Hand Emojji Images

പഴയ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു

റിസര്‍വ് ബാങ്ക് 2005-നു മുമ്പ് പുറത്തിറക്കിയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നു. 500 രൂപ, 1,000 രൂപ എന്നിവയുടേത് ഉള്‍പ്പെടെയുള്ള സകല നോട്ടുകളും മാര്‍ച്ച് 31-ഓടെ പൂര്‍ണമായും പിന്‍വലിക്കാനാണ് ആര്‍.ബി.ഐ. തീരുമാനിച്ചിരിക്കുന്നത്.

2005-നു മുമ്പുള്ള നോട്ടുകളില്‍ പുറത്തിറങ്ങിയ വര്‍ഷം ഉണ്ടായിരുന്നില്ല. അതിനാല്‍ അവ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ഇത്തരം നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നിന്ന് പുതിയത് മാറ്റി വാങ്ങാമെന്ന് ആര്‍.ബി.ഐ. അറിയിച്ചു. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ പത്തില്‍ കൂടുതല്‍ നോട്ടുകള്‍ മാറ്റിവാങ്ങേണ്ടവര്‍ തിരിച്ചറിയല്‍ രേഖ കൂടി സമര്‍പ്പിക്കണം.

2005-നു മുമ്പ് പുറത്തിറങ്ങിയ നോട്ടുകള്‍ക്ക് നിയമ സാധുതയുണ്ടെന്നും അതിനാല്‍ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും ആര്‍.ബി.ഐ. അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിനു ശേഷവും പൊതുജനങ്ങള്‍ക്ക് ഇത് ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാം. 2005-നു മുമ്പുള്ള 500 രൂപ നോട്ടുകള്‍ നീല, മഞ്ഞ, പച്ച നിറങ്ങളിലായിരുന്നു വേര്‍തിരിച്ചിരുന്നത്. എന്നാല്‍ പിന്നീട് മഹാത്മാഗാന്ധി ശ്രേണിയിലുള്ള ഇനം നോട്ടുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്.

പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ കാരണമെന്താണെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടില്ല. അതേസമയം, കള്ളനോട്ടുകള്‍ തടയാനാണ് ഇതെന്നാണ് സൂചന. അഞ്ചു രൂപ, 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ നോട്ടുകളാണ് നിലവിലുള്ളത്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment