Total Pageviews

'ഈമെയിലി'ന് 32 വയസ്സ്; പ്രോഗ്രാം തയ്യാറാക്കിയത് ഇന്ത്യക്കാരന്‍


അന്നും ഇന്നും. 'ഈമെയില്‍' സൃഷ്ടിക്കുന്ന സമയത്തെ അയ്യാദുരൈയും, 2012 ലെ ചിത്രവും


ഈമെയില്‍ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. വ്യക്തിഗത ആവശ്യങ്ങള്‍ തുടങ്ങി കോര്‍പ്പറേറ്റുകളും രാഷ്ട്രങ്ങളുംവരെ തങ്ങളുടെ മുഖ്യആശയവിനിമയോപാധിയായി ഈമെയില്‍ ഉപയോഗിക്കുന്നു.

എന്നാല്‍, ഇന്റര്‍നെറ്റിലൂടെ അയയ്ക്കപ്പെടുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപാധിക്ക് 'ഈമെയില്‍' ( EMAIL ) എന്ന് പേരിട്ടതും, ആ സംവിധാനവുമായി ബന്ധപ്പെട്ട 'ഈമെയില്‍ പ്രോഗ്രാം' എഴുതിയുണ്ടാക്കിയതും 14 കാരനായ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം! അതെ, വി.എ. ശിവ അയ്യാദുരൈ എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് 'ഈമെയില്‍' സൃഷ്ടിച്ചത്.

അയ്യാദുരൈ തയ്യാറാക്കിയ ആ പ്രോഗ്രാമിന് അമേരിക്കയില്‍ പകര്‍പ്പവകാശം ലഭിച്ചിട്ട് 32 വര്‍ഷം തികഞ്ഞിരിക്കുന്നു.

വിവാദങ്ങളും അവ്യക്തകളും നിറഞ്ഞ ഈമെയിലിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാമവും പ്രത്യക്ഷപ്പെടുന്നു എന്നത് കൗതുകകരമാണ്.
1960 കളില്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങിന്റെ തുടക്കം മുതല്‍ പരിണമിച്ചുവന്ന സംവിധാനമാണ് ഈമെയില്‍. ആ ഇലക്ട്രോണിക് ആശയവിനിമയ ഉപാധിക്ക് പിന്നില്‍ ഒട്ടേറെ സാങ്കേതിക വിദഗ്ധരുടെ സംഭാവനകളുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി, യുഎസിലെ അര്‍പാനെറ്റ് ( ARPANET - ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി) കരാറുകാരായ 'ബോള്‍ട്ട് ബെരാനെക് ആന്‍ഡ് ന്യൂമാനി'ല്‍ പ്രവര്‍ത്തിച്ചിരുന്ന റേ ടോംലിന്‍സണ്‍ ( Ray Tomlinson ) ആണ്. അദ്ദേഹമാണ് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന ഈമെയില്‍ സങ്കേതത്തിന്റെ പ്രോട്ടോക്കോള്‍ ആവിഷ്‌ക്കരിച്ചതും, @ എന്ന ചിഹ്നത്തിന്റെ അകമ്പടിയോടെ ഒരു കമ്പ്യൂട്ടറില്‍നിന്ന് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ വഴിയൊരുക്കിയതും. 1971-1972 കാലത്തായിരുന്നു അത്.

അതിനാല്‍ ഈമെയിലിന്റെ ഉപജ്ഞേതാവ് എന്ന സ്ഥാനം ടെക് ചരിത്രത്തില്‍ ടോംലിന്‍സന് ലഭിക്കുന്നു.

എന്നാല്‍, ഇന്‍ബോക്‌സ്, ഔട്ട്‌ബോക്‌സ്, ഫോള്‍ഡറുകള്‍, മെമ്മോ, അറ്റാച്ച്‌മെന്റ്, അഡ്രസ്ബുക്ക് തുടങ്ങി, ഇന്ന് എല്ലാ മെയില്‍ സംവിധാനങ്ങളിലും കാണുന്ന സാധാരണയായ കാര്യങ്ങളെല്ലാം അടങ്ങിയ ഇന്റര്‍ഓഫീസ് മെയില്‍ സിസ്റ്റത്തിനാണ് 1978 ല്‍ അയ്യാദുരൈ രൂപംനല്‍കിയത്.

ഇതിനുള്ള യുഎസ് കോപ്പിറൈറ്റ് അയ്യാദുരൈക്ക് ലഭിച്ചത് 1982 ഓഗസ്റ്റ് 30 നാണ്. അയ്യാദുരൈക്ക് ലഭിച്ച ''ഈമെയില്‍'' പകര്‍പ്പവകാശം ഇപ്പോഴും സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

1982 ല്‍ അയ്യാദുരൈയ്ക്ക് അമേരിക്കയില്‍ ലഭിച്ച കോപ്പിറൈറ്റ് നോട്ടീസ്‌


മുംബൈയില്‍ ഒരു തമിഴ് കുടുംബത്തിലായിരുന്നു അയ്യാദുരൈയുടെ ജനനം. ഏഴാം വയസ്സില്‍ അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. പതിനാലാം വയസ്സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെകുറിച്ചുള്ള ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സ്‌പെഷ്യല്‍ സമ്മര്‍ പ്രോഗ്രാമില്‍ അയ്യാദുരൈ പങ്കെടുത്തു.

പിന്നീട് ഹൈസ്‌ക്കൂള്‍ പഠനത്തിനായി ന്യൂജേഴ്‌സിയിലെ ലിവിങ്ടണ്‍ ഹൈസ്‌ക്കൂളില്‍ ചേര്‍ന്ന അയ്യാദുരൈ, അക്കാലത്തുതന്നെ അവിടത്തെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്‍ഡിസ്ട്രിയില്‍ (UNDMJ) റിസേര്‍ച്ച് ഫെല്ലോയും ആയി.

അയ്യാദുരൈയുടെ കഴിവും അധ്വാനവും തിരിച്ചറിഞ്ഞ UMDMJ യിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ലൈബ്രറി ഡയറക്ടറായ ലെസ്ലി മൈക്കേല്‍സണ്‍ അവന് ഒരു അസ്സൈന്‍മെന്റ് നല്‍കി. പേപ്പര്‍ വഴി നടന്നിരുന്നു യൂണിവേഴ്‌സിറ്റിയ്ക്കകത്തെ കത്തിടപാടുകള്‍ക്ക് പകരമായി ഒരു ഇന്റര്‍ഓഫീസ് മെയില്‍ സിസ്റ്റം സൃഷ്ടിക്കാനായിരുന്നു അത്.

അതിനായുള്ള ശ്രമമാണ് 'ഈമെയില്‍ പ്രോഗ്രാം' സൃഷ്ടിക്കുന്നതിലേക്ക് അയ്യാദുരൈയെ എത്തിച്ചത്. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ ഗവേഷകനാണ് അയ്യാദുരൈ ഇപ്പോള്‍ ( കടപ്പാട്: പി.ടി.ഐ. ടൈം, വാഷിങ്ടണ്‍ പോസ്റ്റ്. ചിത്രം കടപ്പാട് : The Inventer of Email ).
Share it:

TRENDING NOW

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: