Total Pageviews

കലോത്സവത്തിന് തുടക്കം


ഇനി അഞ്ചുനാള്‍ കൗമാര മനസ്സുകളുടെ തുടിപ്പറിയാന്‍ കലാസ്വാദകരുടെ കണ്ണും കാതും അച്ചടിയുടെ നാട്ടിലേക്ക്.
കലയെയും കലാകാരന്മാരെയും മനസ്സറിഞ്ഞ് പിന്തുണച്ച കുന്നംകുളത്തിന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ലെന്നത് തെളിയിക്കുന്നതായി കലോത്സവത്തിനായി ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങള്‍. ചൊവ്വാഴ്ച മുതല്‍ പുതുപ്രതിഭകള്‍ 15 വേദികളിലായി മാറ്റുരയ്ക്കും.

കലോത്സവത്തിന് തുടക്കം കുറിച്ച് തൃശ്ശൂര്‍ റോഡിലെ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. സുമതി പതാക ഉയര്‍ത്തും. ഘോഷയാത്ര ജവഹര്‍ സ്‌ക്വയറില്‍നിന്ന് 2.30ന് ആരംഭിക്കും. സീനിയര്‍ ഗ്രൗണ്ടില്‍ സമാപിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. ബിജു എം.പി. അധ്യക്ഷനാകും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യ ദിനമായ ചൊവ്വാഴ്ച യുവസര്‍ഗശേഷിയുടെ വസന്തമാണ് വേദികളില്‍ വിരിയുക. 600 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന രചനാ മത്സരങ്ങള്‍ക്ക് 30 മുറികള്‍ ഒരുക്കിയിട്ടുണ്ട്.

വടക്കാഞ്ചേരി റോഡിലെ ലോട്ടസ് പാലസില്‍ ജനറല്‍ വിഭാഗം രചനാ മത്സരങ്ങള്‍. സംസ്‌കൃതോത്സവത്തിലെ രചനാ മത്സരങ്ങള്‍ ചിറളയം ബഥനി കോണ്‍വെന്റ് സ്‌കൂളിലും അറബിക് കലോത്സവത്തിന്റെ രചനാ മത്സരങ്ങള്‍ ഗുരുവായൂര്‍ റോഡിലെ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളിലും നടക്കും.

സീനിയര്‍ ഗ്രൗണ്ടില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ബാന്‍ഡ് മേള മത്സരവും ഉണ്ടാകും. രണ്ടാംദിനമായ ബുധനാഴ്ച വേദികള്‍ ഉണരും. 15 വേദികളിലായി 7500 ഓളം വിദ്യാര്‍ഥികള്‍ കലാസ്വാദകര്‍ക്കായി അണിനിരക്കും.

മന്ത്രി എ.സി. മൊയ്തീന്റെയും സംഘാടക സമിതികളുടെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സമാപന സമ്മേളനം. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.എന്‍. ജയദേവന്‍ എം.പി. സമ്മാനങ്ങള്‍ വിതരണം ചെയ്യും.


ഉപജില്ലകള്‍ പങ്കാളികള്‍ 

 ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് മത്സര വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ അണിനിരത്തുന്നത് ആതിഥേയരായ കുന്നംകുളമാണ്. മുല്ലശ്ശേരി ഉപജില്ലയില്‍ നിന്നാണ് കുട്ടികള്‍ കുറവ്. പങ്കെടുക്കുന്ന ഉപജില്ലകളും മത്സരാര്‍ത്ഥികളും.
കുന്നംകുളം - 690
വലപ്പാട് - 640
ചാവക്കാട് - 630
ഇരിങ്ങാലക്കുട - 625
കൊടുങ്ങല്ലൂര്‍ - 610
തൃശ്ശൂര്‍ വെസ്റ്റ് - 601
തൃശ്ശൂര്‍ ഈസ്റ്റ് - 600
ചേര്‍പ്പ് - 580
മാള - 572
വടക്കാഞ്ചേരി - 560
ചാലക്കുടി - 549
മുല്ലശ്ശേരി - 502.


കലോത്സവത്തില്‍ മത്സരങ്ങള്‍ സമയത്തിന് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും പലപ്പോഴും വെല്ലുവിളിയാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നേരത്തെ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും പലപ്പോഴും വീഴ്ചകള്‍ സംഭവിക്കാറുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോഗ്രാം കമ്മിറ്റി മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം പാലിക്കാന്‍ കഴിയണം.


ഓരോ ഇനവും തുടങ്ങുന്നതിന് 30 മിനിറ്റുമുമ്പ് പങ്കെടുക്കുന്നവര്‍ വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഒരേസമയം ഒന്നിലധികം വേദികളില്‍ പങ്കെടുക്കേണ്ടവര്‍ ആദ്യം എവിടെയാണ് പങ്കെടുക്കുന്നത് എന്ന് നിശ്ചയിക്കണം. സ്റ്റേജ് മാനേജര്‍മാരെ മുന്‍കൂട്ടിക്കണ്ട് ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നൃത്തവേദികളില്‍ ഉപയോഗിക്കുന്ന സി.ഡി. 30 മിനിറ്റുമുമ്പ് കൂടെ വരുന്ന അധ്യാപകര്‍ സ്റ്റേജ് മാനേജര്‍മാരെ ഏല്‍പ്പിക്കണം. കോഡ് നമ്പര്‍ എടുക്കുന്നവര്‍ കൃത്യസമയത്ത് വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.
Share it:

Educational News

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: