Total Pageviews

മോളേ,നീ വജ്രമാവുക !

റമദാൻ മഴ -21പ്രസിദ്ധനായ ഗുരുവിന്റെ അരികിൽ ഒരു യുവതിയെത്തി. ഭക്തനായ ആ ഗുരുവിൽനിന്ന് അവൾക്ക്‌ ജീവിതപാഠങ്ങൾ നേടണം,അതാണ്‌ ലക്ഷ്യം. ഗുരുവിനെ അവൾക്കത്രയും വിശ്വാസമാണ്‌. കുറേ ദിവസങ്ങൾ പഠനം തുടർന്നു. ഒരു ദിവസം മുന്നിലിരിക്കുന്ന അവളോട്‌ ഗുരുവിന്റെ ചോദ്യം; 'നിന്റെ നെറ്റിയിലെ ഈ മുറിപ്പാട്‌ എങ്ങനെ സംഭവിച്ചതാണ്‌ ?' ആ ചോദ്യത്തിന്‌ അവൾ മറുപടി പറഞ്ഞില്ല. അവിടുന്ന് എഴുന്നേറ്റ്‌ വീട്ടിലേക്ക്‌ മടങ്ങിപ്പോയി. കാരണമന്വേഷിച്ച കൂട്ടുകാരിയോട്‌ അവൾ പറഞ്ഞു; 'എന്റെ ശരീരത്തെ അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നെനിക്ക്‌ മനസ്സിലായി. പിന്നെ ഞാനവിടെ തുടരുന്നതിൽ അപകടമുണ്ട്‌. എന്റെയുള്ളിലെ മുറിവുകൾ ശ്രദ്ധിക്കുന്നൊരു ഗുരുവിനെയാണ്‌ ഞാൻ തേടുന്നത്‌.'

രാത്രിയാത്രയിൽ സഹയാത്രികന്റെ പെരുമാറ്റം മോശമാകാൻ തുടങ്ങിയപ്പോൾ,സ്വയംരക്ഷക്കു വേണ്ടി താനൊരു ഭീകരവാദിയും മനുഷ്യബോംബുമാണെന്ന് പറഞ്ഞ്‌ അയാളെ പേടിപ്പിച്ചുനിർത്തേണ്ടി വരുന്ന പെൺകുട്ടിയുടെ കഥയാണ്‌ അഞ്ജലി മേനോന്റെ 'ഹാപ്പി ജേർണി' എന്ന ഷോർട്ട്‌ ഫിലിം.

പഠനവും യാത്രയും താമസവും സൗഹൃദവുമെല്ലാം പലതരം ഭീതികളാവുകയാണ്‌ ഓരോ പെൺകുട്ടിക്കും. അവിശ്വാസം നിറഞ്ഞൊരു ജാഗ്രത അവരുടെ കണ്ണുകളിലുണ്ട്‌. നാലുഭാഗത്തുനിന്നും അവളുടെ നേരെ പാഞ്ഞടുക്കുന്ന തുറിച്ച കണ്ണുകൾ അത്രയേറെ അവളെ ഭയപ്പെടുത്തുന്നതാണ്‌ കാരണം. ശരീരശാസ്ത്രപരമായ പ്രത്യേകതകളല്ലാതെ മറ്റൊന്നുമില്ലാഞ്ഞിട്ടും അവളുടെ മേനിയുടെ മുന്നിൽ എത്രപെട്ടെന്നാണ്‌ വലിയൊരു ഗുരു പോലും വെറുമൊരു പുരുഷനായത്‌ !

കുറച്ചൂടെ കെട്ടുറപ്പുള്ളൊരു ധീരജീവിതം നമ്മുടെ പെൺകുട്ടികൾ ആർജ്ജിച്ചെടുക്കേണ്ടതുണ്ട്‌. ജനിച്ച വീട്ടിൽ അവളോട്‌ എപ്പോഴും പറയുന്നു,നീ ഇവിടെ ജീവിക്കേണ്ടവളല്ല മറ്റൊരു വീട്ടിൽ ചെന്നുകേറാനുള്ളവളാണെന്ന്. പറിച്ചുനട്ട വീട്ടിൽനിന്ന് പറയുന്നു,നീ ഇങ്ങോട്ട്‌ കേറിവന്നവളാണെന്നത്‌ മറക്കേണ്ടെന്നും! അപ്പോൾ അവളുടെ ശരിയായ ഇടമേതാണ്‌? എത്ര വലിയ അനീതിയാണ്‌ അവളോടിത്ര കാലവും നമ്മൾ ചെയ്‌തത്‌ ! . 'നീതി' എന്നൊരു പദം പെൺകുട്ടിയെക്കുറിച്ച്‌ പറയുമ്പോളെല്ലാം തിരുനബി പ്രയോഗിക്കുന്നുണ്ട്‌. അവൾക്ക്‌ ലഭിക്കാതെപോകുന്ന ഏറ്റവും വലിയ അർഹത അതായിരിക്കുമെന്ന് മൂന്ന് പെൺമക്കളുടെ ആ പിതാവിന്‌ അറിയാതിരിക്കില്ലല്ലോ.

ഒരു തുള്ളി വെള്ളവും ഒരു കഷ്‌ണം വജ്രവും ദൂരെനിന്ന് കണ്ടാൽ ഒരുപോലിരിക്കും. ഒന്നുതൊട്ടാൽ അലിഞ്ഞുപോകും വെള്ളത്തുള്ളി. പക്ഷേ വജ്രമോ? അതിനു വല്ലാത്ത മൂർച്ചയുണ്ട്‌. അതെടുത്ത്‌ കഴിക്കുന്ന പക്ഷി,മറ്റൊന്നും കഴിക്കാനാകാത്ത വിധം അപകടത്തിലാകും. പെണ്ണിന്റെ കണ്ണീരുപ്പ്‌ കലർന്ന പത്രവാർത്തകൾ കണ്ട്‌ പരിഭ്രമിച്ചു നിൽക്കുന്നുണ്ട്‌ മകളോ അനിയത്തിയോ വിദ്യാർത്ഥിനിയോ ആയ പെൺകുട്ടി. അവളെ അലിവോടെ അരികിലെക്കുനിർത്തി പറയൂ; മോളേ,അലിയുന്ന വെള്ളമാകല്ലേ,മൂർച്ചയുള്ള വജ്രമാവുക !

പി എം എ ഗഫൂർ
Share it:

whatsApp

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: