കണ്ടുപിടിത്തങ്ങളിലൂടെ പുതിയ വികസന പാതകള്‍ തുറക്കൂ- കലാം

രാജ്യം വികസനത്തിന്റെ പാതയില്‍ കുതിച്ചുയരണമെങ്കില്‍ നൂതന കണ്ടുപിടിത്തങ്ങള്‍ ഉണ്ടാവണമെന്നും യുവജനങ്ങളെ അതിനായി പ്രാപ്തരാക്കണമെന്നും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു. കൊച്ചിന്‍ എക്‌സ്‌പോര്‍ട്ട് പ്രോസസ്സിങ് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (സെപ്‌സിയ) 25-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2020 ആവുന്നതോടെ വികസിത രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ഓരോരുത്തരും കഴിവുകളും അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം.

 വ്യാവസായിക വികസനം ലക്ഷ്യത്തിലെത്താന്‍ അഞ്ചിന മാര്‍ഗനിര്‍ദ്ദേശങ്ങളും കലാം മുന്നോട്ടു വെച്ചു: ഓരോ സംസ്ഥാനവും അടുത്ത അഞ്ചുവര്‍ഷത്തിനകം അവരുടെ വ്യാവസായിക ഉത്പാദനം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കണം. പ്രകൃതിക്ക് ദോഷം വരാത്ത വ്യവസായങ്ങള്‍ കൊണ്ടുവരണം.

അക്കാദമിക് കരിക്കുലത്തില്‍ വ്യാവസായിക രംഗത്തെ ഗവേഷണവും ഉല്‍പ്പന്ന നിര്‍മാണവും ഉള്‍പ്പെടുത്തണം. പ്രകൃതിയുമായി യോജിച്ചുള്ള പ്രത്യേക സാമ്പത്തീക മേഖലകള്‍ നിശ്ചയിക്കണം - കലാം പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായ വികസനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റെവിടെയോ നടന്ന കണ്ടുപിടിത്തങ്ങളുടെ ഫലമാണ്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഇപ്പോഴും രണ്ടക്കത്തില്‍ എത്തിയിട്ടില്ല. അത് ഉയരണമെങ്കില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാവണം. 2012 ലെ ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യക്ക് 64-ാം സ്ഥാനമാണ്. അതേസമയം കണ്ടുപിടിത്തങ്ങള്‍ക്ക് കൂടുതല്‍ അനുകൂല സാഹചര്യങ്ങളുളള രാജ്യങ്ങളില്‍ ചൈനക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട് - കലാം പറഞ്ഞു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment