും തുറന്നെഴുത്തുകളും വളരുകയാണ്‌. അദൃശ്യനായിരുന്ന്‌ പുറത്താരും തിരിച്ചറിയാന്‍ സാധിക്കാത്ത പേരും ഐഡന്റിറ്റിയും ഉപയോഗിച്ച്‌ എഴുതാന്‍ സാധിക്കുമെന്നത്‌ തന്നെയാണ്‌ ബ്ലോഗ്‌ ജനാധിപത്യത്തിന്റെ കാതല്‍.

നിര്‍ണായകമായ സാമൂഹിക രാഷ്‌ട്രീയ ചലനങ്ങള്‍ക്ക്‌ ശേഷം സ്വന്തം അസ്‌തിത്വം വെളിപ്പെടുത്തി പൊതുജനമധ്യത്തിലേക്ക്‌ വന്ന ബ്ലോഗെഴുത്തുകാരെ പാശ്ചാത്യ ലോകത്തുനിന്ന്‌ കണ്ടെത്താന്‍ കഴിയും.പൊതുമാധ്യ രംഗത്തെ ചര്‍ച്ചാവിഷയങ്ങള്‍, എക്‌സിക്ല്യൂസീവുകള്‍ എന്നിവയെല്ലാം മിക്കവാറും മാധ്യമമുടമയോ മുതിര്‍ന്ന പത്രപ്രവര്‍ത്തകരോ തീരുമാനിക്കുന്നവയോ നയിക്കുന്നവയോ ആണ്‌. ചര്‍ച്ചയുടെ പോക്കും പരിസമാപ്‌തിയുമൊക്കെ ഒരു നാടകം പോലെ കുറഞ്ഞപക്ഷം ചില വായനക്കാര്‍ക്കെങ്കിലും തോന്നുന്നത്‌ സ്വാഭാവികം. ഒരു പക്ഷേ മാധ്യമത്തിന്റെ ഈ ബലഹീനത തന്നെയാണ്‌ ബ്ലോഗിന്റെ ശക്തിയും. ഇന്ന്‌ ടെലിവിഷനില്‍ ലൈവ്‌ ടെലകാസ്റ്റിംഗ്‌ മുഖ്യസംഭവമാണല്ലോ. ഇതിന്‌ സമാന്തരമായി വയര്‍ലെസ്‌ ഇന്റര്‍നെറ്റ്‌ കണക്‌ഷനോടുകൂടി ലാപ്‌ടോപ്പുമായി സംഭവസ്ഥലത്തുനിന്ന്‌ തന്നെ തത്സമയ ബ്ലോഗിംഗ്‌ നടത്തുന്നവരുണ്ട്‌. അതായത്‌ അച്ചടി മാധ്യമത്തിന്‌ മാത്രമല്ല ഇലക്‌ട്രോണിക്‌ വാര്‍ത്താചാനലുകള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും ബ്ലോഗ്‌ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്‌.

ബ്ലോഗിംഗിന്റെ ചരിത്രത്തിലെ നിര്‍ണായകമായ മാറ്റവും കരുത്തും കാട്ടിയത്‌ കഴിഞ്ഞ ബാഗ്‌ദാദ്‌ യുദ്ധക്കാലത്തായിരുന്നു. അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യസേനയുടെ ഇറാഖ്‌ അധിനിവേശത്തെ സാമ്പ്രദായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്ന ശൈലിയെ അട്ടിമറിക്കുകയും മാധ്യമപ്രവര്‍ത്തനത്തിന്റെ നിലവിലുള്ള ശൈലിയെ വെല്ലുവിളിക്കുന്ന രീതിയിലേക്ക്‌ ബ്ലോഗുകള്‍ ശക്തിയാര്‍ജിക്കപ്പെട്ട സമയമായിരുന്നു ഇത്‌. അമേരിക്കന്‍ താത്‌പര്യങ്ങളെ ഹനിക്കാത്ത രീതിയില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങളാണ്‌ പത്ര-ദൃശ്യ-വെബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്‌. ഇറാഖില്‍ നിന്ന്‌ ആരുടെയും സഹായമില്ലാതെ സലാംപാക്‌സ്‌ എന്ന ആര്‍ക്കിടെക്‌ട്‌ പുറത്തുവിട്ട വിവരങ്ങള്‍ വസ്‌തുതകളുടെ യഥാര്‍ത്ഥ ചിത്രമായിരുന്നു. സലാം പാക്‌സ്‌ എന്ന വ്യക്തിയുടെ ബ്ലോഗ്‌ കുറിപ്പുകള്‍ അമേരിക്കന്‍ സേനയുടെ യഥാര്‍ത്ഥ മുഖം പുറംലോകത്തിന്‌ കാട്ടിക്കൊടുത്തു അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും പുറത്തെത്തിച്ചത്‌ പരിമിതമോ, നിര്‍മിച്ചതോ ആയ വാര്‍ത്ത ഉല്‍പന്നങ്ങളാണെന്ന്‌ ലോകം സലാംപപാക്‌സിന്റെWhere is Read' എന്ന ബ്ലോഗിലൂടെ മനസ്സിലാക്കി.

ഇന്റര്‍നെറ്റ്‌ ബന്ധം അവസാനിക്കുന്നതുവരെ ബാഗ്‌ദാദില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നും ബ്ലോഗിലൂടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറംലോകത്തെത്തിക്കൊണ്ടിരുന്നു. അപകടം മനസ്സിലാക്കിയ മാധ്യമങ്ങള്‍ വിവരശേഖരണത്തിനായി സലാംപാക്‌സിന്റെ റിപ്പോര്‍ട്ടുകളെ ആശ്രയിക്കാന്‍തുടങ്ങി. എന്തിന്‌ വന്‍കിട മാധ്യമങ്ങള്‍പോലും സലാം പാക്‌സിന്റെ ബ്ലോഗിനെ ആശ്രയിക്കാന്‍ തുടങ്ങി. അത്രയ്‌ക്ക്‌ ശക്തിയുണ്ട്‌, ബ്ലോഗ്‌ എന്ന നവമാധ്യമത്തിന്‌. ഈ ബ്ലോഗിലെ വിവരങ്ങള്‍ ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ നല്‌കാന്‍ തുടങ്ങിയതോടെ, മാധ്യമലോകത്ത്‌ ബ്ലോഗിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. പിന്നീട്‌ ദി ബാഗ്‌ദാഗ്‌ ബ്ലോഗ്‌ എന്ന പേരില്‍ സലാംപാക്‌സ്‌ പുസ്‌തകമായി കുറിപ്പുകളെ വായനക്കാരുടെ മുന്നിലെത്തിച്ചു.
I was woken up by an explosion today, opened my eyes and looked at my watch, it was 20 past eight. Went back to sleep wondering if this is going to be big enough to make the news, there are too many of them to mention the whole lot. And around 11pm there was another explosion, very close. You look at your watch, and think oh dear. Two days ago I spent the night at my apartment instead of staying over at my parent's. I don't go there too often anymore; it is too close to the "green zone". Too much gunfire at night. By now almost every Iraqi can tell the difference between a Kalashnikov (what the so-called resistance is likely to carry) and the sound of the machine guns US troops have. The constant reminders that it is not over yet.
Posted by salam at Saturday, February 07, 2004? 3:15 AM

സെപ്‌തംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ടും ഒട്ടനവധി ബ്ലോഗുകള്‍ സൃഷ്‌ടിക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഇത്തരം അവിചാരിത സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ലഭിക്കാന്‍ പരിമിതിയുണ്ടല്ലോ. എന്നാല്‍ മെബൈല്‍ കാമറകളും ഡിജിറ്റല്‍ ക്യാമറകളും വ്യാപകമായ ഇക്കാലത്ത്‌ ഞൊടിയിടയില്‍ തത്സമയ വിവരങ്ങള്‍ സ്വന്തം ബ്ലോഗിലൂടെ വായനക്കാരിലേക്കെത്തിക്കാന്‍ സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ക്ക്‌ കഴിയുന്നുണ്ട്‌. വ്‌ക്യതിപരമായ കാഴ്‌ചപ്പാടുകള്‍ ബ്ലോഗിന്റെ ഒരു ന്യൂനതയായി കാണാമെങ്കിലും വസ്‌തുതകളുടെയും വിവരങ്ങളുടെയും ധാരാളിത്തം ഇവയെ വിശ്വസനീയ വാര്‍ത്താ സ്രോതസ്സുകളാക്കുന്നു. വേള്‍ഡ്‌ട്രേഡ്‌ സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന്‌ അമേരിക്ക പ്രഖ്യാപിച്ച ഭീകരതയ്‌ക്കെതിരെയുള്ള വിശുദ്ധയുദ്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരക്കണക്കിന്‌ ബ്ലോഗുകളാണ്‌ നിര്‍മ്മിക്കപ്പെട്ടത്‌. അമേരിക്കന്‍ തിരഞ്ഞെടുപ്പ്‌ സമയത്തും സ്ഥാനാര്‍ത്ഥികളും അവരുടെ അനുഭാവികളും ബ്ലോഗിലൂടെയുള്ള ആശയപ്രചരണത്തെ ഏറെ ആശ്രയിക്കുന്നു. വോട്ടര്‍മാരുടെ തത്സമയ പ്രതികരണം ലഭിക്കുമെന്നത്‌ ബ്ലോഗിന്റെ മേന്മയാണ്‌. ഈ കമന്റുകള്‍ പലപ്പോഴും തുടര്‍ന്നുള്ള പ്രചരണത്തെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുന്നു.

പ്രകൃതി ദുരന്ത വേളയിലും അത്യാഹിത ഘട്ടങ്ങളിലും ബ്ലോഗ്‌ സഹായഹസ്‌തവുമായെത്താറുണ്ട്‌. സെപ്‌തംബര്‍ 11 ആക്രമണ വേളയില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും വിശദമായ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ബ്ലോഗുകള്‍ പുറത്തുവിട്ടുകൊണ്ടിരുന്നു. മുംബൈ പ്രളയ സമയത്തും ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും സുനാമി ആക്രമണമുണ്ടായപ്പോഴും ബ്ലോഗുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഹെല്‍പ്‌ ഡെസ്‌ക്കുകളായി. ദുരന്ത സ്ഥലത്തു നിന്ന്‌ മെൈബല്‍ എസ്‌.എം.എസ്‌ ആയി ശേഖരിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ബ്ലോഗിലേക്കെത്തിക്കൊണ്ടിരുന്നു.

ഡയറിയെഴുത്തിന്റെ ഡിജിറ്റല്‍ വകഭേദമാണ്‌ ബ്ലോഗെഴുത്ത്‌ എന്ന്‌ പറയാം. കാലത്തിന്റെയും സമൂഹത്തിന്റെയും വിഷമവൃത്തത്തില്‍ നിന്ന്‌ കടക്കാന്‍ സാധിക്കാത്ത ചിലരും, എഴുത്തിനെ സ്വകാര്യമായി സൂക്ഷിക്കാനിഷ്‌ടപ്പെട്ടവരും, ഡയറിയുടെ താളുകളില്‍ ആത്മാംശമുള്ള കുറിപ്പുകള്‍ക്ക്‌ ഇടംനല്‍കിയിരുന്നല്ലോ. ഇന്റര്‍നെറ്റിന്റെ വരവോട്‌കൂടി ആത്മ പ്രകാശനത്തിന്റെ സാധ്യതകളാണ്‌ ഇക്കൂട്ടര്‍ക്ക്‌ തുറന്നുകിട്ടിയത്‌. ലിറ്റില്‍ മാഗസിനുകളും കൈയ്യെഴുത്തു മാഗസിനുകളും സമാനമായ പ്രവര്‍ത്തനം തന്നെയായിരുന്നുവെന്ന്‌ പറയാം. കൂടുതല്‍ പേരിലെക്കെത്തിക്കാനുള്ള അധ്വാനവും അധികചിലവുമാകണം ലിറ്റില്‍ മാഗസിനുകളെയും കൈയ്യെഴുത്തു മാഗസിനുകളെയും ഉള്ളടക്ക മികവുണ്ടായിരുന്നിട്ടുകൂടി അപ്രസക്തമാക്കി തീര്‍ത്തത്‌. തടവറയില്‍ നിന്ന്‌ ആന്‍ഫ്രാങ്ക്‌ എന്ന പെണ്‍കുട്ടി എഴുതിയ കുറിപ്പുകള്‍ ഇന്ന്‌ പ്രതീക്ഷിക്കുന്നത്‌ അര്‍ത്ഥശൂന്യതയായേക്കാം. ഇറാക്കിലെയും പാലസ്‌തീനിലെയും ചെറുപ്പക്കാര്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ ചിത്രം വിവരിക്കുന്നത്‌ ബ്ലോഗിന്റെ വിശാലമായ സവേദനതലത്തിലൂടെയാണ്‌. സംവേദനത്തിന്റെ തലം എത്രചെറുതായിരുന്നാലും പ്രസക്തമാണെന്ന്‌ കാലം ബ്ലോഗില്‍കൂടി ആവര്‍ത്തിച്ച്‌ തെളിയിക്കുന്നു.

ബ്ലോഗിന്റെ ചരിത്രം

വ്യക്തികള്‍ തങ്ങളുടെ സ്വകാര്യജീവിതത്തെയും പുറംലോക കാഴ്‌ചകളേയും രേഖപ്പെടുത്താനുപയോഗിച്ചിരുന്ന ഓണ്‍ ലൈന്‍ ഡയറികളുടെ വകഭേദമാണ്‌ ബ്ലോഗുകള്‍. ഇന്റര്‍നെറ്റ്‌ നിലവില്‍ വരുന്നതിനും മുന്‍പ്‌ തന്നെ ഹാംറേഡിയോ പോലുള്ള അമച്വര്‍ കമ്യൂണിറ്റികള്‍ നിലനിന്നിരുന്നു. പരിമിതമായ തോതില്‍ ഉപയോഗ്‌താക്കള്‍ക്കിടയില്‍ ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയ്‌ക്ക്‌ സാധിച്ചിരുന്നു. 1994 ല്‍ സാര്‍ത്‌മോര്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ഹാള്‍ നീണ്ട പതിനൊന്ന്‌ വര്‍ഷം നടത്തിയ വ്യക്തിപരമായ ആശയവിനിമയമാണ്‌ ഇന്ന്‌ കാണുന്ന ബ്ലോഗിങ്ങിന്റെ തുടക്കമെന്ന്‌ കരുതപ്പെടുന്നു. 1997 ല്‍ ജോണ്‍ബാര്‍ഗര്‍ ആണ്‌ വെബ്‌ലോഗ്‌ (Web log) എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌. 1999 ല്‍ പീറ്റര്‍ മെര്‍ഹോള്‍സ്‌ ഈ വാക്കിനെ സമര്‍ത്ഥമായി (We blog) പിരിച്ചെടുത്ത്‌ ബ്ലോഗ്‌ എന്ന പദം സൃഷ്‌ടിച്ചു. പിന്നീടിങ്ങോട്ട്‌ ബ്ലോഗ്‌ മാധ്യമ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമായി. 2001 ആയപ്പോഴേക്കും തിരിച്ചറിയാതെ പോകുന്ന വാര്‍ത്തയുടെ ശക്തമായ ഉറവിടമായി ബ്ലോഗുകള്‍ മാറുകയും, ബ്ലോഗ്‌ വിവരങ്ങള്‍ സാമ്പ്രദായിക മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനും തുടങ്ങി. ജനുവരി 10, 2005 ന്‌ ഇറങ്ങിയ ഫോര്‍ച്യൂണ്‍ മാസിക ബിസിനസ്‌ സംരംഭകര്‍ക്ക്‌ ഒഴിവാക്കാനാകാത്ത എട്ട്‌ ബ്ലോഗ്‌ എഴുത്തുകാരെ ലിസ്റ്റ്‌ ചെയ്‌തു.

തുടര്‍ന്ന്‌ ടൈം മാഗസിന്‍ പോയ വര്‍ഷത്തെ ശ്രദ്ധേയമായ വ്യക്തിയെ തിരഞ്ഞെടുത്തത്‌ 'You' എന്നായിരുന്നു. വിക്കിപീഡിയയും ബ്ലോഗുമൊക്കെ തുറന്നുതരുന്ന സ്വാതന്ത്ര്യം ഗുണപരമായി ഉപയോഗിക്കുന്ന നിങ്ങളെന്ന വായനക്കാരന്‍ തന്നെയാണ്‌ ആ വര്‍ഷത്തെ ശ്രദ്ധേയ വ്യക്തിത്വം എന്ന്‌ പ്രഖ്യാപിക്കാന്‍ മാഗസിന്‌ ഒരു മടിയുണ്ടായില്ല. ഈ വര്‍ഷം (2007) ല്‍ Tim O'Reilly ബ്ലോഗര്‍ മാര്‍ക്കായുള്ള പെരുമാറ്റ സംഹിത (Code of Conduct) മുന്നോട്ട്‌ വയ്‌ക്കുന്നതു വരെയെത്തി നില്‍ക്കുന്നു ബ്ലോഗിന്റെ നാള്‍വഴി.പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട ബ്ലോഗിന്റെ വ്യൂഹത്തെ ബ്ലോഗോസ്‌ഫിയര്‍ (Blogoshere) എന്നും വിളിക്കുന്നു. മലയാളത്തില്‍ ബൂലോകം എന്ന പേരും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ബ്ലോഗിങ്‌ നടത്തുന്നവരെ ബ്ലോഗര്‍മാര്‍ എന്നാണ്‌ വിളിക്കുന്നത്‌. ബ്ലോഗര്‍മാര്‍ തങ്ങള്‍ക്ക്‌ രസകരമെന്ന്‌ തോന്നുന്ന മറ്റ്‌ ബ്ലോഗര്‍മാരുടെ പേജിലേക്കുള്ള ലിങ്ക്‌ കൂടി തങ്ങളുടെ ബ്ലോഗ്‌ പേജില്‍ ഉള്‍പ്പെടുത്താറുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു ബ്ലോഗറില്‍നിന്നും അടുത്ത ബ്ലോഗറിലേക്കുള്ള യാത്ര സാധ്യവുമാണ്‌.

പണമുണ്ടാക്കാനും ബ്ലോഗ്‌

സ്വതന്ത്രമായ ആശയത്തിന്‌ വേദിയൊരുക്കുമ്പോഴും ബ്ലോഗ്‌ നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എഴുത്ത്‌ തൊഴിലാക്കിയവര്‍ക്ക്‌ പണം പ്രതിഫലമായി വേണം എന്നതാണ്‌. ബ്ലോഗെഴുത്തുകാര്‍ എങ്ങനെ പണമുണ്ടാക്കും എന്നതിന്‌ ഇപ്പോള്‍ പരിമിതികളുണ്ടെങ്കിലും ശോഭനമായ സാദ്ധ്യതയാണ്‌ മുന്നില്‍ കാണുന്നത്‌. അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും സാമ്പത്തികമായ നിലനില്‌പിന്‌ പരസ്യദാതാക്കളെയാണല്ലോ നിലവില്‍ ആശ്രയിക്കുന്നത്‌. ബ്ലോഗ്‌ എഴുത്തുകാര്‍ക്കും ഇതേ സൗകര്യം പ്രയോജനപ്പെടുത്താം, പക്ഷേ ഒരു വ്യത്യാസം മാത്രം, പരസ്യവും തേടി സ്ഥാപനങ്ങളിലേക്ക്‌ ചെന്ന്‌ അലയേണ്ടതില്ല. ഗൂഗ്‌ളിന്റെ ആഡ്‌ സെന്‍സ്‌ എന്ന സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ നിങ്ങളുടെ ബ്ലോഗിലേക്ക്‌ പരസ്യമെത്തിക്കുന്ന ജോലി ഗൂഗ്‌ള്‍ നോക്കിക്കോളും. ഇനി എന്തുതരം പരസ്യമാണ്‌ വരുന്നതെന്ന്‌ നോക്കാം. ബ്ലോഗിന്റെ ഉള്ളടക്കത്തിലെ വിവരങ്ങള്‍, സൂചകങ്ങള്‍ എന്നിവ കംപ്യൂട്ടര്‍ ശൃംഖലവഴി തന്നെ പരിശോധിച്ച്‌ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഗൂഗ്‌ള്‍ ആഡ്‌സെന്‍സ്‌ നല്‍കി കൊണ്ടിരിക്കും.ഉള്ളടക്കത്തിനു അനുസൃതമായ പരസ്യങ്ങള്‍ ലഭിക്കുന്നതിനെ Contextual പരസ്യങ്ങള്‍ (സാന്ദര്‍ഭിക പരസ്യങ്ങള്‍) എന്നാണ്‌ വിളിക്കുന്നത്‌. ചിത്രങ്ങളും ആനിമേഷനും അടങ്ങിയ ബാനര്‍ പരസ്യം വേണോ വാചകങ്ങള്‍ മാത്രം അടങ്ങിയ അറിയിപ്പ്‌ ശൈലിയിലുള്ള പരസ്യം വേണോ എന്ന്‌ ബ്ലോഗ്‌ ഉടമയ്‌ക്ക്‌ തീരുമാനിക്കാം. വായനക്കാരന്‍ ബ്ലോഗിലേക്കെത്തുമ്പോള്‍ ഈ പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്യുകയാണെങ്കില്‍ പ്രസ്‌തുത സ്ഥാപനത്തില്‍ നിന്ന്‌ ഗൂഗ്‌ളിന്‌ ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ബ്ലോഗുടമയുമായി പങ്കുവെയ്‌ക്കുന്നതാണ്‌ രീതി. യാത്രാവിവരണവുമായി ബന്ധപ്പെട്ട ബ്ലോഗ്‌ വായിക്കുമ്പോള്‍ ഡിസ്‌കൗണ്ടോടുകൂടിയ വിമാനടിക്കറ്റ്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള വിമാന കമ്പനിയുടെ പരസ്യം ഒരേസമയം യാത്രാക്കാരനും പ്രസ്‌തുത സ്ഥാപനത്തിനും നേട്ടമാകുന്നു. ടാര്‍ജറ്റഡ്‌ ആഡിയന്‍സിനെ കംപ്യൂട്ടര്‍ വഴി കണ്ടെത്തുന്നുവെന്നതാണ്‌ ഈ തന്ത്രം.

വെറുമൊരു ബ്ലോഗുണ്ടാക്കി ഗൂഗ്‌ള്‍ ആഡ്‌സെന്‍സ്‌ സേവനവും തേടി നിര്‍ജീവമായി ഇരുന്നാല്‍ ഇതുകൊണ്ടുള്ള പ്രയോജനമുണ്ടാകില്ല. നൂതനമായ എഴുത്തുകളിലൂടെയും സജീവമായ ഇടപെടലുകളിലൂടെയും ഒട്ടനവധി വായനക്കാരെ ദിനംപ്രതി ബ്ലോഗ്‌ സൈറ്റ്‌ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ഉള്ളടക്ക നവീകരണം നടത്തിയാല്‍ മാത്രമേ സാമ്പത്തിക ലാഭം എന്ന തലത്തിലേക്ക്‌ ബ്ലോഗുകള്‍ എത്തുകയുളളൂ.ബ്ലോഗ്‌ നിരീക്ഷകരായ ഒട്ടേറെ സൈറ്റുകള്‍ ഇന്ന്‌ നിലവിലുണ്ട്‌. ഇത്‌ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച്‌ ഏത്‌ തരം മേഖലയിലെ എഴുത്തിനാണ്‌ കൂടുതല്‍ വായനക്കാരുള്ളതെന്ന്‌ മനസ്സിലാക്കിയ ശേഷം എഴുതി തുടങ്ങിയാല്‍ ഏറെ നേട്ടമുണ്ടാക്കാനാകും. എഴുത്തിനൊപ്പം ചിത്രങ്ങളും വീഡിയോയുമൊക്കെ നല്‍കി ബ്ലോഗിന്റെ പരിധി കൂടുതല്‍ വിശാലമാക്കാനും സാധിക്കും.

ഇതിലുപരിയായി ഏതെങ്കിലും ഉല്‍പന്നത്തിന്റെയോ, സേവനത്തിന്റെയോ പരസ്യം നിലവിലുള്ള മാതൃകയില്‍ സ്വീകരിച്ച്‌ സാമ്പത്തിക ലാഭം നേടുകയും ചെയ്യാം. സിനിമാ നിരൂപണത്തെ സംബന്ധിച്ച ബ്ലോഗില്‍ കുറച്ചുകാലത്തിനകം സിനിമാ പരസ്യം എത്തി തുടങ്ങും. ഇന്റര്‍നെറ്റ്‌ ഇപ്പോള്‍ തന്നെ അല്ലെങ്കില്‍ ഉടനെ സൗജന്യമാണ്‌. എല്ലാ മലയാളികളിലേക്കും ഇതെത്താന്‍ എത്രസമയമെടുക്കും എന്നതാണ്‌ ചോദ്യം. ടെലഫോണ്‍ 50 വര്‍ഷം കൊണ്ട്‌ നേടിയ വരിക്കാളേക്കാളും അധികം വരിക്കാര്‍ കേവലം അഞ്ച്‌ വര്‍ഷം കൊണ്ട്‌ ഇന്റര്‍നെറ്റിനുണ്ടായി എന്നോര്‍ക്കുക. മാത്രമല്ല, കേബിള്‍ ടി.വി. ശൃംഖലയും ഇന്റര്‍നെറ്റിനായി ഇന്ന്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഒരു കാര്യം ഉറപ്പാണ്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദിനപത്രങ്ങളുടെ പ്രചാരത്തിനൊപ്പം അവ യുടെ ഓണ്‍ലൈന്‍ പതിപ്പുകളുടെ പ്രചാരം എത്തും. അപ്പോഴേക്കും ആനുകാലികങ്ങളുടെ അച്ചടി പതിപ്പിനേക്കാള്‍ എത്രയോ അധികം വരിക്കാര്‍ ഇന്റര്‍നെറ്റ്‌ മാസികകള്‍ക്കും ബ്ലോഗിനും ഉണ്ടാകും.

ഭാവിയില്‍ ഉല്‍പന്നത്തിന്റെയോ സേവനത്തിന്റെയോ റിവ്യൂ എഴുതുന്ന ബ്ലോഗര്‍മാരുടെ സേവനം വാണിജ്യ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ഉണ്ട്‌. ഇപ്പോള്‍ മലയാളത്തിലടക്കം ഐ.ടി., ഓട്ടോമൊബൈല്‍, പാചകം, ഫാഷന്‍, വീട്‌ തുടങ്ങിയ സ്‌പെഷ്യലൈസേഷനുകള്‍ മാഗസിനുകള്‍ക്ക്‌ തന്നെ സംഭവിച്ചുകഴിഞ്ഞു. ഇവയ്‌ക്കൊക്കെ വര്‍ദ്ധിച്ച തോതില്‍ വായനക്കാരുണ്ട്‌ എന്നതും ഈ വായനക്കാരില്‍ ഏറിയ പങ്കും ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നതും ബ്ലോഗ്‌ സമീപഭാവിയില്‍ സൃഷ്‌ടിച്ചേക്കാനിടയുള്ള വിപ്ലവകരമായ മാറ്റത്തെ സൂചിപ്പിക്കുന്നു.

ഗൂഗ്‌ളിന്റെ സാന്ദര്‍ഭിക പരസ്യവിഭാഗമായ ആഡ്‌ സെന്‍സിന്‌ സമാനമായ സൗകര്യങ്ങള്‍ നല്‌കുന്ന രീതിയില്‍ കേരളത്തിലെ പരസ്യ കമ്പനികളും മാറുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ തന്നെ കേരളത്തിലെ മിക്ക വാണിജ്യസ്ഥാപനങ്ങളും ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ പരസ്യം നല്‍കുന്നുണ്ട്‌.

ഇത്തരം നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ ബ്ലോഗിന്റെ രീതിയില്‍ എഴുതുന്ന ഒരുപറ്റം എഴുത്തുകാരെ മാധ്യമസ്ഥാപനങ്ങള്‍ റിക്രൂട്ട്‌ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇന്ററാക്‌ടീവ്‌ ആയ ഭാഷയില്‍ ആകര്‍ഷകമായ ശൈലിയില്‍ എഴുതാന്‍ സാധിക്കുന്നവര്‍ക്ക്‌ ബ്ലോഗിംഗ്‌ മേഖലയില്‍ തിളങ്ങാനാകും. സ്വന്തം വീട്ടിന്റെ അല്ലെങ്കില്‍ ഓഫീസ്‌ ഇടവേളകളില്‍ കിട്ടുന്ന സമയം പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന അധികം വരുമാനം സ്വീകരിക്കുന്ന ശൈലി പാശ്ചാത്യനാടുകളില്‍ വളര്‍ന്നു കഴിഞ്ഞു.

ബ്ലോഗിംഗും മലയാളിയും

മാറ്റങ്ങളെ അതിവേഗം സ്വാംശീകരിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ മലയാളികളും ബൂലോകത്ത്‌ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഏകീകൃതമായ യൂണികോഡ്‌ അക്ഷരശൈലി (ഫോണ്ട്‌)യുടെ വരവോടെയാണ്‌ മലയാളം ബ്ലോഗുകള്‍ പ്രചുരപ്രചാരത്തിലേക്കെത്തിയത്‌. വ്യവസ്ഥാപിത മാധ്യമങ്ങള്‍ മാത്രമായിരുന്നെങ്കില്‍ എഴുത്തിന്റെ ലോകത്തേക്ക്‌ എത്താന്‍ ഒരു സാധ്യതയുമില്ലാത്ത, അല്ലെങ്കില്‍ എഴുത്തുകാരനാകാനാഗ്രഹിച്ച്‌ മറ്റ്‌ തൊഴിലുകളിലേക്ക്‌ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം എത്തിയ മലയാളികള്‍ ഡിജിറ്റല്‍ മലയാളത്തെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്‌. തൊഴിലിനായി ഗള്‍ഫ്‌ നാടിലേക്ക്‌ ചേക്കേറിയവരും, ഐ.ടി അനുബന്ധ തൊഴിലുകളുമായി ലോകത്തിന്റെ പല കോണുകളിലിരിക്കുന്നവരും ഇപ്പോള്‍ ബ്ലോഗ്‌ സാഹിത്യത്തിന്റെ വക്താക്കളാണ്‌. പ്രവാസികള്‍ മാത്രമല്ല, കേരളത്തിലെ പത്രപ്രവര്‍ത്തകരും, ഗവേഷകരും, കര്‍ഷകരും വിദ്യാര്‍ത്ഥികളുമെല്ലാം സജീവമായി എഴുത്തിന്റെ ഒരു സമാന്തര ലോകം തന്നെ സൃഷ്‌ടിച്ചെടുത്തു. സജീവമായി ബ്ലോഗില്‍ മാത്രം എഴുതുന്ന നൂറോളം മലയാളികള്‍ നിലവിലുണ്ട്‌. ഈ സംഖ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌.

രാഷ്‌ട്രീയം, സാംസ്‌കാരികം, കാര്‍ട്ടൂണ്‍, പാചകം, യാത്രാവിവരണം, സിനിമ-പുസ്‌തക നിരൂപണം, നേരമ്പോക്ക്‌...... എന്നിങ്ങനെ വിഷയ വൈവിധ്യം കൊണ്ട്‌ മികച്ചതാണ്‌ മലയാളം ബ്ലോഗ്‌ സാഹിത്യം.

മലയാളം പോലെയുള്ള ചെറിയ ഭാഷയില്‍ ബ്ലോഗ്‌ ചെയ്യുന്നതിന്റെ പ്രധാനനേട്ടം സാഹിത്യത്തിലുപരിയായി ലോകത്തിന്റെ പലഭാഗങ്ങളിലേക്ക്‌ ചേക്കേറിയ മലയാളികളെ ഭാഷയുടെ നൂലിലൂടെ ബന്ധിപ്പിച്ച്‌ നിര്‍ത്താമെന്നതാണ്‌ ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവകാലത്ത്‌ ഇംഗ്ലീഷ്‌ ഭാവിയില്‍ മേല്‍കൈ സൃഷ്‌ടിച്ചേക്കുമെന്ന്‌ ഭയപ്പെട്ടിരുന്നു.. ഗ്ലോബലൈസേഷന്റെ ഇക്കാലത്ത്‌ ചെറുഭാഷകളിലെ ഇത്തരം നിലനില്‌പ്‌ പ്രാദേശികമായ ചേരുവയോട്‌ കൂടിയ ഗ്ലോക്കലൈസേഷന്‍ (Global + local = Glocalisation) തന്നെയാണെന്നതാണ്‌ സത്യം.

മലയാളത്തിലെ ബ്ലോഗ്‌ സാഹിത്യത്തിന്റെ പ്രധാന സവിശേഷത ആത്മാംശവും തമാശയും കലര്‍ന്ന കുറിപ്പുകളുടെ സജീവസാന്നിദ്ധ്യം തന്നെയാണ്‌. ബ്ലോഗെഴുത്തുകാരുടെ വിളിപ്പേരുകളില്‍ തന്നെ ഹാസ്യം രുചിക്കാനാകും. വിശാലമനസ്‌കന്‍, കുറുമാന്‍, പെരിങ്ങോടന്‍, കറിവേപ്പില, പൂച്ചപുരാണം,..... ഇങ്ങനെപോകുന്നു പേരിന്റെ നിര. ബ്ലോഗ്‌ സാഹിത്യത്തില്‍ നിന്ന്‌ മലയാള സാഹിത്യത്തിലേക്ക്‌ ഇതുവരെ രണ്ടുപുസ്‌തകങ്ങള്‍ കൂടി വന്നുഎന്നു പറയുമ്പോള്‍ ബ്ലോഗ്‌ നിശബ്‌ദമായി സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന മാറ്റം വ്യക്തമാകും.

തൃശൂര്‍ കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ച കൊടകരപുരാണം വന്‍ ഹിറ്റായി കഴിഞ്ഞു. വിശാലമനസ്‌കന്‍ എന്ന പേരില്‍ സജീവ്‌ എടത്താടന്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം ബ്ലോഗ്‌ ലോകത്ത്‌ ആയിരക്കണക്കിന്‌ വായനക്കാരെ ചിരിപ്പിച്ച ശേഷമാണ്‌ അച്ചടി രൂപത്തിലേക്ക്‌ സാധാരണ വായനക്കാരെ കൂടി ലക്ഷ്യമിട്ട്‌ എത്തിയത്‌. തൊട്ടുപിന്നാലെ കുറുമാന്‍ എഴുതിയ 'എന്റെ യൂറോപ്പ്‌ സ്വപ്‌നങ്ങളും' വിപണിയിലെത്തി. കുറുമാന്റെ ബ്ലോഗിന്റെ വായനക്കാരുടെ എണ്ണം കണ്ടിട്ടാണ്‌ റെയിന്‍ബോ ബുക്‌സ്‌ പുസ്‌തകം അച്ചടി രൂപത്തില്‍ വായനക്കാരിലേക്ക്‌ എത്തിച്ചത്‌. കുറുമാന്റെ പുസ്‌തകത്തിന്റെ കവര്‍പേജ്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നതുപോലും കുമാര്‍ എന്ന ബ്ലോഗര്‍ ആണ്‌. കവര്‍ഡിസൈന്‍ ബ്ലോഗര്‍മാര്‍ തന്നെ ചെയ്യണമെന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ ലഭിച്ച പേജ്‌ രൂപകല്‌പനകളില്‍ ഉചിതമായത്‌ തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തരത്തില്‍ നേരിട്ട്‌ കാണാത്തവര്‍ തമ്മില്‍ പോലും ഒരു സൗഹൃദം ഉണ്ടാക്കാന്‍ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നുണ്ട്‌.

കംപ്യൂട്ടറിന്‌ അഭിമുഖമായിരുന്ന്‌ സാഹിത്യ രചന നടത്തുന്നതില്‍ നിന്നിറങ്ങിവന്ന്‌ പലപ്പോഴും കൂട്ടായ്‌മയുടെ നേട്ടവും ഇവര്‍ അനുഭവിക്കുന്നുണ്ട്‌. സിംഗപ്പൂര്‍, യു.എ.ഇ,. ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ,ഹൈദരാബാദ്‌, കൊച്ചി എന്നിവിടങ്ങളില്‍ ബ്ലോഗേഴ്‌സ്‌ മീറ്റ്‌ വരെ മലയാളികള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. ദിനേന ചാറ്റിലൂടെയും ബ്ലോഗ്‌ കമന്റിലൂടെയും അടുത്ത്‌ പരിചയമുള്ളവരുടെ നേരിട്ടുള്ള കാണലിന്‌ ഇത്തരം മീറ്റുകള്‍ വേദിയൊരുക്കുന്നുണ്ട്‌.

എം.കൃഷ്‌ണന്‍നായരുടെ സാഹിത്യവാരഫലത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ ഒരു ബ്ലോഗ്‌ വാരഫലവും സൈബര്‍ മലയാളത്തിലുണ്ട്‌. 'മലയാളത്തിലുള്ള ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു പംക്തിയാണിത്‌. വ്യക്തിവിമര്‍ശനമില്ലാതെ, മലയാളത്തിന്റെ നന്മയ്‌ക്ക്‌ വേണ്ടിയുള്ള സംവാദമാണ്‌ ഇതിന്റെ ലക്ഷ്യം.' ബ്ലോഗുവാരഫലക്കാരന്‍ നയം വ്യക്തമാക്കുന്നു. അക്ഷരതെറ്റ്‌, അച്ചടിത്തെറ്റ്‌, ഉപകരണതെറ്റ്‌ (ടൈപ്പിംഗ്‌ സോഫ്‌ട്‌വെയറിലെ/ഫോണ്ടിലെ അപാകതകൊണ്ട്‌ സംഭവിക്കുന്നത്‌) ഒക്കെ വിശദമായ പരിശോധനയ്‌ക്ക്‌ ബ്ലോഗ്‌ വാരഫലത്തില്‍ വിധേയമാകുന്നു.കാര്‍ഷിക കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ബ്ലോഗിലെഴുതി ഭരണകൂടത്തില്‍ ചെറുചലനങ്ങളുണ്ടാക്കാന്‍ വിമുക്തഭടനും കര്‍ഷകനുമായ ചന്ദ്രശേഖരന്‍നായര്‍ എന്ന ബ്ലോഗര്‍ക്കായിട്ടുണ്ട്‌. കേരള ഫാര്‍മര്‍ എന്ന പേരിലാണ്‌ കാര്‍ഷിക വിവരങ്ങള്‍ ഇദ്ദേഹം ബൂലോകര്‍ക്കായി പങ്കുവയ്‌ക്കുന്നത്‌.

മലയാള രാഷ്‌ട്രീയ ബ്ലോഗുകള്‍

സലാം പാക്‌സ്‌ ഇറാഖ്‌ യുദ്ധകാലത്ത്‌ ഇടപെട്ടതിന്റെ ഒരു ചെറുമാതൃക പോലും സൃഷ്‌ടിക്കാന്‍ വിഷയങ്ങള്‍ക്ക്‌ ഒട്ടും കുറവില്ലാത്ത കേരള രാഷ്‌ട്രീയ-സാമൂഹിക രംഗത്ത്‌ ബ്ലോഗര്‍ മാര്‍ക്കായിട്ടില്ല എന്നത്‌ ഒരു പോരായ്‌മ തന്നെയാണ്‌. രാഷ്‌ട്രീയപരമായ ലേഖനങ്ങളുടെ കാര്യം തന്നെയെടുക്കുക. നമ്മുടെ മാധ്യമങ്ങളിലെ ചര്‍ച്ച മിക്കതും ഇടത്‌-വലത്‌ വൃത്തങ്ങളില്‍ മാത്രം ചുറ്റിത്തിരിയുന്നതാണ്‌. നമ്മുടെ അക്കാദമിക്ക്‌ പണ്‌ഡിതരടക്കം ഒരു പ്രാവശ്യം ഇടതിന്റെയോ വലതിന്റെയോ ചട്ടകൂടിനുള്ളില്‍പ്പെട്ടു പോയാല്‍ വായനക്കാരന്‌ സ്വതന്ത്രമായ അഭിപ്രായം പിന്നീടം കിട്ടുന്നത്‌ അപൂര്‍വ്വം. എഴുതിയ ആളിന്റെ പേരും ലേഖനത്തിന്റ തലക്കെട്ടും വായിച്ചശേഷം ആമുഖം വരെയെത്തുമ്പോഴേക്ക്‌ ലേഖനത്തിന്റെ പോക്ക്‌ ശരാശരി വായനക്കാരന്‌ പോലും പ്രവചിക്കാവുന്ന രീതിയാണ്‌ നിലനില്‍ക്കുന്നത്‌. ഇവിടെയാണ്‌ ബ്ലോഗ്‌ ഒരുക്കുന്ന വിശാലമായ ലോകം ഇത്തരം എഴുത്തുകാര്‍ക്ക്‌ ഉപയോഗിക്കാന്‍ സാധിക്കുന്നത്‌. അദൃശ്യനായിരുന്നുകൊണ്ട്‌ മറ്റൊരു പേരും, ലോഗിന്‍ ഐഡി യും ഉപയോഗിച്ച്‌ തന്റെ ആശയങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കാമല്ലോ. മാത്രമല്ല, ഇതിനോടുള്ള വായനക്കാരന്റെ കമന്റുകള്‍ ഇതേ പേജില്‍ തന്നെ ലഭ്യമാക്കി മറ്റു വായനക്കാര്‍ക്ക്‌ വായിക്കാന്‍ അവസരമൊരുക്കുകയും ഒപ്പം മറുപടി കമന്റുവഴി നമ്മുടെ നിലപാട്‌ കൂടുതല്‍ വ്യക്തമാക്കുകയും ചെയ്യാം.

ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ക്ക്‌ ഒട്ടേറെ പരിമിതികളുണ്ട്‌. എന്നാല്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായ പ്രകടനത്തിന്‌ ലഭിക്കേണ്ട പരിമിതികളില്ലാത്ത സ്വാതന്ത്ര്യമാണ്‌ ബ്ലോഗുകള്‍ തുറന്നിടുന്നത്‌. നിരന്തരം വിവാദ വ്യവസായങ്ങളുടെ നിര്‍മാണ ഭൂമിയായി കേരള രാഷ്‌ട്രീയം മാറ്റിക്കൊണ്ടിരിക്കുകയാണ്‌. ഇതിനിടയില്‍ യഥാര്‍ത്ഥ വസ്‌തുതകള്‍ അറിയാവുന്ന അല്ലെങ്കില്‍ ഒരു അഴിമതികഥയുടെ വസ്‌തുതകള്‍ തെളിവോട്‌ കൂടി നിരത്താന്‍ സാധിക്കുന്ന എത്രയെത്ര അവസരങ്ങളാണ്‌ സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളെ കാത്തിരിക്കുന്നത്‌. ഒരുകാരം ഉറപ്പാണ്‌. ഇത്തരത്തിലെ ഒരു ഗംഭീരമായ വെളിപ്പെടുത്തല്‍ ബ്ലോഗു വഴി, രാഷ്‌ട്രീയ കേരളത്തിനുണ്ടായാല്‍, പിന്നീട്‌ വലുതും ചെറുതുമായ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ക്കും ബ്ലോഗ്‌ വേദിയാവുകയും, ഒളികാമറകള്‍ ദൃശ്യമാധ്യമം സമര്‍ത്ഥമായി ഉപയോഗിച്ചതുപോലെ ബ്ലോഗിനെ മാധ്യമരംഗം അതിലും സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യും. ആരു തുടങ്ങും എന്നത്‌ മാത്രമാണ്‌ പ്രശ്‌നം.

ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്ക്‌ അക്രഡിറ്റേഷന്‍ നല്‌കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കമുണ്ട്‌. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാളും സ്‌ത്രീകളിലാണ്‌ ബ്ലോഗിങ്‌ താത്‌പര്യം കൂടുതലെന്ന്‌ കാണുന്നു. അതുപോലെ തന്നെ 23-25 വയസ്‌ ഗ്രൂപ്പുകാരാണ്‌ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നതും. അമേരിക്കയില്‍ ബ്ലോഗര്‍മാര്‍ക്ക്‌ മറ്റ്‌ മാധ്യമപ്രവര്‍ത്തകരുടേതിന്‌ സമാനമായ സ്വാതന്ത്ര്യമാണുള്ളത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കുവാനും വിശകലനം ചെയ്യുവാനും വരെ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നു. വായനക്കാരെ ആകര്‍ഷിക്കാന്‍ സി.എന്‍.എന്‍ ഐ.ബി.എന്‍. പോലുള്ള ചാനലുകളും ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളും ബ്ലോഗിങ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.

പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ ആധികാരികമാക്കാനും ബ്ലോഗിങ്‌ ഉപയോഗപ്പെടുത്തുന്നു. സ്വന്തം പേരിലോ രഹസ്യപേരിലോ എഴുതുന്ന പത്രപ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ക്ക്‌ തൊഴില്‍പരമായ ഏറെ സൗകര്യമുണ്ട്‌. ഉദാഹരണത്തിന്‌ അടുത്തയാഴ്‌ച പ്രസിദ്ധീകരിക്കാന്‍ പോകുന്ന ലേഖനത്തിന്റെ കരടുരൂപം മുന്‍കൂട്ടി ലഭ്യമാക്കാം. താരതമ്യേന ജനപ്രീതിയുള്ള ബ്ലോഗാണ്‌ ഈ പത്രപ്രവര്‍ത്തകന്റേതെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം വാദപ്രതിവാദങ്ങള്‍ കമന്റുരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കും. ലഭ്യമാക്കിയ ലേഖനത്തിന്റെ തെറ്റുകളോ കാലികമായ കൂട്ടിച്ചേര്‍ക്കലുകളോ ആകും ഇത്തരത്തില്‍ കമന്റുകളില്‍ അധികവും. ഇതുകൂടി കണക്കിലെടുത്ത്‌ കൂടുതല്‍ കാലികപ്രസക്തിയുള്ളതും കൃത്യതയുള്ള വിവരവും ഉള്‍പ്പെടുത്തിയ ലേഖനം പത്രപ്രവര്‍ത്തകന്‌ പത്രത്തിലോ, ടി.വി.യിലോ പ്രസിദ്ധപ്പെടുത്താം. ഇത്തരത്തില്‍ നിങ്ങള്‍ ഒരു നവസംരംഭകനോ, വ്യവസായിയോ ആണെന്നിരിക്കട്ടെ, ബ്ലോഗിങ്ങിന്റെ സാദ്ധ്യതകള്‍ അനന്തമാണ്‌, വിപുലമാണ്‌.

ലേഖകന്റെ ബ്ലോഗ്‌ വിലാസം: http://www.blogbhoomi.blogspot.com/

മലയാളത്തില്‍ ബ്ലോഗ്‌ തുടങ്ങുന്നതിന്‌ സന്ദര്‍ശിക്കുകhttp://www.howtostartamalayalamblog.blogspot.com/
http://ashwameedham.blogspot.com/2006/07/blog-post_28.html


courtesy: Mathrubhumi weekly
To avoid SPAM comments, all comments will be moderated before being displayed.

Post a Comment