ശാസ്ത്രമേളക്ക് ചൊവ്വാഴ്ച കൊടി ഉയരും

Unknown
സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയമേളകള്‍ ആലുവയില്‍ നടക്കും. നാലു മുതല്‍ എട്ട് വരെ തീയതികളില്‍ വിവിധ വേദികളിലായി നടക്കുന്ന മേളകളില്‍ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം കുട്ടികള്‍ പങ്കെടുക്കും.

ചൊവ്വാഴ്ച രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 12ന് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എ.ബേബി അധ്യക്ഷനായിരിക്കും. മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ മേളയുടെ ലോഗോ സമ്മാനദാനം നടത്തും.

അഞ്ചാം തീയതി മുതല്‍ ആലുവ ക്രൈസ്തവ മഹിളാലയം ഹൈസ്‌കൂളില്‍ പ്രവൃത്തിപരിചയമേളയും നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യശാസ്ത്രമേളയും, വിദ്യാധിരാജ വിദ്യാഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതശാസ്ത്രമേളയും നടക്കും.

ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ നിര്‍മിച്ച ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടാകും.


കരിയര്‍ഫെസ്റ്റിന്റെ ഭാഗമായി ആറിന് രാവിലെ 10 മുതല്‍ നെസ്റ്റ്ഗ്രൂപ്പിന്റെ ഐ.ടി. സെമിനാര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് സെമിനാര്‍ എന്നിവയും ഏഴിന് വിഎച്ച്എസ്ഇ വിദ്യാര്‍ഥികള്‍ക്കായി തൊഴില്‍മേളയും നടത്തുമെന്ന് എഡിപിഐ പി.കെ.കൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

എട്ടിന് സമാപിക്കുന്ന മേള 11ന് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി എസ്.ശര്‍മ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി മുഖ്യാതിഥിയായിരിക്കും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ടി.ജേക്കബ്, എറണാകുളം ഡി.ഡി.ഇ അനില ജോര്‍ജ്, വത്‌സമ്മ വര്‍ക്കി, എ.ഡി.ലിജി ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ എം.എ.സെയ്ദു മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

إرسال تعليق