വിദ്യാഭ്യാസ അവകാശം: സമയപരിധി കഴിഞ്ഞിട്ടും കേരളത്തില്‍ നിയമമായില്ല

Unknown
വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങളുണ്ടാക്കിയെന്നവകാശപ്പെടുന്ന സംസ്ഥാനസര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി. 2011 ഏപ്രിലിനു മുമ്പ് സംസ്ഥാനതല നിയമം നടപ്പാക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. എന്നാല്‍ കേരളത്തില്‍ ഇതുവരെ നിയമം വിജ്ഞാപനമായിട്ടില്ല.

ഇപ്പോള്‍ ധനവകുപ്പിന്റെ പരിഗണനയിലാണ് നിയമമെന്നും അംഗീകാരം ലഭിക്കാത്തതിനാല്‍ വിജ്ഞാപനം ചെയ്യാനായിട്ടില്ലെന്നും സംസ്ഥാനസര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. നിയമം നടപ്പാക്കുന്നതിനു മേല്‍നോട്ടംവഹിക്കാന്‍ സംസ്ഥാനതലത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന വ്യവസ്ഥയും കേരളം പാലിച്ചിട്ടില്ല. അതേസമയം, പ്രാദേശികസാഹചര്യം കണക്കാക്കി നിയമനിര്‍മാണം നടത്തുന്നതിലുള്ള അലംഭാവം വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ പ്രധാന തടസ്സമാണെന്ന് ദേശീയതലങ്ങളില്‍ മേല്‍നോട്ടച്ചുമതലയുള്ള കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍.) വിമര്‍ശിച്ചു.

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കല്‍, സ്ഥിരമായ ഹാജര്‍നില, പഠനത്തിന്റെ പൂര്‍ത്തീകരണം തുടങ്ങിയവ ഉറപ്പാക്കി വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ പൂര്‍ണമേല്‍നോട്ടത്തിനാണ് എന്‍.സി.പി.സി.ആറിനെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസപരമായി ഏറെ മുന്നേറിയ കേരളത്തില്‍ ഇതുവരെ നിയമം നടപ്പാക്കാത്തതില്‍ കമ്മീഷന്‍ അംഗം അത്ഭുതം പ്രകടിപ്പിച്ചു. സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസനിയമം നടപ്പാക്കുന്നതാണ് കേരളം നേരിടുന്ന വെല്ലുവിളിയെന്ന് വിദഗ്ധസമിതിയംഗം വിനോദ് റെയ്‌ന പറഞ്ഞു. സംസ്ഥാനങ്ങളില്‍ മേല്‍നോട്ടത്തിനായി കുട്ടികളുടെ പ്രത്യേക കമ്മീഷന്‍ രൂപവത്കരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന നിയമം നടപ്പാക്കി മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാന കമ്മീഷന്‍ രൂപവത്കരിക്കണമെന്നാണ് വ്യവസ്ഥ. കമ്മീഷന്‍ രൂപവത്കരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും എപ്പോള്‍ നിലവില്‍വരുമെന്നറിയില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ നിയമം നടപ്പാക്കാനായില്ലെന്ന് വിശദീകരണമുണ്ടെങ്കിലും മന്ത്രിസഭ അംഗീകരിച്ച നിയമം വിജ്ഞാപനം ചെയ്യാന്‍ ഇതു തടസ്സമില്ലെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉന്നതവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. നിയമം നടപ്പാക്കുമ്പോഴുള്ള പണച്ചെലവിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പണം വകയിരുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകിയതാണ് നിയമം ഇപ്പോഴും സംസ്ഥാന ധനവകുപ്പ് തീരുമാനം കാത്തുകിടക്കുന്നതിനു കാരണമെന്ന് അറിയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലിഡ ജേക്കബ് അധ്യക്ഷയായുള്ള സമിതി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കരടുരേഖ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചത്. പിന്നീട് ഭേദഗതികള്‍ സഹിതം ഈ വര്‍ഷം ജനവരി 14ന് സമ്പൂര്‍ണനിയമവും സമര്‍പ്പിച്ചു. ഫിബ്രവരി അവസാനം ചേര്‍ന്ന മന്ത്രിസഭായോഗം നിയമം തത്ത്വത്തില്‍ അംഗീകരിച്ചു.
വിദ്യാഭ്യാസ അവകാശത്തിനുള്ള ദേശീയനിയമം നടപ്പായി ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന് വിനോദ് റെയ്‌ന പറഞ്ഞു.

പി.കെ. മണികണ്ഠന്‍

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment