"അച്ചനും വലിയ മെത്രാനും പിന്നെ യൂദായും (നർമ്മ കഥ)"

"അച്ചനും വലിയ മെത്രാനും പിന്നെ യൂദായും (നർമ്മ കഥ)"


അച്ചൻ മരിച്ചു സ്വർഗ്ഗവാതിക്കൽ ചെന്നു. പത്രോസ് സ്വർഗ്ഗവാതിക്കൽ ജീവന്റെ പുസ്തകവുമായി ഇരിപ്പുണ്ട്. അച്ചൻ നോക്കിയപ്പോൾ സ്വർഗ്ഗവാതിക്കൽ നല്ല ക്യുവാണ്. അച്ചൻ ക്യു ഒന്നും നിൽക്കാതെ നേരെ പത്രോസിന്റെ മുന്നില് ചെന്നു നിന്നു. അച്ചൻ ഇടിച്ചു കയറിവന്നത് പത്രോസിന് ഇഷ്ടപ്പെട്ടില്ല. ക്യുവിന്റെ അവസാനം പോയി നിൽക്കാൻ പത്രോസ് പറഞ്ഞു. അത് കേൾക്കാത്ത ഭാവത്തിൽ അച്ചൻ നിന്നു. പത്രോസ് ബെല്ലമർത്തി. പെട്ടന്ന് രണ്ട് മാലാഖമാര് വന്ന് അച്ചന്റെ ചെവിക്ക്പിടിച്ച് പൊക്കി ഒരേറ് കൊടുത്തു. അച്ചന് പൃഷ്ഠമിടിച്ച് ക്യൂവിന്റെവസാനം ചെന്നു വീണു.
“കർത്താവിനെ ഒന്നു കാണട്ടടാ… നിന്നെ ഒക്കെ കാണിച്ചു തരാം…”അച്ചൻ വേദന മറന്ന് അലറി.
ആദ്യമായിട്ടാണ് ക്യുവില് നിക്കുന്നത്. നാലഞ്ച് മണിക്കൂർ ക്യൂവില് നിന്നിട്ടാണ് അച്ചന് പത്രോസിന്റെ മുന്നിൽ എത്തിയത്.
അച്ചൻ പേരും വയസ്സും സ്ഥലവും പറഞ്ഞു കൊടുത്തു. പത്രോസ് ജീവന്റെ പുസ്തകം പരിതി. ജീവന്റെ പുസ്തകം അരമണിക്കൂർ അരിച്ചുപെറുക്കിയിട്ടും അച്ചന്റെ പേര് കണ്ടില്ല. പത്രോസ് അച്ചനെ നോക്കി.
“അച്ചോ അച്ചന്റെ പേര് ജീവന്റെ പുസ്തകത്തില് ഇല്ല. നരകത്തില് പോകാൻ തയ്യാറെടുത്തോ..!” അതു പറഞ്ഞതും പത്രോസ് ജീവന്റെ പുസ്തകം അടച്ചു. അച്ചൻ പത്രോസിന്റെ ചെവിയുടെ അടുത്ത് ചെന്ന് മന്ത്രിച്ചു.
“പത്രോസേ ഞങ്ങള് രസീത് എഴുതുന്നതുപോലെ ഇവിടെ ഓഡിറ്റ് ചെയ്യാൻ കൊടുക്കാത്ത ജീവന്റെ പുസ്തകത്തില് എന്റെ പേരുണ്ടോന്ന് ഒന്നു നോക്കിക്കേ….”
അച്ചന്റെ ധാർഷ്ട്യം പത്രോസിന് പിടിച്ചില്ല .
“അച്ചോ ഇവിടെ ഒരൊറ്റ ജീവന്റെ പുസ്തകമേ ഉള്ളൂ…”
ഇതു കേട്ടയുടനെ അച്ചൻ ചക്കവെട്ടിയിടുന്നതുപോലെ ബോധം മറഞ്ഞ് താഴെ വീണു…. ബോധം തെളിഞ്ഞപ്പോള് അച്ചൻ പതം പറഞ്ഞ് കരയാൻ തുടങ്ങി. അരമന പണിഞ്ഞതും പത്ത് പള്ളി പണിതതും അമ്പത് കുരിശുപള്ളി പണിതതും നാലഞ്ച് ആശുപത്രിയും കോളേജ് പണിതതും ഒക്കെ എണ്ണിപ്പറക്കി പറഞ്ഞ് അച്ചൻ വലിയവായില് കരഞ്ഞു. എത്ര കരഞ്ഞിട്ടിട്ടും തന്നെ ആരും ഒന്നു നോക്കുന്നുപോലുമില്ലന്ന് അച്ചന് തോന്നി. കരഞ്ഞ്കരഞ്ഞ് തൊണ്ടയിലെ വെള്ളം വറ്റി.
“പത്രോസേ…ഇച്ചിരി വെള്ളമെങ്കിലും എനിക്ക് തായോ…”
അച്ചന്റെ അപേക്ഷ കേട്ട് പത്രോസ് വെള്ളം കൊണ്ടു വരാൻ പറഞ്ഞു. വെള്ളം കൊണ്ട് വരുന്ന ആളെ അച്ചൻ സൂക്ഷിച്ചുനോക്കി.– ശവക്കുഴിവെട്ടുകാരൻ പാപ്പി..!! ഇരുപത്തിനാലുമണിക്കൂറും വെള്ളമടിച്ച് കറങ്ങി നടന്ന ഇവനെങ്ങനെ സ്വർഗ്ഗത്തില് എത്തി.. ഇരുപത്തിനാലു മണിക്കൂറും പള്ളിയില് കുത്തിയിരുന്ന തന്നെ നരകത്തില് പറഞ്ഞുവിടുകയാണ്. പിന്നെങ്ങനെയാണ് പാപ്പി സ്വർഗ്ഗത്തില് കയറിപറ്റിയത്. അച്ചന് ദേഷ്യം വന്നു.
“പത്രോസേ… ഒരുമാതിരി കോ_ പരിപാടിയാ നിങ്ങളെന്നോട് കാണിക്കുന്നത്. പള്ളിമേട പണിയാനും പള്ളിപണിയാനും സംഭാവന തരാത്തവനാ ഈ പാപ്പി…. സാത്താന്റെ പുറകെ പോയതുകൊണ്ട് ഞാനിവനെ തെമ്മാടിക്കുഴിയിലാ അടക്കിയത്... തെമ്മാടിക്കുഴിയില് അടക്കിയവന് എങ്ങനെയാണ് സ്വർഗ്ഗത്തില് എത്തിയത് ?????”
“അച്ചനിവനെ തെമ്മാടിക്കുഴിയില് അടക്കി എന്നതുകൊണ്ടുമാത്രമാണ് പാപ്പി സ്വർഗ്ഗത്തില് കയറിവന്നത്.” പത്രോസ് ഇതു പറഞ്ഞതും എഴുന്നേറ്റു.
“പത്രോസേ… എന്നെ എന്തിനാ നരകത്തില് വിടുന്നത് എന്ന് പറഞ്ഞിട്ട് പോ..”
അച്ചൻ പത്രോസിനെ തടഞ്ഞു. ഈ കാര്യങ്ങളൊക്കെ അറിയാവുന്നത് യോഹന്നാനാണന്നും താൻ പോയി യോഹന്നാനെ പറഞ്ഞ് വിടാമെന്ന് പറഞ്ഞ് പത്രോസ് പോയി. അഞ്ചു മിനിറ്റിനകം യോഹന്നാൻ വന്നു. യോഹന്നാനോടും അച്ചൻ ചോദ്യം ആവർത്തിച്ചു. യോഹന്നാൻ അച്ചനെ സ്വർഗ്ഗവാതിലിനോട് ചേർന്നുള്ള കമ്പ്യൂട്ടർ റൂമിലേക്ക് കൊണ്ടു പോയി. അച്ചന്റെ പേരും വയസ്സും സ്ഥലവും എന്റെർ ചെയ്തു കഴിഞ്ഞപ്പോള് മോണീട്ടറില് അച്ചന്റെ ചെയ്തികള് തെളിഞ്ഞു. ചാത്തകുർബ്ബാന ചെല്ലുന്നതിന് കാശ് വാങ്ങുന്നതും, ശവമടക്കിന് കാശുവാങ്ങുന്നതും ഒക്കെ മോണിട്ടറില് തെളിഞ്ഞു. സ്കൂളില് അഡ്മിഷന് കൊടുക്കുന്നതിനും മെഡിക്കൽകോളേജ് അഡ്മിഷനും ഒക്കെ പിള്ളാരുടെ കൈയ്യിൽ നിന്ന് കാശുവാങ്ങുന്നതും മോണിട്ടറില് തെളിഞ്ഞു.
“എന്റെ എല്ലാ ചെയ്തികളും ഇതില് ഉണ്ടോ...?” അച്ചൻ ചോദിച്ചു.
“ഉണ്ടല്ലോ..എല്ലാം കാണണോ..?” യോഹന്നാൻ ചോദിച്ചു.
“വേണ്ടാ..”അച്ചൻ പറഞ്ഞു.
“മെത്രാന്റെ ചെയ്തികളും ഇതില് കാണാൻ പറ്റുമോ?” അച്ചൻ ചോദിച്ചു.
“ഉവ്വ്..”യോഹന്നാൻ പറഞ്ഞു.
“യോഹന്നാനേ എനിക്കൊരു സഹായം ചെയ്യണം…. വലിയ മെത്രാച്ചൻ ഇന്നോ നാളയോ എന്ന് പറഞ്ഞ് കൈയ്യാലെപ്പുറത്തെ തേങ്ങ പോലെ കിടപ്പിലാണ്... മെത്രാച്ചൻ വരുന്നതു വരെ എന്നെ നരകിത്തിലോട്ട് വിടരുത്... മെത്രാച്ചൻ എത്തിയാലുടനെ ഞങ്ങളൊരുമിച്ച് നരകത്തിലേക്ക് പൊയിക്കോളാം…” അച്ചൻ പറഞ്ഞു.
“വലിയ മെത്രാച്ചൻ നരകത്തില് പോകുമെന്ന് അച്ചനെന്താ ഇത്രെ ഉറപ്പ്..?” യോഹന്നാൻ ചോദിച്ചു. അച്ചനൊന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഞാൻ നരകത്തില് പോകുമെങ്കില് വലിയ മെത്രാച്ചനും നരകത്തിലോട്ട് തന്നെ ആയിരിക്കും… ഞാൻ വാങ്ങിയതിന്റെ ഇരട്ടിയുടെ ഇരട്ടിയാ വലിയ മെത്രാച്ചൻ വാങ്ങിച്ചത്….!”
വലിയ മെത്രാച്ചൻ വരുന്നതും കാത്ത് അച്ചൻ രണ്ടു ദിവസം സ്വർഗ്ഗവാതിക്കല് കാത്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള് വലിയ മെത്രാച്ചൻ എത്തി. തന്നെ സ്വീകരിക്കാൻ മാലാഖമാരൊക്കെ കാണുമെന്നാണ് മെത്രാൻ വിചാരിച്ചിരുന്നത്. പക്ഷേ ആരും സ്വീകരിക്കാൻ എത്തിയില്ല. അച്ചൻ വാതിക്കല് കുത്തി ഇരിക്കുന്നത് മെത്രാൻ കണ്ടു. തന്നെ കണ്ടിട്ടും തന്റെ കൈ മുത്താൻ അച്ചൻ വരാത്തതില് മെത്രാന് ശുണ്ഠി വന്നു. മെത്രാൻ അച്ചന്റെ അടുത്തു വന്നിട്ട് ചോദിച്ചു.
“താനെന്താ എന്നെ കണ്ടിട്ട് എന്റെ കൈമുത്താൻ വരാതിരുന്നത്...?”
“കൈ മുത്തിയിട്ടൊന്നും ഒരു കാര്യവുമില്ല…സംസാരിച്ച് നിക്കാതെ പെട്ടന്ന് പോയി ക്യുവില് നിന്നാല് നമുക്കൊരുമിച്ച് ഇന്നു തന്നെ നമ്മുടെ സ്ഥലത്ത് പോകാം…”
മെത്രാൻ ഇടിച്ച് കയറി ക്യൂവിന്റെ മുന്നില് ചെന്നു. മാലാഖമാര് വലിയ മെത്രാച്ചന്റെയും ചെവിക്ക് പിടിച്ച് ക്യൂവിന്റെ പുറകില് എത്തിച്ചു. ജീവന്റെ പുസ്തകത്തില് വലിയ മെത്രാച്ചന്റെയും പേരില്ലായിരുന്നു. വലിയ മെത്രാച്ചനും പത്രോസിനോട് തർക്കിച്ചു. പത്രോസ് ഉടനെ തന്നെ യോഹന്നാനെ വിളിച്ചു വരുത്തി.
യോഹന്നാൻ വലിയ മെത്രാച്ചനെ കമ്പ്യൂട്ടർ റൂമിലേക്ക് കൊണ്ടു പോയി. അരമണിക്കൂർ കഴിഞ്ഞ് കമ്പ്യൂട്ടർ റൂമിൽ നിന്ന് വലിയ മെത്രാച്ചൻ ഇറങ്ങിവരുന്നത് അച്ചൻ കണ്ടു.
“എല്ലാം മുകളില് ഇരുന്ന് ഒരുത്തൻ കാണുന്നുണ്ട് എന്നു പറയുന്നത് സത്യമാണന്ന് എനിക്കിപ്പോഴാ അച്ചോ മനസ്സിലായത് …” വലിയമെത്രാച്ചൻ അച്ചനോട് പറഞ്ഞു.
“എനിക്കത് രണ്ടു ദിവസം മുമ്പേ മനസ്സിലായതാ..!” അച്ചൻ പറഞ്ഞു. അച്ചനും വലിയമെത്രാച്ചനും കൂടി പത്രോസിന്റെ മുന്നിൽ ചെന്നു. തങ്ങൾക്ക് കർത്താവിനെ ഒന്നു കാണണമെന്ന് പറഞ്ഞു.
കർത്താവിന്റെ അടുത്തേക്ക് യോഹന്നാൻ അവരെ കൊണ്ടുപോയി. കർത്താവിന്റെ കൂടെ നിൽക്കുന്ന ആളെ കണ്ട് അച്ചനും വലിയ മെത്രാച്ചനും മുഖത്തോടുമുഖം നോക്കി. യൂദ!!! കർത്താവിനെ ഒറ്റിക്കൊടുത്ത യൂദ !!!
“നിങ്ങളെന്താണ് യൂദായെ സൂക്ഷിച്ച് നോക്കുന്നത്…”
കർത്താവിന്റെ ശാന്തശബ്ദ്ദം കേട്ട് അവർ കർത്താവിന്റെ മുഖത്തേക്ക് നോക്കി.
“കർത്താവേ യൂദായെ ആരാ സ്വര്ഗ്ഗത്തില് കയറ്റി ഇരുത്തിയത്...? ഇവനല്ലിയോ കർത്താവേ, കർത്താവിനെ ഒറ്റിക്കൊടുത്തത്... യൂദാ നരകത്തില് പോയന്നാ ഞങ്ങള് ഭൂമിയില് പ്രസംഗിച്ചത്.”
അച്ചനും വലിയമെത്രാച്ചനും ഒരുമിച്ചാണ് പറഞ്ഞത്…. കർത്താവ് ഒന്നും പറയാതെ തന്റെ സിംഹാസത്തിൽ നിന്ന് എഴുന്നേറ്റ് നിലത്തേക്ക് ഇരുന്ന് എന്തൊക്കെയോ എഴുതാൻ തുടങ്ങി. അച്ചനും വലിയമെത്രാച്ചനും കർത്താവ് എഴുതുന്നത് നോക്കി.
“എന്നാലും കർത്താവേ നിന്റെ കൂടെ നടന്നിട്ടാ യൂദാ നിന്നെ ഒറ്റിക്കൊടുത്തത്.”
വലിയമെത്രാച്ചൻ പറഞ്ഞു. കർത്താവിന്റെ മുഖഭാവം മാറി. കർത്താവിന്റെ കല്ല് പിളർക്കാൻ ശക്തിയുള്ള ശബ്ദ്ദം ഉയർന്നു. ഭൂമികുലുങ്ങി. എവിടക്കയോ വെള്ളിടി വെട്ടി. കർത്താവിന്റെ ശബ്ദ്ദത്തിന്റെ ശക്തിയില് അവരിരുവരും നരകത്തിലേക്ക് തെറിച്ചു വീണു. നരകത്തിലേക്കുള്ള വീഴ്ചയിൽ കർത്താവിന്റെ ശബ്ദ്ദം അവർ കേട്ടു.
“യൂദാ.,.മുപ്പത് വെള്ളിക്കാശിന് എന്നെ വിറ്റു എങ്കിലും അവൻ പശ്ചാത്തപിച്ചു… നിങ്ങളോ...? എന്നെ വിറ്റ് കോടിക്കണക്കിന് രൂപ അല്ലേ ദിവസവും ഉണ്ടാക്കുന്നത്...?”
ഈ ചോദ്യം ഭൂമിയിലും ഉത്തരം കിട്ടാതെ മുഴങ്ങുകയാണ് ഇപ്പോഴും…!!!!
😕🙁🙁

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق