നിയോഗം ........................ കർഷകർ

 നിയോഗം

........................

കർഷകർ

........…..............

രാപ്പകലില്ലാതെ ഞങ്ങൾക്കുവേണ്ടി അധ്വാനിക്കുന്ന കർഷകർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും നിങ്ങളെ ഊട്ടുന്ന അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും ആണ് മാതാവേ ഈ ദിനം മാറ്റി വെച്ചിരിക്കുന്നത്.


 വിത്തിനുള്ളിലേക്ക് ജീവനെ സന്നിവേശിപ്പിച്ചു അതിനെ പ്രത്യേക ശ്രദ്ധ നൽകി ഞങ്ങളെ ഊട്ടുന്ന നല്ല ദൈവമേ നിനക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അധ്വാനതോടൊപ്പം നിന്റെ കരുതലുകളും ചേർന്നതാണ് ഞങ്ങളുടെ ഫലങ്ങൾ എന്ന് ഞങ്ങളെ ഓർമ്മപ്പെടുത്തണമേ.


 ഹൃദയത്തിനുള്ളിൽ ഞങ്ങളെല്ലാം കർഷകരും കൃഷിയെ സ്നേഹിക്കുന്നവരുമാണ് മാതാവേ.


 ഞങ്ങളുടെ ഓർമ്മകളുടെ മേച്ചിൽപ്പുറങ്ങളിൽ ഒരിടയനും ഒരു ആട്ടിൻ പറ്റവും നഷ്ടപ്പെട്ട ഒരു കുഞ്ഞാടും ഉണ്ട് മാതാവേ.


 ഹൃദയം നല്ലൊരു കൃഷിയിടം ആണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തണമേ. എന്തു നട്ടാലും നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്ന ഇടമാണ് ഇതെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കണമേ. സ്നേഹമായാലും പ്രത്യാശയയാലും വെറുപ്പയാലും ഭയമായാലും പ്രതികാരമായാലും അസൂയയായാലും കൊയ്ത്തു എടുക്കേണ്ടത് എന്താണെന്ന് തീരുമാനിക്കേണ്ടത് ഞങ്ങൾ ആണെന്ന് ഓർമ്മപ്പെടുത്തെണമേ.

 ഫലം തരാത്ത വൃക്ഷത്തെക്കുറിച്ചും അത് നിൽക്കുന്ന സ്ഥലത്തെക്കുറിച്ചും  അങ്ങ് പറഞ്ഞ കാര്യങ്ങൾ ഞങ്ങളുടെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നു. നിലം മണ്ണ് മാത്രമല്ലെന്നും ഒരാൾ തന്റെ വളർച്ചയ്ക്ക് സ്വീകരിക്കുന്ന മുഴുവൻ ഊർജ്ജമാണെന്നും, സഫലീകരിക്കുന്ന ആത്മീയ നിയോഗമായി ഫലത്തെ കാണാനും ഞങ്ങളെ പഠിപ്പിക്കണമേ. സ്വയം കണ്ടെത്താത്തതും, എല്ലാം സ്വീകരിച്ചിട്ടും ഒന്നും തിരികെ നൽകാത്തതുമാണ് ഫലം തരാത്ത വൃക്ഷം എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. നാഥാ ഇത്തരം വൃക്ഷങ്ങളുടെ ആയുസ്സ് നീട്ടി തരണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.


 ആറ്റു തീരത്തു നട്ട  വൃക്ഷമാണ് ഞങ്ങളെന്നു കരുതാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. ആറ്റു തീരങ്ങളിലും  ഞങ്ങൾ അധ്വാനിക്കുന്ന കൃഷിയിടങ്ങളിലും അവന്റെ കൃപകളുടെ നീർച്ചാലുകളാൽ സമൃദ്ധമാക്കണമെന്ന് നിന്റെ തിരുക്കുമാരനോട് അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ..

إرسال تعليق