Total Pageviews

കാത്തിരിപ്പിനൊടുവില്‍ സാംസങ് ഗാലക്‌സി എസ് 5 എത്തി


കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിട. '2014 ലെ സ്മാര്‍ട്ട്‌ഫോണ്‍ അവതാര'മെന്ന് വിശേഷിപ്പിക്കപ്പെട്ട ഗാലക്‌സി എസ് 5 സാംസങ് പുറത്തിറക്കി.. ഏപ്രില്‍ 11 ന് 150 രാജ്യങ്ങളില്‍ സാംസങിന്റെ ഈ മൂന്‍നിര ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

 ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ( MWC 2014 ) പ്രതീക്ഷിച്ച ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എസ് 5 ( Samsung Galaxy S5 ). കോണ്‍ഗ്രസ്സിന്റെ ആദ്യദിനംതന്നെ അത് അവതരിപ്പിക്കപ്പെട്ടു.
ഗാലക്‌സ് എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമായ എസ് 5 ന് പ്രത്യേകമായി സാംസങ് അവകാശപ്പെടുന്ന സവിശേഷതകള്‍ ഇവയാണ് - മുന്തിയ ക്യാമറ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ .
കൂടുതല്‍ സംരക്ഷണമുദ്ദേശിച്ച് വിരലടയാളപ്പൂട്ടോടെ ( Fingerprint Scanner )യാണ് ഗാലക്‌സി എസ് 5 ന്റെ വരവ്. സുരക്ഷിതമായ ബയോമെട്രിക് സ്‌ക്രീന്‍ ലോക്കിങ് ഫീച്ചര്‍ ഇതുവഴി ലഭിക്കുന്നു. ഹോംബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളത്.

പരിഷ്‌ക്കരിച്ച 'സാംസങ് നോക്‌സ്' ( Samsung KNOX ) സുരക്ഷാ സോഫ്റ്റ്‌വേറിന്റെ പരിരക്ഷ എസ് 5 നുണ്ട്. യൂസറിന്റെ ഡേറ്റ സുരക്ഷിതമായി കാക്കാനുള്ള സങ്കേതമാണിത്. അതിനാല്‍ , സുരക്ഷിതമായി കാശിന്റെ ഇടപാട് നടത്താനും ഗാലക്‌സി എസ് 5 ല്‍ കഴിയും. ഒപ്പം പൊടിയെയും വെള്ളത്തെയും ചെറുക്കാനുള്ള ശേഷിയും ഫോണിനുണ്ട്. ശരിക്കുപറഞ്ഞാല്‍ , ടാബ്‌ലറ്റ് കമ്പ്യൂട്ടറിനും സ്മാര്‍ട്ട്‌ഫോണിനും മധ്യേയുള്ള ഫാബ്‌ലറ്റ് വിഭാഗത്തിലാണ് ഗാലക്‌സി എസ് 5 പെടുക. കാരണം എസ് 5 ഒരു 5.1 ഇഞ്ച് ഫോണാണ്. മിഴിവേറിയ 'എഫ്എച്ച്ഡി സൂപ്പര്‍ അമോലെഡ് (1920 x 1080) ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫുള്‍ എച്ച്ഡി റിസല്യൂഷനുള്ള ഡിസ്‌പ്ലേയാണിത്.
2.5 GHz ക്വാഡ്-കോര്‍ പ്രൊസസര്‍ നല്‍കുന്ന കരുത്ത് ചില്ലറയാകില്ല. ഒപ്പം 2 ജിബി റാമും, ആന്‍ഡ്രോയഡ് 4.4.2 (കിറ്റ്കാറ്റ്) പ്ലാറ്റ്‌ഫോമും കൂടിയാകുമ്പോള്‍ കഥമാറും! 145 ഗ്രാം ഭാരമുള്ള ഫോണിന്റെ 16 ജിബി, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് മോഡലുകളായാണ് എത്തുക. 64 ജിബി കാര്‍ഡുപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കുകയുമാകാം.
ഗാലക്‌സി എസ് 5 ലുള്ളത് 16 മെഗാപിക്‌സല്‍ ക്യാമറയാണ്. ലോകത്തെ ഏറ്റവും കൂടിയ ഓട്ടോഫോക്കസ് സ്പീഡ് (0.3 സെക്കന്‍ഡ് വരെ) ആണ് ക്യാമറയ്ക്ക് സാംസങ് അവകാശപ്പെടുന്നത്. 'സെലക്ടീവ് ഫോക്കസ്' എന്ന ഫീച്ചറുപയോഗിച്ച്, ക്യാമറ ഫ്രെയിമിലുള്ള വസ്തുവിന്റെ ചില പ്രത്യേകഭാഗം മാത്രം ഫോക്കസ് ചെയ്യാനും, മറ്റ് ഭാഗം മുഴുവന്‍ മങ്ങിയതാക്കാനും കഴിയും. വീഡിയോ കോളിങിനും കോണ്‍ഫറന്‍സിങിനും 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്.
2800 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ജീവനേകുന്നത്. 21 മണിക്കൂര്‍ സംസാരസമയവും, 390 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്. 'അള്‍ട്രാ പവര്‍ സേവിങ് മോഡ്' ( Ultra Power Saving Mode ) വഴി ഡിസ്‌പ്ലേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കാനും, അനാവശ്യ ഫീച്ചറുകള്‍ മുഴുവന്‍ അണച്ചിട്ട് ബാറ്ററി ഉപയോഗം കുറയ്ക്കാനും സാധിക്കും.
ആധുനികമായ എല്ലാ കണക്ടിവിറ്റി സങ്കേതങ്ങളും ഗാലക്‌സി എസ് 5 ലുണ്ട്. 4ജി എല്‍ടിഇ, വൈഫൈ, എഎന്‍ടി പ്ലസ്, ്ബ്ലൂടൂത്ത്, യുഎസ്ബി 3.0, എന്‍എഫ്‌സി, കൂടാതെ ഇന്‍ഫ്രാറെഡ് റിമോട്ട് ഫങ്ഷനാലിറ്റിയുമുണ്ട്.

പരിഷ്‌ക്കരിച്ച 'എസ് ഹെല്‍ത്ത് 3.0' ( S Health 3.0 ) സങ്കേതവുമായാണ് ഗാലക്‌സി എസ് 5 ന്റെ വരവ്. ഫിറ്റ്‌നസ് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഉപാധികള്‍ ഇതിലുള്ളതായി സാംസങ് അവകാശപ്പെടുന്നു. ക്യാമറയ്ക്കടുത്തായി ഒരു ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നു. തത്സമയ ഫിറ്റ്‌നസ് കോച്ചിങിന് പുതിയ തലമുറ ഗിയര്‍ സ്മാര്‍ട്ട്‌വാച്ചുകളുമായി ഗാലക്‌സി എസ് 5 കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.
കറുപ്പ്, വെളുപ്പ്, നീല, സുവര്‍ണ നിറങ്ങളില്‍ ഗാലക്‌സി എസ് 5 ലഭ്യമാകും. ഫോണിന്റെ വിലയെക്കുറിച്ച് എന്തെങ്കിലും വിവരം സാംസങ് പുറത്തുവിട്ടിട്ടില്ല (കടപ്പാട് : Samsung; ചിത്രങ്ങള്‍ : AP )
Share it:

gadgets

soft

TRENDING NOW

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: