ഒമ്പതാംക്ലാസ് മുതല്‍ തൊഴില്‍പഠനം; കേന്ദ്രപദ്ധതിയോട് കേരളത്തിന് വിമുഖത

നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രയിം വര്‍ക്ക് കേരളം മാത്രം നടപ്പാക്കിയില്ല......




പഠനത്തോടൊപ്പം തൊഴില്‍നൈപുണ്യവും എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ബൃഹത്തായ വിദ്യാഭ്യാസപദ്ധതിയോട് കേരളം മാത്രം മുഖംതിരിഞ്ഞുനില്‍ക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയപ്പോള്‍, കേരളം ഇതുസംബന്ധിച്ച പ്രാഥമികതല ആലോചനകളിലേക്കുപോലും കടന്നിട്ടില്ല.

'നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്' എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിപ്രകാരം ഒമ്പതാം ക്ലാസ് മുതല്‍ തൊഴില്‍ പരിശീലനവും നല്‍കും. 51 വിഷയങ്ങളിലാണ് തൊഴില്‍പരിശീലനം. ഇതില്‍ കുട്ടിക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാം. ഒമ്പതാം ക്ലാസിലെ പരിശീലനത്തിലൂടെ കുട്ടി ആ മേഖലയില്‍ ഹെല്‍പ്പര്‍ ആയി പ്രവര്‍ത്തിക്കാന്‍ യോഗ്യത നേടും. പത്തിലെ പരിശീലനം കഴിയുമ്പോള്‍ അസിസ്റ്റന്റ് ആകാം. 11, 12 ക്ലാസ്സുകള്‍ കഴിയുമ്പോള്‍ ലെവല്‍ നാല് സര്‍ട്ടിഫിക്കറ്റ് കിട്ടും. തുടര്‍ന്ന് പോളിടെക്‌നിക്ക്, ബിരുദ തലത്തിലുള്ള കോഴ്‌സുകള്‍ എന്നിവയ്ക്ക് ചേരാം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പോകുന്നവര്‍ക്ക് അങ്ങനെയും തിരിയാം. ബിരുദതലത്തില്‍ ബി വോക്ക് കോഴ്‌സുകളുമുണ്ട്.

അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ എല്ലാ രാജ്യങ്ങളും ഏകീകൃതമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് എന്‍.എസ്.ക്യു.എഫ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര തലത്തില്‍ ജോലിക്ക് വേണ്ട വിദ്യാഭ്യാസയോഗ്യത ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക.

കേരളം പോലെ പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനം ഈ പദ്ധതി നടപ്പാക്കാത്തത് ഭാവിയില്‍ ഇവിടെനിന്നുള്ളവരുടെ തൊഴില്‍സാധ്യതകളെ ദോഷകരമായി ബാധിച്ചേക്കും. ദേശീയതലത്തില്‍ വിവിധ ജോലികള്‍ക്കായി അപേക്ഷ വിളിക്കുമ്പോഴും ഇതായിരിക്കും യോഗ്യത.

2033 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിക്കായി ചെലവിടുന്നത്. ഈ പദ്ധതിയിലൂടെയേ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ഇനി ഉണ്ടാകൂവെന്ന്, ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പാക്കാത്തതിനാല്‍ കേരളത്തിന് ഈയിനത്തില്‍ നയാപൈസ കിട്ടിയില്ല.

ഇതേസമയം, പൊതുവിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായ മാറ്റം കേരളം പോലെയുള്ള സംസ്ഥാനത്ത് എളുപ്പമല്ല. ആഴത്തിലുള്ള ചര്‍ച്ചയിലൂടെയേ അത് കേരളത്തില്‍ നടപ്പാകൂ. എന്നാല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെങ്കിലും ഇത് നടപ്പാക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment