We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

വെള്ളത്തില്‍ ഒഴുകുംവിധം അനുഭൂതി, ആഡംബര കാറുകളിലെ അത്യാഡംബരക്കാരന്‍; ഫാന്റം എട്ടാമന്‍


റോള്‍സ് റോയ്സിന്റെ സ്ഥാപകരില്‍ ഒരാളായ സര്‍ ഹെന്‍ഡ്രി റോയ്സ് 1925-ല്‍ ആദ്യത്തെ ഫാന്റം അനാവരണം ചെയ്ത് ഏറെ കഴിയുംമുമ്പ് തന്നെ വാഹനപ്രമികള്‍ അതിന് സര്‍ട്ടിഫിക്കറ്റ് നല്‍കി: 'ലോകത്തിലെ ഏറ്റവും മികച്ച കാര്‍!' 92 വര്‍ഷങ്ങള്‍ക്ക് ശേഷവും റോള്‍സിന്റെ ഫ്ളാഗ്ഷിപ് മോഡലായി അറിയപ്പെടുന്ന ഫാന്റത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രം സൃഷ്ടിച്ച രാഷ്ട്രത്തലവരും രാജകുടുംബാംഗങ്ങളും വ്യവസായ സാമ്രാട്ടുകളുമായ എത്രയോ മഹദ് വ്യക്തികള്‍ സഞ്ചരിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പിറന്ന മോഡല്‍ ഇന്നും ആഡംബരക്കാറുകളിലെ അത്യാഡംബരഗണത്തില്‍ വിരാജിക്കുന്നു എന്നത് കാലം ആ മോഡലിന്റെ മേന്മയ്ക്ക് നല്‍കിയ സാക്ഷ്യപത്രമാണ്. നവതിയിലെത്തിയിട്ടും ന്യൂ-ജെന്‍ ആഡംബരമോഡലുകളോട് പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ള ഫാന്റം പോലൊരു മോഡല്‍ ലോകത്തില്‍ മറ്റൊരു കാര്‍ ഒരു കമ്പനിക്കും അവകാശപ്പെടാനുണ്ടാവില്ല.
മറ്റുള്ളവരെ പോലെ റോള്‍സ്-റോയ്സ് ഒന്നും രണ്ടും വര്‍ഷത്തിലൊരിക്കല്‍ പുതുമോഡലുകള്‍ ഇറക്കില്ലെന്ന് മാത്രമല്ല ഉള്ള മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് പോലും ആന പ്രസവിക്കുന്നത് പോലെ പതിറ്റാണ്ടുകള്‍ക്കിടയിലേ ഇറക്കുള്ളു. അതാണ് 1925-ല്‍ ആദ്യമായി വിപണിയിലെത്തിയ റോള്‍സ് ഫാന്റത്തിന്റെ എട്ടാമത് മോഡല്‍, 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടില്‍ ഇറങ്ങുമ്പോള്‍ വാര്‍ത്തയാവുന്നത്.
കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ ഫാന്റത്തിന്റെ എട്ടാം മോഡല്‍ അനാവരണം ചെയ്യുന്നിന്റെ ഭാഗമായി 'എട്ട് മഹാഫാന്റങ്ങള്‍' എന്നൊരു പ്രദര്‍ശനം തന്നെ റോള്‍സ് സംഘടിപ്പിച്ചു. പ്രദര്‍ശനത്തിലെ ആദ്യത്തെ ഫാന്റം അക്കാലത്തെ ബ്രിട്ടീഷ് ചലച്ചിത്രതാരമായ ഫ്രെഡ് ആസ്റ്റയര്‍ ഉപയോഗിച്ചിരുന്നതാണ്. ആ കാറിന്റെ ഉടമകളായ ലോസ് ആഞ്ജലീസിലെ പീറ്റേഴ്സണ്‍ മ്യൂസിയം അത് റോള്‍സിന് വായ്പ നല്‍കുകയായിരുന്നു. 1930-കളില്‍ കരയിലെ വേഗത്തിന്റെ റിക്കോഡുകള്‍ സൃഷ്ടിച്ച സര്‍ മാല്‍കം കാംപ്ബെല്ലിന്റെ 1933 മോഡല്‍  രണ്ടാം ഫാന്റം, രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തെ നയിച്ച ഫീല്‍ഡ് മാര്‍ഷല്‍ മോണ്ട്ഗോമറി ഡ്രൈവ് ചെയ്തിരുന്ന മൂന്നാം തലമുറ മോഡല്‍, 1950-ല്‍ അന്ന് രാജകുമാരിയായിരുന്ന എലിസബത്തിനും അവരുടെ വരന്‍ ഫിലിപ് രാജകുമാരനും മാത്രമായി ഒരു മോഡല്‍ എന്ന നിലയില്‍ നിര്‍മിച്ച നാലാം തലമുറ മോഡല്‍ (റോള്‍സ് ഈ തീരുമാനം പിന്നീട് മാറ്റി ഫാന്റം IV-ന്റെ പിന്നെയും 17 യൂനിറ്റുകള്‍ കൂടി രാഷ്ട്രത്തലവന്മാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും മാത്രമായി നിര്‍മിച്ചു) ബീറ്റില്‍സ് താരമായ ജോണ്‍ ലെന്നന്‍ ആര്‍ട് കാര്‍ പോലെയാക്കി ഓടിച്ചിരുന്ന ഫാന്റം എന്നിവയെല്ലാം ഈ പ്രദര്‍ശനത്തിനുണ്ടായിരുന്നു.


റോള്‍സിന്റെ ചരിത്രത്തില്‍, 1968 മുതല്‍ 1991 വരെ ഉത്പാദനത്തിലുണ്ടായിരുന്ന ഫാന്റം VI യഥാര്‍ത്ഥ റോള്‍സിന്റെ അവസാന ഫാന്റമാണ്. കാറുകള്‍ക്ക് പുറമെ ജെറ്റ് എഞ്ചിനുകളും കൂടി ഉത്പാദിപ്പിക്കുന്ന കമ്പനിക്ക് 1990-കളില്‍ കടക്കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ അവരുടെ മോട്ടോര്‍ കാര്‍ നിര്‍മാണവിഭാഗം ബി.എം.ഡബ്ലിയുവിന് വില്‍ക്കേണ്ടി വന്നു. ബി.എം.ഡബ്ലിയു. ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ ഫാന്റം, അതായത് ഫാന്റം VII, പുറത്തിറങ്ങിയത് 2003-ലാണ്.


ഏഴാം ഫാന്റത്തിന്റെ സെഡാന്‍ വേര്‍ഷന് പിന്നാലെ 2007-ല്‍ ഡ്രോപ്ഹെഡ് എന്ന ഓപ്പണ്‍ ടോപ്പും 2008-ല്‍ കൂപ്പെ മോഡലും പുറത്തിറങ്ങി. ഈ ലൈനപ്പിലെ മോഡലുകള്‍ക്ക് 2009-ലും 2013-ലും ചെറിയ റീഡിസൈനുകളും അവരിറക്കി. എങ്കിലും അതിന്റെ മുന്‍ഗാമിയായ ഫാന്റം VI-ന്റെ ജനപ്രീതി കവച്ചുവെക്കാന്‍ (ആകെ വില്‍പ്പന 5000 യൂനിറ്റുകള്‍) ബിമ്മറിന്റെ ഫാന്റത്തിന് കഴിഞ്ഞിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് ഫാന്റം എട്ടാമന്റെ വരവ്. വരുംതലമുറ റോള്‍സുകളുടെയെല്ലാം അടിത്തറയായി നിശ്ചയിക്കപ്പെട്ട പുതിയ അലൂമിനിയം സ്പേസ്ഫ്രെയിം പ്ലാറ്റ്ഫോമിലാണ് മോഡല്‍ എട്ട് നിര്‍മിച്ചിരിക്കുന്നത്. ഏത് റോഡിലും വെള്ളത്തിലൂടെ ഒഴുകുന്നവിധത്തിലുള്ള അനുഭൂതി നല്‍കുന്ന 'മാന്ത്രികപ്പരവതാനി' യാത്രയ്ക്ക് സഹായിക്കും ഈ നിര്‍മിതി എന്നാണ് റോള്‍സ് അവകാശപ്പെടുന്നത്. മേല്‍പറഞ്ഞ ഒഴുകല്‍ പ്രതീതി ലഭിക്കാന്‍ സസ്പന്‍ഷനിലും നവവിദ്യകള്‍ പ്രയോഗിച്ചിട്ടുണ്ട്.
563 എച്ച്പി കരുത്തുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എഞ്ചിന്‍ 5.1 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തിലെത്തിക്കും. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും റേസ് ട്രാക്ക് പോലുള്ള റോഡുകളില്‍ വേണമെങ്കില്‍ വണ്ടി 290-കിലോമീറ്ററിലേറെ വേഗത്തിലും ഓടും. എഞ്ചിനുകളുടെ കൂട്ടത്തില്‍ ഏറ്റവും ശബ്ദം കുറഞ്ഞതാണത്രെ ഈ എഞ്ചിന്‍. ടയര്‍ റോഡില്‍ ഉരയുന്ന ശബ്ദം പോലും ഇല്ലാതാക്കാന്‍ 180 വ്യത്യസ്ത ടയര്‍ ഡിസൈനുകള്‍ കമ്പനി ഫാന്റം എട്ടിനായി പരീക്ഷിച്ചുവെന്ന് പറയപ്പെടുന്നു.

1960-കളില്‍ റോള്‍സിന്റെ ലോകപ്രസിദ്ധമായ ഒരു പരസ്യവാചകം ഇങ്ങനെയായിരുന്നു: ''100 കിലോമീറ്റര്‍ വേഗത്തിലും കാറിനുള്ളിലെ ഏറ്റവും വലിയ ശബ്ദം ഇലക്ട്രിക് ക്ലോക്കിന്റെ ടിക്കിങ്ങാണ്''. എഞ്ചിന്റെയോ വാഹനത്തിന്റെയോ ശബ്ദങ്ങള്‍ യാത്രികരെ അലോസരം ചെയ്യാതിരിക്കാന്‍ വേണ്ടി 130 കിലോഗ്രാം ഭാരത്തില്‍ ശബ്ദമില്ലാതാക്കല്‍ പദാര്‍ത്ഥങ്ങളാണ് ഉപയോഗിച്ചത്. സഞ്ചാരിയുടെ കാതുകളെ അലട്ടാന്‍ ബാഹ്യലോകത്തിലെയന്നല്ല, വാഹനത്തിന്റെ എഞ്ചിന്റെ ശബ്ദത്തെ പോലും അനുവദിക്കില്ല. 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടുമ്പോഴും സഞ്ചാരിയെ പൊതിഞ്ഞുനില്‍ക്കുന്ന നിശ്ശബ്ദത ആസ്പത്രമുറിയിലെ നിശ്ശബ്തയല്ല ഗ്രന്ഥാലയത്തിനുള്ളിലെ നിശ്ശബ്ദതയാണെന്നാണ് ഏതോ രസികന്‍ വിശേഷിപ്പിച്ചത്.റോള്‍സിന്റെ പാരന്റ് കമ്പനിയായ ബിമ്മര്‍ ലക്ഷ്വറി കാര്‍വിപണിയില്‍ സ്ഥാനം പിടിച്ചെടുത്തത് ഡ്രൈവിങ്ങിന്റെ രസം ആസ്വദിക്കുന്ന, സമ്പത്ത് സ്വയം നേടിയ ഒരു തലമുറയെ ലക്ഷ്യമിട്ടുള്ള പ്രചാരണതന്ത്രത്തിലൂടെയാണ്. സ്വയം 'അള്‍ട്ടിമേറ്റ് ഡ്രൈവിങ്ങ് മെഷീന്‍'  ആണെന്ന് സ്ഥാപിച്ചുകൊണ്ട്. ഫാന്റം, പക്ഷേ, ഡ്രൈവ് ചെയ്യുന്നവന് വേണ്ടിയല്ല, പിന്‍സീറ്റില്‍ ചാരിയിരുന്നുള്ള വിശ്രമത്തിനിടയില്‍ യാത്ര ആസ്വദിക്കുന്നവര്‍ക്ക് വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. ആഡംബര കാറുകളുടെ ഇടയില്‍ ഫാന്റത്തിന് എതിരാളിയോ തുല്യനോ തരക്കാരനോ ആയി മറ്റൊരു മോഡലും ഇല്ല എന്ന് ഫോര്‍ബ്സ് മാഗസിന്‍ പറഞ്ഞത് വെറുതെയല്ല.

Content Highlights; Rolls Royce Phantom VIII# കെ.കെ...... at: http://www.mathrubhumi.com
To avoid SPAM comments, all comments will be moderated before being displayed.

Post a Comment