വ​​ർ​​ത്ത​​മാ​​ന പ​​ത്ര​​ങ്ങ​​ൾ

രാ​​വി​​ലെ ചൂ​​ടു​​കാ​​പ്പി​​ക്കൊ​​പ്പം അ​​ന്ന​​ത്തെ ദി​​ന​​പ​​ത്രം മ​​ല​​യാ​​ളി​​ക്കു നിർബന്ധമാണ്. വ​​ർ​​ത്ത​​മാ​​ന പ​​ത്ര​​ങ്ങ​​ൾ എ​​ന്നു വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന ഈ ​​കൂ​​ട്ടു​​കാ​​ർ​​ക്കും ഒ​​രു ദി​​വ​​സ​​മു​​ണ്ട്. എ​​ല്ലാ വ​​ർ​​ഷ​​വും ജ​​നു​​വ​​രി 29 ദേ​​ശീ​​യ ദി​​ന​​പ​​ത്ര​​ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു​​വ​​രു​​ന്നു.​​ ഇ​​ന്ത്യ​​ൻ ന്യൂ​​സ്പേ​​പ്പ​​ർ സൊ​​സൈ​​റ്റി​​യു​​ടെ ആ​​ഹ്വാ​​ന​​മ​​നു​​സ​​രി​​ച്ചാ​​ണ് ജ​​നു​​വ​​രി 29 ദേ​​ശീ​​യ ദി​​ന​​പ​​ത്ര​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ പ​​ത്ര​​മാ​​യ ബം​​ഗാ​​ൾ ഗ​​സ​​റ്റ് പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത് 1780 ജ​​നു​​വ​​രി 29 നാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ ഓ​​ർ​​മ്മ​​യി​​ലാ​​ണ് ഈ ​​ദി​​വ​​സം ദി​​ന​​പ​​ത്ര​​ദി​​ന​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ ദി​​ന​​പത്രമായ ദീ​​പി​​ക, 1887 ഏ​​പ്രി​​ൽ 15-ന് പ്രസിദ്ധീകരണം ആരംഭിച്ചു.
ന​​സ്രാ​​ണി ദീ​​പി​​ക എ​​ന്നാ​​യി​​രു​​ന്നു ആദ്യ പേ​​ര്. നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​രു​​ടെ മു​​ഖ്യ പ​​ത്രാ​​ധി​​പ​​ത്യ​​ത്തി​​ൽ, മാ​​സ​​ത്തി​​ൽ ര​​ണ്ട് എന്ന ക​​ണ​​ക്കി​​ലാ​​യി​​രു​​ന്നു പ്ര​​സി​​ദ്ധീ​​ക​​ര​​ണം. 1927 ജ​നു​വ​രി മൂ​ന്നി​ന് ​
ദി​​ന​​പ​​ത്ര​​മാ​​യി മാ​​റി. 1939 ഒാ​ഗ​സ്റ്റ് ഒ​ന്നി​നാണ് ദീപിക എന്ന പേര് സ്വീകരിച്ചത്.

ദി​​ന​​പ​​ത്ര​​ങ്ങ​​ളെ ഓ​​ർ​​മിക്കാ​​ൻ വേ​​റെ​​യും ദി​​വ​​സ​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചി​​ട്ടു​​ണ്ട്. ഐ​​ക്യ​​രാ​​ഷ്ട്ര സ​​ഭ​​യു​​ടെ നി​​ർ​​ദേശ​​പ്ര​​കാ​​രം എ​​ല്ലാ വ​​ർ​​ഷ​​വും മേയ് 03, ലോ​​ക​​ പ​​ത്രസ്വാ​​ത​​ന്ത്ര്യ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്നു. പ​​ത്ര​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​നാ​​യി പൊ​​രു​​തു​​ന്ന വ്യ​​ക്തി​​ക​​ൾ​​ക്കും സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും യു​​നെ​​സ്കോ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ
ഗി​​ലർ​​മോ കാ​​നോ പു​​ര​​സ്കാരം ഈ ​​ദി​​വ​​സ​​മാ​​ണ് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. പ്ര​​സ് കൗ​​ണ്‍​സി​​ൽ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ്വ​​ത​​ന്ത്ര​​വും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പൂ​​ർ​​ണവു​​മാ​​യ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ സ​​ന്ദേ​​ശം ന​​ൽ​​കാ​​ൻ ന​​വം​​ബ​​ർ 16 ദേ​​ശീ​​യ പ​​ത്ര​​സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​മാ​​യും ആ​​ച​​രി​​ക്കു​​ന്നു.



​​ട​​ലാ​​സും അ​​ച്ച​​ടി​​യു​​മൊ​​ക്കെ ക​​ണ്ടു​​പി​​ടി​​ച്ച ചൈ​​ന​​യി​​ലാ​​ണ് ലോ​​ക​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഒ​​രു പ​​ത്ര​​മു​​ണ്ടാ​​യ​​തെ​​ന്ന് ക​​രു​​ത​​പ്പെ​​ടു​​ന്നു. പീ​​ക്കി​​ങ്ങ് ഗ​​സ​​റ്റ് എ​​ന്നാ​​യി​​രു​​ന്നു ഇ​​തി​​ന്‍റെ പേ​​ര്. രാ​​ജാ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ര​​ഹ​​സ്യ​​ങ്ങ​​ൾ ക​​ട​​ലാ​​സി​​ലെ​​ഴു​​തി ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക് വി​​റ്റി​​രു​​ന്ന​​വ​​രാ​​യി​​രു​​ന്നു ആ​​ദ്യ​​ത്തെ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ർ. വ​​ർ​​ത്ത​​മാ​​ന​​ങ്ങ​​ള​​റി​​യാ​​നു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ കൗ​​തു​​കം വ​​ർ​​ധിച്ച​​പ്പോ​​ൾ ക​​ട​​ലാ​​സി​​ൽ എ​​ഴു​​തി​​യ ക​​ത്തു​​ക​​ൾ​​ക്ക് പ​​ക​​രം അ​​വ​​ർ അ​​ച്ച​​ടി​​ച്ചു തു​​ട​​ങ്ങി. അ​​ങ്ങ​​നെ​​യാ​യിരുന്നു പീ​​ക്കിംഗ് ഗ​​സ​​റ്റി​​ന്‍റെ പി​​റ​​വി.

ബം​​ഗാ​​ൾ ഗ​​സ​​റ്റ്-​​ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ പ​​ത്രം

ഇ​​ന്ത്യ​​ൻ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ൽ നി​​ന്ന് ആ​​ദ്യ​​മാ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് ഒ​​രു ഇം​​ഗ്ലീ​​ഷ് പ​​ത്ര​​മാ​​യി​​രു​​ന്നു. 1780 ജ​​നു​​വ​​രി 29-ന് ​​കൊ​​ൽ​​ക്ക​​ത്ത​​യി​​ൽ നി​​ന്നാ​രം​ഭി​ച്ച ബം​​ഗാ​​ൾ ഗ​​സ​​റ്റ്. ‘​​ദി ക​​ൽ​​ക്ക​​ട്ടാ ജ​​ന​​റ​​ൽ അ​​ഡ്വൈ​​സ​​ർ’ എ​​ന്നും ഇ​​തി​​നു പേ​​രു​​ണ്ടാ​​യി​​രു​​ന്നു. അ​​യ​​ർ​​ല​​ൻഡുകാ​​ര​​നാ​​യ ജെ​​യിം​​സ് അ​​ഗ​​സ്റ്റ​​സ് ഹി​​ക്കി​​യാ​​യി​​രു​​ന്നു പ​​ത്രാ​​ധി​​പ​​രും പ്ര​സാ​ധ​ക​നും. ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ലാ​​ണ് പ​​ത്രം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്.

അ​​ന്ന​​ത്തെ​ ഗ​വ​ർ​ണ​ർ ജ​ന​റ​ൽ വാ​​റൻ ​ഹേ​​സ്റ്റിം​ഗ്സിനെ വി​​മ​​ർ​​ശി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ പ​​ത്രാ​​ധി​​പ​​ർ ജ​​യി​​ലി​​ലാ​​ക്ക​​പ്പെ​​ടു​​ക​​യും പ്ര​​സ് അ​​ട​​ച്ചു​​പൂ​​ട്ടു​​ക​​യും ചെ​​യ്തു. 1780-ൽ ​​ഇ​​ന്ത്യാ ഗ​​സ​​റ്റ് എ​​ന്ന പ​​ത്ര​​വും, 1784-ൽ ​​മൂ​​ന്നാ​​മ​​ത്തെ പ​​ത്ര​​മാ​​യ ക​​ൽ​​ക്ക​​ത്താ ഗ​​സ​​റ്റും പു​​റ​​ത്തി​​റ​​ങ്ങി. ക​​ൽ​​ക്ക​​ത്താ ഗ​​സ​​റ്റി​​ന് സ​​ർ​​ക്കാ​​ർ സ​​ഹാ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു.

ന​​മ്മു​​ടെ പ​​ത്ര​​ങ്ങ​​ൾ വ​​രു​​ന്നു

ബം​​ഗാ​​ൾ ഗ​​സ​​റ്റി​​ൽ നി​​ന്ന് ഉൗ​​ർ​​ജം ഉ​​ൾ​​ക്കൊ​​ണ്ടു​​കൊ​​ണ്ട് ഇ​​ന്ത്യ​​യി​​ൽ ഭാ​​ഷാ​​പ​​ത്ര​​ങ്ങ​​ൾ പി​​റ​​വി​​യെ​​ടു​​ത്തു. കോൽക്കത്ത​​യി​​ൽ നി​​ന്നു ഗം​​ഗാ കി​​ശോ​​ർ ഭ​​ട്ടാചാ​​ര്യ​​ ഇറക്കിയ ബം​​ഗാ​​ൾ ഗ​​സ​​റ്റും സെ​​റാ​​ന്പൂ​​രി​​ൽ നി​​ന്ന് ബാ​​പ്റ്റി​​സ്റ്റ് മി​​ഷ​​ന​​റി​​മാ​​ർ പ്രസിദ്ധീകരിച്ച സ​​മാ​​ചാ​​ർ ദ​​ർ​​പ്പ​​ണു​​മാ​​യി​​രു​​ന്നു അ​​വ. രാ​​ജാ റാം ​​മോ​​ഹ​​ൻ റോ​​യ് പേ​​ർ​​ഷ്യ​​നി​​ൽ തു​​ട​​ങ്ങി​​യ മീ​​റ​​ത്ത് ഉ​​ൽ അ​​ക്ബ​​ർ ഉ​​ൾ​​പ്പെ​​ടെ പ​​ത്ര​​ങ്ങ​​ളു​​ടെ ഒ​​രു നി​​ര​​ത​​ന്നെ ഉ​​ണ്ടാ​​യി.

പ​​ത്ര​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന് കൂ​​ച്ചു​​വി​​ല​​ങ്ങു​​ക​​ൾ

ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​കാ​​ല​​ത്ത് പ​​ത്ര​​സ്വാ​​ത​​ന്ത്ര്യം നി​​ഷേ​​ധി​​ക്കു​​ന്ന നി​​ര​​വ​​ധി നി​​യ​​മ​​ങ്ങ​​ളും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും കൊ​​ണ്ടു​​വ​​ന്നി​​രു​​ന്നു. 1889-ലെ ​​പ​​ത്ര​​നി​​യ​​മം, സ്റ്റേറ്റ്സ് പ്രൊ​​ട്ട​​ക്ഷ​​ൻ ആ​​ക്ട്, പ്രി​​ൻ​​സ​​സ് പ്രൊ​​ട്ട​​ക്ഷ​​ൻ ആ​​ക്ട്, ഫോ​​റി​​ൻ റി​​ലേ​​ഷ​​ൻ ആ​​ക്ട് തു​​ട​​ങ്ങി​​ നി​​ര​​വ​​ധി ക​​രിനി​​യ​​മ​​ങ്ങ​​ൾ.

വാ​​ർ​​ത്ത​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നു മു​​ന്പ് മു​​ൻ​​കൂ​​ട്ടി അ​​നു​​വാ​​ദം വാ​​ങ്ങ​​ണ​​മെ​​ന്ന നി​​ബ​​ന്ധ​​ന പോ​​ലെ​​യു​​ള്ള നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രെ രാ​​ജാ​​റാം മോ​​ഹ​​ൻ റോ​​യി​​യെ പോ​​ലു​​ള്ള​​വ​​ർ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധം പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന ച​​രി​​ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. 1942-ലെ ​​ക്വി​​റ്റ് ഇ​​ന്ത്യാ സ​​മ​​ര​​ത്തി​​നെ​​തി​​രെ ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ട​​ത്തി​​യ അ​​തി​​ക്ര​​മ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് നൂ​​റോ​​ളം പ​​ത്ര​​ങ്ങ​​ൾ മൂ​​ന്നു​​മാ​​സ​​ത്തോ​​ളം പ്ര​​സി​​ദ്ധീ​​ക​​ര​​ണം നി​​ർ​​ത്തി​​ പ്ര​​തി​​ഷേ​​ധി​​ച്ചു.

പ​​ത്ര​​ങ്ങ​​ൾ മ​​ല​​യാ​​ള​​ത്തി​​ൽ

1847 ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ ത​​ല​​ശേരി​​യി​​ൽ നി​​ന്ന് മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ പ​​ത്രമായ രാ​​ജ്യ​​സ​​മാ​​ചാ​​രം ജ​ന്മ​മെ​​ടു​​ത്തു. മാ​​സി​​ക​​യാ​​യി തു​​ട​​ങ്ങി​​യ ഇ​​തി​​നു പിന്നാലെ പ​​ശ്ചി​​മോ​​ദ​​യം എ​​ന്ന പ​​ത്ര​​മാ​​സി​​ക​​യും തു​​ട​​ക്ക​​മി​​ട്ടു. ഹെ​​ർ​​മ​​ൻ ഗു​​ണ്ട​​ർ​​ട്ടാ​​യി​​രു​​ന്നു ര​​ണ്ടി​​ന്‍റെ​​യും ര​​ക്ഷ​​ക​​ർ​​ത്താ​​വ്. ഇ​​വ ര​​ണ്ടും കൈ​​കൊ​​ണ്ടെ​​ഴു​​തി ക​​ല്ല​​ച്ചി​​ൽ അ​​ച്ച​​ടി​​ച്ച​​വ​​യാ​​യി​​രു​​ന്നു.

1848 ന​​വം​​ബ​​ർ ഒന്നിന് ​​ കോട്ടയത്തെ സിഎംഎസ് പ്രസിൽ നിന്നു പു​​റ​​ത്തി​​റ​​ങ്ങി​​യ ജ്ഞാ​​ന​​നി​​ക്ഷേ​​പത്തിന് എട്ട് താളുകളുണ്ടായിരുന്നു. 1860-ൽ ​​കൊ​​ച്ചി​​യി​​ൽ നി​​ന്നും ഇം​​ഗ്ലീ​​ഷി​​ൽ പു​​റ​​ത്തി​​റ​​ങ്ങി​​യ വെ​​സ്റ്റേ​​ണ്‍ സ്റ്റാ​​ർ ആ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ വാ​​ർ​​ത്താ​​പ​​ത്രം.​​

വി​​ദ്യാ​​സം​​ഗ്ര​​ഹം അ​​ഥ​​വാ കോ​​ട്ട​​യം കോ​​ള​​ജ് ക്വാ​​ർ​​ട്ട​​ർ​​ലി (1864), പ​​ശ്ചി​​മ താ​​ര​​ക (1864), കേ​​ര​​ള പ​​താ​​ക (1870), പ​​ശ്ചി​​മ​​താ​​ര​​ക-​​കേ​​ര​​ള പ​​ത്രി​​ക (1878), സ​​ന്ദി​​ഷ്ട​​വാ​​ദി (1867), സ​​ത്യ​​നാ​​ദ​​കാ​​ഹ​​ളം (1876) തു​​ട​​ങ്ങി​​യ​​വ​​യും പി​​ൻ​​പേ വ​​ന്ന​​വ​​യാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ബ്ലോ​​ക്ക് സ്റ്റു​​ഡി​​യോ​​യി​​ൽ അ​​ച്ച​​ടി​​ച്ച വാ​​രി​​ക​​യും ആ​​ദ്യ​​ത്തെ സ​​ചി​​ത്ര​​വാ​​രി​​ക​​യും വ​​ർ​​ണ​ചി​​ത്ര​​ങ്ങ​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട വാ​​രി​​ക​​യും സ​​ത്യ​​നാ​​ദ​​മാ​​യി​​രു​​ന്നു.

കൊ​​ച്ചിയി​​ൽ നി​​ന്ന് 1881-ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ കേ​​ര​​ള​​മി​​ത്ര​​മാ​​യി​​രു​​ന്നു മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ​​ത്തെ സ​​ന്പൂ​​ർ​​ണ വാ​​ർ​​ത്താ​​പ​​ത്രം. ഇ​​തി​​ന്‍റെ ആ​​ദ്യ പ​​ത്രാ​​ധി​​പ​​രാ​​യ ക​​ണ്ട​​ത്തി​​ൽ വ​​റു​​ഗീ​​സ് മാ​​പ്പി​​ള​​യാ​​ണ് മ​​ല​​യാ​​ള മ​​നോ​​ര​​മ​​യു​​ടെ സ്ഥാ​​പ​​ക​​ൻ. 1884-ൽ ​​കോ​​ഴി​​ക്കോ​​ട്ടു നി​​ന്ന് തു​​ട​​ങ്ങി​​യ കേ​​ര​​ള​​പ​​ത്രി​​ക​​യാ​​ണ് മ​​ല​​ബാ​​റി​​ലെ ആ​​ദ്യ വാ​​ർ​​ത്താ​​പ​​ത്രം. ചെ​​ങ്കു​​ള​​ത്ത് കു​​ഞ്ഞി​​രാ​​മ​​മേ​​നോ​​ൻ ആ​​യി​​രു​​ന്നു പ​​ത്രാ​​ധി​​പ​​ർ.

1879-ൽ ​​തു​​ട​​ങ്ങി​​യ വെ​​സ്റ്റ് കോ​​സ്റ്റ് സ്പെ​​ക്ടേ​​റ്റ​​ർ എ​​ന്ന ഇം​​ഗ്ലീ​​ഷ് വാ​​രി​​ക പി​​ന്നീ​​ട് മ​​ല​​ബാ​​ർ സ്പെ​​ക്ടേ​​റ്റ​​ർ എ​​ന്നാ​​യി മാ​​റി. 1886-ൽ ​​പൂ​​വാ​​ട​​ൻ രാ​​മ​​ൻ വ​​ക്കീ​​ൽ തു​​ട​​ങ്ങി​​യ കേ​​ര​​ള സ​​ഞ്ചാ​​രി എ​​ന്ന പ​​ത്ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​ത്രാ​​ധി​​പ​​ർ കേ​​സ​​രി എ​​ന്ന പേ​​രി​​ൽ പ്ര​​ശ​​സ്ത​​നാ​​യ വേ​​ങ്ങ​​യി​​ൽ കു​​ഞ്ഞി​​രാ​​മ​​ൻ നാ​​യ​​ർ ആ​​യി​​രു​​ന്നു. ത​​ല​​ശേരി​​യി​​ൽ നി​​ന്ന് മൂ​​ർ​​ക്കോ​​ത്ത് കു​​മാ​​ര​​ൻ തു​​ട​​ങ്ങി​​യ മി​​ത​​വാ​​ദി പ​​ത്ര​​ത്തി​​ൽ പി​​ന്നീ​​ട് കേ​​ര​​ള സ​​ഞ്ചാ​​രി ല​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മ​​ല​​യാ​​ള​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​മാ​​യി ദീ​​പി​​ക

മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ ദി​​ന​​പത്രമായ ദീ​​പി​​ക,1887 ഏ​​പ്രി​​ൽ 15-ന് ​​കോ​​ട്ട​​യം മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​സി​​ൽ നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങി. ന​​സ്രാ​​ണി ദീ​​പി​​ക എ​​ന്നാ​​യി​​രു​​ന്നു ആദ്യ പേ​​ര്. നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​രു​​ടെ മു​​ഖ്യപ​​ത്രാ​​ധി​​പ​​ത്യ​​ത്തി​​ൽ മാ​​സ​​ത്തി​​ൽ ര​​ണ്ട് എന്ന ക​​ണ​​ക്കി​​ലാ​​യി​​രു​​ന്നു പ്ര​​സി​​ദ്ധീ​​ക​​ര​​ണം. 1927 ജ​നു​വ​രി മൂ​ന്നി​ന് ​ദി​​ന​​പ​​ത്ര​​മാ​​യി മാ​​റി.

1939 ഒാ​ഗ​സ്റ്റ് ഒ​ന്നി​ന് ​പ്ര​​സി​​ദ്ധീ​​ക​​ര​​ണം കോ​​ട്ട​​യ​​ത്തേ​​ക്ക് മാ​​റ്റി​​യ​​പ്പോ​​ൾ ദീ​​പി​​ക എ​​ന്ന പേ​​രി​​ലേ​​ക്ക് മാ​​റി. ഇ​​ന്‍റ​​ർ​​നെ​​റ്റ് എ​​ഡി​​ഷ​​ൻ തുടങ്ങിയ ആദ്യ മലയാള ദി​​ന​​പ​​ത്രമാണ് ദീ​​പി​​ക.

ജ്വ​​ലി​​ക്കു​​ന്ന ഓ​​ർ​​മ​യാ​​യി ‘സ്വ​​ദേ​​ശാ​​ഭി​​മാ​​നി’

1905 ജ​നു​വ​രി 19ന് ​വ​ക്കം അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി തു​ട​ങ്ങി​യ പ​ത്ര​മാ​യി​രു​ന്നു സ്വ​ദേ​ശാ​ഭി​മാ​നി. ‘ഭ​യ​കൗ​ടി​ല്യ​ലോ​ഭ​ങ്ങ​ൾ വ​ള​ർ​ക്കി​ല്ലൊ​രു നാ​ടി​നെ’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ പ​ത്രം ഉ​റ​ച്ചു​നി​ന്നു. 1906-ൽ ​കെ. രാ​മ​കൃ​ഷ്ണ​പി​ള്ള പ​ത്രാ​ധി​പ​രാ​യി എ​ത്തി.

മ​​ല​​യാ​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന രം​​ഗ​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ധീ​​ര​​ത​​യു​​ടെ പ​​ര്യാ​​യ​​മാ​​യാ​​ണ് സ്വ​​ദേ​​ശാ​​ഭി​​മാ​​നി രാ​​മ​​കൃ​​ഷ്ണ​​പി​​ള്ള അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. തി​​രു​​വി​​താം​​കൂ​​റി​​ലെ രാ​​ജ്യ​​ഭ​​ര​​ണ​​ത്തി​​നും ദി​​വാ​​ന്‍റെ ദു​​ർ​​ഭ​​ര​​ണ​​ത്തി​​നു​​മെ​​തി​​രാ​​യി ശ​​ക്ത​​മാ​​യ പ​​ത്രാ​​ധി​​പ​​ക്കു​​റി​​പ്പു​​ക​​ൾ സ്വ​​ദേ​​ശാ​​ഭി​​മാ​​നി​​യി​​ൽ എ​​ഴു​​ത​​പ്പെ​​ട്ടു.

1910 സെ​​പ്റ്റം​​ബ​​ർ 26-ന് ​​പ​​ത്രം നി​​രോ​​ധി​​ച്ച് പ്ര​​സ് ക​​ണ്ടു​​കെ​​ട്ടി, രാ​​മ​​കൃ​​ഷ്ണ​​പി​​ള്ള​​യെ സ​​ർ​​ക്കാ​​ർ നാ​​ടു​​ക​​ട​​ത്തി. വി​​ദേ​​ശ​​വാ​​ർ​​ത്ത​​ക​​ൾ ല​​ഭി​​ക്കാ​​ൻ റോ​​യി​​റ്റേ​​ഴ്സ് ന്യൂ​​സ് ഏ​​ജ​​ൻ​​സി​​യു​​ടെ വ​​രി​​ക്കാ​​രാ​​യ ആ​​ദ്യ മ​​ല​​യാ​​ള​​പ​​ത്രം കൂ​​ടി​​യാ​​യി​​രു​​ന്നു സ്വ​​ദേ​​ശാ​​ഭി​​മാ​​നി.

കേ​​സ​​രി ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള എ​​ന്ന പോ​​രാ​​ളി

1922-ൽ ​​സ​​മ​​ദ​​ർ​​ശി എ​​ന്ന പ​​ത്ര​​ത്തി​​ന്‍റെ പ​​ത്രാ​​ധി​​പ​​രാ​​യി​​രു​​ന്നു കേ​​സ​​രി. വൈ​​ക്കം സ​​ത്യാ​​ഗ്ര​​ഹ​​ത്തി​​നി​​ട​​യി​​ൽ പോ​​ലീ​​സ് ഒ​​രു സ​​ത്യഗ്ര​​ഹി​​യു​​ടെ ക​​ണ്ണിൽ ചു​​ണ്ണാ​​ന്പ് എ​​ഴു​​തി​​യ കി​​രാ​​ത ന​​ട​​പ​​ടി​​യു​​ടെ പേ​​രി​​ൽ ശ്രീ​​മൂ​​ലം തി​​രു​​നാ​​ൾ മ​​ഹാ​​രാ​​ജാ​​വി​​നെ അ​​തി​​രൂ​​ക്ഷ​​മാ​​യി അ​​ദ്ദേ​​ഹം വി​​മ​​ർ​​ശി​​ച്ചു. 1930-ൽ ​​പു​​റ​​ത്തി​​റ​​ക്കി​​യ കേ​​സ​​രി പ​​ത്ര​​ത്തി​​ലൂ​​ടെ സ്വേ​​ച്ഛാ​​ധി​​കാ​​ര​​ത്തി​​നെ​​തി​​രാ​​യും ജ​​നാ​​ധി​​പ​​ത്യ​​ത്തിനുവേ​​ണ്ടി​​യും ശ​​ക്ത​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള മ​​ല​​യാ​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന രം​​ഗ​​ത്തി​​ന് പു​​തി​​യ വ​​ഴി കാ​​ണി​​ച്ചുത​​ന്ന​​യാ​​ളാ​​ണ്.

വ​​ള​​രു​​ന്ന പ​​ത്ര​​ലോ​​കം

1890 മാ​​ർ​​ച്ച് 22-ന് ​മ​​ല​​യാ​​ള മ​​നോ​​ര​​മ പ്ര​​സി​​ദ്ധീ​​ക​​ര​​ണം ആ​രം​ഭി​ച്ചു. 1928 ജ​​നു​​വ​​രി 26-ന് ​​ദി​​ന​​പ​​ത്ര​​മാ​​യി മാ​​റി. 1938-ൽ ​പ​​ത്രം ക​​ണ്ടു​​കെ​​ട്ട​​പ്പെ​​ട്ടു. 1947 ന​​വം​​ബ​​ർ 29-ന് ​​പ്ര​​സി​​ദ്ധീ​​ക​​ര​​ണം പു​​ന​​രാ​​രം​​ഭി​​ച്ചു. 1911-ഫെ​​ബ്രു​​വ​​രി ഒന്നിന് ​​സി.​​വി. കു​​ഞ്ഞി​​രാ​​മ​​ന്‍റെ പ​​രി​​ശ്ര​​മ​​ത്തി​​ൽ സ​​ര​​സ​​ക​​വി മൂ​​ലൂ​​ർ​​ പ​​ത്രാ​​ധി​​പ​​രാ​​യി​ കേ​​ര​​ള​​കൗ​​മു​​ദി ആ​​നു​​കാ​​ലി​​ക​​മാ​​യി പു​​റ​​ത്തി​​റ​​ങ്ങി. 1940-ൽ ​​കേ​​ര​​ള​​കൗ​​മു​​ദി ദി​​ന​​പ​​ത്ര​​മാ​​യി. 1915-ൽ ടി.​​കെ. മാ​​ധ​​വ​​ൻ ദേ​​ശാ​​ഭി​​മാ​​നി എ​​ന്ന പ​​ത്രം തു​​ട​​ങ്ങി. ചി​​ന്ത​​ക​​നും പ്ര​​ക്ഷോ​​ഭ​​കാ​​രി​​യു​​മാ​​യി​​രു​​ന്ന കെ. ​​അ​​യ്യ​​പ്പ​​ൻ 1917-ൽ ​​സ​​ഹോ​​ദ​​ര​​ൻ​ എ​​ന്ന പ​​ത്ര​​മാ​​സി​​ക തു​​ട​​ങ്ങി.

സ്വാ​​ത​​ന്ത്ര്യസ​​മ​​ര​​ത്തിനു ശ​​ക്തി​​പ​​ക​​ർ​​ന്ന പ​​ത്ര​​ങ്ങ​​ൾ

മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ദേ​​ശീ​​യ​​പ്ര​​സ്ഥാ​​നം ഉ​​ണ​​ർ​​ന്ന​​തോ​​ടെ അ​​തി​​നു ശ​​ക്തി​​പ​​ക​​രാ​​ൻ നി​​ര​​വ​​ധി പ​​ത്ര​​ങ്ങ​​ൾ ജ​ന്മം ​കൊ​​ണ്ടു. 1923-ന് ​​കോ​​ഴി​​ക്കോ​​ട്ടു​​നി​​ന്ന് കെ.​​പി. കേ​​ശ​​വ​​മേ​​നോ​​ൻ പ​​ത്രാ​​ധി​​പ​​രാ​​യി തു​​ട​​ങ്ങി​​യ മാ​​തൃ​​ഭൂ​​മി ഇ​​ന്നും മ​​ല​​യാ​​ള​​ത്തി​​ലെ മു​​ൻ​​നി​​ര​​പ​​ത്ര​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്. 1924-ൽ ​​മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ൽ റ​​ഹ്മാ​​ൻ അ​​ൽ അ​​മീ​​ൻ പ​​ത്രം തു​​ട​​ങ്ങി.

യു​​വ​​ഭാ​​ര​​തം, മ​​ല​​യാ​​ള​​രാ​​ജ്യം, ന​​വീ​​ന​​കേ​​ര​​ളം മ​​ഹാ​​ത്മാ ഭ​​ജേ ഭാ​​ര​​തം, ഭ​​ജേ കേ​​ര​​ളം ന​​വ​​ജീ​​വ​​ൻ, പ്ര​​ഭാ​​തം, ദീ​​ന​​ബ​​ന്ധു, എ​​ക്സ്പ്ര​​സ്, പൗ​​ര​​ശ​​ക്തി, ഗോ​​മ​​തി, പൗ​​ര​​ശ​​ക്തി, ച​​ന്ദ്രി​​ക, കേ​​ര​​ള കേ​​സ​​രി തു​​ട​​ങ്ങി നി​​ര​​വ​​ധി പ​​ത്ര​​ങ്ങ​​ൾ അ​​ന്നു പ്ര​​ചാ​​ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.

വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​ക​​ൾ

പ്ര​​സ് ട്ര​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ​​യാ​​ണ് (PTI) രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി .പ​​ത്ര​​ങ്ങ​​ൾ​​ക്ക് കൃ​​ത്യ​​മാ​​യ, പ​​ക്ഷം​​പി​​ടി​​ക്കാ​​ത്ത വാ​​ർ​​ത്ത​​ക​​ൾ ന​​ൽ​​കാ​​ൻ പ​​ത്ര​​ങ്ങ​​ൾ ചേ​​ർ​​ന്ന് തു​​ട​​ങ്ങി​​യ സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള പി​​ടി​ഐ, 1947 ഓ​​ഗ​​സ്റ്റി​​ൽ സ്ഥാ​​പി​​ത​​മാ​​യി. 1949-ൽ ​​പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി. ക​​ന്പ​​നി നി​​യമ​​പ്ര​​കാ​​രം സ്ഥാ​​പി​​ത​​മാ​​യ യു​​ണൈ​​റ്റ​​ഡ് ന്യൂ​​സ് ഓ​​ഫ് ഇ​​ന്ത്യ (UNI) 1956-ൽ ​​സ്ഥാ​​പി​​ക്ക​​പ്പെ​​ട്ട് 1959-ൽ ​​പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി.

ചേ​​രി​​ചേ​​രാ രാ​​ജ്യ​​ങ്ങ​​ൾ ചേ​​ർ​​ന്നു​​ണ്ടാ​​ക്കി​​യ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യാ​​ണ് യൂ​​റോ​​പ്യ​​ൻ പ്ര​​സ് ഫോ​​ട്ടോ ഏ​​ജ​​ൻ​​സി, റോ​​യിറ്റേ​​ഴ്സ്, അ​​സോ​​സി​​യേ​​റ്റ​​ഡ് പ്ര​​സ് (AP), ഏ​​ജ​​ൻ​​സി ഫ്രാ​​ൻ​​സ് പ്ര​​സ് (AFP), ഏ​​ജ​​ൻ​​സി ന്യൂ​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ(​ANI), ഇ​​ൻ​​ഡോ ഏ​​ഷ്യ​​ൻ ന്യൂ​​സ് സ​​ർ​​വീ​​സ് (IANS) എ​​ന്നി​​വ പ​​ത്ര​​ങ്ങ​​ൾ​​ക്ക് വാ​​ർ​​ത്ത​​ക​​ളും ഫോ​​ട്ടോ​​ക​​ളും ന​​ൽ​​കു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​ക​​ളി​​ൽ ചി​​ല​​താ​​ണ്.

ഇന്ത്യൻ ന്യൂ​​സ് പേ​​പ്പ​​ർ സൊ​​സൈ​​റ്റി (INS)

പ​​ത്ര​​സ്വാ​​ത​​ന്ത്ര്യം സം​​ര​​ക്ഷി​​ക്കാ​​നും ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കാ​​നും 1939-ൽ ​​സ്ഥാ​​പി​​ത​​മാ​​യ സ്വ​​ത​​ന്ത്ര സ്ഥാ​​പ​​നം. ന്യൂ​​ഡ​​ൽ​​ഹി​​യാ​​ണ് ആ​​സ്ഥാ​​നം. അ​​ച്ച​​ടി മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ ഉ​​ട​​മ​​ക​​ൾ, പ്ര​​സാ​​ധ​​ക​​ർ, ന​​ട​​ത്തി​​പ്പു​​കാർ എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ൾ.​

പ​​ത്ര​​ങ്ങ​​ളു​​ടെ കു​​തി​​പ്പും കി​​ത​​പ്പും

ഇ​​ന്ത്യ​​യ്ക്ക് സ്വാ​​ത​​ന്ത്ര്യം ല​​ഭി​​ച്ച​​തി​​നു​​ശേ​​ഷം നി​​ര​​വ​​ധി പ​​ത്ര​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു​​വ​​ന്നു. മ​​ല​​യാ​​ള രാ​​ജ്യം, തൃ​​ശൂ​​ർ എ​​ക്സ്പ്ര​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി പ​​ത്ര​​ങ്ങ​​ൾ പി​​ടി​​ച്ചു നി​​ൽ​​ക്കാ​​ൻ ക​​ഴി​​യാ​​തെ പ്ര​​സി​​ദ്ധീ​​ക​​ര​​ണം നി​​ർ​​ത്തി. മാ​​ധ്യ​​മം, ദേ​​ശാ​​ഭി​​മാ​​നി, ജ​​ന​​യു​​ഗം, വീ​​ക്ഷ​​ണം, ജ​ന്മ​ഭൂ​​മി, സി​​റാ​​ജ്, മം​​ഗ​​ളം, വ​​ർ​​ത്ത​​മാ​​നം, തേ​​ജ​​സ്, ച​​ന്ദ്രി​​ക, മെ​​ട്രോ​​വാ​​ർ​​ത്ത, പു​​ണ്യ​​ഭൂ​​മി, സ​​ദ്‌വാ​​ർ​​ത്ത, ഈ ​​നാ​​ട്, വി​​പ്ല​​വം, ലീ​​ഗ് ടൈം​​സ് തു​​ട​​ങ്ങി​​യ പ​​ത്ര​​ങ്ങ​​ൾ ഈ ​​കാ​​ല​​ത്തു തു​​ട​​ങ്ങി​​യെ​​ങ്കി​​ലും ചി​​ല​​രെ​​ങ്കി​​ലും അ​​കാ​​ല​​ത്തി​​ൽ അ​​വ​​സാ​​നി​​ച്ചു.

ഇ​​ന്ന​​ത്തെ പ​​ത്ര​​ങ്ങ​​ൾ

ദീ​​പി​​ക, മ​​ല​​യാ​​ള മ​​നോ​​ര​​മ, മാ​​തൃ​​ഭൂ​​മി, ച​​ന്ദ്രി​​ക, ദേ​​ശാ​​ഭി​​മാ​​നി, ജ​​ന​​യു​​ഗം, വീ​​ക്ഷ​​ണം, ജ​ന്മ​ഭൂ​​മി,കേ​​ര​​ള കൗ​​മു​​ദി, മാ​​ധ്യ​​മം, മം​​ഗ​​ളം, സി​​റാ​​ജ്, സു​​പ്ര​​ഭാ​​തം, വ​​ർ​​ത്ത​​മാ​​നം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഇ​​ന്ന് മ​​ല​​യാ​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന പ്ര​​ധാ​​ന ദി​​ന​​പ​​ത്ര​​ങ്ങ​​ൾ. രാ​​ഷ്ട്ര​​ദീ​​പി​​ക, ഫ്ളാ​​ഷ് ജ​​ന​​റ​​ൽ എ​​ന്നീ സാ​​യാ​​ഹ്ന പ​​ത്ര​​ങ്ങ​​ളും പു​​റ​​ത്തി​​റ​​ങ്ങു​​ന്നു.

റേ​​ഡി​​യോ​​യും ടെ​​ലി​​വി​​ഷ​​നും എ​​ത്തി​​യ​​പ്പോ​​ൾ പ​​ത്ര​​ങ്ങ​​ളു​​ടെ കാ​​ലം ക​​ഴി​​ഞ്ഞു​​വെ​​ന്ന് പലരും വി​​ധി​​യെ​​ഴു​​തി. പി​​ന്നീ​​ട് കം​​പ്യൂ​​ട്ട​​റും ഇ​​ന്‍റ​​ർ​​നെ​​റ്റും ന​​വ മാ​​ധ്യ​​മ​​ങ്ങ​​ളും ഭീ​​ഷ​​ണി​​യാ​​യി കാ​​ണ​​പ്പെ​​ട്ടു. ഓ​​ണ്‍​ലൈ​​ൻ എ​​ഡിഷ​​നു​​ക​​ളും ഇ-​​പ​​ത്ര​​ങ്ങ​​ളു​​മൊ​​ക്കെ​​യായി പ​​ത്ര​​ങ്ങ​​ളും രൂ​​പം മാ​​റു​​ക​​യാ​​ണ്. ഭാ​​വി​​യി​​ലും പ​​ത്രം ഏ​​തെ​​ങ്കി​​ലു​​മൊ​​രു രൂ​​പ​​ത്തി​​ൽ ന​​മ്മു​​ടെ മി​​ത്ര​​മാ​​യി​​രി​​ക്കു​​മെ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല.



പ്ര​​ചാ​​ര​​ത്തി​​ൽ മു​​ന്പി​​ൽ ഇ​​വ​​ർ

ഓ​​ഡി​​റ്റ് ബ്യൂ​​റോ ഓ​​ഫ് സ​​ർ​​ക്കു​​ലേ​​ഷ​​ൻ (ABC) ക​​ണ​​ക്കു​​പ്ര​​കാ​​രം ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വ​​രി​​ക്കാ​​രു​​ള്ള ഹിന്ദി പത്രം ദൈ​​നി​​ക് ഭാ​​സ്ക​​റും (ഭോ​പ്പാ​ൽ, ഹി​​ന്ദി) ഇംഗ്ലീഷ് പത്രം ദ ടൈം​​സ് ഓ​​ഫ് ഇ​​ന്ത്യയുമാണ് (മും​​ബൈ, ഇം​​ഗ്ലീഷ്).

ലോ​​ക​​ത്തി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ദി​​ന​​പ​​ത്ര വി​​പ​​ണി​​യാ​​ണ് ഇ​​ന്ത്യ. 240 ദ​​ശ​​ല​​ക്ഷം പ​​ത്ര​​ങ്ങ​​ൾ ഒ​​രു ദി​​വ​​സം ഇറങ്ങുന്നു. ഹി​​ന്ദി​​യി​​ലാ​​ണ് കൂ​​ടു​​ത​​ൽ.

ഇ​​വ​​യെ അ​​റി​​യു​​ക

ര​​ജി​​സ്ട്രാ​​ർ ഓ​​ഫ് ന്യൂ​​സ് പേ​​പ്പേ​​ഴ്സ് ഫോ​​ർ ഇ​​ന്ത്യ (RNI)

വ​​ർ​​ത്ത​​മാ​​ന​​പ​​ത്ര​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ, പേ​​രു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച് സാ​​ധൂ​​ക​​ര​​ണം, പ​​ത്ര​​ങ്ങ​​ളു​​ടെ പ്ര​​ചാ​​ര​​ത്തേ​​ക്കു​​റി​​ച്ചു​​ള്ള അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കു​​ക എ​​ന്നി​​വ​​യ്ക്കാ​​യി പ്രവർത്തിക്കുന്നു. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ വാ​​ർ​​ത്താ​​വി​​ത​​ര​​ണ പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രാ​​ല​​യ​​ത്തി​​ലാണ് ഒാഫീസ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നത്.

പ്ര​​സ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ബ്യൂ​​റോ (PIB)

സർക്കാരി​​ന്‍റെ ന​​യ​​ങ്ങ​​ൾ, പ​​ദ്ധ​​തി​​ക​​ൾ, വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ എ​​ന്നി​​വ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ക​​യും മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കും സ​​ർ​​ക്കാ​​രി​​നും ഇ​​ട​​യി​​ലു​​ള്ള പാ​​ല​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

പിആ​​ർബി ആ​​ക്ട് 1867

പ​​ത്ര​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കൊ​​ണ്ടു​​വ​​ന്ന ആ​​ദ്യനി​​യ​​മം.

എബിസി

പ​​ത്ര​​ങ്ങ​​ളു​​ടെ​​യും ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളു​​ടെ​​യും പ്ര​​ചാ​​രം ഓ​​ഡി​​റ്റ് ചെ​​യ്ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കു​​ന്ന സംഘടന. മും​​ബൈ ആണ് ആ​​സ്ഥാ​​ന​​ം.

പ്ര​​സ് കൗ​​ണ്‍​സി​​ൽ ഓ​​ഫ് ഇ​​ന്ത്യ

പ​​ത്രസ്വാ​​ത​​ന്ത്ര്യ​​വും നി​​ലാ​​ര​​വും സം​​ര​​ക്ഷി​​ക്കു​​വാ​​നാ​​യി നി​​യ​​മ​​പ​​ര​​മാ​​യി രൂ​​പം​​കൊ​​ടു​​ത്ത അ​​ർധ ജു​​ഡീ​​ഷ്യ​​ൽ അ​​ധി​​കാ​​ര​​മു​​ള്ള സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​നം. ഒ​​രു റി​​ട്ട​​യേ​​ർ​​ഡ് സു​​പ്രീം കോ​​ട​​തി ജ​​ഡ്ജി​​യും 28 അം​​ഗ​​ങ്ങ​​ളും ചേർന്നതാണ് കൗ​​ണ്‍​സി​​ൽ. 20 അം​​ഗ​​ങ്ങ​​ൾ പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​ന്നും മൂന്നു പേ​​ർ ലോ​​ക്സ​​ഭാം​​ഗ​​ങ്ങ​​ൾ, രണ്ടു പേ​​ർ രാ​​ജ്യ​​സ​​ഭ​​യി​​ൽ നി​​ന്ന്, ബാ​​ക്കി​​യു​​ള്ള​​വ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി ഗ്രാ​​ന്‍റ്സ് ക​​മ്മീ​​ഷ​​ൻ, ബാ​​ർ കൗ​​ണ്‍​സി​​ൽ, സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി എ​​ന്നി​​വ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്നു.



പ​​ത്ര​​ത്തെ അ​​റി​​യാം

മാധ്യമരംഗത്തേക്കു കടന്നുവരാൻ താ​ത്​പ​​ര്യ​​മു​​ള്ള കൂ​​ട്ടു​​കാ​​ർ ഉ​​ണ്ടാ​​കു​​മ​​ല്ലോ? ഇ​​തി​​നാ​​യി പ​​ത്ര​​ത്തെ​​യും, പ​​ത്രപ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​യും സം​​ബ​​ന്ധി​​ച്ച ചി​​ല സാ​​ങ്കേ​​തി​​ക നാ​​മ​​ങ്ങ​​ളും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും മ​​ന​​സിലാ​​ക്കു​​ന്ന​​ത് ന​​ന്നാ​​യി​​രി​​ക്കും. ഇ​​തി​​നാ​​യി ഇ​​ന്ന​​ത്തെ പ​​ത്രം ക​​യ്യി​​ലെ​​ടു​​ത്തു വാ​​യി​​ച്ചു തു​​ട​​ങ്ങു​​ക.

മാ​​സ്റ്റ് ഹെ​​ഡ്

നി​​ങ്ങ​​ൾ വാ​​യി​​ക്കു​​ന്ന പ​​ത്ര​​ത്തി​​ന്‍റെ പേ​​ര് നോ​​ക്കു​​ക. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ‘ദീ​​പി​​ക’ പ​​ത്ര​​മാ​​ണ് നി​​ങ്ങ​​ൾ വാ​​യി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ ഏ​​റ്റ​​വും മു​​ക​​ളി​​ലാ​​യി പത്രത്തിന്‍റെ പേര് വ​​ലി​​പ്പ​​ത്തി​​ൽ അ​​ച്ച​​ടി​​ച്ചി​​ട്ടു​​ള്ളത് ശ്രദ്ധിച്ചിട്ടില്ലേ. ഇതിന്‍റെ സാ​​ങ്കേ​​തി​​ക നാ​​മ​​മാ​​ണ് മാ​​സ്റ്റ് ഹെ​​ഡ്. ഓ​​രോ പ​​ത്ര​​ത്തി​​ന്‍റെ​​യും മാ​​സ്റ്റ്ഹെ​​ഡി​​ന് പ്ര​​ത്യേ​​ക​​മാ​​യ രൂ​​പ​​ക​​ൽ​​പന​​യു​​ണ്ടാ​​കും. കൂ​​ടാ​​തെ പ്ര​​ത്യേ​​ക ചി​​ഹ്ന​​ങ്ങ​​ൾ, പ​​ത്രം തു​​ട​​ങ്ങി​​യ വ​​ർ​​ഷം തു​​ട​​ങ്ങി​​യ​​വ മാ​​സ്റ്റ് ഹെ​​ഡി​​ന്‍റെ ഭാ​​ഗ​​മാ​​ക്കാ​​റു​​ണ്ട്.

ന്യൂ​​സ് സ്റ്റോ​​റി

വാ​​ർ​​ത്ത (ന്യൂ​​സ്) എ​​ന്നു ന​​മ്മ​​ൾ പ​​റ​​യു​​ന്ന വാ​​ക്കി​​ന് പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ർ ന്യൂ​​സ് സ്റ്റോ​​റി അ​​ല്ലെ​​ങ്കി​​ൽ സ്റ്റോ​​റി എ​​ന്നാ​​ണു പ​​റ​​യു​​ക.

ലീ​​ഡ് സ്റ്റോ​​റി

​ഓ​​രോ ദി​​വ​​സ​​ത്തെ​​യും പ​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു വാ​​ർ​​ത്ത​​യു​​ണ്ടാ​​കും. ഇ​​തി​​നെ ലീ​​ഡ് സ്റ്റോ​​റി എ​​ന്നു വി​​ളി​​ക്കാം.​​ പ​​ത്ര​​ത്തി​​ലെ മെ​​യി​​ൻ ന്യൂ​​സ് എ​​ന്നു പ​​റ​​യു​​ന്ന​​താ​​ണി​​ത്. ​​

എ​​ക്സ്ക്ലൂ​​സീ​​വും സ്കൂ​​പ്പും

എക്സ്ക്ലൂസീവ് എന്ന് എഴുതി വരുന്ന വാർത്തകൾ കൂട്ടുകാർ കണ്ടിട്ടുണ്ടാകും. ഒരു പത്രത്തിനു മാത്രമായി ല​​ഭി​​ക്കു​​ന്ന ഇ​​ത്ത​​രം വാ​​ർ​​ത്ത​​യാ​​ണ് എ​​ക്സ്ക്ലൂ​​സീ​​വ്. വ​​ലി​​യ പ്രാ​​ധാ​​ന്യ​​മു​​ള്ള വാ​​ർ​​ത്ത​​ക​​ൾ, ഒ​​രു പ​​ത്ര​​ത്തി​​ന് അ​​ല്ലെ​​ങ്കി​​ൽ പ​​ത്ര​​ക്കാ​​ര​​ന് ല​​ഭി​​ച്ചാ​​ൽ അ​​തി​​നെ സ്കൂ​​പ്പ് എ​​ന്ന് പ​​റ​​യാം.

ഡേ​​റ്റ് ലൈ​​ൻ

വാ​​ർ​​ത്ത​​ക​​ൾ തു​​ട​​ങ്ങു​​ന്ന സ്ഥ​​ല​​ത്ത് ഒ​​രു സ്ഥ​​ല​​ത്തി​​ന്‍റെ പേ​​ര് കൂ​​ട്ടു​​കാ​​ർ ശ്ര​​ദ്ധി​​ക്കു​​ക. വാ​​ർ​​ത്ത റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ടു​​ന്ന സ്ഥ​​ല​​ത്തി​​നു ന​​ൽ​​കു​​ന്ന സാ​​ങ്കേ​​തി​​ക​​നാ​​മ​​മാ​​ണ് ഡേ​​റ്റ് ലൈ​​ൻ .പ​​ണ്ട് സ്ഥ​​ല​​ത്തി​​നൊ​​പ്പം തീ​​യ​​തി​​യും ചേ​​ർ​​ത്തി​​രു​​ന്ന​​തി​​നാ​​ലാ​​ണ് പേ​​ര് വ​​ന്ന​​ത്.

ഹെ​​ഡ് ലൈ​​ൻ

വാ​​ർ​​ത്ത​​യു​​ടെ ത​​ല​​ക്കെ​​ട്ടി​​നെ​​യാ​​ണ് ഹെ​​ഡ്‌ലൈ​​ൻ എ​​ന്നു പ​​റ​​യു​​ന്ന​​ത്. ത​​ല​​ക്കെ​​ട്ടി​​നു താ​​ഴെ വ​​രു​​ന്ന വാ​​ർ​​ത്ത​​യു​​ടെ ഭാ​​ഗ​​ത്തെ ബോ​​ഡി ടെ​​ക്സ്റ്റ് എ​​ന്നും വാ​​ർ​​ത്ത​​യു​​ടെ തു​​ട​​ക്ക​​ത്തെ അ​​ല്ലെ​​ങ്കി​​ൽ ആ​​ദ്യ വാ​​ച​​ക​​ത്തെ ഇ​​ൻ​​ട്രോ എ​​ന്നും പ​​റ​​യു​​ന്നു.

സ​​ബ്‌ലൈ​​ൻ, സ്ട്രാ​​പ് ലൈ​​ൻ

വാ​​ർ​​ത്ത​​യു​​ടെ ത​​ല​​ക്കെ​​ട്ടി​​നു താ​​ഴെ​​യോ മു​​ക​​ളി​​ലോ ആ​​യി ന​​ൽ​​കു​​ന്ന ല​​ഘു ത​​ല​​ക്കെ​​ട്ടു​​ക​​ളാ​​ണി​​വ. ത​​ല​​ക്കെ​​ട്ടി​​നേ​​ക്കാ​​ൾ കു​​റ​​ച്ചു​​കൂ​​ടി കാ​​ര്യ​​ങ്ങ​​ൾ അ​​തി​​ലു​​ണ്ടാ​​കും. ത​​ല​​ക്കെ​​ട്ടി​​നു മു​​ക​​ളി​​ൽ ന​​ൽ​​കി​​യാ​​ൽ സ്ട്രാ​​പ്‌​ലൈ​​നും താ​​ഴെ വ​​ന്നാ​​ൽ സ​​ബ് ഹെ​​ഡിം​ഗും ആ​​കും.

ബൈ​​ലൈ​​ൻ

വാ​​ർ​​ത്ത​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ ചി​​ല​​പ്പോ​​ൾ അ​​ത് എ​​ഴു​​തി​​യ ആ​​ളു​​ടെ പേ​​ര് ന​​ൽ​​കി​​യി​​ട്ടു​​ണ്ടാ​​കും. ഇ​​താ​​ണു ബൈ​​ലൈ​​ൻ. പ്ര​​ത്യേ​​ക​​ത​​ക​​ളു​​ള്ള സ​​വി​​ശേ​​ഷ വാ​​ർ​​ത്ത​​ക​​ൾ ന​​ൽ​​കു​​ന്ന​​വ​​ർ​​ക്ക് ബൈ​​ലൈ​​ൻ ന​​ൽ​​കു​​ന്പോ​​ൾ അ​​ല്ലാ​​ത്ത​​വ​​യി​​ൽ സ്വ​​ന്തം ലേ​​ഖ​​ക​​ൻ എ​​ന്നാ​​വും ചേ​​ർ​​ത്തി​​രി​​ക്കു​​ക.

ഹൈ​​ലൈ​​റ്റ്

ത​​ല​​ക്കെ​​ട്ടി​​ലും സ​​ബ് ഹെ​​ഡിംഗി​ലും ന​​ൽ​​കു​​ന്ന വാ​​ർ​​ത്ത​​യു​​ടെ പ്ര​​ധാ​​ന ഭാ​​ഗ​​ങ്ങ​​ൾ കൂ​​ടാ​​തെ അ​​തേ വാ​​ർ​​ത്ത​​യി​​ലെ മ​​റ്റൊ​​രു ഭാ​​ഗം പ്രാ​​ധാ​​ന്യ​​ത്തോ​​ടെ എ​​ടു​​ത്തു കാ​​ണി​​ക്കാ​​ൻ ഹൈ​​ലൈ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. വാ​​ർ​​ത്ത​​യു​​ടെ​​യും അ​​ക്ഷ​​ര​​ങ്ങ​​ളു​​ടെ​​യും ത​​ല​​ക്കെ​​ട്ടി​​ലെ അ​​ക്ഷ​​ര​​ങ്ങ​​ളു​​ടെ​​യും വ​​ലി​​പ്പ​​ത്തി​​നി​​ട​​യി​​ലാ​​യി​​രി​​ക്കും ഹൈ​​ലൈ​​റ്റി​​ന്‍റെ വ​​ലി​​പ്പം.

ക്രെ​​ഡി​​റ്റ് ലൈ​​ൻ

വാ​​ർ​​ത്ത എ​​ഴു​​തു​​ന്ന​​വ​​ർ​​ക്ക് ബൈ​​ലൈ​​ൻ ന​​ൽ​​കു​​ന്ന​​തു​​പോ​​ലെ ഫോ​​ട്ടോ​​ക​​ൾ സം​​ഭാ​​വ​​ന ചെ​​യ്ത​​വ​​രു​​ടെ പേ​​രു ന​​ൽ​​കു​​ന്ന​​താ​​ണ് ക്രെ​​ഡി​​റ്റ് ലൈ​​ൻ.‌

ഡെ​​ഡ് ലൈ​​ൻ

പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ത്രം അ​​ച്ച​​ടി​​ക്കു​​ന്ന​​തി​​നു നി​​ശ്ചി​​ത​​സ​​മ​​യ​​ത്തി​​നു മു​​ൻ​​പ് വാ​​ർ​​ത്ത​​ക​​ൾ ന​​ൽ​​കി​​യാ​​ലേ അ​​വ പ​​ത്ര​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​വൂ. ഈ ​​സ​​മ​​യ​​പ​​രി​​ധി​​യെ പ​​ത്ര​​ഭാ​​ഷ​​യി​​ൽ ഡെ​​ഡ്‌ലൈൻ എ​​ന്നു പ​​റ​​യു​​ന്നു.

ന്യൂ​​സ് ബ്രേ​​ക്ക്

പി​​റ്റേ ദി​​വ​​സം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​നു​​ള്ള പ​​ത്ര​​ത്തി​​ന്‍റെ രൂ​​പ​​ക​​ൽ​​പ്പ​​ന ക​​ഴി​​ഞ്ഞ ശേ​​ഷം ഏ​​റെ പ്രാ​​ധാ​​ന്യ​​മു​​ള്ള ഒ​​രു സം​​ഭ​​വ​​വി​​കാ​​സ​​മു​​ണ്ടാ​​യാ​​ൽ അ​​തു​​ൾ​​പ്പെ​​ടു​​ത്തി പു​​തി​​യ രൂ​​പ​​ത്തി​​ൽ പ​​ത്ര​​മി​​റ​​ക്ക​​ണം. ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ പ​​ത്ര​​ത്തി​​ന്‍റെ ന്യൂ​​സ് ബ്രേ​​ക്കാ​​ണ്. വാ​​ർ​​ത്താ ടെ​​ലി​​വി​​ഷ​​ൻ ചാ​​ന​​ലു​​ക​​ളി​​ൽ കാ​​ണാ​​റു​​ള്ള ബ്രേ​​ക്കിംഗ് ന്യൂ​​സ് ഓ​​ർ​​ക്കു​​ക.

ലേ ​​ഒൗ​​ട്ട്

ഒ​​രു പ​​ത്ര​​ത്തി​​ൽ ല​​ഭ്യ​​മാ​​യ സ്ഥ​​ല​​ത്ത് പ​​ര​​മാ​​വ​​ധി വാ​​ർ​​ത്ത​​ക​​ൾ ഭം​​ഗി​​യി​​ലും എ​​ളു​​പ്പം വാ​​യി​​ക്കാ​​വു​​ന്ന വി​​ധ​​ത്തി​​ലും രൂ​​പ​​ക​​ൽ​​പന ചെ​​യ്യു​​ന്ന​​തി​​നാ​​ണ് ഈ ​​പ​​ദം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ല​​ഭ്യ​​മാ​​യ സ്ഥ​​ല​​മ​​റി​​യാ​​ൻ പ​​ത്ര​​ത്തി​​ന്‍റെ ഡ​​മ്മി രൂ​​പം ഉ​​ണ്ടാ​​കും. ഇ​​തി​​ൽ പ​​ര​​സ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ ശേ​​ഷ​​മു​​ള്ള സ്ഥ​​ല​​ത്താ​​ണ് വാ​​ർ​​ത്ത​​ക​​ൾ നി​​ര​​ത്തു​​ന്ന​​ത്.

ബ്രോ​​ഡ് ഷീ​​റ്റ്, ടാ​​ബ്ലോ​​യി​​ഡ്

സാ​​ധാ​​ര​​ണ ന​​മ്മ​​ൾ വാ​​യി​​ക്കു​​ന്ന പ​​ത്ര​​ത്തി​​ന്‍റെ ഒ​​രു​​പേ​​ജി​​ന്‍റെ വ​​ലി​​പ്പ​​മാ​​ണ് ബ്രോ​​ഡ്ഷീ​​റ്റ്. എ​​ട്ട് കോ​​ള​​ങ്ങ​​ളാ​​ണ് ഈ ​​പേ​​ജി​​ലു​​ണ്ടാ​​വു​​ക. ബ്രോ​​ഡ് ഷീ​​റ്റ് കു​​റു​​കെ പ​​കു​​തി​​യാ​​യി മ​​ട​​ക്കി​​യാ​​ൽ കി​​ട്ടു​​ന്ന വ​​ലി​​പ്പ​​മാ​​ണ് ടാ​​ബ്ലോ​​യി​​ഡ്.



ഇ​​നി​​യു​​മു​​ണ്ട് വാ​​ക്കു​​ക​​ൾ നി​​ര​​വ​​ധി

ന​​മ്മ​​ൾ വാ​​യി​​ക്കു​​ന്ന പ​​ത്ര​​ങ്ങ​​ളു​​ടെ അ​​ക്ഷ​​ര​​ങ്ങ​​ളു​​ടെ രൂ​​പ​​ത്തി​​ൽ വ്യ​​ത്യാ​​സ​​മു​​ണ്ട​​ല്ലോ ? ഫോ​​ണ്ട് എ​​ന്നു വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന ഇ​​വ അ​​ക്ഷ​​ര​​ങ്ങ​​ൾ​​ക്ക് ആ​​ക​​ർ​​ഷ​​ണം ന​​ൽ​​കു​​ന്നു. അ​​ക്ഷ​​ര​​ങ്ങ​​ളു​​ടെ വ​​ലി​​പ്പ​​ത്തെ സൂ​​ചി​​പ്പി​​ക്കാ​​ൻ പോ​​യി​​ന്‍റ് എ​​ന്ന വാ​​ക്കാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. പ​​ത്ര​​ത്തി​​ന്‍റെ ഒ​​രു പേ​​ജി​​നെ വാ​​യ​​ന എ​​ളു​​പ്പ​​മാ​​ക്കാ​​ൻ കോ​​ള​​ങ്ങ​​ളാ​​യി ത​​രം​​തി​​രി​​ക്കു​​ന്നു.

വാ​​ർ​​ത്ത​​ക​​ളു​​ടെ ത​​ല​​ക്കെ​​ട്ടു​​ക​​ളു​​ടെ ത​​ട്ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തെ സൂ​​ചി​​പ്പി​​ക്കു​​ന്ന പ​​ദ​​മാ​​ണ് ഡെ​​ക്ക് .ര​​ണ്ട് കോ​​ള​​ങ്ങ​​ളു​​ടെ ഇ​​ട​​യി​​ലെ ചെ​​റി​​യ വി​​ട​​വി​​നെ ഗ്രി​​ഡ് എ​​ന്നു പ​​റ​​യും. പെ​​ട്ടി​​യു​​ടെ ആ​​കൃ​​തി​​യി​​ലു​​ള്ള കോ​​ള​​ത്തി​​ൽ വാ​​ർ​​ത്ത കൊ​​ടു​​ത്താ​​ൽ അ​​ത് ബോ​​ക്സ് സ്റ്റോ​​റി​​യാ​​യി.

കാ​​ർ​​ട്ടൂ​​ണു​​ക​​ൾ കാ​​രി​​ക്കേ​​ച്ച​​റു​​ക​​ൾ

സ​​മ​​കാ​​ലി​​ക സം​​ഭ​​വ​​ങ്ങ​​ളെ ന​​ർ​​മത്തി​​ൽ പൊ​​തി​​ഞ്ഞ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന കാ​​ർ​​ട്ടൂ​​ണു​​ക​​ൾ പ​​ത്ര​​ത്തി​​ന്‍റെ അ​​വി​​ഭാ​​ജ്യ ഘ​​ട​​ക​​മാ​​ണ്. കാ​​രി​​ക്കേ​​ച്ച​​റു​​ക​​ൾ​​ക്ക് ഹാ​​സ്യം ത​​ന്നെ​​യാ​​ണ് ഭാ​​വം. കാ​​രി​​ക്കേ​​ച്ച​​റി​​ൽ ഒ​​രു വ്യ​​ക്തി​​യു​​ടെ വി​​വ​​ര​​ണ​​ത്തി​​ന് പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു. അ​​യാ​​ളു​​ടെ രൂ​​പ​​വും ഭാ​​വ​​വും, വ്യ​​ക്തി​​ത്വ​​വും കൂ​​ടു​​ത​​ൽ വ്യ​​ക്ത​​ത​​യോ​​ടെ കാ​​രി​​ക്കേ​​ച്ച​​റി​​ൽ കാ​​ണ​​പ്പെ​​ടു​​ന്നു.

എ​​ഡി​​റ്റോ​​റി​​യ​​ൽ പേ​​ജ്

ഒ​​രു പ​​ത്ര​​ത്തി​​ന്‍റെ ഏ​​റ്റ​​വും പ്ര​​ധാ​​ന പേ​​ജാ​​ണി​​ത്. എ​​ഡി​​റ്റോ​​റി​​യ​​ൽ (മു​​ഖ​​പ്ര​​സം​​ഗം) ഈ ​​പേ​​ജി​​ലാ​​ണ് വ​​രു​​ന്ന​​ത്. ലീ​​ഡ​​ർ പേ​​ജ് എ​​ന്നും ഇ​​തി​​ന് പേ​​രു​​ണ്ട്. സ​​മ​​കാ​​ലി​​ക പ്ര​​ശ്ന​​ങ്ങ​​ളി​​ൽ പ​​ത്ര​​ത്തി​​ന്‍റെ കാ​​ഴ്ച​​പ്പാ​​ട് എ​​ന്താ​​ണെ​​ന്ന് മു​​ഖ​​പ്ര​​സം​​ഗം വ്യ​​ക്ത​​മാ​​ക്കു​​ന്നു. എ​​ഡി​​റ്റ് പേ​​ജി​​ൽ ഈ​​ടു​​റ്റ മ​​റ്റു ലേ​​ഖ​​ന​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്നു. പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളു​​ടെ കോ​​ള​​മെ​​ഴു​​ത്ത്, പ​​ത്രാ​​ധി​​പ​​ർ​​ക്ക് വാ​​യ​​ന​​ക്കാ​​ർ എ​​ഴു​​തു​​ന്ന ക​​ത്തു​​ക​​ൾ എ​​ന്നി​​വ​​യും എ​​ഡി​​റ്റോ​​റി​​യ​​ൽ പേ​​ജി​​ൽ സ്ഥാ​​നം പി​​ടി​​ക്കു​​ന്നു.

പ​​ര​​സ്യ​​ങ്ങ​​ൾ, ഇം​​പ്രി​​ന്‍റ്

പ​​ത്ര​​ങ്ങ​​ളു​​ടെ മു​​ഖ്യ​​വ​​രു​​മാ​​ന മാ​​ർ​​ഗം പ​​ര​​സ്യ​​ങ്ങ​​ളാ​​ണ്. ന​​മ്മ​​ൾ പ​​ത്ര​​ത്തി​​നു ന​​ൽ​​കു​​ന്ന വി​​ല അ​​വ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ച്ചി​​ല​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ തീ​​രെ കു​​റ​​വാ​​ണ്. പ​​ത്രം വാ​​യി​​ച്ച് അ​​വ​​സാ​​ന പേ​​ജി​​ലെ​​ത്തു​​ന്പോ​​ൾ ഏ​​റ്റ​​വും താ​​ഴെ​​യാ​​യി ഇം​​ഗ്ലീ​​ഷി​​ൽ അ​​ടി​​ച്ചി​​രി​​ക്കു​​ന്ന വ​​രി​​യാ​​ണ് ഇം​​പ്രി​​ന്‍റ്. ഈ ​​വ​​രി​​യി​​ൽ പ​​ത്ര​​ത്തി​​ന്‍റെ പ​​ത്രാ​​ധി​​പ​​ർ, അ​​ച്ച​​ടി​​ക്കു​​ന്ന​​യാ​​ൾ, പ്ര​​സാ​​ധ​​ക​​ൻ എ​​ന്നീ വി​​വ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം പ​​ത്ര​​ത്തി​​ന്‍റെ അ​​ഡ്ര​​സ്സ്, ഫോ​​ണ്‍ ന​​ന്പ​​ർ, ഇ-​​മെ​​യി​​ൽ വി​​ലാ​​സം എ​​ന്നി​​വ​​യു​​ണ്ടാ​​കും ഈ ​​വി​​വര​​ങ്ങ​​ൾ ന​​ൽ​​കേ​​ണ്ട​​ത് നി​​യ​​മ​​പ​​ര​​മാ​​യ ബാ​​ധ്യ​​ത​​യാ​​ണ്.

ലേ​​ഖ​​ക​​രും എ​​ഡി​​റ്റ​​ർ​​മാ​​രും

വാ​​ർ​​ത്ത​​ക​​ൾ ശേ​​ഖ​​രി​​ച്ച്, എ​​ഡി​​റ്റ് ചെ​​യ്ത് പേ​​ജു​​ക​​ളി​​ൽ വി​​ന്യ​​സി​​ച്ച് അ​​ച്ച​​ടി​​ച്ച്, വി​​ത​​ര​​ണം ചെ​​യ്യു​​ന്ന ഒ​​രു ദി​​വ​​സം നീ​​ളു​​ന്ന പ്ര​​ക്രി​​യ​​യാ​​ണ് പ​​ത്ര​​ത്തി​​ന്‍റെ പി​​റ​​വി​​യി​​ലു​​ള്ള​​ത്. വാ​​ർ​​ത്ത ശേ​​ഖ​​രി​​ക്കു​​ന്ന​​വ​​രെ ലേ​​ഖ​​ക​​ർ എ​​ന്നും വാ​​ർ​​ത്ത​​ക​​ളെ ഉ​​ചി​​ത​​രൂ​​പ​​ത്തി​​ലാ​​ക്കു​​ന്ന​​വ​​രെ എ​​ഡി​​റ്റ​​ർ​​മാ​​ർ എ​​ന്നും വി​​ളി​​ക്കു​​ന്നു.

റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​ർ ന്യൂ​​സ് ബ്യൂ​​റോ​​ക​​ളി​​ലും എ​​ഡി​​റ്റ​​ർ​​മാ​​ർ ന്യൂ​​സ് ഡെ​​സ്ക്കി​​ലും ജോ​​ലി ചെ​​യ്യു​​ന്നു. പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ കേ​​ന്ദ്ര​​മാ​​ണ് പ്ര​​സ്ക്ല​​ബു​​ക​​ൾ. വാ​​ർ​​ത്താ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ മി​​ക്ക​​വ​​യും ഇ​​വി​​ടെ ന​​ട​​ത്ത​​പ്പെ​​ടു​​ന്നു. കൂ​​ടാ​​തെ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് വാ​​ർ​​ത്ത​​ക​​ൾ നി​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​ന് ഓ​​രോ പ​​ത്ര​​ത്തി​​നും ന്യൂ​​സ് ബോ​​ക്സു​​ക​​ൾ ഉ​​ണ്ടാ​​കും.

വാ​​ർ​​ത്താ ശേ​​ഖ​​ര​​ണ​​ത്തി​​ലും രൂ​​പ​​ക​​ൽ​​പന​​യി​​ലും അ​​ച്ച​​ടി​​യി​​ലും ഏ​​റ്റ​​വും പു​​ത്ത​​ൻ സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​ൽ മ​​നോ​​ഹ​​ര​​മാ​​യ രൂ​​പ​​ക​​ൽ​​പ്പ​​ന​​യു​​മാ​​യി ഏ​​റ്റ​​വും പു​​തി​​യ വാ​​ർ​​ത്ത​​ക​​ളു​​മാ​​യി ക​​ണി​​ക​​ണ്ടു​​ണ​​രാ​​ൻ പ​​ത്രം രാ​​വി​​ലെ ന​​മ്മു​​ടെ മു​​ന്പി​​ലെ​​ത്തു​​ന്നു. അ​​തു ന​​മു​​ക്ക് കൃ​​ത്യ​​മാ​​യി എ​​ത്തി​​ച്ചു​​ത​​രു​​ന്ന പ​​ത്ര​​ഏ​​ജ​​ന്‍റു​​മാ​​രും അ​​ങ്ങ​​നെ വ​​ർ​​ത്ത​​മാ​​ന​​പ​​ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ന്നു.

ഡോ. സാബിൻ ജോർജ്, Deepika

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment