നിങ്ങളുടെ പരിചയക്കാരില്‍ ആരോടെങ്കിലും ഒന്നു ചോദിച്ചുനോക്കൂ 'സുഖംതന്നെയല്ലെ?' മിക്കപ്പോഴും ഉത്തരം ഇങ്ങിനെയായിരിക്കും. 'ഓ, എന്തുസുഖം? അങ്ങനെയൊക്കെ അങ്ങു കഴിയുന്നു.' എന്താണെന്നറിയില്ല, 'ഞാന്‍ സംതൃപ്തനാണ്' എന്ന് പറയുന്ന ആളുകള്‍ വിരളമാണ്. എല്ലാവര്‍ക്കും എന്തെങ്കിലും ഒരസംതൃപ്തിയുണ്ടായിരിക്കും; തൊഴിലില്‍, സാമൂഹിക ബന്ധങ്ങളില്‍, കുടുംബജീവിതത്തില്‍- പൊരുത്തക്കേടുകള്‍ ഇപ്പറഞ്ഞ എവിടെയെങ്കിലും താളപ്പിഴകള്‍ സൃഷ്ടിക്കുന്നുണ്ടാവണം.
കുടുംബം കഴിഞ്ഞാല്‍ പിന്നെ ഒരു വ്യക്തിയെ ഏറ്റവും ആഴത്തില്‍ സ്വാധീനിക്കുന്നത് അവന്റെ തൊഴില്‍ശാല, അഥവാ ഓഫീസാണ്. അവന്‍ ചെയ്യുന്ന ജോലി, ഓഫീസിലെ അവന്റെ വ്യക്തിബന്ധങ്ങള്‍, അവിടത്തെ പൊതുവായ അന്തരീക്ഷം എന്നിവ അവന്റെ ജീവിതത്തെ ആകെ ബാധിക്കുന്നുണ്ട്. തിങ്കള്‍ മുതല്‍ ശനിവരെ, ശരാശരി ആറു മുതല്‍ എട്ടുവരെ മണിക്കൂറുകള്‍, അതായത് വ്യക്തിയുടെ ജാഗരാവസ്ഥയിലെ സിംഹഭാഗവും അവന്റെ തൊഴില്‍ശാല അപഹരിക്കുന്നു. അവന്റെ ഏറ്റവും കെട്ടുറപ്പുള്ള സാമൂഹിക പരസ്പരവര്ത്തനങ്ങള് നടക്കുന്നത് അവന്‍ തൊഴില്‍ ചെയ്യുന്നിടത്താണ്. ഒരുവന്റെ വ്യക്തിത്വത്തെ വികസിപ്പിക്കാനും, നശിപ്പിക്കാനും ആ അന്തരീക്ഷത്തിന് കഴിവുണ്ട്.
തൊഴിലിലെ പൊരുത്തപ്പെടാന്‍ എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? സാധാരണഗതിയില്‍ ഈ പൊരുത്തപ്പെടലിനെ ഇങ്ങനെ നിര്‍വചിക്കാം- ഒരു വ്യക്തി, ഒരു തൊഴിലില്‍ ഏര്‍പ്പെട്ടുകഴിഞ്ഞശേഷം ആ തൊഴിലിനോടും അതിനോടു ബന്ധപ്പെട്ട ഭൗതിക- സാമൂഹിക സാഹചര്യങ്ങളോടുമുള്ള അയാളുടെ ബന്ധമാണ് തൊഴിലിനോടുള്ള പൊരുത്തം- ഇതൊരു ശാസ്ത്രീയ നിര്‍വചനമൊന്നുമല്ല; മനസ്സിലാക്കാനുള്ള എളുപ്പത്തിനായി സാമാന്യ ബുദ്ധിക്കുചേര്‍ന്ന ഒരു നിര്‍വചനം നല്‍കുന്നു എന്നുമാത്രം.
തൊഴിലിനെക്കുറിച്ചുള്ള പൗരാണിക സങ്കല്പങ്ങള്‍ പരിശോധിച്ചാല്‍ വ്യത്യസ്തവും, വിരുദ്ധവുമായ രണ്ടു തത്ത്വശാസ്ത്രങ്ങള്‍ കാണാം. പൗരാണിക ഗ്രീക്ക് - റോമന്‍ ചിന്താഗതികളില്‍ ജോലിയെന്നതു ഒരു ശാപമായി കണക്കാക്കിയിരുന്നു. ഗ്രീക്ക് ഭാഷയില്‍ ജോലിയെന്നതിന്ന് 'Ponos' എന്ന വാക്കാണുപയോഗിക്കുന്നത്. ഇതു ലാറ്റിനിലെ ജീലിമ അഥവാ ദുഃഖം എന്ന വാക്കില്‍നിന്നുത്ഭവിച്ചതാണ്. ജോലിയെടുക്കുന്ന അടിമകളെ ശപിക്കപ്പെട്ടവരായും അടിമകളുടെ അദ്ധ്വാനഫലം ചൂഷണം ചെയ്തനുഭവിയ്ക്കുന്ന യജമാനന്മാരെ അനുഗ്രഹിക്കപ്പെട്ടവരായും കരുതിയിരുന്നു. എന്നാല്‍ പൗരാണിക പൗരസ്ത്യമതങ്ങളും തത്ത്വശാസ്ത്രങ്ങളും തൊഴിലിനെ- അതേതായാലും- മഹത്തായിക്കണക്കാക്കിയിരുന്നു. സ്വന്തം തൊഴിലിനെ അര്‍പണബുദ്ധിയോടെ ചെയ്യുന്നതിനേക്കാള്‍ വലിയ ഈശ്വരഭക്തിയില്ലെന്ന് ഹിന്ദുമതം ഉദ്‌ഘോഷിച്ചിട്ടുണ്ട്. ക്രിസ്തീയ തത്ത്വശാസ്ത്രത്തിലും തൊഴിലിനോടുള്ള സമീപനം ഇതുതന്നെയാണ്. പുരാതന ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് പൗരോഹിത്യം മാത്രമല്ല, ഏതു തൊഴിലും 'ദൈവവിളി'യായി കരുതിയിരുന്നു. വ്യക്തിക്ക് തന്റെ തൊഴിലില്‍ പൊരുത്തപ്പെടാനും, അതില്‍ സംതൃപ്തിയടയാനും മതത്തിന്റെ ഈ പിന്‍ബലം സഹായകമായി.
ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടേയും വളര്‍ച്ചയോടെ മതം മനുഷ്യനില്‍ച്ചെലുത്തിയ സ്വാധീനമയഞ്ഞു. മനുഷ്യന്‍ കൂടുതല്‍ യുക്തിപൂര്‍വം ചിന്തിക്കാന്‍ പഠിക്കുകയും, ശാസ്ത്രദൃഷ്ട്യാ സാധുതയില്ലാത്തതിനെ അവിശ്വസിയ്ക്കാന്‍ തുടങ്ങുകയും ചെയ്തതോടെ അവന്റെ ചിന്തയിലും ജീവിതവീക്ഷണത്തിലും മനോഭാവങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ വന്നുചേര്‍ന്നു. ദൈവത്തിന്റെ അസ്തിത്വംതന്നെ ചോദ്യം ചെയ്യപ്പെട്ടതോടെ തൊഴില്‍ ചെയ്യുന്നതു ഈശ്വരഭക്തിയാണെന്ന വിശ്വാസപ്രമാണത്തിന് ഇളക്കം തട്ടി. തൊഴില്‍, ജീവിതമെന്നതിനു പകരം ജീവിക്കാനുള്ള ഒരുപാധിയെന്ന നിലയിലേക്കു തരംതാണു. അതില്‍നിന്നു സംതൃപ്തി കൈവരിക്കാനും മതവിശ്വാസങ്ങള്‍ ഉപകരിക്കാതെയായി. ഇത്തരുണത്തിലാണ് വ്യക്തിയും തൊഴിലും തമ്മിലുള്ള ബന്ധങ്ങള്‍ പഠിക്കാന്‍, അവര്‍ തമ്മിലുള്ള പൊരുത്തങ്ങള്‍ക്കും, പൊരുത്തക്കേടുകള്‍ക്കും പിന്നിലുള്ള നിദാനങ്ങള്‍ എന്തെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രകാരന്മാര്‍ രംഗത്തു വന്നത്.
തൊഴില്‍ പൊരുത്തപ്പെടല്‍ സാമൂഹിക ശാസ്ത്രദൃഷ്ടിയില്‍ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ തൊഴില്‍ ചെയ്യുന്ന വ്യക്തിയിലല്ല, പ്രത്യുത തൊഴിലാളികളുടെ സംഘടനകളിലും അവയുടെ പ്രവര്‍ത്തനങ്ങളിലുമാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്മൂലം സോഷ്യോളജിസ്റ്റുകള്‍, തൊഴിലാളിക്ക്; തന്റെ തൊഴിലിനോടുള്ള ബന്ധത്തിലും അവന്റെ തൊഴില്‍ശാലയിലെ നിയതവൃത്തത്തിലും ആണ് അവന്റെ പൊരുത്തപ്പെടലിന്റെ നിദാനങ്ങള്‍ അന്വേഷിച്ചുചെന്നത്. 'തൊഴില്‍ശാലയുടെ സാമൂഹികഘടന തൊഴില്‍ സംഘടനകളിലും, തൊഴില്‍നിലയിലും ചെലുത്തുന്ന സമ്മര്‍ദ്ദമാണ,് തൊഴിലാളികളുടെ തനതായ വ്യക്തിത്വമല്ല, അവന്റെ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നത്' എന്ന് ഡി.സി.മില്ലര്‍ പറയുന്നു. തൊഴില്‍രംഗത്തെ വ്യക്തി ബന്ധങ്ങളിലുണ്ടാവുന്ന സംഘര്‍ഷങ്ങളുടെ വേരുകള്‍, തൊഴിലാളിയുടെ നിയതവൃത്തികളിലുണ്ടാവുന്ന ആയാസങ്ങളിലാണ്, ആ ഗ്രൂപ്പിലെ തൊഴിലാളികളുടെ വ്യക്തിത്വങ്ങളിലല്ല എന്നദ്ദേഹം വാദിക്കുന്നു. പ്രസിദ്ധ സോഷ്യോളജിസ്റ്റായ ബാക്കെയുടെ വാക്കുകളില്‍ പറഞ്ഞാല്‍ 'തൊഴിലാളിയും തൊഴിലും തമ്മിലുള്ള പൊരുത്തപ്പെടല്‍ ഒരു വിളക്കിച്ചേര്‍ക്കലാണ്; തൊഴിലും തൊഴിലാളിയും തമ്മില്‍ ബന്ധപ്പെടുമ്പോള്‍, രണ്ടും പരസ്പരം സ്വാധീനിക്കുന്നു. ഒരു മനഃശാസ്ത്രപരീക്ഷയിലൂടെയോ, ഇന്റര്‍വ്യൂവിലൂടെയോ തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളി തന്റെ തൊഴില്‍ പരിശീലനനാളുകളിലൂടെ കടന്നുപോകുമ്പോഴോ, അല്ലെങ്കില്‍ തന്റെ ഉദ്യോഗത്തിന്റെ ആദ്യനാളുകളിലൂടെയോ, ആ തൊഴില്‍ശാലയുടെ പ്രത്യേകമായ വേഷവിധാനങ്ങളും ആചാരമര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ഉള്‍ക്കൊള്ളുക വഴി ആ തൊഴില്‍ശാലയുമായും അവിടത്തെ തൊഴില്‍ സമൂഹവുമായും താദാത്മ്യം പ്രാപിക്കുന്നു. ഇതു ശരിക്കും ഒരു സാമൂഹിക വല്‍ക്കരണമാണ്. അതേ സമയത്തുതന്നെ, തന്റെ തനതായ വ്യക്തിത്വത്തിന്നനുസൃതമായി അവന്‍ തന്റെ തൊഴിലിനേയും മെരുക്കിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെയ്യുന്ന തൊഴിലില്‍ തന്റെ മൗലികത്വം പ്രദര്‍ശിപ്പിക്കുകയും, തന്റെ വാസനാബലംകൊണ്ട് തന്റെതായ മാര്‍ഗങ്ങളിലൂടെ തന്റെ പ്രവൃത്തി ചെയ്യുകയുംവഴി തൊഴിലിനേയും ഒരളവുവരെ സ്വാധീനിക്കുന്നു.'
മനോവിജ്ഞാനീയ തത്ത്വങ്ങള്‍ തൊഴിലും തൊഴില്‍ക്കാരനും തമ്മിലുള്ള പൊരുത്തപ്പെടലിന്റെ മനഃശാസ്ത്രപഠനം പ്രധാനമായും മൂന്ന് മൗലികതത്ത്വങ്ങളില്‍ അധിഷ്ഠിതമാണ്.
1) മനുഷ്യരുടെ വിഭിന്നമായ കഴിവുകള്‍ക്കനുസൃതമായി, ഓരോ വ്യക്തിയും ഒരു പ്രത്യേക തൊഴിലിനുമാത്രം ഏറ്റവും യോജിച്ചവനാണ്. (മനുഷ്യരുടെ കഴിവുകള്‍ പ്രതിജനഭിന്നമായതിനാല്‍ ഓരോരുത്തര്‍ക്കും ഏറ്റവും നന്നായിച്ചെയ്യാവുന്ന തൊഴിലും ഭിന്നമായിരിക്കും). 2) ഭിന്നതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ഭിന്നസ്വഭാവഗുണങ്ങളായിരിക്കും ഉണ്ടായിരിക്കുക.
3) തൊഴിലുമായുള്ള പൊരുത്തപ്പെടല്‍ - തൊഴിലാളിയുടെ വ്യക്തിഗുണങ്ങളും, തൊഴിലിന്റെ പ്രത്യേകതകളും തമ്മില്‍ എന്തു ബന്ധമുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍, ശാസ്ത്രീയ മാനേജ്‌മെന്റിന്റെ ആവിര്‍ഭാവത്തോടെ ഓരോ വ്യക്തിക്കും ഏറ്റവും പറ്റിയ ഒരു തൊഴിലുണ്ടെന്നും, ആ തൊഴിലില്‍ അവനെ പ്രവേശിപ്പിക്കുകയാണ് തൊഴിലും തൊഴിലാളിയും തമ്മിലുള്ള ഏറ്റവും നല്ല പൊരുത്തപ്പെടലിനുള്ള മാര്‍ഗമെന്നുമുള്ള ചിന്താഗതി വേരുറച്ചു.
പക്ഷേ പിന്നീടു വന്ന മാനേജ്‌മെന്റ് ശാസ്ത്രജ്ഞന്മാര്‍ ഈ വാദഗതിയോട് പൂര്‍ണമായി യോജിച്ചില്ല. സ്‌കോട്ട്, ക്ലോത്തിയര്‍, ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവര്‍ ഇതിനെ വിമര്‍ശിച്ചു. ചതുരദ്വാരത്തില്‍ ചതുരക്കട്ടയേയും വൃത്തദ്വാരത്തില്‍ വൃത്തക്കട്ടയേയും ഇണക്കുന്നപോലെ നിസ്സാരമല്ല, വ്യക്തിയും തൊഴിലും തമ്മിലുള്ള പൊരുത്തപ്പെടലെന്നവര്‍ വാദിച്ചു. തൊഴിലിലും തൊഴിലാളിയിലും, പുറമെനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മാറ്റങ്ങള്‍ വരുന്നുണ്ട്. മാത്രമല്ല, തൊഴിലും തൊഴിലാളിയും തമ്മിലുള്ള പരസ്പരവര്ത്തനങ്ങളിലൂടെ അവര്‍ പരസ്പരം സ്വാധീനിക്കുന്നുമുണ്ട്. തൊഴില്‍ തൊഴിലാളിയെ അതിനുപറ്റിയ വിധത്തില്‍ മെരുക്കിയെടുക്കുന്നതോടൊപ്പം, തൊഴിലാളി തൊഴിലിനേയും തന്റെ വ്യക്തിഗുണങ്ങള്‍ക്കും കഴിവുകള്‍ക്കുമനുസൃതമായി രൂപപ്പെടുത്തുകയും ചെയ്യുന്നു.
തൊഴിലാളിയുടെ പ്രത്യേക കഴിവുകളുടെ അഭാവമല്ല പ്രത്യുത അവന്റെ കഴിവുകളെ പൂര്‍ണമായി ഉപയോഗിക്കുന്നതില്‍നിന്നും അവനെ തടസ്സപ്പെടുത്തുകയോ, അവന്റെ കഴിവുകളെ പ്രയോഗക്ഷമമല്ലാതാക്കുകയോ ചെയ്യുന്ന അവന്റെതന്നെ വ്യക്തിമണ്ഡലത്തിലുള്ള, കൂടുതല്‍ പ്രധാനമായ മറ്റുചില ഘടകങ്ങളാണ് തൊഴില്‍പരാജയത്തിന്നു മിക്കപ്പോഴുമുള്ള കാരണമെന്ന് ആന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു. വ്യക്തിത്വഗുണങ്ങളുടെ നേരെയായിരിക്കണം ആന്‍ഡേഴ്‌സണ്‍ വിരല്‍ ചൂണ്ടുന്നത്. തൊഴിലും തൊഴിലാളിയും തമ്മിലുള്ള പൊരുത്തപ്പെടല്‍ ഒരു ദീര്‍ഘകാല പ്രതിഭാസമാണെന്നും, അതു ഒരു വ്യക്തിയെ ഒരു പ്രത്യേക ജോലിക്കു തിരഞ്ഞെടുക്കുന്നതിനു മുമ്പുതന്നെ വ്യക്തമായി പ്രവചിക്കാന്‍ സാധിക്കയില്ലെന്നും ചിലര്‍ വാദിക്കുന്നു.
തൊഴില്‍ പൊരുത്തപ്പെടലിനെക്കുറിച്ചുള്ള ഗതീയ മനഃശാസ്ത്ര തത്ത്വങ്ങള്‍ ഗതീയമനഃശാസ്ത്രമെന്നാലര്‍ത്ഥമാക്കുന്നത് മനുഷ്യന്റെ പെരുമാറ്റങ്ങളെ വ്യക്തിയുടെ ചോദനകളുടെയും വ്യക്തിപ്രേരണകളുടേയും വെളിച്ചത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്ന മനഃശാസ്ത്രവിഭാഗമെന്നാണ്. ഇത്തരം പഠനങ്ങളെ പ്രധാനമായും മനോവിശ്ലേഷണപഠനങ്ങള്‍, വ്യക്തിയുടെ മാനസികആവശ്യകതകളെയും മാനസികാകാംക്ഷകളെയും കുറിച്ചുള്ള പഠനങ്ങള്‍, സ്വത്വസിദ്ധാന്തം എന്നിങ്ങനെ തരംതിരിക്കാം.
മനോവിശ്ലേഷണപഠനങ്ങളുടെ ഉപജ്ഞാതാവ് ഫ്രോയിഡ് ആണല്ലോ. ഫ്രോയിഡിന്റെ അഭിപ്രായത്തില്‍, തൊഴില്‍ ചെയ്യുക എന്നത് ഒരു സാമൂഹികാവാശ്യമാണ്. അതായത് വ്യക്തിയും സമൂഹവുമായുള്ള പൊരുത്തപ്പെടലിന്റെ ഒരു ഭാഗമാണ് തൊഴില്‍ ചെയ്യുക എന്നത്. താന്‍ ചെയ്യുന്ന തൊഴിലാണ് സമൂഹത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനം നിര്‍ണയിക്കുന്നത്. സാമൂഹികജീവിതത്തില്‍ അത്യന്താപേക്ഷിതമായിട്ടുള്ളതാണ്, വ്യക്തിയുടെ ആത്മരതിപരവും അക്രമാസക്തിപരവും ലൈംഗികവുമായ ലിബിഡോ ഘടകങ്ങളുടെ വിസ്ഥാപനം, അഥവാ ഡിസ്പ്ളെയ്സ്മെന്റ.് ഈ വിസ്ഥാപനം, വ്യക്തിക്ക് തന്റെ ജോലിയിലൂടെയും, ജോലിസ്ഥലത്തെ വ്യക്തിബന്ധങ്ങളിലൂടെയും കുറെയേറെ സാധിക്കുന്നുണ്ട്. വ്യക്തിയുടെ ജന്മചോദനാത്വരകളെ ഉദാത്തീകരിക്കുന്നതില്‍ തൊഴില്‍ വലിയൊരു പങ്കുവഹിക്കുന്നു. തന്റെ നൈസര്‍ഗികമായ ലൈംഗിക, ആക്രമണ, ധ്വംസാത്മക വാസനകളെ, സമൂഹം അംഗീകരിച്ചിട്ടുള്ള മാര്‍ഗങ്ങളിലൂടെ തിരിച്ചുവിടുന്നതിന്ന് തൊഴില്‍ സഹായിക്കുന്നു.
ഫ്രോയിഡിയന്‍ സിദ്ധാന്തമനുസരിച്ച് ജോലിചെയ്യുക എന്നത് മനുഷ്യന്ന് അത്ര സന്തോഷകരമായ ഒരു കാര്യമല്ല. ജോലി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാപമായിട്ടാണ് മനുഷ്യമനസ്സ് കണക്കാക്കുന്നത്. മെന്നിംഗര്‍ പറയുന്നത് ജോലി ചെയ്യുന്നതില്‍ നിന്ന് നേരിട്ടുകിട്ടുന്ന സംതൃപ്തികൊണ്ടല്ല; ജോലിചെയ്യുമ്പോള്‍ അബോധമനസ്സിലെ നിഷേധ വാസനകള്‍ക്ക് സംതൃപ്തി കിട്ടുന്നതുകൊണ്ടാണ് മനുഷ്യര്‍ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്നാണ്.
പ്രശസ്ത മനോവിശ്ലേഷണമനഃശാസ്ത്രജ്ഞയായ കാരന്‍ ഹോര്‍ണി ഫ്രോയിഡില്‍നിന്ന് വ്യത്യസ്തമായ ഒരു ചിന്താഗതിയാണ് സ്വീകരിച്ചത്. ഹോര്‍ണിയുടെ അഭിപ്രായത്തില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് കിട്ടുന്ന സംതൃപ്തിക്ക് പിറകില്‍ രണ്ടു വ്യത്യസ്തനിദാനങ്ങളുണ്ട്. ഒന്ന്, സ്വന്തം കഴിവുകളും വ്യക്തിത്വവും കണ്ടെത്താനും അവയെ വികസിപ്പിക്കാനും സ്വന്തം ആത്മസാക്ഷാത്കാരത്തിനുമുള്ള മനുഷ്യന്റെ ക്രിയാത്മകമായ അഭിവാഞ്ഛ. മറ്റൊന്ന്, തന്റെ ആദര്‍ശപരമായ അഹത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ള മനോരോഗപരവും നിയന്ത്രണാതീതവുമായ അഭിവാഞ്ച്ഛ. തന്റെ ദിവാസ്വപ്‌നങ്ങളിലൂടെ സ്വയം നിര്‍മിച്ച, യാഥാര്‍ത്ഥ്യവുമായി പലപ്പോഴും ബന്ധമില്ലാത്ത ഈ അഹത്തിന്റെ സാക്ഷാത്കാരത്തിന്നു വേണ്ടിയുള്ള ഉല്‍ക്കടമായ ആഗ്രഹം ലഘു മനോരോഗികളില്‍ പ്രകടമായിക്കാണാം. അഭിവാഞ്ചകള്‍ പലരിലും പല രീതിയിലായിരിക്കും പ്രകടമായിരിക്കുക. ആക്രമണവാസനയുള്ളവര്‍ തന്റെ കഴിവുകളെ ഉള്ളതില്‍ക്കൂടുതലായിക്കാണാന്‍ ശ്രമിക്കുകയും ജോലിയുടെ കാഠിന്യത്തെ ഉള്ളതില്‍ കുറവായിക്കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തന്റെ അധീശത്വം പ്രകടിപ്പിക്കാനുള്ള ഒരവസരമായി തൊഴിലിനെ അയാള്‍ കാണുന്നു. ആത്മപ്രതിഷ്ഠ ആഗ്രഹിക്കാത്തവരും അനുസരണശീലമുള്ളവരുമായ വ്യക്തികളാകട്ടെ മറ്റുള്ളവരുടെ മേല്‍നോട്ടത്തിന്‍കീഴില്‍ ഉറച്ച ആത്മവിശ്വാസത്തോടെ പണിയെടുക്കുന്നു. പക്ഷേ, ഒറ്റയ്ക്കാകുമ്പോള്‍, ഇക്കൂട്ടര്‍ ആത്മവിശ്വാസം നശിച്ചു തനിയ്‌ക്കൊന്നും ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് പിന്തിരിയുന്നു. മാത്രമല്ല, വിടാതെ പിന്തുടരുന്ന ഒരു കുറ്റബോധവും ഇത്തരക്കാര്‍ക്കുണ്ടായിരിക്കും. മറ്റുള്ളവരില്‍ നിന്ന് സ്വയം ഒറ്റപ്പെടുന്ന ഏകാന്തതയുടെ കാമുകരായ ചിലര്‍ക്ക് ഒരിക്കലും തൊഴിലുമായി ഒരു നല്ല ബന്ധവും സാധിക്കുന്നില്ല; അവരെന്നും തൊഴിലില്‍ ഒരു പരാജയമായിരിക്കും.
മാസ്‌ലോ എന്ന മനഃശാസ്ത്രജ്ഞന്റെ വീക്ഷണത്തില്‍ മനുഷ്യന്ന് പ്രധാനമായി എട്ട് ശാരീരിക-മാനസിക ആവശ്യകതകള്‍ അഥവാ പ്രേരണകള്‍ ഉണ്ട്. അവയുടെ പ്രാധാന്യമനുസരിച്ച് മാസ്‌ലോ അവയെ ഒരു ശ്രേണിയായി അടുക്കിയിരിക്കുന്നു. ഏറ്റവും പ്രാഥമികമായിട്ടുള്ളത് ശാരീരികാവശ്യങ്ങളാണ്- വിശപ്പ്, ദാഹം, സുരക്ഷിതത്വം, ലൈംഗികം എന്നിവ. ഈ പ്രാഥമികാവശ്യങ്ങള്‍ മിക്കവാറും എല്ലാവര്‍ക്കും നിര്‍വഹിക്കാന്‍ കഴിയുന്നു. പിന്നീട് വരുന്നത് മാനസികാവശ്യങ്ങളാണ്. അവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവയാണ്, അംഗീകരിക്കപ്പെടാനും അറിയപ്പെടാനും ആത്മപ്രകാശനത്തിനുമുള്ള ആഗ്രഹങ്ങള്‍. ഈ ആഗ്രഹങ്ങള്‍ തന്റെ തൊഴിലിലും തൊഴില്‍ ചെയ്യുന്ന ചുറ്റുപാടുകളിലും എത്രകണ്ട് സാധിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കും ഒരു വ്യക്തിയുടെ തൊഴില്‍ സംതൃപ്തി. പക്ഷേ, തൊഴിലിന്റെ ഏതേത് ഘടകങ്ങള്‍ ഏതേത് ആവശ്യകതകളെ തൃപ്തിപ്പെടുത്തുന്നു എന്നു വ്യക്തമായിപ്പറയാന്‍ പറ്റില്ല.
സ്വത്വസിദ്ധാന്തത്തിന്റെ വക്താവായ സൂപ്പര്‍ എന്ന ശാസ്ത്രജ്ഞന് തൊഴിലും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇപ്രകാരമാണ് പറയാനുള്ളത്. 'ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം, തൊഴിലില്‍ പൊരുത്തപ്പെടുകയെന്നത്, ഒന്നാമതായി അയാള്‍ ചെയ്യാനുദ്ദേശിക്കുന്ന ധര്‍മങ്ങള്‍, ചെയ്യാനുള്ള അവസരങ്ങള്‍ ആ തൊഴിലില്‍ കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കലാണ്. രണ്ടാമതായി അയാളുടെ നിയതകര്‍മങ്ങള്‍, അയാളുടെ അഹംബോധവുമായി യോജിക്കുന്നുവോ എന്ന് പരീക്ഷിച്ചറിയലാണ്.
അവസാനമായി, പൊരുത്തപ്പെടലെന്നത് അയാളുടെ അഹംബോധത്തെ വസ്തുതയുമായി തട്ടിച്ചുനോക്കലാണ്; അയാളുടെ ഉള്ളിന്റെയുള്ളില്‍ താലോലിച്ചു വളര്‍ത്തിവന്ന സ്വന്തം ചിത്രവുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതം സാധ്യമാക്കിത്തീര്‍ക്കാമോ എന്ന് കണ്ടെത്തലാണ്.' ഒരു വ്യക്തി തന്റെ കുടുംബം, വിദ്യാലയം, സാമൂഹികജീവിതം എന്നിവയിലൂടെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വധര്‍മങ്ങളെക്കുറിച്ചും കുറെ ധാരണകള്‍ വളര്‍ത്തിയെടുക്കുന്നു. ഈ ധാരണകളുമായി പൊരുത്തപ്പെടുന്നതാണ് അയാള്‍ക്ക് കിട്ടുന്ന ജോലിയെങ്കില്‍ അയാളതുമായി നന്നായിണങ്ങിച്ചേരും. സ്വന്തം ധാരണകള്‍ക്ക് വിരുദ്ധമാണ് തൊഴിലെങ്കില്‍ അയാള്‍ക്കതിനോട് പൊരുത്തപ്പെടാന്‍ പറ്റുകയില്ല. ഒരു വ്യക്തിയുടെ തൊഴില്‍പൊരുത്തപ്പെടലിനെക്കുറിച്ച് പഠിക്കുമ്പോള്‍, അയാളുടെ ബാല്യ- കൗമാരകാലത്തെ ജീവിതം അയാളുടെ പൊരുത്തപ്പെടലിനെ ബാധിക്കുമെന്ന കാര്യം വിസ്മരിക്കരുത്. കൂടെക്കൂടെ ജോലി മാറുന്നവരുടേയും അശ്രദ്ധയും ഉത്തരവാദിത്വമില്ലായ്മയും പ്രദര്‍ശിപ്പിക്കുന്നവരുടെയും പൂര്‍വകാലചരിത്രം പരിശോധിച്ചാല്‍, അവരുടെ കുടുംബ-വിദ്യാലയ ജീവിതങ്ങള്‍ താളപ്പിഴകള്‍ നിറഞ്ഞതായിരുന്നുവെന്നു കാണാന്‍ സാധിക്കും. മാതാപിതാക്കള്‍ ചിട്ടയോടും അച്ചടക്കബോധത്തോടുംകൂടി വളര്‍ത്തിയ ഒരു കുട്ടി വളര്‍ന്നു വലുതായി ഒരു ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആ ചിട്ടയും അച്ചടക്കബോധവും അവിടെയും പ്രദര്‍ശിപ്പിക്കും. മാതാപിതാക്കളുടെ സ്‌നേഹപരിലാളനകള്‍ ആവശ്യത്തിന് പോലും ലഭിച്ചിട്ടില്ലാത്ത ഒരു കുട്ടിക്കു പിന്നീടൊരു തൊഴിലില്‍ പ്രവേശിക്കുമ്പോള്‍, തന്റെ സഹപ്രവര്‍ത്തകരോട് നല്ല രീതിയില്‍ പെരുമാറാന്‍ സാധിക്കുകയില്ല.
തൊഴിലിലുള്ള പൊരുത്തപ്പെടലും ജീവിതത്തിന്റെ മറ്റു തുറകളിലുള്ള പൊരുത്തപ്പെടലുകളുമായി നല്ല ബന്ധമുണ്ട്. സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നവര്‍ തൊഴിലിലും സന്തുഷ്ടനായിരിക്കാനാണ് സാദ്ധ്യത. ഒന്നിലെ പരാജയം മറ്റൊന്നില്‍ പ്രതിഫലിക്കും. രാവിലെ സമയത്തിന്നാഹാരം കൊടുക്കാത്ത ഭാര്യയോടുള്ള ദ്വേഷ്യം ഓഫീസില്‍ വന്ന് സഹപ്രവര്‍ത്തകരോട് തട്ടിക്കയറി പ്രകടിപ്പിക്കുന്നവരെ നമുക്കറിയാമല്ലോ. അതുപോലെതന്നെ, ഓഫീസറുടെ ശകാരംകേട്ട് വീട്ടിലെത്തുന്ന ഭര്‍ത്താവിന്ന്, ചെറിയൊരു പ്രകോപനം മതി ഭാര്യയോട് വഴക്കിടാന്‍. ഓഫീസില്‍ മേലുദ്യോഗസ്ഥന്മാരാലും സഹപ്രവര്‍ത്തകരാലും അംഗീകരിക്കപ്പെടുകയും അവര്‍ക്കിടയില്‍ മതിപ്പുളവാക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തി സാമൂഹഹിക കാര്യങ്ങളിലും മറ്റും കൂടുതല്‍ പങ്കെടുക്കാനും അത്തരം കാര്യങ്ങളില്‍ നേതൃത്വം വഹിക്കാനും തയ്യാറാവും. എന്നിരുന്നാലും, വ്യക്തിയുടെ മറ്റു രംഗങ്ങളിലെ പരാജയങ്ങളുടെ ഒരു 'ഷോക്ക് അബ്‌സോര്‍ബറാ'യിട്ടും തൊഴില്‍ശാല ചിലപ്പോഴൊക്കെ വര്‍ത്തിക്കാറുണ്ട്.
(മനസ് ഒരു സമസ്യ എന്ന പുസ്തകത്തില്‍ നിന്ന്)