'കുട്ടികള്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കാം; പക്ഷേ, നിങ്ങളുടെ ചിന്തകള്‍ നല്‍കരുത്'


അച്ഛനുമമ്മയുമല്ല കുഞ്ഞുങ്ങള്‍ക്ക് പ്രശ്‌നപരിഹാരങ്ങളുണ്ടാക്കേണ്ടത്. അവര്‍തന്നെയാണ്. ഒരുപക്ഷേ, ചിലയാത്രകളും കുസൃതികളുമൊക്കെ അവരെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തരാക്കുന്നുണ്ട്.


# മൈന ഉമൈബാന്‍......

പ്രൈമറി സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴൊക്കെ നാം ഏതുയുഗത്തിലാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. പലപ്പോഴും ഈ യോഗങ്ങളില്‍ സംസാരിക്കുന്നത് കുട്ടിക്കുറ്റവാളികളെക്കുറിച്ചായിരിക്കും. അടുത്തുള്ള പാര്‍ക്കിലേക്ക് പോയത്, റോഡ് മുറിച്ചുകടന്ന് കടലുകാണാന്‍ പോയത്, ക്ലാസ്മുറിയില്‍ മണ്ണുവാരി എറിഞ്ഞുകളിച്ചത്... അങ്ങനെ നീണ്ടുപോകുന്നു കുറ്റങ്ങള്‍. എന്തെല്ലാം സംഭവങ്ങള്‍ പറഞ്ഞാണ്  അധ്യാപകരും രക്ഷിതാക്കളും കഥകള്‍ പൊലിപ്പിക്കുന്നത്..

തങ്ങളുടെ മക്കളെ മര്യാദ പഠിപ്പിക്കാന്‍ അധ്യാപകര്‍ അടിക്കണം എന്നാവശ്യപ്പെടുന്ന രക്ഷിതാക്കളെക്കണ്ട്  അമ്പരന്നുനിന്നു. നിയമങ്ങള്‍ അങ്ങനെയല്ലല്ലോ എന്നുപറഞ്ഞ ഞാന്‍ പ്രതിയായി.  നിശ്ചയമായും ആ പ്രതിയാകലില്‍നിന്ന് മനസ്സിലാക്കിയത് കാടന്‍യുഗത്തില്‍നിന്ന് നാം അത്രയൊന്നും മുന്നോട്ടുവന്നിട്ടില്ല എന്നാണ്. കുട്ടികള്‍ ചെയ്യുന്നതൊക്കെ കുറ്റമായിരുന്നോ?  സ്വഭാവവൈകൃതമായിരുന്നോ?  കുഞ്ഞുങ്ങളിലേക്ക് വീണ്ടും വീണ്ടും ഭയത്തിന്റെ വിത്തുകള്‍ വാരിയെറിയുന്നതാരാണ്? പിന്നീട് അവരുടെ മാനസികനില എന്തായിരിക്കും? കുഞ്ഞുങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നതല്ലേ ശരി...

അവര്‍ സാഹസികത ഇഷ്ടപ്പെടുന്നു. കളിക്കാന്‍ ഇഷ്ടപ്പെടുന്നു. കഥ കേള്‍ക്കാനിഷ്ടപ്പെടുന്നു. അവര്‍ക്കറിയാം മുതിര്‍ന്നവര്‍ അതൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന്; പ്രത്യേകിച്ച് ഇപ്പോഴത്തെ ആളുകള്‍. മക്കളുടെ പഠനത്തെപ്പറ്റിമാത്രമേ ചിന്തിക്കുന്നുള്ളൂ. അവരുടെ സ്വപ്നങ്ങളിലേക്ക്, ചിന്തകളിലേക്ക് അതിക്രമിച്ചുകയറുകയും അവയെ മുളയിലേ നുള്ളിക്കളയുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍. ഏത് മാനസികവിഷമങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും അച്ഛനമ്മമാര്‍ സഞ്ചരിക്കുമ്പോഴും കുട്ടികളെ അതിലൊന്നും പെടുത്താതെ ചേര്‍ത്തുനിര്‍ത്തണമെന്ന് വിചാരിക്കുന്നു. അപ്പോഴൊക്കെ ടോട്ടോച്ചാന്റെ അമ്മയും ചുക്കിന്റെയും ഗെക്കിന്റെയും അമ്മയുമൊക്കെ മുന്നില്‍വന്നു നില്‍ക്കും. എന്തൊരു കുസൃതികളായിരുന്നു ചുക്കും ഗെക്കും. അവരുടെ വഴക്കിടലാണല്ലോ ദൂരെ നീലമലയിലുള്ള അച്ഛന്റെ അടുത്തേക്കുള്ള അവരുടെ യാത്രയെ സംഘര്‍ഷഭരിതമാക്കുന്നത്. മക്കളാണ്  അവര്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ എന്നറിഞ്ഞിട്ടും അവരുടെ അമ്മ സംയമനം പാലിക്കുകയാണ്.

റ്റോമോ ഗാക്വെന്‍ എന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു സൊസാകു കോബായാഷി മാസ്റ്റര്‍. ടോട്ടോചാന്റെ പ്രിയപ്പെട്ട അധ്യാപകന്‍. ഇവിടത്തെ സ്‌കൂളുകളിലെ കുട്ടികള്‍ റ്റോമോയിലെ കുട്ടികളാണെന്ന് കരുതുക. അവര്‍ ആരുമറിയാതെ അടുത്ത പാര്‍ക്കില്‍ കളിക്കാന്‍ പോയി അല്ലെങ്കില്‍ കടലുകാണാന്‍ പോയെന്നിരിക്കട്ടെ... മാഷുടെ മുന്നിലായിരുന്നു അവരെത്തിയിരുന്നതെങ്കില്‍ ആ കുഞ്ഞുങ്ങളുടെ തലയില്‍ തടവിക്കൊണ്ട് പറയുമായിരുന്നു, 'ഇനി പോകുമ്പോള്‍ എന്നെയും കൂട്ടണേ... അല്ലെങ്കില്‍ ഇനി പോകുമ്പോള്‍ മാഷോടൊന്ന് പറയണേ' എന്ന്. അതിലപ്പുറം ഒന്നുമുണ്ടാവില്ല.

കുട്ടികളെ ചീത്തപറഞ്ഞാല്‍ അവരുടെ മനസ്സിനെ എത്രമുറിപ്പെടുത്തുമെന്ന് അദ്ദേഹത്തിനറിയാം. മഹാവികൃതിയായിരുന്നല്ലോ  ടോട്ടോചാന്‍. അവളെ ഒന്നാംക്ലാസിലുവെച്ചേ സ്‌കൂളില്‍നിന്ന് പുറത്താക്കിയതാണ്.  അവളുടെ കുസൃതികളൊന്നും ടീച്ചര്‍ ഇഷ്ടപ്പെട്ടില്ല. അവളെ പുറത്താക്കിക്കളഞ്ഞു അവര്‍. അമ്മ താണുകേണുനോക്കി. തിരിച്ചെടുത്തില്ല. പക്ഷേ, ടോട്ടോയുടെ അമ്മ അവളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയെന്ന് പറഞ്ഞില്ല.
''ടോട്ടോ, ഒരു നല്ല സ്‌കൂള്‍ അമ്മയ്ക്കറിയാല്ലോ! ഇനി എന്റെ പുന്നാരക്കുട്ടിക്ക് അവിടെ പഠിച്ചാപോരെ?'' അത്രമാത്രമേ അവര്‍ അവളോട് ചോദിച്ചുള്ളൂ.

എന്നിട്ട് അവര്‍ അവളെ റ്റോമോയില്‍ കൊണ്ടുചേര്‍ത്തു. കൊബായാഷി മാഷ് വിശേഷം പറയാന്‍ പറഞ്ഞപ്പോള്‍  കുഞ്ഞുടോട്ടോ രാവിലെമുതല്‍ ഉച്ചവരെ നാലുമണിക്കൂര്‍ നേരമാണ് അവളുടെ വിശേഷങ്ങള്‍ പറഞ്ഞത്.  മാഷ് ക്ഷമയോടെ കേട്ടിരുന്നു.  'ഇനിമുതല്‍ നീ ഈ സ്‌കൂളിലെ കുട്ടിയാണ്' എന്നുപറഞ്ഞപ്പോള്‍ ആ ഏഴുവയസ്സുകാരിക്കെന്ത് സന്തോഷമായിരുന്നെന്നോ... മാഷെയും സ്‌കൂളിനെയും അവള്‍ക്കിഷ്ടമായി.അവളന്നുവരെ അവളെ കേള്‍ക്കുന്ന, അവളെ സഹിക്കുന്നവരെ കണ്ടിട്ടില്ലായിരുന്നു. എന്നാലോ അവളെന്നും വികൃതിക്കുട്ടി തന്നെയായിരുന്നു.


വികൃതിയൊക്കെ കാണിക്കുമ്പോഴും കൊബായാഷി മാഷ് അവളോട് പറയും, 'ടോട്ടോ നേരായിട്ടും നീയൊരു നല്ല കുട്ട്യാ'. അല്ലാതെ മറ്റൊന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. ആ വാക്കുകളാണ് അവളെ മാറ്റിമറിച്ചത്. ഇവളും എത്രയെത്ര വികൃതികള്‍, കള്ളങ്ങള്‍ കാണിച്ചിരിക്കുന്നു കുട്ടിക്കാലത്ത്. ഇപ്പോഴതൊക്കെ ഓര്‍ത്ത് ചിരിക്കുന്നു.  മറ്റുള്ളവരോട് പങ്കുവയ്ക്കുന്നു.  അമ്മച്ചിയോട് പറയുന്നു, അന്ന് കണ്ണുവെട്ടിച്ച് ചെയ്തകാര്യങ്ങള്‍.. അന്ന് അത്തരം യാത്രകള്‍ നടത്തിയത് ഞങ്ങള്‍ രഹസ്യമാക്കിവെച്ചു. വീട്ടില്‍നിന്ന്, സ്‌കൂളില്‍നിന്ന് ശിക്ഷകിട്ടുമെന്ന് പേടിച്ച്...
അങ്ങനെ പിന്നെയും എത്രയെത്ര വികൃതികള്‍, ചിലപ്പോള്‍ അബദ്ധങ്ങളിലും ചെന്നുചാടാറുണ്ട്. അച്ഛനുമമ്മയുമല്ല കുഞ്ഞുങ്ങള്‍ക്ക് പ്രശ്‌നപരിഹാരങ്ങളുണ്ടാക്കേണ്ടത്. അവര്‍തന്നെയാണ്. ഒരുപക്ഷേ, ചിലയാത്രകളും കുസൃതികളുമൊക്കെ അവരെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തരാക്കുന്നുണ്ട്. അവരെയപ്പോള്‍ കുറ്റവാളിയാക്കി പൊതുസമൂഹത്തിനുമുന്നില്‍ നിര്‍ത്തുകയല്ല വേണ്ടത്.  തിരിച്ചറിവുണ്ടാക്കുന്നതിനുവേണ്ടി നിന്നുകൊടുക്കുകയാണ് വേണ്ടത്. കുട്ടികള്‍ ചെയ്യുന്നതൊക്കെ നമ്മുടെ ശരികളും തെറ്റുകളുമായി താരതമ്യപ്പെടുത്തരുതെന്നാണ് തോന്നുന്നത്. അവര്‍ ലോകത്തെ അറിയുകയാണ്. കാഴ്ചകള്‍ കാണുകയാണ്.  കണ്‍നിറഞ്ഞ് കാണട്ടെ. പൂമ്പാറ്റകള്‍ക്കൊപ്പം പാറി നടക്കട്ടെ...
പതുക്കെപ്പതുക്കെ അവര്‍ മാറും.  ശരിയും തെറ്റും തിരിച്ചറിയും.  അത് അവരുടെ ബോധ്യത്തില്‍നിന്നുതന്നെയുണ്ടാവണം. ഇപ്പോള്‍ കുട്ടികളെപ്പറ്റി ചിന്തിക്കുന്നതുതന്നെ ആകുലതകളോടെയാണ്.  അവരുടെ വിദ്യാഭ്യാസം, മത്സരങ്ങള്‍, മത്സരപരീക്ഷകള്‍, സൗഹൃദങ്ങള്‍...  ഇതിനിടയില്‍ അവര്‍ക്കൊരു മനസ്സുണ്ടെന്ന് മറന്നുപോകുന്നു. കുട്ടികളെ അമിതമായി ശ്രദ്ധിക്കുന്നതും അവരില്‍ മാനസികസമ്മര്‍ദമുണ്ടാക്കുന്നുവെന്ന് തിരിച്ചറിയാറേയില്ല.
കൂട്ടത്തില്‍ അവരുടെ വികൃതികളും കുസൃതികളും പെരുപ്പിച്ചുകാണിക്കുകയും പ്രതിയെപ്പോലെ ചിത്രീകരിക്കുകയും ചെയ്യുന്നു. അവരുടെ വികാരങ്ങളെ, മനസ്സിനെ പരിഗണിക്കാതെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായി കാണാനാണ് രക്ഷിതാക്കള്‍ക്കിഷ്ടം.  അവരാണെങ്കിലോ അങ്ങനെയാവുന്നുമില്ല.  കുട്ടികളെപ്പറ്റി വായിച്ചിട്ടുള്ളതില്‍വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില വരികളുണ്ട്; ഖലീല്‍ ജിബ്രാന്റെ 'പ്രവാചകന്‍' എന്ന പുസ്തകത്തിലെ വരികളാണത്.

അവര്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കാം;
പക്ഷേ, നിങ്ങളുടെ ചിന്തകള്‍ നല്‍കരുത്,
എന്തെന്നാല്‍ അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍
നിങ്ങള്‍ക്ക് വീടുകളൊരുക്കാം.
പക്ഷേ, അവരുടെ ആത്മാക്കളെ നിങ്ങള്‍ക്ക് കൂട്ടിലൊതുക്കാനാവില്ല
എന്തെന്നാല്‍, നിങ്ങള്‍ക്ക് സ്വപ്നത്തില്‍പ്പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കരുത്
എന്തെന്നാല്‍  ജീവിതം ഒരിക്കലും പിറകിലേക്ക് പറക്കുന്നില്ല


കുറിപ്പ്: ചുക്കും ഗെക്കും-അര്‍ക്കാദി ഗൈദാര്‍ എഴുതിയ ബാലസാഹിത്യം
ടോട്ടോചാന്‍-തെത്സുകോ കുറോയാനകി എഴുതിയ പ്രശസ്തഗ്രന്ഥം

Read more at: http://www.mathrubhumi.com/books/columns/maina-umaiban-totto-chan-1.2435926


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment