ഒരു സ്‌കൂളില്‍ ഒരു യൂണിഫോം മതിയെന്ന് ബാലാവകാശ കമ്മീഷന്‍

 യൂണിഫോമിന്റെ കാര്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ആശ്വാസമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇടപെടല്‍. സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും വരുന്ന അധ്യയന വര്‍ഷം മുതല്‍ ഒരു സ്‌കൂളില്‍ ഒരു യൂണിഫോം എന്ന തത്ത്വം നടപ്പാക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.
തൃശ്ശൂര്‍ സ്വദേശി ജിജു ആന്റോ താഞ്ചന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ അംഗം എന്‍. ബാബുവിന്റേതാണ് ഉത്തരവ്. ഒരു സ്‌കൂളില്‍ ഒരു യൂണിഫോം എന്ന രീതി കൊണ്ടുവരാന്‍ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ചില സ്‌കൂളുകളില്‍ ഓരോ ദിവസവും ഓരോ യൂണിഫോം എന്ന രീതിയുണ്ടെന്നും അതത് ദിവസത്തെ യൂണിഫോം ധരിക്കാത്ത, അല്ലെങ്കില്‍ മാറി ധരിച്ചുവരുന്ന കുട്ടികളെ പുറത്തുനിര്‍ത്തുന്ന പ്രവണതയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഓരോ ദിവസവും ഓരോ യൂണിഫോം ധരിക്കേണ്ടിവരുന്നത് വിദ്യാഭ്യാസച്ചെലവ് കൂടാന്‍ കാരണമാകുന്നുണ്ട്.
ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. വിവിധ പരിതസ്ഥിതികളില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് ഉടയാടകളുടെ വ്യത്യസ്തത കാരണം വിഷമം ഉണ്ടാകാതിരിക്കാനാണ് യൂണിഫോം ഏര്‍പ്പെടുത്തിയതെന്ന് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. വ്യത്യസ്ത യൂണിഫോം ധരിക്കണമെന്ന ഉത്തരവുകളൊന്നുമില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.
ഓരോ ദിവസവും വ്യത്യസ്ത യൂണിഫോമുള്ളപ്പോള്‍ ഇത് മാറി ധരിക്കാനിടവരുന്നത് മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നുണ്ടെന്ന് കമ്മീഷന്‍ കുട്ടികളുമായി നടത്തിയ സംവാദം പരിപാടികളിലും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സ്‌കൂളില്‍ ഒരു യൂണിഫോം മതിയെന്ന ഉത്തരവ്.
ഉത്തരവ് നടപ്പാക്കാനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്വീകരിക്കണം. ഏപ്രിലില്‍ത്തന്നെ ഇതിനുള്ള നിര്‍ദ്ദേശം എല്ലാ പ്രധാനാധ്യാപകര്‍ക്കും രേഖാമൂലം നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സ്വീകരിച്ച നടപടികളെക്കുറിച്ച് 30 ദിവസത്തിനകം കമ്മീഷന് റിപ്പോര്‍ട്ടും നല്‍കണം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment