മലയാളം ഒന്നാം ഭാഷ: ഈ വര്‍ഷം നടപ്പിലാകില്ല -മന്ത്രി റബ്ബ്

Unknown
വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കുന്നത് ഈ അധ്യയന വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വര്‍ഷം തുടക്കം മുതല്‍ മലയാളം ഒന്നാം ഭാഷയാക്കാനാവില്ല. ആവശ്യമായ പിരീയഡുകള്‍ കണ്ടെത്താവാനാത്തതാണ് പ്രശ്‌നം. അധികമായി ഭാഷയ്ക്ക് കണ്ടെത്തേണ്ട പിരീയഡുകള്‍ സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഐ.ടി. പിരീയഡ് മലയാളത്തിന് നല്‍കാനാവില്ല. അത് മറ്റ് വിഷയങ്ങളുടെ പഠനത്തിനെ അടക്കം ബാധിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുമ്പോള്‍ ആഴ്ചയില്‍ ആറുദിവസം ക്ലാസ് വേണം. ആ സമയത്ത് മലയാളത്തിന്റെ കാര്യം കൂടി പരിഗണിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചശേഷമേ മലയാളം ഒന്നാം ഭാഷയാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ. ഈ അധ്യയന വര്‍ഷം നടപ്പാക്കുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും തുടക്കം മുതല്‍ എന്തായാലും നടപ്പാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പുതുതായി മലയാളം ഉള്‍പ്പെടുത്തുന്നത് അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്ക് സാധ്യമാകുമോ എന്ന ചോദ്യത്തിന് ഉത്തരവ് നിലവില്‍ വരുമ്പോള്‍ നടപ്പാകുമെന്നായിരുന്നു മന്ത്രിയുടെ ഉത്തരം.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന സമയത്താണ് മലയാളം ഒന്നാം ഭാഷയാക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. മാതൃഭാഷക്ക് അധികമായി പിരീയഡുകള്‍ കണ്ടെത്തി നടപ്പിലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിന് വ്യക്തത വരുത്താന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മലയാളപഠനത്തിന് ഇതുവരെയും സൗകര്യമൊരുക്കാത്ത നിരവധി സ്വകാര്യ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. കൂടാതെ അധ്യാപകരുടെ എണ്ണം കൂട്ടേണ്ടിയുംവരും. മറ്റ് ഭാഷകളുടെ പിരീയഡ് കുറയുന്നതും ഇപ്പോഴത്തെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം എത്രയും വേഗം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളെ സംബന്ധിച്ച് കത്തോലിക്ക സഭ ഉന്നയിച്ച പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ നിന്നും എം.ജി.എസ്. നാരായണ്‍ പിന്‍മാറിയതിനെ സംബന്ധിച്ച് അറിയില്ല. ഈ വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന്റ ഒന്നാംഘട്ടം 99 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാംഘട്ട വിതരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. കുട്ടികളില്ലാത്തതിനാല്‍ സ്‌കൂളുകള്‍ ലാഭകരമല്ല എന്ന് പറയുന്നത് ശരിയല്ല. വിദ്യാലയങ്ങളെ സംബന്ധിച്ച് ലാഭ നഷ്ടങ്ങള്‍ നോക്കേണ്ട കാര്യമില്ല. വിദ്യാഭ്യാസം നിഷേധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ഗതാഗത നിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനതലത്തില്‍ ചര്‍ച്ചകളുണ്ടായിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ പോലീസ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പരിശോധിച്ച് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment