എന്റെ സന്ദേശമാവണം എന്റെ ജീവിതം

Unknown

ദേബശിഷ് ചാറ്റര്‍ജി

 ഒരിക്കല്‍ മഹാത്മജി പറയുകയുണ്ടായി - ''എനിക്ക് മൂന്ന് ശത്രുക്കള്‍ മാത്രമാണുള്ളത്. അതിലേറ്റവും പ്രിയപ്പെട്ട ശത്രു, എനിക്കേറ്റവുമെളുപ്പം സ്വാധീനിക്കാനാവുന്ന ബ്രിട്ടീഷ് സാമ്രാജ്യമാണ്. കൂടുതല്‍ ദുഷ്‌കരമായ രണ്ടാമത്തെ ശത്രു ഇന്ത്യന്‍ ജനതയാണ്. എനിക്കേറ്റവും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ശത്രു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്. അയാളിലുള്ള എന്റെ നിയന്ത്രണവും സ്വാധീനവും തുലോം തുച്ഛമാണ്''.

 കാലാതീതമായ ജ്ഞാനവും സ്വാധീനവുമാണ് മഹാത്മാവ്; ഏറ്റെടുക്കുന്ന ദൗത്യങ്ങളിലെ വിശുദ്ധിയും തെളിമയും എളിമയും കൊണ്ട് ലോകമെങ്ങുമുള്ള അനുയായികളോട് സംവദിച്ച പ്രതിഭ. 'എന്റെ ജീവിതമാണെന്റെ സന്ദേശം' എന്ന് പ്രഖ്യാപിക്കാന്‍ യോഗ്യതയുണ്ടായിരുന്ന താരതമ്യങ്ങളില്ലാത്ത ലോകനേതാവ്. പില്‍ക്കാലത്ത് ലോകംകണ്ട എത്രയോ നേതാക്കള്‍ക്ക് ആ മഹാമേരു തണലായി. ഗാന്ധിയന്‍ പാത പിന്തുടര്‍ന്നവരില്‍, നാം അമേരിക്കക്കാരനായ മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയറിനെയും ആഫ്രിക്കക്കാരനായ നെല്‍സണ്‍ മണ്ടേലയെയും കണ്ടു.

പടവാളുമായി കുതിരപ്പുറമേറിയ അജയ്യനായ ഒരു ധീരനായകനാണ് നമ്മുടെ നേതൃസങ്കല്പങ്ങളില്‍ പലപ്പോഴും. ഗാന്ധിജി ഈ സങ്കല്‍പ്പത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. നേരെമറിച്ച് മൃഗീയമായ കരുത്തിനെ എന്നുമെതിര്‍ക്കുകയും ആത്മീയമായ കരുത്തിന്റെ ആള്‍രൂപമാവുകയുമായിരുന്നു അദ്ദേഹം. തന്റെ പ്രതിയോഗികളെ നിരായുധരാക്കാന്‍ അദ്ദേഹം കണ്ടെത്തിയ ആയുധം സത്യവും അഹിംസയുമായിരുന്നു. സത്യത്തിന്റെയും അഹിംസയുടെയും മാഹാത്മ്യത്താല്‍ പ്രതിയോഗികളുടെ ആത്മീയചേതനയെ തൊട്ടുണര്‍ത്തുകയായിരുന്നു ഗാന്ധിജി.

മുറുകെപ്പിടിച്ച മൂല്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം, വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തം - ഇത് രണ്ടിന്റെയും നാലയലത്തെത്താന്‍ കൊളോണിയല്‍ പ്രതിയോഗികള്‍ക്കായില്ല. അവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ അത്രകണ്ട് അധികമായിരുന്നു. നീതിന്യായങ്ങളുടെ വക്താക്കളാണ് ബ്രിട്ടനെന്ന, പൊതു ലോകവീക്ഷണം ഒരു ഭാഗത്ത്. മറുഭാഗത്താവട്ടെ, ബ്രിട്ടീഷുകാര്‍ അധികാരം നിലനിര്‍ത്താനായി മനുഷ്യത്വം തൊട്ടുതീണ്ടാത്തതെന്തും ചെയ്യാന്‍ മടിക്കാത്തവരുമായിരുന്നു.

കൊളോണിയല്‍ ശക്തികള്‍ അഴിച്ചുവിട്ട ഭീകരമായ അക്രമത്തിന്റെ കൃത്യമായ ആന്റി തീസിസ് ആയിരുന്നു അക്രമരാഹിത്യസമരരീതികളോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധത. ഒരേസമയം, സ്വന്തം ജനതയുടെ കര്‍മശേഷിയെ കൂടെനിര്‍ത്താനും ബ്രിട്ടീഷ് ക്യാമ്പില്‍ ആരാധകരെ ഒട്ടനവധി നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗാന്ധിജിയുടെ രാഷ്ട്രീയവീക്ഷണങ്ങളോട് തീര്‍ത്തും യോജിക്കാത്തവര്‍കൂടി അദ്ദേഹത്തിന്റെ ആരാധകരായി. ക്രമാനുഗതമായി സ്വയം വികസിപ്പിച്ചെടുക്കുകയും ആ വളര്‍ച്ചയില്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം.
ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് 2001-ല്‍ ഒരു തിരഞ്ഞെടുപ്പ് നടത്തി. ഈ സഹസ്രാബ്ദത്തിലെ ഏറ്റവും മഹാനായ നേതാവായി ഗാന്ധിജിയെ തിരഞ്ഞെടുത്തത് അവിടുത്തെ 150 വിദ്യാര്‍ഥികള്‍. അദ്ദേഹത്തിന് വോട്ടുചെയ്ത ഒരു യുവതിയുടെ വാക്കുകള്‍- ''യാതൊരു വിഭവങ്ങളുമില്ലാതെ, പണവും പട്ടാളവുമില്ലാതെ ഒരു സാമ്രാജ്യത്തെ ചില മൂല്യങ്ങള്‍ക്കുമുന്നില്‍ മുട്ടുകുത്തിച്ച നേതാവായിരുന്നു ഗാന്ധി''.

إرسال تعليق