ദിനോസറിന്റെ കാലത്തെ ചെടി കണ്ട് കാന്തല്ലൂരിലെ ചോലക്കാട്ടിലൂടെയൊരു ട്രെക്കിങ്

 

‘‘ത്രില്ലടിപ്പിക്കുന്ന ഇനിയെന്തു കാര്യമാണ് കാന്തല്ലൂരിലുള്ളത്?’’ മൂടൽമഞ്ഞ് തൊട്ടുതലോടി ചായക്കോപ്പയിലെ കൊടുങ്കാറ്റിനെ തണുപ്പിക്കുമ്പോഴാണ് സഹയാത്രികന്റെ ആ ചോദ്യം. ഏറ്റവും വലിയ ചോലക്കാട്ടിലേക്കു പോയാലോ… ? ദിനോസറുകളുടെ കാലം മുതലുള്ള ട്രീ ഫേൺ ഇനങ്ങളെ അനുഭവിക്കാൻ ഒന്നു നടന്നു വന്നാലോ…? പറഞ്ഞുതീരുംമുൻപേ സംഘം ട്രെക്കിങ് മൂഡിലേക്കു മാറിക്കഴിഞ്ഞു. മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്രയിലെ പുതുവത്സരാഘോഷത്തിലായിരുന്നു ആ ഗ്യാങ്.

5walking
ചിത്രങ്ങൾ: പ്രവീൺ എളായി
മറയൂരിലെ സാധാരണ കാഴ്ചകളായ ചന്ദനത്തോപ്പ്, മുനിയറ എന്നിവ കണ്ടുകഴിഞ്ഞു. വെയിലൊന്നു തെളിഞ്ഞപ്പോൾ അവർ പെരുമലയിലേക്കു നടന്നു. കാന്തല്ലൂർ അങ്ങാടിയിൽനിന്ന് ഒരു ചെറുനടത്തം ചെന്നെത്തിയത് 19 കോടി വർഷം മുൻപുള്ള കാലത്തേക്ക്.. ! പെരുമല ഫോറസ്റ്റ് ഓഫിസിനടുത്തു തന്നെ ട്രീ ഫേൺ, അഥവാ പന്നൽച്ചെടിയുണ്ട്. ഓഫിസിൽനിന്നു ടിക്കറ്റെടുത്ത് നടപ്പാരംഭിച്ചു. ഒരു ഗൈഡ് കൂടെവന്നു. 

കാന്തല്ലൂരിലെ ചോലക്കാട്

ലോകത്തിലെ ഏറ്റവും വലിയ ചോലക്കാട് ഇത്രയും അടുത്താണെന്ന് അറിയില്ലായിരുന്നു എന്ന് സ്ഥിരം കാന്തല്ലൂരിൽ അവധിക്കു താമസിക്കാനെത്തുന്ന ഒരു ഫാമിലി പറയുന്നു. തെന്നിന്ത്യയിൽ മാത്രമാണു ചോലക്കാടുള്ളത്. അതിൽ ആനമുടി ചോല നാഷനൽ പാർക്കിലാണ് നമ്മുടെ ഈ ട്രെക്കിങ് കാട്. മന്നവൻ ചോല എന്നാണ് ഈ അതിസുന്ദര-നിഗൂഢ വനത്തിനു പേര്. മന്നവൻചോലയാണ് വലുപ്പത്തിൽ മന്നൻ. ഓഫിസിന്റെ പിന്നിലൂടെയാണു കാട്ടിലേക്കു കയറേണ്ടത്.

7watrefall
ചിത്രങ്ങൾ: പ്രവീൺ എളായി
ഇരുട്ടുമായി ഒളിച്ചുകളിക്കുന്നുണ്ട് സൂര്യൻ. മരങ്ങളിൽ പ്രണയപ്പച്ച ചാർത്തി നിൽപ്പുണ്ട് കാട്ടുവള്ളികൾ. കുറച്ചുദൂരം നടന്നാൽ ചോലക്കാടിന്റെ ആകാശക്കാഴ്ച കാണാം. ജസ്റ്റിൻ ജേക്കബിന്റെ ഹെലിക്യാം ഒന്നു പറന്നു വന്നു. സാധാരണ ട്രെക്കിങ് വലിയ ക്ഷീണമുണ്ടാക്കുന്ന കലാപരിപാടിയാണ്. എന്നാൽ മന്നവൻചോലയിലൂടെ മൂന്നു കിമീ നടന്നുവന്നാലും ഒരു തുള്ളി വിയർക്കില്ല. നല്ല തണുപ്പാണ് കാട്ടിൽ. ഉള്ളിലൂടെ നടന്നു ചെന്ന് തിരികെ ഒരു റോഡിലേക്കിറങ്ങാം.

77Fern-and-Waterfall
ചിത്രങ്ങൾ: പ്രവീൺ എളായി
മുൻപ് കാന്തല്ലൂർ-കുണ്ടള വഴിയായിരുന്നു ഇത്. ട്രിപ് ജീപ്പുകൾ സഞ്ചാരികളെയും കൊണ്ട് അതുവഴി പോയിരുന്നു. എന്നാൽ നാഷനൽ പാർക്ക് ആയതോടുകൂടി ആ വഴി ഉപയോഗിക്കാതെയായി. ആ വളവാണ് മന്നവൻചോലയുടെ ഏറ്റവും വലിയ ആകർഷണം. പച്ചപ്പായൽ പിടിച്ച കല്ലുകളെ തഴുകിയൊരു കുഞ്ഞരുവി ചെറുവെള്ളച്ചാട്ടം തീർത്ത് അതുവരെ നടന്നു വന്ന കാടിന്റെ ശാന്തതയെ ഇല്ലാതാക്കുന്നുണ്ട്. ആ അരുവിയുടെ കരയിൽ നമ്മളെ കാലത്തിനു പിന്നിലേക്കു കൊണ്ടുപോകാനായി ട്രീഫേണുകൾ നിൽക്കുന്നു.

kanthaloor
ചിത്രങ്ങൾ: പ്രവീൺ എളായി
ട്രീ ഫേണുകളുടെ ഫോസിൽ ഹിസ്റ്ററി ചെന്നെത്തുന്നത് 19 കോടി വർഷങ്ങൾക്കു മുൻപ് ദിനോസറുകൾ വാണിരുന്ന കാലത്തേക്കാണ്. ആ പന്നൽച്ചെടിയുടെ വംശത്തിന് അത്രയും കോടി വർഷം പഴക്കമുണ്ടെന്നർഥം. അതൊക്കെ കഴിഞ്ഞെത്രയോ കാലത്തിനു ശേഷമാണു നമ്മളുണ്ടായത്! അതിശയിപ്പിക്കുന്ന കാഴ്ചയാണ് ആ ചെടികൾ.

3kanthalloor-
ചിത്രങ്ങൾ: പ്രവീൺ എളായി
കോടിവർഷത്തിന്റെ കാഴ്ച കിട്ടാൻ ആകാശത്തേക്കാണു നമ്മൾ പലരും നോക്കുക. എന്നാൽ മണ്ണിലിതാ പഴയ കാലത്തിന്റെയൊരു പ്രതിനിധി. ആ ഫേണുകളെ ‘ഫീൽ ‘ ചെയ്യാനാണ് ഈ ട്രെക്കിങ്. അതിസാഹസികമല്ലാത്ത ചെറുനടത്തം കൊണ്ടുതന്നെ മനസ്സു നിറയുന്ന അനുഭവം. ചോലക്കാടിന്റെ തണുപ്പേറ്റ്, കാണാക്കിളികളുടെ പാട്ടുകേട്ട്, ഈ കാട്ടിലെങ്ങോ ഒരു കടുവ പാർക്കുന്നില്ലേ എന്നു സന്ദേഹപ്പെട്ടൊരു നടത്തം.  

മരവീടും മൺവീടും

കല്ലിളകിക്കിടക്കുന്ന വഴിയുടെ അങ്ങേ അറ്റത്ത് ആനമുടിച്ചോല മെത്താപ്പ് മരവീടും മൺവീടുമുണ്ട്. ചോലക്കാടിനടുത്ത് റോഡോ ഡെൻഡ്രോണിനെയും ട്രീ ഫേണിനെയും കനത്ത മൂടൽമഞ്ഞിനെയും സാക്ഷിയാക്കി രാവുറങ്ങാൻ മെത്താപ്പ് ബുക്ക് ചെയ്യാം.


അതിരാവിലെ എണീറ്റാൽ മഞ്ഞ് മലകൾക്കു മീതെ, നിങ്ങളുടെ താഴെയങ്ങനെ പുതപ്പുപോലെ കിടക്കുന്നത് അനുഭവിക്കാം. കുണ്ടള ഡാമിൽനിന്നാണ് മെത്താപ്പിലേക്കുള്ള വഴി. മൂന്നുകിലോമീറ്റർ ദൂരമാണു ട്രെക്കിങ് അനുവദിക്കുക. പെരുമല ഫോറസ്റ്റ് ഓഫിസിൽനിന്ന് അനുമതി വാങ്ങണം. 

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും https://munnarwildlife.com വെബ്സൈറ്റ് സന്ദർശിക്കാം. മന്നവൻചോലയിൽ ട്രെക്കിങ്ങിനായി വിളിക്കാം- +914365 200 300

മറ്റു കാഴ്ചകൾ

മറയൂരിൽനിന്ന് ആനക്കോട്ടപ്പാറയിലെ മുനിയറകൾ കണ്ട് മുകളിലേക്കു വരാം. കാന്തല്ലൂരിലെ സ്ട്രോബറി, ആപ്പിൾ കൃഷിയിടങ്ങൾ കാണാം. 

നോട്ട്സ്:

∙ട്രെക്കിങ്ങിനു പോകുമ്പോൾ വെള്ളം വേണമെങ്കിൽ കരുതാം. ലഘുആഹാരം കൊണ്ടുപോകുമ്പോൾ മാലിന്യങ്ങൾ കാട്ടിൽ ഉപേക്ഷിക്കില്ലെന്ന് ഉറപ്പുവരുത്തണം. 

∙സകുടുംബം ട്രെക്കിങ്ങിന് ഏറെപ്പേരെത്തുന്നുണ്ട്. അതിസാഹസിക റൂട്ട് അല്ലെന്നർഥം. 

റൂട്ട്

എറണാകുളം-കോതമംഗലം- അടിമാലി-മൂന്നാർ- 124 km

മൂന്നാർ-മറയൂർ- 40 km

മറയൂർ- കാന്തല്ലൂർ- 14 km 

രണ്ടാം റൂട്ട്

പാലക്കാട് - പൊള്ളാച്ചി-ഉഡുമൽപേട്ട്- ചിന്നാർ- മറയൂർ-കാന്തല്ലൂർ 131 km

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment