കുട്ടികളിലെ ലൈംഗികചൂഷണത്തിന് കാരണം മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്

Unknown
മാതാപിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ടാണ് കുട്ടികള്‍ പലപ്പോഴും ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നതെന്ന് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.എം.കെ.സി. നായര്‍ പറഞ്ഞു.

കൗമാരക്കാരുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം സംഘടിപ്പിച്ച ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൗമാരപ്രായക്കാര്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര തുടങ്ങിയവ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. സംസ്ഥാനത്ത് കൗമാര പ്രായക്കാരില്‍ 12 ശതമാനത്തിന് അമിത വണ്ണമുണ്ട്. വിളര്‍ച്ചയുള്ളവരും ഏറെയുണ്ട്. കുടുംബബന്ധം കൂടുതല്‍ സുദൃഢമാക്കിയാല്‍ കുട്ടികളിലെ മാനസിക പിരിമുറുക്കം ഒഴിവാക്കാനാകും. കുടുംബാംഗങ്ങള്‍ ഒരുമിച്ച് അത്താഴമെങ്കിലും കഴിക്കാന്‍ ശ്രമിക്കണമെന്ന് ഡോ.എം.കെ.സി. നായര്‍ പറഞ്ഞു.

കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സ്‌കൂളുകളില്‍ കൗണ്‍സലിംഗ് സൗകര്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ദേശീയ പ്രസിഡന്റ് ഡോ.ടി.യു. സുകുമാരന്‍ പറഞ്ഞു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.വിജയകുമാര്‍ അധ്യക്ഷനായി. ഐഎംഎ കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് ഡോ.സച്ചിദാനന്ദ കമ്മത്ത്, ഡോ.മാര്‍ത്താണ്ഡപിള്ള, ഡോ.ബീന ജോണ്‍സണ്‍, ഡോ.എം.ഇ.സുഗതന്‍, ഡോ.പി.എന്‍.എന്‍.പിഷാരടി, ഡോ.എബ്രഹാം വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇരുനൂറോളം ഡോക്ടര്‍മാര്‍ ശില്പശാലയില്‍ പങ്കെടുത്തു.

إرسال تعليق